Flash News

കെ.എം. മാണി 15.5 കോടി കൈക്കൂലി വാങ്ങിയതായി വിജിലന്‍സിന്റെ എഫ്.ഐ.ആര്‍.

August 31, 2016

K__M__Mani_GDF31II0_688271eകൊച്ചി: മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴിക്കച്ചവടക്കാര്‍ക്ക് നികുതി കുടിശിക ഒഴിവാക്കി നല്‍കിയെന്ന കേസിലും ആയുര്‍വേദ ഉല്‍പ്പാദകര്‍ക്കു നികുതിയിളവ് അനുവദിച്ച കേസിലുമാണ് വിജിലന്‍സ് എഫ്‌ഐആര്‍. മാണിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോഴിക്കച്ചവടക്കാര്‍ക്ക് നികുതി ഇളവു ചെയ്തു കൊടുക്കുക വഴി സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ മാണിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് വിജിലന്‍സ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മകളുടെ വീട്ടില്‍ വെച്ച് മാണിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കെ.എം മാണി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും നിയമവിരുദ്ധമായി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ചതായും എഫ്‌ഐആറില്‍ വിജിലന്‍സ് പറയുന്നു. നിര്‍ദേശം അനുസരിക്കാത്ത ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലംമാറ്റിയ കാര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. രണ്ടുകേസുകളിലായി സംസ്ഥാന ഖജനാവിന് 200 കോടി നഷ്ടം സംഭവിച്ചെന്നും മാണി ഇതിലൂടെ പതിനഞ്ചര കോടി രൂപ സ്വന്തമാക്കിയെന്നുമാണ് കേസ്.

ചിക്കന്‍ വിറ്റ വകയില്‍ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന 65 കോടിയുടെ നികുതി കുടിശിക സ്റ്റേ ചെയ്‌തെന്നും ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഈ കോഴിയിടപാടുമായി ബന്ധപ്പെട്ട് തോംസണ്‍ ഗ്രൂപ്പിനെതിരെയും കേസെടുത്തിട്ടുണ്ട്.

ആയുര്‍വേദ സൗന്ദര്യ ഉത്പന്നങ്ങള്‍ ആയുര്‍വേദ മരുന്നുകള്‍ എന്നപേരില്‍ നാലുശതമാനം നികുതി മാത്രം നല്‍കിയാണ് വിറ്റഴിച്ചുകൊണ്ടിരുന്നത്. ഇതിനായി മാണിയുടെ പാല, തിരുവനന്തപുരം വീടുകള്‍ കേന്ദ്രീകരിച്ച് സ്ഥാപന ഉടമകള്‍ ചര്‍ച്ച നടത്തിയെന്നും പരാതിയില്‍ പറയുന്നു. 2009 ല്‍ വാണിജ്യ നികുതി കമ്മീഷണര്‍ ആയുര്‍വേദ ഉത്പന്നങ്ങളുടെ നികുതി 12.5 ശതമാനമായി വര്‍ധിപ്പിച്ച് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കെ.എം മാണി ഇടപെട്ട് 2011 ലെ ധനകാര്യ ബില്ലില്‍ അഞ്ചുശതമാനമായി കുറക്കുകയും പിന്നീട് 2012 ലെ ബജറ്റില്‍ ഇത് നാലുശതമാനമായി മുന്‍കാല പ്രാബല്യത്തില്‍ കുറക്കുകയും ചെയ്തിരുന്നു. ഈ വകയില്‍ ആയുര്‍വേദ കമ്പനികള്‍ക്ക് 150 കോടി രൂപ ലഭിച്ചെന്നും ഇതില്‍ നിന്നും 15 കോടി രൂപ കെ.എം മാണി വാങ്ങിയെന്നും പരാതിക്കാരനായ നോബിള്‍ മാത്യു ആരോപിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top