Flash News

പ്രമുഖ സിപി‌എം നേതാവും, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശാഭിമാനിയുടെ മുന്‍ ചീഫ് എഡിറ്ററുമായിരുന്ന വി.വി. ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

August 31, 2016

moorthi-mash_585400കോഴിക്കോട്: പ്രമുഖ സിപിഐഎം നേതാവും ദേശാഭിമാനി പത്രാധിപരുമായിരുന്ന വി.വി ദക്ഷിണാമൂര്‍ത്തി (81) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ ദക്ഷിണാമൂര്‍ത്തി ഒരു പതിറ്റാണ്ടിലേറെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചീഫ് എഡിറ്റര്‍ സ്ഥാനത്തു നിന്നു മാറിയത്. ദീര്‍ഘകാലം ദേശാഭിമാനിയുടെ കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1965, 67, 80 വര്‍ഷങ്ങളില്‍ പേരാമ്പ്രയില്‍ നിന്നു നിയമസഭയിലെത്തി.

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റംഗമായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് പാലേരി സ്വദേശിയാണ്. 1934 ല്‍ പനക്കാട്ടാണ് ജനനം. അച്ഛന്‍: പരേതനായ ടി ആര്‍ വാര്യര്‍. അമ്മ: പരേതയായ നാരായണി വാരസ്യാര്‍. ഭാര്യ: റിട്ടയേഡ് അധ്യാപിക ടി എം നളിനി. മക്കള്‍: മിനി (അധ്യാപിക, മാനിപുരം എയുപി സ്കൂള്‍), അജയകുമാര്‍ (അധ്യാപകന്‍, വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം പോളിടെക്നിക്), ആര്‍ പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍).

മരുമക്കള്‍: എ ശിവശങ്കരന്‍ (ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍, കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ്), ശ്രീകല കൊടശേരി (ലാബ് അസിസ്റ്റന്റ്, വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), പ്രിയ പേരാമ്പ്ര (അധ്യാപിക, ജെഡിടി ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വെള്ളിമാടുകുന്ന്). സഹോദരങ്ങള്‍: ദേവകി വാരസ്യാര്‍, ശാരദ വാരസ്യാര്‍ (ഇരുവരും മരുതോങ്കര), സുഭദ്ര വാരസ്യാര്‍ (ഗുരുവായൂര്‍), പരേതരായ ലീല വാരസ്യാര്‍ (പനക്കാട്), യശോദ വാരസ്യാര്‍ (തളിപ്പറമ്പ്), ശൂലപാണി വാര്യര്‍ (മരുതോങ്കര).

1950–ല്‍ 16 ആം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത്. മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായിരുന്നു. 26 വര്‍ഷം സ്കൂള്‍ അധ്യാപകനായി. 1982 ല്‍ വടക്കുമ്പാട് ഹൈസ്കൂളിൽ നിന്ന് സ്വമേധയാ വിരമിച്ചു. അതേ വര്‍ഷം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായി. കുറച്ചുകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ ജില്ലാ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയില്‍വാസമനുഭവിച്ചു. 1968ല്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നിന്നാരംഭിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top