Flash News

ചില ഓണ വിഭവങ്ങള്‍

August 31, 2016

Sadhya

1. ഫ്രൂട്ട്‌സ്‌ പച്ചടി

ചേരുവകള്‍:
ചക്കപ്പഴം – 10 ചുള
മാമ്പഴം – ഒരെണ്ണം
കൈതച്ചക്ക – 100 ഗ്രാം
കറുത്ത മുന്തിരിങ്ങ (കുരുവില്ലാത്തത്‌) – 100 ഗ്രാം
ഉപ്പ്‌ – പാകത്തിന്‌
മഞ്ഞള്‍പ്പൊടി – അര ടീസ്‌പൂണ്‍
തൈര്‌ – ഒരു കപ്പ്‌

അരപ്പിന്‌: ചുരണ്ടിയ തേങ്ങ – ഒന്നരകപ്പ്‌
പച്ചമുളക്‌ – രണ്ടെണ്ണം
കടുക്‌ – കാല്‍ ടീസ്‌പൂണ്‍
വെള്ളം – രണ്ട്‌ ടേ.സ്‌പൂണ്‍

വറുത്തിടാന്‍: കടുക്‌, ഉലുവ – കാല്‍ ടീസ്‌പൂണ്‍വീതം
എണ്ണ – ഒരു ടേബിള്‍ സ്‌പൂണ്‍
ഉണക്കമുളക്‌ – രണ്ടെണ്ണം, രണ്ടായി മുറിച്ചത്‌
കറിവേപ്പില – ഒരു തണ്ട്‌; ഉതിര്‍ത്തത്‌.

തയ്യാറാക്കുന്നവിധം:
ചക്കപ്പഴത്തിന്റെ കുരുമാറ്റി ഇടത്തരം വലുപ്പത്തില്‍ അരിയുക. മാമ്പഴവും ഇടത്തരം വലുപ്പമുള്ള കഷ്‌ണങ്ങളാക്കുകക. കൈതച്ചക്കയുടെ തൊലിയും മദ്ധ്യഭാഗവും ചെത്തി ചെറുകഷ്‌ണങ്ങളാക്കുക. ഇവയില്‍ ഉപ്പും മഞ്ഞളും കുറച്ച്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. ഇനി കറുത്ത മുന്തിരിങ്ങ ചേര്‍ത്ത്‌ അല്‍പനേരം അടുപ്പത്ത്‌ വച്ചശേഷം വാങ്ങുക. അരപ്പിനുള്ളവ നന്നായരച്ച്‌ കഷ്‌ണത്തോടൊപ്പം ചേര്‍ക്കുക. തൈരും ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുക്‌, ഉലുവ, കറിവേപ്പില, ഉണക്കമുളക്‌ എന്നിവയിട്ട്‌ വറുത്ത്‌ കടുക്‌ പൊട്ടുമ്പോള്‍ കൂട്ട്‌ ചേര്‍ത്ത കറി ഇതിലേക്കൊഴിച്ച്‌ ഒരു തിള വന്നാല്‍ ഉടന്‍ വാങ്ങുക.

2. ചക്കക്കുരു-കായ എരിശ്ശേരി

ചേരുവകള്‍:
ചക്കക്കുരു – പത്തെണ്ണം
ഏത്തക്കായ – രണ്ടെണ്ണം
വന്‍പയറ്‌ – 25 ഗ്രാം; വേവിച്ചത്‌
ഉപ്പ്‌ – പാകത്തിന്‌
മഞ്ഞള്‍പ്പാടി – അര ടീസ്‌പൂണ്‍

അരപ്പിന്‌: തേങ്ങ ചുരണ്ടിയത്‌ – ഒന്നരക്കപ്പ്‌
കുരുമുളക്‌ – മൂന്നെണ്ണം
മുളകുപൊടി – ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി – നാല്‌ അല്ലി

വറുത്തിടാന്‍: എണ്ണ – ഒരു ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില – ഒരു തണ്ട്‌
തേങ്ങാചുരണ്ടിയത്‌ – ഒരു ടേ.സ്‌പൂണ്‍
കടുക്‌, ഉഴുന്ന്‌ – കാല്‍ ടീസ്‌പൂണ്‍ വീതം
ഉണക്കമുളക്‌ – ഒരെണ്ണം

തയ്യാറാക്കുന്നവിധം:
ഏത്തക്കാകയുടെയും ചക്കക്കുരുവിന്റെയും തൊലി കളയുക. ഏത്തക്കായ നെടുകെ പിളര്‍ന്ന്‌ കാല്‍ കനത്തില്‍ അരിഞ്ഞ്‌ വെള്ളത്തിലിട്ട്‌ കറ നീക്കുക. ചക്കക്കുരു ചുരണ്ടി വട്ടത്തില്‍ കാല്‍ കനത്തില്‍ അരിയുക. ഇവ കഴുകി വാരി ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും വേവാന്‍ പാകത്തിന്‌ വെള്ളവും ചേര്‍ത്ത്‌ വേവിച്ച്‌ വാങ്ങുക. ഇതില്‍ വേവിച്ച വന്‍പയറ്‌ ചേര്‍ക്കുക.
അരപ്പിനുള്ളവ തരുതരുപ്പോടരച്ച്‌ വെന്ത കഷ്‌ണത്തോടൊപ്പം ചേര്‍ത്തിളക്കുക. എണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച്‌ ചൂടാക്കി തേങ്ങായിട്ട്‌ വറുത്ത്‌ കോരുക. മിച്ചമുള്ള എണ്ണയില്‍ മറ്റ്‌ ചേരുവകളിട്ട്‌ വറുത്ത്‌ കടുക്‌ പൊട്ടുമ്പോള്‍ കറി ഇതിലേക്ക്‌ ഒഴിച്ച്‌ ഒരു തിള വന്നാല്‍ ഉടന്‍ വാങ്ങി കോരിവച്ച തേങ്ങായിടുക.

3. ചേന- കായത്തൊലി തോരന്‍

ചേരുവകള്‍:
ചേന ചെറുതായരിഞ്ഞത്‌ – രണ്ടുകപ്പ്‌
കായത്തൊലി ചെറുതായരിഞ്ഞത്‌ – മൂന്നു കപ്പ്‌
ചെറുപയറ്‌ പരിപ്പ്‌ – 50 ഗ്രാം (വേവിച്ചത്‌)
ഉപ്പ്‌ – പാകത്തിന്‌
മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍

ചതയ്‌ക്കാന്‍: തേങ്ങ ചുണ്ടിയത്‌ – ഒന്നരകപ്പ്‌
മുളകുപൊടി – ഒരു ടീസ്‌പൂണ്‍
ജീരകം – കാല്‍ ടീസ്‌പൂണ്‍
വെളുത്തുള്ളി – മൂന്ന്‌ അല്ലി
കറിവേപ്പില – ഒരു തണ്ട്‌

വറുക്കാന്‍: കടുക്‌, ഉഴുന്ന്‌ – കാല്‍ ടീസ്‌പൂണ്‍വീതം
ഉണക്കമുളക്‌ – ഒരെണ്ണം
കറിവേപ്പില – ഒരു തണ്ട്‌; ഉതിര്‍ത്തത്‌
എണ്ണ – ഒരു ടേ.സ്‌പൂണ്‍

തയ്യാറാക്കുന്നവിധം:
കഷ്‌ണങ്ങള്‍ കഴുകി വാരി ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും അല്‍പം വെള്ളവും ചേര്‍ത്ത്‌ വേവിച്ച്‌ പയറ്‌ വേവിച്ചതും ചേര്‍ത്തിളക്കി വാങ്ങുക. ചതയ്‌ക്കാന്‍ കുറിച്ചവ നന്നായി ചതച്ച്‌ ഇതില്‍ ചേര്‍ക്കുക. എണ്ണ ചൂടാക്കി കടുക്‌, ഉഴുന്ന്‌, ഉണക്കമുളക്‌, കറിവേപ്പില എന്നിവയിട്ട്‌ വറുത്ത്‌ കടുക്‌ പൊട്ടുമ്പോള്‍ കൂട്ട്‌ ചേര്‍ത്ത കഷ്‌ണം ഇതിലേക്കിട്ട്‌ നന്നായി ഉലത്തി വാങ്ങുക.

4. പച്ചത്തക്കാളി-വെള്ളരിയ്‌ക്കാ കിച്ചടി

ചേരുവകള്‍:
പച്ചത്തക്കാളി – 50 ഗ്രാം
വെള്ളരിയ്‌ക്ക – 50 ഗ്രാം
ഉപ്പ്‌ – പാകത്തിന്‌
തൈര്‌ – ഒരുകപ്പ്‌

അരപ്പിന്‌: പച്ചടമുളക്‌ – മൂന്നെണ്ണം
തേങ്ങാ ചുരണ്ടിയത്‌ – ഒരു കപ്പ്‌
കടുക്‌, ജീരകം – കാല്‍ ടീസ്‌പൂണ്‍വീതം

വറുത്തിടാന്‍: ഉണക്കമുളക്‌ – രണ്ടെണ്ണം
കടുക്‌, ഉലുവ – കാല്‍ ടീസ്‌പൂണ്‍വീതം
എണ്ണ – ഒരു ടീസ്‌പൂണ്‍
കറിവേപ്പില – ഒരു തണ്ട്‌

തയ്യാറാക്കുന്നവിധം: പച്ചത്തക്കാളിയും വെള്ളരിക്കയും തൊലിയും അരിയും മാറ്റി ചെറുതായരിഞ്ഞ്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ വേവിച്ച്‌ വാങ്ങുക. അരപ്പിനുള്ളവ വെണ്ണ പോലരച്ച്‌ തൈരുമായി യോജിപ്പിച്ച്‌ വെന്ത കഷ്‌ണത്തിലേക്ക്‌ ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുക്‌, ഉലുവ, ഉണക്കമുളക്‌, കറിവേപ്പില എന്നിവയിട്ട്‌ വറുത്ത്‌ കടുക്‌ പൊട്ടുമ്പോള്‍ കറി ഇതിലേക്ക്‌ ഒഴിച്ച്‌ തിളച്ചയുടന്‍ വാങ്ങുക.

5. മത്തങ്ങാ-കുമ്പളങ്ങാ ഓലന്‍

ചേരുവകള്‍:
മത്തങ്ങാ/കുമ്പളങ്ങ – 100 ഗ്രാം വീതം.
ഉപ്പ്‌ – പാകത്തിന്‌
പച്ചമുളക്‌ – നാലെണ്ണം
തേങ്ങാപ്പാല്‍ – രണ്ടുകപ്പ്‌ (ഒന്നാംപാല്‍)
വെളിച്ചെണ്ണ – ഒരു ടേ.സ്‌പൂണ്‍
വന്‍പയര്‍ വേവിച്ചത്‌ – അരകപ്പ്‌
കറിവേപ്പില – രണ്ടുതണ്ട്‌

തയ്യാറാക്കുന്നവിധം:
കുമ്പളങ്ങയും മത്തങ്ങയും തൊലിയും കുരുവും മാറ്റി കനം കുറച്ച്‌ ചതുരത്തില്‍, ഇടത്തം വലുപ്പത്തിലരിയുക. ഇതില്‍ ഉപ്പും പിളര്‍ന്ന പച്ചമുളകും കുറച്ചുവെള്ളവും ചേര്‍ത്ത്‌ വേവിച്ച്‌, വന്‍പയറ്‌ വേവിച്ചതും ചേര്‍ത്ത്‌ അല്‍പനേരം കൂടി അടുപ്പത്ത്‌ വച്ചശേഷം തേങ്ങാപ്പാല്‍ ഒഴിക്കുക. ഒരു മിനിറ്റിനകം വാങ്ങുക. വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി സദ്യയ്‌ക്കൊപ്പം വിളമ്പുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top