Flash News

നന്മകള്‍ക്കായ് ഉപവസിക്കുന്ന കവി (പുസ്തക നിരൂപണം): സുധീര്‍ പണിക്കവീട്ടില്‍

August 30, 2016

meenkaranഅമേരിക്കന്‍ മലയാളി കവി അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ മുപ്പത്തിയാറു കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കവിതാസമാഹാരമാണു. “മീന്‍കാരന്‍ ബാപ്പ.” ഗദ്യകവിതകളുടെ വിഭാഗത്തില്‍പ്പെടുന്നവയാണു ഈ സമാഹാരത്തിലെ മിക്ക കവിതകളും. എങ്കിലും വികാരങ്ങള്‍ ഉതിര്‍ന്ന്‌വീഴുന്ന അക്ഷരങ്ങളുടെ ക്രമങ്ങള്‍ക്ക് ഒരു ചടുലതാളമുണ്ട്. അവ വൃത്തത്തേക്കാള്‍ വൃത്തമില്ലായ്മയില്‍ സൗന്ദര്യം ചൊരിഞ്ഞ്‌ നില്‍ക്കുന്നു. കവി മനസ്സ് താലോലിക്കുന്ന ചില സങ്കല്‍പ്പങ്ങളുണ്ട്. അവയെ നിതാന്തം നിരീക്ഷണം നടത്തുന്ന കവിക്ക് ചിലപ്പോള്‍ ആശയും നിരാശയും അനുഭവപ്പെടുന്നു. ഇറ്റിറ്റ് വീഴുന്നത് വെറും സന്തോഷാശ്രുബിന്ദുക്കളാണു മറിച്ച് കണ്ണുനീരാണ് പ്രവഹിക്കുന്നത് എന്നു മനസ്സിലാക്കുന്ന കവി ഈ ലോകവുമായി ആശയ വിനിമയം ചെയ്യുകയാണു കവിതകളിലൂടെ. കവിതയെ സ്വപ്നസീമകള്‍ക്കപ്പുറം പാടുന്ന സ്വര്‍ഗ്ഗ നായികയായിട്ടാണ് കവി പ്രതിഷ്ഠിക്കുന്നത്. അവള്‍ കവിയെ ചിരിക്കാന്‍, ചിരിപ്പിക്കാന്‍, നിര്‍ഭയം ലോകത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു. കവിയുടെ മുന്നിലിടക്കിടെ വന്നു മന്ദസ്മിതത്തിന്‍ ചിത്രം വരച്ച് പാറിക്കളിക്കുന്ന ഒരു ചിത്രശലഭമായും കവി കവിതയെ കാണുന്നു. അവള്‍ കവിക്ക് മാത്രമറിയുന്ന ഭാഷയില്‍ പ്രേമ സന്ദേശ കാവ്യമെഴുതി കവിയെ നിരന്തരം പ്രണയിച്ചുകൊണ്ടിരിക്കുന്നു. അതില്‍ കെട്ടിയോള്‍ക്ക് അമര്‍ഷമുണ്ട്. പുതിയാപ്ല അങ്ങനെ കവിതയെഴുതാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനാഥരാകുമെന്നു അവര്‍ ഭയപ്പെടുന്നു. ഭാവനാലോകത്തെ ഭര്‍ത്താവും യാഥാര്‍ത്ഥ്യലോകത്തെ ഭാര്യയും തമ്മിലെ പൊരുത്തമില്ലായ്മയുടെ ഒരു നര്‍മ്മരംഗം കവി വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് വളരെ രസപ്രദമാക്കുന്നു.

കവിയുടെ പ്രണയിനിയാണു കവിത. താഴെ പറയുന്ന വരികള്‍ ശ്രദ്ധിക്കുക:

നിന്നനുരാഗം പുഷ്പ്പിക്കുന്ന
സുറുമയെഴുതിയ പളുങ്ക് നേത്രങ്ങളും
ചുംബന ലഹരി മാടിവിളിക്കുന്ന ചെഞ്ചുണ്ടുകളും
ഹൃദയഹാരിയാം മാസ്മരസ്‌മേരവും
മത്ത്പിടിപ്പിക്കുന്ന വശ്യസുഗന്ധവും
ഉന്മാദമൂറും മാറിടവും
മധുരിതമാം പരിരംഭണങ്ങളുമോര്‍ക്കുമ്പോള്‍
എന്റെ മതിമോഹിനി ഈ ചെറുതിരയിലുലയും
ജീവിതനൗക പിന്നെയും തുഴയാന്‍ തോന്നും

പ്രപഞ്ചത്തിനു ഒരു മനസ്സുണ്ട്. അതെല്ലാവരുടേയും മനസ്സുകള്‍ ചേര്‍ന്നതാണു. പ്രപഞ്ച മനസ്സില്‍ ഒരു ആന്ദോളനമുണ്ടാകുമ്പോള്‍ അത് കവി അറിയുന്നു. കവിയെ അത്‌ വേദനിപ്പിക്കുന്നു, ആഹ്ലാദിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. മാനുഷിക വികാരങ്ങള്‍ക്ക് ഇവിടെ വ്യത്യസ്ത ഭാവങ്ങളാണ്. കവിയുടെ സൂക്ഷ്മ ദര്‍ശനം അത് മനസ്സിലാക്കുന്നു. ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ മനസ്സും പ്രപഞ്ചമനസ്സും ഒന്നായിരിക്കയാണു. അതുകൊണ്ട് ലോകം വേദനിക്കുമ്പോള്‍ അദ്ദേഹവും വേദനിക്കുന്നു, സന്തോഷിക്കുമ്പോള്‍ സന്തോഷിക്കുന്നു. കൈയ്യെത്തും ദൂരത്തില്‍ ഒരു സുവര്‍ണ്ണകാലം ഉണ്ടായിരുന്നു, അത് കവിക്കറിയാം. അത് നഷ്ടപ്പെട്ട വേദനയില്‍ കവി ഇങ്ങനെ വിലപിക്കുന്നു. “ഇവിടെ മാറുന്ന വര്‍ണ്ണ ചിത്രങ്ങള്‍, മറയുന്ന സ്‌നേഹതീരങ്ങള്‍, മായുന്ന സ്വപ്നങ്ങള്‍, മങ്ങുന്ന ആശകള്‍.” ശരിയെന്നു വായനക്കാരനും പറയുന്നു. തന്റെ ചിന്തകള്‍ക്കൊപ്പം , തന്റെ കാഴ്ചപ്പാടുകള്‍ക്കൊപ്പം വായനക്കാരെ കൂട്ടികൊണ്ടുപോകാന്‍ ചില കവികള്‍ക്ക് കഴിയുന്നു. ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ കവിതകള്‍ ആ കൂട്ടത്തില്‍പ്പെടുന്നു.

ജീവിതത്തിന്റെ ദുഃഖവും കണ്ണീരും കണ്ട് എത്രയോ കവികള്‍ എഴുതി. എന്നാല്‍ പുന്നയൂര്‍ക്കുളം എല്ലാ വേദനകളും വിവരിക്കുമ്പോഴും ഒടുവില്‍ ഒരു മുക്തി എന്ന ശുഭാനുഭൂതി കാത്ത്‌സൂക്ഷിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളെ വര്‍ണ്ണപ്പകിട്ടില്‍ പുതപ്പിക്കാതെ വരച്ചിടുമ്പോള്‍ കവി “വെറുതെ ഉപവസിക്കുന്നു വസന്തം വിട പറഞ്ഞുപോയ മനസ്സില്‍ ശബളകുസുമങ്ങള്‍ വിരിയിക്കാന്‍.” വേദനകളെ കാറ്റില്‍ പറത്തി കളയുമ്പോള്‍ മനസ്സില്‍ പ്രേമത്തിന്‍ സൗരഭ്യം ഉണ്ടാകുമെന്നും കവി അറിയുന്നു. സുഖവും ദുഃഖവും മനസ്സിന്റെ ഭാവങ്ങളിലാണ്. ശ്രവണമധുരമാം അനുരാഗഗാഥകള്‍ പാടിയിരുന്ന മുരളിയില്‍ അപശ്രുതിയുണ്ടാകുന്നത് അതുകൊണ്ടാണു. ചിലതെല്ലാം തോന്നലുകളാണെന്നും മനസ്സിന്റെ ഭ്രമാത്മകമായ അപഥസഞ്ചാരത്തിന്റെ സൂചനകളാണെന്നും കവി ആശ്വസിക്കുന്നതായി കാണാം.

പ്രത്യാശയുടെ ഉപാസകനാണു കവി. ഒരുനാള്‍ എല്ലാം മനോഹരമാകുമെന്ന സുപ്രതീക്ഷ കവി പ്രകടിപ്പിക്കുന്നു. അതുകൊണ്ട് കവി നിത്യയൗവ്വനം ആഗ്രഹിക്കുന്നു.” പ്രണയത്തെക്കുറിച്ച് പാടാന്‍ എന്നുമെനിക്ക് ചെറുപ്പമായിരുന്നെങ്കില്‍.”പ്രണയം കവിയെ പലപ്പോഴും ഉന്മാദനാക്കുന്നതായി കാണാം. കവിയുടെ മാനസമലര്‍വാടി വാടുമ്പോഴൊക്കെ ഒരു പുഷ്പമായി അത്‌ വിരിയുന്നു. അതിനെ അന്വേഷിച്ചുകൊണ്ടിരിക്കാന്‍ കവിക്ക് കൗതുകമാണ്. സ്‌നേഹം, പ്രണയം, സൗഹ്രൃദം, എന്നീ വികാരങ്ങള്‍ കവിയുടെ ദൗര്‍ബ്ബല്യമാകുമ്പോള്‍ ചുറ്റുപാടില്‍നിന്നും കേള്‍ക്കുന്ന രോദനങ്ങള്‍ കവിയെ നൊമ്പരപ്പെടുത്തുന്നു. അപ്പോള്‍ കവി ഒരു തത്വചിന്തകനായിമാറുന്നത് കാണാം.

നാളെ എന്ന വാഗ്ദാനത്തിന്റെ പൊരുളില്‍ ജനം ഇന്നത്തെ ജീവിതം നഷ്ടപ്പെടുത്തുന്നത് തത്വചിന്തകരെയൊക്കെ വിഷമിപ്പിച്ചിട്ടിട്ടുണ്ട്. “ഇവിടെ ഭൂതകാലം പണിതഗുഹയില്‍, ഭൂതം പറഞ്ഞ കഥകളും കേട്ട്, നാളെയുടെ നട്ടെല്ലൊടിച്ച് ഇന്നിന്റെ കണ്ണുപൊട്ടിച്ച് ജീവിക്കുന്നു ജനം.” കൈയ്യിലുള്ളത് കളഞ്ഞു പറക്കുന്നതിനെ പിടിക്കാന്‍ പോകുന്ന മനുഷ്യന്റെ മിഥ്യാബോധവും, മോഹങ്ങളും ഭംഗിയായി ഈ വരികളില്‍ ഒതുക്കുന്നു കവി.”ക്ഷിതിയിലെ ക്ഷണികമാം ജീവിതത്തിനന്ത്യമെവിടെ, യെങ്ങനെയെന്നാരറിവൂ..” കവി ആശങ്കപ്പെടുന്നു.

സ്വന്തം സുഖത്തില്‍ മുഴുകിയിരിക്കുന്ന ഒരു മനോരാജ്യക്കാരനല്ല മറിച്ച് സഹജീവികളുടെ വേദനയില്‍ മനസ്സ് പങ്കിടുന്ന കാരുണ്യവാനാണു കവി. ഒരമ്മ പകരുന്ന കാരുണ്യത്തിന്റെ കഞ്ഞിവെള്ളത്തില്‍ സ്‌നേഹത്തിന്റെ വറ്റ് കാണുന്ന കവി സ്‌നേഹ ഗായകനാണു. അതേ സമയം സ്വന്തം കുഞ്ഞുങ്ങളെ പുഴയുടെ ആഴങ്ങളിലേക്ക് കാര്‍ സീറ്റില്‍ ബന്ധിച്ച് നിഷ്ക്കരുണം തള്ളിവിടുന്ന ഒരു മാതാവിനേയും കാണുന്നു. ഈശ്വരന്റെ പ്രതിനിധിയായി എവിടേയും നിറഞ്ഞ്‌നിന്ന അമ്മ എന്ന ദേവതയേയും കാലം മാറ്റി കളഞ്ഞുവെന്നു കണ്ട്‌ നോവുന്ന കവിമനസ്സിന്റെ ഭയവിഹല്വമായ വിവരണങ്ങള്‍ ഈ കവിതയില്‍ കാണാം. മാതൃസ്നേഹത്തിന്റെ മഹത്വം മാത്രം പാടുന്നവരോട് ഒരു പിതാവിന്റെ മനോദുഃഖങ്ങളെപ്പറ്റി വിവരിക്കുന്നു കവി. ദാമ്പത്യത്തിന്റെ ശരിയും തെറ്റും പെറുക്കിത്തളര്‍ന്ന ഒരു പിതാവിന്റെ ചിന്തകള്‍. വികാരങ്ങള്‍ പകരുവാന്‍ വാക്കുകള്‍ക്ക് ക്ഷാമമില്ലാത്ത കവിദുരന്തങ്ങളെപ്പറ്റി പാടി വായനക്കാരന്റെ കണ്ണീര്‍മഴ പെയ്യിപ്പിക്കുന്നു. വേരറ്റുപോകുന്ന മനസ്സാക്ഷിയുടെ, പ്രകൃതി സമ്പത്തിന്റെ, മനുഷ്യബന്ധങ്ങളുടെ, നഷ്ടപ്പെട്ടു പോകുന്ന പ്രിയ ഗ്രാമത്തിന്റെ എല്ലാം കഥകള്‍ പാടി സ്വയം ചോദിക്കുന്നു. “തരുമോ ശിഷ്ടവസന്തമെന്നിഷ്ട ഗ്രാമത്തില്‍.”

തന്റെ പൂര്‍ണ്ണത അറിവിലൂടെയെന്നറിയുന്ന കവി വിടാരാന്‍ വെമ്പുന്ന ഒരു പൂമൊട്ടിനെപോലെ അക്ഷമനാണ്. സൗഹൃദം നല്‍കിയ സമ്പത്തുകള്‍ ജ്ഞാനനിധികളായി കവിസൂക്ഷിച്ചു വയ്ക്കുന്നു. ഇന്നു അറിവിന്റെ അഭാവത്തില്‍ മനുഷ്യന്‍ സ്വതന്ത്രനായി ചിന്തിക്കുന്നില്ല. അങ്ങനെയുള്ള ബലഹീനരെ മറ്റുള്ളവര്‍ ബലാല്‍ക്കാരം ചെയ്യുന്നത് കണ്ട് കവി പ്രതികരിക്കുന്നു. “സ്വതന്ത്ര ചിന്താധാരക്ക് തുടലുകള്‍ പണിത് വൈരികളുടെ വാളുകള്‍ രാകുന്നു.” സ്വന്തം മുഖവൈകൃതം കണ്ട് കണ്ണാടി തല്ലിയുടക്കരുതെന്ന സന്ദേശം കവിക്ക് നല്‍കാന്‍ കഴിയുന്നു.

പ്രവാസ ജീവിതത്തിന്റെ ആത്മനൊമ്പരങ്ങളും കവിതകളില്‍ കാണാം. കുടിയേറിയ നാട്ടിലെ വിശേഷങ്ങളും കവി നമുക്ക് പകരുന്നു. അമേരിക്കയില്‍ വേനല്‍ക്കാലം ഓടിപ്പോകാന്‍ വേണ്ടി വരുന്നുവെന്നു കവി മനസ്സിലാക്കുന്നു. എന്നും അവധിക്കാലം സ്വപ്നം കാണുന്ന ഒരു കുട്ടിയുടെ മാനസിക ചിന്തകളിലൂടെ ഇവിടത്തെ ഋതുക്കളെപ്പറ്റി കാല്‍പ്പനിക ഭംഗിയോടെ കവി എഴുതുന്നു. “ആരുകൊണ്ട്‌വരുന്നു ഈ ഹിമവീഴ്ചയും ഉയിരുമുടലും മരവിപ്പിക്കും ശൈത്യവും?”

സ്വന്തം ബാപ്പയെ മീന്‍കാരന്‍ ബാപ്പ എന്നു വിളിക്കുന്ന (ഈ വിളിയില്‍ കൗമാര ഗര്‍വ്വിന്റെ ഒരു പുച്ഛം ഒളിഞ്ഞിരിപ്പില്ലേ?) ബാപ്പ തളര്‍ന്നപ്പോള്‍ മകനു പിടിച്ചു നില്‍ക്കാനായില്ല. അപ്പോള്‍ അവന്‍ “മീന്‍കാരനായ എന്റെ ബപ്പാ” എന്നു തിരുത്തികൊണ്ട് തന്റെ യൗവ്വന ചിന്തകളില്‍ താന്‍ തിരിച്ചറിയാതിരുന്ന ബാപ്പയെപ്പറ്റി പറയുന്നു. തലമുറകളുടെ സംഗമവേളകളില്‍ ദുഃഖം ഘനീഭവിക്കുന്നത് വേര്‍പിരിയലിന്റെ ഗദ്ഗദം ഉയരുന്നത്‌ കൊണ്ടാണു. വേദനിപ്പിക്കാന്‍ വേണ്ടി മാത്രം നിരങ്ങി വരുന്ന സത്യം. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയികാണും. എങ്കിലും അവസാന നിമിഷം വരെ മുതിര്‍ന്നവര്‍ കര്‍ത്തവ്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തോളില്‍ കാവേന്തി അവസാനം ക്ഷീണിതനായി വീണപ്പോഴാണു മകന്‍ ബാപ്പയെ അറിയുന്നത്. ഒടുവില്‍ ഒട്ടിയ കവിളിലൂടെ അശ്രുചാല്‍ കീറിയത് കണ്ടില്ലെന്ന്‌ നടിക്കാന്‍ മകനെ നിക്കായില്ല

ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ വരികള്‍ കടമെടുത്ത്‌ കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. “ജീവിതം സമരമാണുണ്ണി, ഉണരൂ വേഗം, നാളെയുറങ്ങാന്‍.” “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധിത” എന്നു ഋഷിമാര്‍ പാടിയതിനു ഒരു അനുബന്ധം. ഇന്നിന്റെ അദ്ധ്വാനം നാളെ വിശ്രമിക്കാന്‍ അവസരം തരുന്നു. ലോക നന്മക്കായി ഉപവസിക്കുന്ന കവിക്ക് എല്ലാവിധ ആശംസകളും നേരുന്നു

പുസ്തകത്തിന്റെ കോപ്പിക്കായി ബന്ധപ്പെടുകഃ മീഡിയ ഹൗസ് ,കോഴിക്കോട്, email: mediahousecalicut@gmail.com, or abdulpunayurkulam@gmail.com/586-774-5164.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top