Flash News

മത തീവ്രവാദികള്‍ ലോകത്തിനാപത്ത് (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)

August 21, 2016

matha theevara sizedഇസ്ലാമിക് സ്റ്റേറ്റിന്റെ മറവില്‍ മുസ്ലീം തീവ്രവാദികള്‍ ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ അതില്‍ പകച്ചു നില്‍ക്കുമ്പോള്‍ ഐക്യരാഷ്ട്രസംഘടന നിസ്സഹായരായി മാറി നില്‍ക്കുന്നു. ലോകം മുഴുവന്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ അതിക്രൂരമായ പദ്ധതികള്‍ മെനയുന്നുയെന്ന വാര്‍ത്ത ലോകരാഷ്ട്രങ്ങള്‍ അങ്കലാപ്പോടെയാണ് കാണുന്നത്. യുവാക്കളേയും യുവ തികളേയും തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ഐ.എസ്സിനെ നയിക്കുന്നവര്‍ പദ്ധതിയിട്ടുകൊണ്ട് വിവിധ രാജ്യങ്ങളില്‍ തങ്ങളുടെ ആള്‍ക്കാരെ ഇറക്കിക്കൊണ്ട് അതിനുള്ള ശ്രമം നടത്തുന്നത് തള്ളിക്കളയാനാകാത്തതാണ്. ലൗ ജിഹാദ് പോലെയുള്ളവയില്‍ കൂടി മറ്റ് മതത്തില്‍പ്പെട്ടവരെ തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം നടത്തുമ്പോള്‍ സ്വന്തം മതത്തിലെ ആളുകളെ മതവിദ്വേഷവും മതവികാരവും കുത്തിനിറച്ച് തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തി നാശം വിതയ്ക്കുന്ന പദ്ധതിയാണ് ഇവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരുടെ വലയില്‍പ്പെട്ടാല്‍ രക്ഷപെടുകയെന്നത് മരണത്തിനു തുല്യമായതാണ്. എതിര്‍ത്താലും അതു തന്നെയാണ് അവസ്ഥ. എതിര്‍ക്കുന്നവരെ അതിക്രൂരമായ, മൃഗീയമായ പീഡനത്തില്‍ കൂടി ഇല്ലാതാക്കുന്നത് വീഡിയോകളില്‍ കൂടി പുറം ലോകത്തെ അറിയിച്ചുകൊണ്ട് ലോകത്തെ ഭീതിപ്പെടുത്തുകയാണ് അവരുടെ തന്ത്രങ്ങളില്‍ ഒന്ന്. ഭീതിയും അരക്ഷിതാവസ്ഥയും മൃഗീയപീഡനങ്ങളും കൊണ്ട് ലോകത്തെ തങ്ങളുടെ കൈക്കുമ്പിളില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയാണ് ലോകരാഷ്ട്രങ്ങളുടെ ഭാഗത്തു നിന്നുമുള്ളത്.

ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഐ.എസ്. ഇന്ത്യയിലും അവരുടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നുയെന്നതാണ് ഈ അടുത്തകാലത്തു നടന്ന പല സംഭവങ്ങളില്‍ കൂടി മനസ്സിലാക്കാന്‍ ക ഴിയുന്നത്. ഇന്ത്യയിലെ മുസ്ലീം യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് മതവിദ്വേഷവും മതവികാരവും കുത്തിനിറച്ച് ഇന്ത്യയില്‍ അവര്‍ തങ്ങളുടെ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുയെന്നതാണ് അതില്‍ കൂടി മനസ്സിലാക്കാന്‍ കഴിയുന്നത്. ഇന്ത്യ തങ്ങള്‍ക്ക് ശത്രുരാഷ്ട്രമാണെന്നും ഇവിടം സുരക്ഷിതമല്ലെന്നും ഇന്ത്യയിലെ തീവ്രവാദ ചിന്താഗതിക്കാരായ മുസ്ലീം യുവാക്കളുടെ ഇടയില്‍ തെറ്റായ വ്യാഖ്യാനം കൊടുക്കുകയാണ് ഇവര്‍ ഇപ്പോള്‍ ചെയ്യുന്നത്. അതില്‍കൂടി അവരുടെ മനസ്സ് മാറ്റിയെടുത്ത് തങ്ങള്‍ക്കൊപ്പമാക്കി ഇന്ത്യയില്‍ നാശം വിതച്ച് ഇന്ത്യയില്‍ കടന്നുകയറാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നുണ്ട്. അതുകൂടാതെ ഈ യുവാക്കള്‍ക്ക് പണവും ആയുധവും രഹസ്യമായി എത്തിക്കുകയും ചെയ്യുന്നു. ഇതില്‍ ആകൃഷ്ടരായി തീവ്രവാദ ചിന്താഗതിക്കാരായ യുവാക്കള്‍ ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ഇവരുടെ സംഘത്തില്‍ ചേരുകയും ചെയ്യുന്നുയെന്നതാണ് സത്യം. ഈ അടുത്തകാലത്ത് ഇത്തരത്തില്‍ ഇന്ത്യയിലെ മത തീവ്രവാദികളായ മുസ്ലീം യുവാക്കളില്‍ പലരും ഐ.എസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ നാം ഞെട്ടലോടെയാണ് കേട്ടത്. ജന്മനാടിനെതിരെ ഒറ്റിക്കൊടുക്കാനും അവിടെ നാശം വിതക്കാനും ഇവര്‍ക്ക് യാതൊരു മടി യുമില്ലെന്ന രീതിയിലേക്ക് ഇവരുടെ മനസ്സിനെ മാറ്റിയെടുക്കാന്‍ ഐ.എസ്സിനു കഴിയുന്നുയെന്നതുകൊണ്ടു തന്നെ അവര്‍ കൂടുതല്‍ യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടിരി ക്കുന്നുയെന്നത് ഭയപ്പെടു ത്തുന്ന ഒരു വസ്തുതയാണ്.

ഇന്ത്യയില്‍ ഐ.എസ്സിന് സ്ലീപ്പര്‍ സെല്ലുകള്‍വരെയുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിരിയിരിക്കുന്നത് ഐ.എസ്. ഇന്ത്യയില്‍ കൂടുതല്‍ കടന്നുകയറ്റം തന്നെ വരുത്തുമെന്നതാണ് ഇത് തെളിയിക്കുന്നത്. ഇപ്പോള്‍ അവര്‍ മറ്റ് രാജ്യങ്ങളില്‍ പിടിമുറുക്കിയതുപോലെ ഇന്ത്യയേയും പിടിമുറുക്കുമെന്ന് ചുരുക്കം. ഐ.എസ്. ഇന്ത്യയില്‍ കടന്നുകയറ്റം നടത്തിയതിന് കാരണങ്ങള്‍ ആരെന്നു ചോദിക്കുമ്പോള്‍ അതില്‍ പലരുമുണ്ട്. അതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതാരെന്നു ചോദിച്ചാല്‍ ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി.യും അവര്‍ക്കൊപ്പം നില്‍ക്കുന്ന വര്‍ഗീയ പ്രസ്ഥാനങ്ങളുമാണെന്ന് ജനം തുറന്നു പറയും. നാനത്വത്തില്‍ ഏകത്വവും മതേതരത്വരാജ്യമെന്നും പുറംലോകം വാഴ്ത്തുകയും വന്ദിക്കുകയും ചെയ്തിരുന്ന ഇന്ത്യയെ മതത്തിന്റെ പേരില്‍ മാറ്റിയെഴുതിയത് ഇവര്‍ക്ക് തള്ളിക്കളയാനാകില്ലയെന്ന് ജനം പറയുന്നു. അത് സത്യമെന്ന് ചരിത്രം സാക്ഷിക്കുന്നു.

രാജനും സാംകുട്ടിയും ഭദ്രനും ഇസ്മായേലും റഹീമുമൊക്കെ ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് പ്രതിജ്ഞ ചൊല്ലുക മാത്രമല്ലായിരുന്നു അവരുടെ മനസ്സില്‍ ആ ചിന്തയും രക്തത്തില്‍ അത് അലിഞ്ഞു ചേര്‍ന്നിട്ടുമുണ്ടായിരുന്നു. സാമും തോമസും അടികൂടിയാല്‍ റഹീം അവരുടെയിടയില്‍ വന്ന് മദ്ധ്യസ്ഥതവഹിക്കുമായിരുന്നു. രവിയും ഇസ്മയേലും വഴക്കുണ്ടാക്കിയാല്‍ രവിയുടെ ഭാഗത്തുചേര്‍ന്ന് ബഷീര്‍ രവിക്കുവേണ്ടി വാദിക്കുന്ന കാലഘട്ടത്തില്‍ വളര്‍ന്നത് ആര്‍ക്ക് നിഷേധിക്കാനാകും. ബഷീര്‍ അവിടെ സ്വന്തം മതത്തില്‍പ്പെട്ടവനെന്നല്ല തന്റെ ആത്മസുഹൃത്ത് എന്നതായിരുന്നു മുന്നില്‍ കണ്ടത്. ഒരപകടമുണ്ടായാല്‍ സഹായിക്കുന്നതില്‍ ആ വ്യത്യാസമില്ലായിരുന്നു.

അങ്ങനെ ജാതിക്കും മതത്തിനുമപ്പുറം ജനങ്ങള്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിച്ചിരുന്ന ഒരു കാലം ഇന്ത്യയില്‍ ഉണ്ടായിരുന്നു. ആ ഇന്ത്യയില്‍ അധികാരത്തിന്റെ അകത്തളത്തില്‍ കയറാന്‍ സ്വാര്‍ത്ഥരായ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരും വര്‍ഗീയ സംഘടനാ നേതാക്കളും മതത്തിന്റെ വിഷവിത്തു നിറച്ചു. അതില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവുമെന്ന വളമിട്ടുകൊണ്ട് വടവൃക്ഷമാക്കി മാറ്റിയപ്പോള്‍ അതിന്റെ ചില്ലകളില്‍ ഒന്നിച്ച് ചേക്കേറാന്‍ ജനങ്ങള്‍ ഭയന്നു. ആ വടവൃക്ഷത്തില്‍ റഹീമും രാമുവും വെവ്വേറെ കൂടുകൂട്ടിക്കൊണ്ട് അകലം സൃഷ്ടിച്ചു. അതില്‍ വര്‍ഗീയ നേതാക്കളും അധികാര കൊതിയന്മാരായ രാഷ്ട്രീയ നേതാക്കളും ലാഭം കൊയ്തപ്പോള്‍ ഇന്ത്യയെന്ന മഹാരാജ്യത്തിലെ മതേതരത്വമെ ന്ന മകുടത്തിന് മങ്ങലേറ്റു.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അധികാരക്കൊതിയന്മാരായ വിദേശികളായ ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ കീഴക്കി ഭരിച്ചിരുന്ന കാലത്ത് അവരുടെ മതത്തിന്റെ വളര്‍ച്ചക്കായി പണികഴിച്ച ആരാധനാലയങ്ങള്‍ അവരുടെ കാലം കഴിഞ്ഞും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോഴും കാത്തു സൂക്ഷിച്ചത് അന്നത്തെ ഇന്ത്യയുടെ ഭരണാധികാരികളുടെ വിശാലമായ ചിന്താഗതിയും വിഭാഗീയതയില്ലാത്ത പ്രവര്‍ത്തികളുമായിരുന്നു. അതില്‍ ലോകത്തിന് ഇന്ത്യ മാതൃകയായി. ബാബറി മസ്ജിദുകള്‍ തകര്‍ത്തുകൊണ്ട് അതിന്റെ മുകളില്‍ ആനന്ദ നൃത്തം ചവിട്ടിയപ്പോള്‍ ഇന്ത്യയുടെ മതേതരത്വം തകര്‍ന്നുടഞ്ഞു. അതല്ലെ സത്യം. ഇന്ത്യ ഇന്ത്യക്കാര്‍ക്കെന്നല്ല മറിച്ച് ഹിന്ദുക്കള്‍ക്കെന്ന് പഠിപ്പിക്കാനും ക്രിസ്ത്യാനികള്‍ വത്തിക്കാനിലും മുസ്ലീംങ്ങള്‍ പാക്കിസ്ഥാനിലും പോകാനും ആജ്ഞാപിക്കുകയാണ് ആ നേതാക്കള്‍ ശ്രമിച്ചതത്രെ. സ്വന്തം രാജ്യത്ത് തങ്ങള്‍ അന്യരാകുന്നുയെന്ന ചിന്താഗതി ഈ മതത്തില്‍പ്പെട്ട ഒരു വിഭാഗം യുവാക്കളില്‍ രൂപപ്പെട്ടപ്പോള്‍ ഐ.എസ്. പോലെയുള്ള തീവ്രവാദ സംഘടനകള്‍ ആ അവസരം പരമാവധി ഉപയോഗപ്പെടുത്തി. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഇന്ത്യയുടെ മതേതരത്വത്തിന് കോട്ടം തട്ടിയെന്ന് എ.ബി. വാജ്‌പേയിയെപ്പോലെയുള്ള രാജ്യസ്‌നേഹികളായ നേതാക്കള്‍ പറഞ്ഞപ്പോള്‍ അതിനെ പുച്ഛിച്ചുതള്ളുകയായിരുന്നു തീവ്രവാദ ചിന്താഗതികളുണ്ടായിരുന്ന ഹിന്ദു സംഘടനകള്‍ ചെയ്തത്. അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ഉള്‍പ്പെടെയുള്ള മസ്ജിദിന്റെ തകര്‍ച്ചയില്‍ ആകുലപ്പെടുകമാത്രമല്ല അതിനെ തുടര്‍ന്ന് വരാനിരിക്കുന്ന വിപത്തിനെച്ചൊല്ലി ആശങ്കപ്പെടുകയും ചെയ്തു. മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം ഇന്ത്യയില്‍ പൊട്ടിയ ബോംബുകള്‍ എണ്ണിയാല്‍ തീരാത്തത്രയായിരുന്നു. അതില്‍ ജീവിതം ഹോമിക്കപ്പെട്ടത് നിരപരാധികളായ അനേകം പേരുടെ ജീവിതവും ജീവനുമായിരുന്നു. ബോംബിട്ടു കൊണ്ട് ബാബറി മസ്ജിദ് തകര്‍ത്തതില്‍ പ്രതികാരം തീര്‍ത്തവര്‍ക്കും അവരുടെ എതിരാളികള്‍ക്കും അതില്‍ നഷ്ടപ്പെടാന്‍ ഒന്നും തന്നെയില്ലായിരുന്നു. ഒരു കൂട്ടര്‍ക്ക് അധികാരത്തില്‍ കയറാനുള്ള കോണിപ്പടിയായപ്പോള്‍ മറ്റൊരു കൂട്ടര്‍ക്ക് പ്രതികാരം തീര്‍ത്തതിലുള്ള ആനന്ദമായിരു ന്നു. അതിനുശേഷമല്ലെ ഇന്ത്യയില്‍ വര്‍ഗീയതയുടെ അതിപ്രസരമുണ്ടായത്. അതിനുശേഷം ഇന്ത്യയിലെ തീവ്രവാദ ചിന്താഗതികളുള്ള ഹിന്ദു സംഘടനകള്‍ ഇന്ത്യ ഹിന്ദുക്കള്‍ക്കെന്നു പറയാന്‍ തുടങ്ങി. തീവ്രവാദ ചിന്താഗതികളുള്ള മുസ്ലീം സംഘടനകള്‍ ഇത് വിഷമാക്കി തങ്ങളുടെ യുവാക്കളുടെ ഇടയില്‍ കുത്തി നിറച്ചു. അതായിരുന്നു ഇന്ത്യയിലെ മുസ്ലീം യുവാക്കളില്‍ ചിലര്‍ ഈ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നെന്നാണ് ഇത് നിരീക്ഷിച്ചവരുടെ കണ്ടെത്തല്‍.

ഐ.എസ്. പോലെയു ള്ള ലോകത്ത് നാശം വിതക്കുന്ന സംഘടനകള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത് സ്വദേശ വാദമുന്നയിക്കുന്നവര്‍ തന്നെയാണെന്നു പറയാതിരിക്കാന്‍ തരമില്ല. വിദേശരാജ്യങ്ങളില്‍ ഐ. എസ്. നാശം വിതയ്ക്കുകയും ജനങ്ങളെ അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ അതിനെ അപലപിക്കുകയും ആക്ഷേപിക്കുകയും അതിനെതിരെ ആഞ്ഞടിക്കണമെന്ന് ആ ക്രോശിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ വര്‍ഗീയ സംഘടനാ നേതാക്കള്‍ തങ്ങളുടെ അണികള്‍ ഇന്ത്യയിലെ തങ്ങളുടെ സഹോദരങ്ങളായി കരുതേണ്ടവരോട് മതത്തിന്റെ ഇല്ലാത്ത മാമൂലുകളുടെ പേരില്‍ ആക്രമിക്കുകയും അതേ രീതിയില്‍ പീഡിപ്പിക്കുകയും ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കുക മാത്രമല്ല അതിന് രഹസ്യമായ പിന്തുണയും നല്‍കുന്നുണ്ട്. ആ നേതാക്കളും ഐ.എസ്. ചെയ്യുന്നത് ഒരേ പ്രവര്‍ത്തി തന്നെയല്ലെയെന്നാണ് ജനം ചോദിക്കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം പോലും ക ഴിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കിയിട്ട്, മാംസം കൈയ്യില്‍ വച്ചാല്‍ മതത്തിന്റെ ഇല്ലാത്ത മാമൂലുകള്‍കൊണ്ട് ജീവന്‍പോലുമെടുക്കുന്ന സ്ഥിതിയുണ്ടാക്കിയിട്ട് അത് കാണാതെ ഐ.എസ്സിന്റെ ആക്രമണത്തെ അതിഭീകരമെന്ന് വിശേഷിപ്പിക്കുമ്പോള്‍ അത് മുതലക്കണ്ണീരു മാത്രമായെ ജനം കാണുന്നുള്ളു. ഇവിടെ സ്വയം നന്നാകുക എന്നിട്ട് മറ്റുള്ളവരെ നന്നാക്കുക. സ്വന്തം രാജ്യത്തെ ജനങ്ങളെ സഹോദരന്മാരായി കാണുക. അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ മണ്ണ് എന്ന് പറയുകയും പ്രവര്‍ത്തി ക്കുകയും ചെയ്യുക. ആ ചിന്താഗതി ജനങ്ങള്‍ക്കുണ്ടാകുമ്പോള്‍ അവര്‍ നാടിനുവേണ്ടി ജീവിക്കുകയും പൊരുതുകയും ചെയ്യും. അവരുടെ ആ ശക്തിക്കു കോട്ടം തട്ടിക്കാന്‍ ഐ.എസ്സിനെന്നല്ല ആര്‍ക്കും കഴിയില്ല. അതിനു വിപരീതമായ പ്രവര്‍ത്തികള്‍ ഐ. എസ്സിന് ഇവിടെ വാതിലൊരുക്കി.

ജനിച്ച മണ്ണിന്റെ അവകാശം നിഷേധിക്കുകയും അവിടെ നിന്നെ ആട്ടിപായിക്കുമെന്ന് അത്യുച്ചത്തില്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന കപട രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. ഈ രാജ്യം ഞങ്ങളുടേ തെന്നല്ല നമ്മുടേതെന്നു പറയുമ്പോള്‍ തന്നെ അതില്‍ രാജ്യസ് നേഹത്തിന്റെ വിത്തുമുളയ്ക്കും. അതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അത് മുപ്പതും അറുപതും നൂറും മേനി കൊയ്യും. അതിന്റെ ശക്തിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ ഐ. എസ്. എന്ന വര്‍ഗീയ സംഘടന ഇന്ത്യയില്‍ വേരുപിടിക്കാതെയി രിക്കൂ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശ നിയന്ത്രണത്തിലുള്ള വര്‍ഗീയ സംഘടനകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുയെന്ന മുന്‍ കേരളാ ഡി.ജി. പി. പറയുകയുണ്ടായി. ഈ വി വരം പോലീസ് അറിഞ്ഞിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ട്. കേരളത്തില്‍ തടിയന്റവിട നസീറുമൊക്കെ ഒരു രാത്രി കൊണ്ട് തീവ്രവാദികളായതല്ല. കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായി തീവ്രവാദി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാരും ഒരു നിമിഷംകൊണ്ട് തീവ്രവാദ ത്തില്‍ ഉള്‍പ്പെടുന്നില്ല. രാജ്യത്ത് രഹസ്യമായി എന്ത് നടക്കുന്നുയെന്ന് നിരീക്ഷിക്കാനും അത് ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താനാണ് രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ചിരിക്കുന്നത്. അപ്പോള്‍ അവരും ഇതില്‍ വീഴ്ചവരുത്തിയിരിക്കുന്നു. അവരും ഇതിന് കാരണക്കാരെന്നതാണ് സത്യം. ചുരുക്കത്തില്‍ ഇവരെല്ലാം ഇതിന് കാരണക്കാരാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. വിവേകത്തോടും വിശാലചിന്താഗതിയോടും നാം ഒറ്റക്കെട്ടായി ഈ തീവ്രവാദ പ്രവര്‍ത്തനത്തെ എതിര്‍ക്കേണ്ടതുണ്ട്. അതിലുപരി ശക്തമായ നടപടികള്‍ക്കൊണ്ട് ഭരണരംഗത്തും ഉദ്യോഗസ്ഥതലത്തിലുമുള്ളവരും പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കില്‍ സിറിയയിലും ഇറാഖിലുമൊക്കെ നടക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ നമ്മുടെ മണ്ണിലും ഉണ്ടാകും. അന്ന് വിലപിച്ചതുകൊണ്ടുമാത്രം കാര്യമായില്ല. മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. കൂറ് അങ്ങും ചോറിങ്ങുമെന്നുള്ളതും ഒരിക്കലും ന്യായീകരിക്കാനും കഴിയില്ലെന്നുമോര്‍ക്കുക. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ കാര്യംപോലെ അവര്‍ക്ക് വീര്യം വരുന്നത് ചൈനയുടേയും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടേയും കാര്യം പറയുമ്പോഴാണ്. പക്ഷേ വീട്ടിലെ അടുപ്പ് പുകയണമെങ്കില്‍ ഇന്ത്യന്‍ രൂപയും വേണം. ജനിച്ച നാടിന്റെ മണ്ണില്‍ ചവിട്ടിയെ ഇതെന്റെ നാടെന്ന് നടുവുയര്‍ത്തി പറയാന്‍ കഴിയൂ. അല്ലാത്ത മണ്ണെല്ലാം നമ്മെ അന്യനായിത്തന്നെ കാണും. അത് എത്ര തലമുറ കഴിഞ്ഞാലും.

ഒരാള്‍ ഒരു തെറ്റു ചെയ്താല്‍ അയാള്‍ ഉള്‍പ്പെടുന്ന സമൂഹം മുഴുവന്‍ അത് ചെയ്യുമെന്നും അത് ആ സമൂഹത്തിന്റെ തെറ്റാണെന്നും മുന്‍വിധി നടത്തുന്നതും നല്ലതല്ല. ഇന്ത്യയിലെ ചില മുസ്ലീം യുവാക്കള്‍ തീവ്രവാദ സംഘടനയില്‍ പെട്ടെന്നു കരുതി എല്ലാ മുസ്ലീങ്ങളും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയവരില്‍ മുസ്ലീങ്ങളുമുണ്ട്. എന്റെ മാതൃരാജ്യമെന്നാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ട് ആസാദും മറ്റു നേതാക്കളും വിളിച്ചുപറഞ്ഞത്. ഇന്ത്യയുടെ മണ്ണില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പങ്കെടുത്ത മുസ്ലീം സഹോദരങ്ങളുടേയും ചോരയും വിയര്‍പ്പുമുണ്ടെന്ന് നാം ചരിത്ര രേഖകളില്‍ കൂടി മനസ്സിലാക്കിയതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top