ഷൊര്‍ണൂര്‍: കൊല്ലാനിറങ്ങുന്നവരെ സ്വതന്ത്രരായി വിഹരിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഷൊര്‍ണൂര്‍ മയില്‍വാഹനം കമ്യൂണിറ്റി ഹാളില്‍ അബൂദബി ശക്തി അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന് എഴുത്തുകാരോട് സമൂഹം ആവശ്യപ്പെടുമ്പോള്‍ എഴുത്തുകാര്‍ സമൂഹത്തിനത് തിരിച്ചുനല്‍കുകയും വേണം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ തൂലിക ശക്തമായി ചലിപ്പിക്കണം. അപ്പോള്‍ പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരെപോലെ ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ പെരുമാള്‍ മുരുകനെപ്പോലെ താല്‍ക്കാലികമായി തൂലിക ചലിപ്പിക്കാനുമാവില്ല. എന്നിരുന്നാലും അസഹിഷ്ണുതക്കെതിരെ എഴുത്തുകാര്‍ ശക്തമായി പ്രതികരിക്കണം.
പ്രവാസികളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുണ്ട്. വിമാനയാത്രാക്കൂലി കുറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. നിയമത്തിന്‍െറ നൂലാമാലകളില്‍പ്പെട്ട് കുറ്റവാളികളല്ലാത്ത മലയാളികള്‍ വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് നിയമസഹായം ലഭ്യമാക്കി പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അവാര്‍ഡ് കൃതികളെ പ്രഭാവര്‍മ പരിചയപ്പെടുത്തി. എം ബി രാജേഷ് എംപി തായാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ചന്ദ്രന്, പി ഉണ്ണി എംഎല്‍എ, സംഘാടകസമിതി ചെയര്മാന് പി കെ ശശി എംഎല്‍എ, എം ഹംസ, കെ പി രാമനുണ്ണി എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ എ കെ മൂസ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ എസ് കൃഷ്ണദാസ് നന്ദിയും പറഞ്ഞു. പി കരുണാകരന്, പി കെ ശശി, സിപിഐ എം ഒറ്റപ്പാലം ഏരിയ സെക്രട്ടറി കെ സുരേഷ്, വിമല എന്നിവര്‍ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു.
സാംസ്കാരിക സമ്മേളനത്തില്‍ ഏഴാച്ചേരി രാമചന്ദ്രന് അധ്യക്ഷനായി. ‘സംസ്കാരവും ശാസ്ത്രബോധവും’ എന്ന വിഷയത്തില്‍ ഡോ. ബി ഇക്ബാല്‍ പ്രഭാഷണം നടത്തി. ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ വിമല, എസ് അജയകുമാര്‍, എം ആര് മുരളി, എ കെ ചന്ദ്രന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. എന്‍ ദിനേശ്ബാബു സ്വാഗതവും ദില്‍ഷാദ് നന്ദിയും പറഞ്ഞു.

Leave a Reply