Flash News

കേരളാ റൈറ്റേഴ്സ് ഫോറം ചര്‍ച്ചാ സമ്മേളനത്തില്‍ പുസ്തക പ്രകാശനം, ചെറുകഥ, നിരൂപണം, ആസ്വാദനം

August 29, 2016

3-Kerala Writers Forum news photoഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ആഗസ്റ്റ് 21-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോറണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് മാത്യു നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ പ്രസിദ്ധ ഗ്രന്ഥകര്‍ത്താവായ ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍ മോഡറേറ്ററായിരുന്നു. ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍ രചിച്ച, വീണുപോയ ദൂതډാര്‍, എന്ന ശീര്‍ഷകത്തിലുള്ള പുസ്തകത്തിന്‍റെ പ്രകാശനമായിരുന്നു പ്രാരംഭ ചടങ്ങ്. മാത്യു നെല്ലിക്കുന്ന് പുസ്തകത്തിന്‍റെ ഒരു കോപ്പി പ്രസിദ്ധ സാഹിത്യകാരനായ ബാബു കുരവക്കലിന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

തുടര്‍ന്ന്, ഒരു പുഴയുടെ ഗീതം എന്ന കവിത രചയിതാവായ തോമസ് കാളശേരി തന്നെ ആലപിച്ചു. പര്‍വ്വത നിരകളില്‍ നിന്നുല്‍ഭവിക്കുന്ന നദി ഒഴുകി അതിന്‍റെ ലക്ഷ്യസ്ഥാനമായ സമുദ്രത്തിലെത്തുന്നതോടെ നദിയുടെ അസ്ഥിത്വം ഇല്ലാതായി സമുദ്രവുമായി ചേരുന്ന പോലെയാണ് മനുഷ്യജീവിതം എന്ന് കവി സമര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ജനിക്കുന്നതോടെ ആ മനുഷ്യ ജന്മം വിവിധ കാലഘട്ടങ്ങളിലൂടെ ഒഴുകി ഒഴുകി മരണത്തോടെ സമുദ്രമാകുന്ന ഈശ്വരനില്‍ ലയിക്കുന്നു. അടുത്തത് മേരി കുരവക്കലിന്‍റെ, മൈ പ്രിന്‍സസ് ജാസ്മിന്‍, എന്ന ഇംഗ്ലീഷ് കവിതാ പാരായണമായിരുന്നു. എന്‍റെ കൊച്ചു സഹോദരിയുടെ ജന്മം എനിക്കൊരു ആഘോഷവും ആഹ്ലാദവുമായിരുന്നു. മുല്ലപ്പൂവിന്‍റെ സുഗന്ധവും സൗന്ദര്യവും അവള്‍ക്കുണ്ട്. അവള്‍ വളര്‍ന്നപ്പോള്‍ അവളുടെ സ്വഭാവത്തില്‍ സ്നേഹം, സന്തോഷം, സമാധാനം, ആനന്ദം, ദയ, ക്ഷമാശീലം, ആത്മാര്‍ത്ഥത തുടങ്ങിയ അവളുടെ ഗുണങ്ങള്‍ എന്നെ കൂടുതലായി അവളിലേക്ക് അടുപ്പിക്കാന്‍ പര്യാപ്തമായി എന്ന കവയിത്രി ഉരുവിടുന്നു.

യൂദാസിന്‍റെ സുവിശേഷം, എന്ന ചെറുകഥ കഥാകൃത്തായ ടോം വിരിപ്പന്‍ വായിച്ചു. അത്യന്തം ഉദ്വേഗജനകമായ ആ ചെറുകഥയില്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോട്, മുപ്പത് വെള്ളിക്കാശിന് യേശുനാഥനെ ഒറ്റിക്കൊടുത്ത യൂദാസ് പറയുകയാണ് ഇതെല്ലാം തന്‍റെ തലവരയാണ്. സൃഷ്ടാവു തന്നെ പ്രീപ്രോഗ്രാം ചെയ്ത് ആ ചതി അല്ലെങ്കില്‍ നന്ദിഹീനമായ പാപ പ്രവൃത്തി ചെയ്യാന്‍ തന്നെ നിയോഗിച്ചതാണ്. താന്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും അങ്ങനെ ചെയ്യണം എന്നത് സൃഷ്ടികര്‍ത്താവായ ദൈവത്തിന്‍റെ തന്നെ നിയോഗമല്ലെ. ആ ദൈവേച്ഛ താന്‍ നിര്‍വ്വഹിച്ചു. അങ്ങനെ ലോകത്തിലെ ഏറ്റവും നിന്ദ്യനായ ഒരു കഥാപാത്രമായി തീര്‍ന്നു, എന്നതാണ് യൂദാസിന്‍റെ സുവിശേഷം എന്ന് കഥാകൃത്ത് സമര്‍ത്ഥിക്കുന്നു.

തുടര്‍ന്ന്, ഇന്ത്യയില്‍ സിബിഐ ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത ജോസഫ് പൊന്നോലി എഴുതിയ നിഗംബോധ്ഘാട്ടിലെ അഗ്നിനാളങ്ങള്‍, എന്ന ചെറുകഥ അദ്ദേഹം തന്നെ വായിച്ചു. വടക്കെ ഇന്ത്യയില്‍ അദ്ദേഹത്തിന്‍റെ ജീവിതവും ജോലിയും അനുഭവവും ആധാരമാക്കി അടര്‍ത്തിയെടുത്ത ഒരു ഏടില്‍ നിന്നായിരുന്നു ആ ചെറുകഥ. പ്രേംനാഥ് ബാനര്‍ജി സമര്‍ത്ഥനും വിദ്യാസമ്പന്നനുമായ യുവാവ് സെന്‍ട്രല്‍ ഗവണ്മെന്‍റ് സര്‍വ്വീസില്‍ സേവനത്തിലിരിക്കെ മേലുദ്യോഗസ്ഥരില്‍ നിന്ന് പല രീതിയിലുള്ള പീഡനം നേരിടുന്നു. അതിനെതിരെ പ്രതികരിക്കാനുള്ള ഉപദേശം തേടിയെത്തിയ അദ്ദേഹത്തെ കഥാകൃത്ത് സഹായിക്കാതെ തിരിച്ചയക്കുന്നു. പലവിധ രോഗങ്ങള്‍ക്കടിമയായ മനസു തകര്‍ന്ന ആ ചെറുപ്പക്കാരന്‍ താമസിയാതെ ചരമമടയുന്നു. ദല്‍ഹിയില്‍ യമുനാ നദീതീരമായ നിഗംബോധ് എന്ന സ്ഥലത്ത് വളരെ ലളിതമായ രീതിയില്‍ പരേതന് ചിതയൊരുക്കി. മൃതശരീരം അഗ്നിനാളങ്ങള്‍ക്ക് ഇരയാകുമ്പോള്‍ ആവശ്യമായ സമയത്ത് ഒരു ചെറുവിരല്‍ അനക്കി പോലും സഹായിക്കാന്‍ തുനിയാതിരുന്ന കഥാകൃത്ത് ദുഃഖഭാരത്തോടെ വേദനയാല്‍ വിങ്ങിപ്പൊട്ടുന്നത് കഥയില്‍ ഹൃദയാവര്‍ജകമായി ചിത്രീകരിച്ചിരിക്കുന്നു.

കഥകളേയും കവിതകളേയും അവലോകനം ചെയ്തു കൊണ്ടും അപഗ്രഥിച്ചു കൊണ്ടും ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ ചിന്തകരും എഴുത്തുകാരുമായ ടി.എന്‍. സാമുവല്‍, ഇന്ദ്രജിത് നായര്‍, എ.സി. ജോര്‍ജ്, ബോബി മാത്യു, ജോണ്‍ മാത്യു, ദേവരാജ് കാരാവള്ളി, മാത്യു നെല്ലിക്കുന്ന്, ജോണ്‍ ചാക്കൊ, മോട്ടി മാത്യു, പീറ്റര്‍ പൗലോസ്, ജോസഫ് തച്ചാറ, ബി. ജോണ്‍ കുന്തറ, ഷാജി ഫാംസ് ആര്‍ട്ട്, വല്‍സന്‍ മഠത്തിപറമ്പില്‍, റോഷന്‍ ഈശൊ, ബാബു കുരവക്കല്‍, മേരി കുരവക്കല്‍, ടോം വിരിപ്പന്‍, ജേക്കബ് ഈശൊ, ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍, ജോസഫ് പൊന്നോലി, തോമസ് കാളശേരി തുടങ്ങിയവര്‍ സംസാരിച്ചു.

4-Kerala Writers Forum News photo 5-Kerala Writers Forum news photo 6-Kerala Writers Forum news photo


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top