Flash News

വേണം, നമുക്ക് ശ്വാന മന്ദിരങ്ങള്‍! (നര്‍മ്മാവലോകനം): സുധീര്‍ പണിക്കവീട്ടില്‍)

September 2, 2016

Dog-Temple sizedഇത് നമ്മുടെ കേരളത്തിനെ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പട്ടി പ്രശ്‌നത്തെക്കുറിച്ചുള്ള വേവലാതിയും അതിലേക്ക് അധികാരികളുടെ ശ്രദ്ധ തിരിക്കാനുള്ള ഒരു നിവേദനവുമല്ല. അങ്ങനെ ചെയ്യുന്നത്‌ കൊണ്ട് ഒരു ഫലവുമില്ലെന്നറിയാം. എങ്കിലും എന്തു കണ്ടാലും കേട്ടാലും ഉടനെ പേനയെടുക്കുന്നവരും, പഴ്‌സു തുറക്കുന്നവരും, പള്‍സ് കൂടുന്നവരുമാണല്ലോ അമേരിക്കന്‍ മലയാളികള്‍. അപ്പോള്‍ പിന്നെ എന്തെങ്കിലും എഴുതണമല്ലോ? കേരളത്തില്‍ മനുഷ്യരും പട്ടികളും കടിപിടി കൂടുന്ന ദുഃഖകരമായ കാഴ്ച അമേരിക്കപ്പുറത്ത് ഇരുന്ന് (ആനപ്പുറത്ത് ഇരിക്കുന്നവനെ പട്ടി കടിക്കുകയില്ല.) ഒന്നു നോക്കികാണുകയും ചിലതെല്ലാം കുറിക്കുകയും മാത്രം ലക്ഷ്യമാക്കുകയാണിവിടെ.പണ്ടത്തെ പാവം പട്ടികള്‍ കുരച്ചാല്‍ ആരും പടി തുറക്കാറില്ല. എന്നാല്‍ ഇന്നു അക്രമകാരികളായ പട്ടികള്‍ മനുഷ്യരെ ഓടിച്ചിട്ട് കടിച്ചിട്ട് അവരുടെ കുര ഗൗനിക്കാതെ വീട്ടിനകത്ത് അടച്ചിരുന്നതിന്റെ പക പോക്കുന്നു. ഇപ്പോഴും പടി പൂട്ടിയിരിക്കുന്നവര്‍ ഈ പട്ടികളെ കൊല്ലരുതെന്നു വാദിക്കുന്നു. ആരാന്റമ്മക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ എന്തൊരു രസം.

പരിഹാരമില്ലാത്ത പ്രശ്‌നങ്ങളില്ല എന്നാല്‍ പരിഹരിക്കാന്‍ സമ്മതിക്കയില്ല എന്നു സ്വാര്‍ത്ഥതാല്‍പ്പര്യമുള്ള ബലവാന്മാരായ ഒരു വിഭാഗം കടുമ്പിടുത്തം പിടിച്ചാല്‍ ഒരു രക്ഷയുമില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിക്കുമ്പോള്‍ അവരെ അധികാരസ്ഥാനങ്ങളില്‍ നിന്നു ഇറക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അതെപ്പറ്റി വിലപിച്ചു കൊണ്ടിരിക്കയാണു ആര്‍ഷഭാരത രീതി. കാറ്റ്‌ നിറച്ച ബലൂണ്‍ പോലെ ഇരിക്കുന്ന അധികാരികളെക്കുറിച്ച് പത്രങ്ങളില്‍, ടി.വി.യില്‍ ഒക്കെ വാര്‍ത്തകള്‍ വരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചു കീറുന്ന നായയെ കൊല്ലെണ്ടന്നു പറയുന്ന “അധികാരിയെ” അല്ലെങ്കില്‍ മൃഗസ്നേഹിയെ വലിച്ചു താഴെയിടാന്‍ ജനാധിപത്യത്തിനു കരുത്ത്‌ പോരാത്തത് എത്രയോ ലജ്ജാവഹം. സ്ഥാനം ഒഴിഞ്ഞാല്‍ ഈ അധികാരം പറയുന്നവര്‍ ആരുമല്ല അവര്‍ക്ക് ഒരു അധികാരവുമില്ല എന്നു ആരും മനസ്സിലാക്കുന്നില്ല. കഷ്ടം.

dog-temple_070615043128പുരാണങ്ങളും, പുണ്യഗ്രന്ഥങ്ങളും നായുടെ മഹത്വം പുലര്‍ത്തിയിട്ടും ഭാരതീയര്‍ക്ക് നായ എന്നു പറഞ്ഞാല്‍ അറപ്പാണു. ഇഷ്ടമില്ലാത്തവരെ നായിന്റെ മോനെ എന്നുവിളിച്ച് നായയെ അപമാനിക്കുന്നവരാണു ഭാരതീയര്‍, പ്രത്യേകിച്ച് മലയാളികള്‍. കുറച്ചു കാലം മുമ്പ്‌ വരെ മനുഷ്യര്‍ നായകളെ അവഗണിച്ചിരുന്നു. യജമാനന്റെ ഉച്ഛിഷ്ടവും, അമേധ്യവും കഴിച്ചു അയാളുടെ കാല്‍ക്കീഴില്‍ വാലാട്ടി കിടന്നിരുന്നു പാവം പട്ടികള്‍. മനുഷ്യരായാലും, മൃഗമായാലും അവഗണിക്കുന്നതിനു ഒരു പരിധിയൊക്കെ വേണമല്ലോ. നായ മനുഷ്യന്റെ കൂട്ടാളിയായിട്ട് പതിനായിരം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ നായകളുടെ കാലം. അവര്‍ക്കും ഒരു നല്ല കാലം വന്നു. മൃഗസ്‌നേഹികളുടെ ചിന്താഗതി അങ്ങനെയായിരിക്കാം. അതുകൊണ്ട് നായയെ ഒരു ഉന്നത സ്ഥാനത്ത് ഇരുത്താന്‍ അവര്‍ ആലോചിക്കുന്നുണ്ടാകും. വിശ്വസ്ത്തയുടെ ഒരു ചിഹ്നമാണു നായ. പണ്ട്പണ്ട് ഋഷിമാരുടെ കാലത്ത് മനുഷ്യര്‍ക്ക് നായയുടെ വാലു (ശുനപൂഛ) ശുനകന്‍, ശുനസ് കര്‍ണ്ണന്‍ ( നായുടെ ചെവി) എന്നൊക്കെ പേരിട്ടിരുന്നത്രെ

ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും പറക്കാന്‍ കഴിവുള്ള മനുഷ്യന്‍ നായുടെ മുമ്പില്‍ നിസ്സഹായാനായി നില്‍ക്കുന്നു.പക്ഷെ ഇത് കേരളത്തിന്റെ പ്രശ്‌നമാണിപ്പോള്‍. സായിപ്പിനെ അനുകരിച്ച് കുരങ്ങന്റെ കൊച്ചുമക്കളായി നായ പ്രേമം കൊണ്ടുനടക്കുന്നവര്‍ പരിപാലനത്തിന്റെ കാര്യത്തില്‍ ഗൗരവം കാണിക്കാതെ വരുമ്പോള്‍ മരച്ചില്ലകളില്‍ ട്രപ്പീസ് കളിക്കാന്‍ കൂടി പഠിക്കണം എന്നു നായക്കള്‍ മനുഷ്യരെ ഉപദേശിക്കുന്നു. പട്ടി കടിക്കാന്‍ വന്നാല്‍ ഉടനെ മരത്തില്‍ കയറി രക്ഷപ്പെടണമെന്നു മേനക ഗാന്ധി പറഞ്ഞുവത്രെ. മേനക ഗാന്ധിക്ക് മൃഗസ്‌നേഹം ഉണ്ടായത് അവരുടെ കാര്യം. പക്ഷെ ആ സ്‌നേഹം മറ്റ് മനുഷ്യര്‍ക്ക് ഉപദ്രവമാകാതിരിക്കണമല്ലോ. കഷ്ടക്കാലത്തിനുപട്ടികളില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറാന്‍ കേരളത്തില്‍ മരങ്ങളില്ലെന്നു അവര്‍ക്കറിയില്ലല്ലോ. അവര്‍ സസ്യശ്യാമള കോമള, വൃക്ഷ–ലതാതികളാല്‍ സമ്പന്ന കേരളത്തെപ്പറ്റി പുസ്തകത്തില്‍ വായിച്ചത് ഓര്‍ക്കയായിരിക്കും. കായലും പുഴകളും കതിരണിവയലിനു കസവിട്ടു ചിരിച്ചിരുന്ന കൊച്ചുകേരളത്തില്‍ ഇപ്പോള്‍ ബഹുനിലകെട്ടിടങ്ങളും കൊട്ടാരങ്ങളുമാണു. പണി ചെയ്യാന്‍ മനസ്സില്ലാത്ത അവിടത്തെ മനുഷ്യര്‍ ബംഗാളില്‍ നിന്നും ഒറിസ്സയില്‍ നിന്നും പണിക്കാരെ ഇറക്കി മലയാളനാടിനെ “ഉത്ക്കല-ബംഗ-കേരളമാക്കി എന്നു മേനക ഗാന്ധി അറിയുന്നുണ്ടായിരിക്കയില്ല. മഹാകവി ടാഗോര്‍ “ദ്രാവിഡ” എന്നെഴുതിയത് ഇപ്പോള്‍ അവിടെ നടക്കുന്ന ആര്യാധിനിവേശം മൂലം സമീപഭാവിയില്‍ വിവാദമാകാന്‍ സാദ്ധ്യതയുണ്ട്. “നായിന്റെ മക്കളെ പേടിച്ചാരും നേര്‍വഴി നടപ്പീല, കേരളവാസി ജനം…”.പരശുരാമാ ഒരു മഴു ഞങ്ങള്‍ക്കും തരൂ കയ്യില്‍ കരുതാന്‍ പട്ടി ദംശനത്തില്‍നിന്നും രക്ഷനേടാന്‍, ഇങ്ങനെ വിലാപവും ഉടനെ കേള്‍ക്കാവുന്നതാണ്.

dog bite2നായുടെ കടി വാങ്ങി വയറ്റില്‍ ഇഞ്ചക്ഷന്‍ ചെയ്യാന്‍ ആസ്പത്രിയില്‍ ചെല്ലുമ്പോള്‍ നായയെക്കാള്‍ മൃഗീയമായി കുരച്ച് കടിക്കാന്‍ നില്‍ക്കുന്ന ആസ്പത്രികള്‍. എവിടേയോ വായിച്ചത് ഓര്‍മ്മ വരുന്നു. പേപ്പട്ടി വിഷത്തിനെതിരെ കുത്തിവയ്ക്കുന്ന മരുന്നുണ്ടാക്കുന്ന കമ്പനികള്‍ക്ക് ഈ ഇനത്തില്‍ വാര്‍ഷിക വരുമാനം 2500 കോടി രൂപയാണത്രെ. അവര്‍ ഒരിക്കലും പട്ടികളെ കൊല്ലാന്‍ കൂട്ടുനില്‍ക്കില്ല. അതിന്റെ പത്തുശതമാനം അതായത് 250 കോടിരൂപ ഭരണാധികാരികള്‍ക്ക് കിട്ടുന്നുണ്ടെന്നു വിചാരിക്കുക. അവരിലെ ഇലനക്കി പട്ടികളും, ചിറിനക്കി പട്ടികളും,പട്ടി ദംശനം കൊണ്ട് മനുഷ്യന്‍ ബുദ്ധിമുട്ടുന്നതൊന്നും കാണുകില്ല. അവരുടെ ബാങ്ക് അക്കൗണ്ട് ബാലന്‍സായി നില്‍ക്കുന്നത് മാത്രം കാണുന്നു. പൊതുജനം എന്ന കന്നിപ്പട്ടി വെറുതെ മോങ്ങാനിരിക്കുന്നു. ഭാഗ്യം നാട്ടില്‍ തെങ്ങുകള്‍ കുറഞ്ഞത്‌ കൊണ്ട് നാളികേരം അവരുടെ തലയില്‍ വീഴുകയില്ല. പട്ടി കടിക്കുമ്പോഴത്തെ വേദനയും അതിന്റെ ചികിത്സക്കായുള്ള പണവും പട്ടികളുടെ വക്കീലന്മാര്‍ തരുന്നില്ലല്ലോ. പിന്നെന്തിനാണു ആ പട്ടികളുടെ കുര ബാക്കിയുള്ളവര്‍ കേള്‍ക്കുന്നത് എന്നാണു അത്ഭുതം. അപ്പോള്‍ നമ്മളൊക്കെ 2500 കോടിയും അതിന്റെ പത്തു ശതമാനവും എന്ന കണക്ക് വെറുതെ ആലോചിച്ചു പോകുന്നു.

പട്ടികളെ കൊല്ലരുതെന്നു വാശിപിടിക്കുന്ന മൃഗസ്‌നേഹികളെ വെറുതെ വിടുക. അവര്‍ക്കാര്‍ക്കും തെരുവു നായ്ക്കളുടെ കടി കൊള്ളുകയില്ലെന്നു ഉറപ്പുള്ളവരാണവര്‍. അവരുടെ എതിര്‍പ്പ് എന്തിനു കണക്കിലെടുക്കുന്നു. അവര്‍ ഭാവനാലോകത്ത് വിഹരിക്കുന്നവരാണു. നായയുടെ സ്‌നേഹത്തെപ്പറ്റി, വിശ്വസ്തതയെപ്പറ്റി വായിച്ചു കേട്ട് അതിന്റെ സ്വാധീനത്തിലാണു, യാഥാര്‍ത്യങ്ങളില്‍നിന്നും അവര്‍ അകലെയാണു. (അല്ലെങ്കില്‍ അവര്‍ മരുന്നു കമ്പനിക്കാരുടെ കാവല്‍പട്ടികളായിരിക്കാന്‍ വഴിയുണ്ട്.)

അവരെ എങ്ങനെ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയും. സ്വര്‍ഗാരോഹണ സമയത്ത് കൂടെയുണ്ടായിരുന്ന നായയെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കണമെന്നു യുധിഷ്ഠരന്‍ നിര്‍ബന്ധം പിടിച്ചു. അതിനു വകുപ്പില്ലെന്നു സ്വര്‍ഗ്ഗവാതില്‍ കാക്കുന്നയാള്‍ പറഞ്ഞപ്പോള്‍ എന്നാല്‍ തനിക്ക് സ്വര്‍ഗം വേണ്ടെന്ന് പറഞ്ഞ പാണ്ഡവനെ അനുകരിക്കാന്‍ ശ്രമിക്കയായിരിക്കും ഈ മൃഗസ്‌നേഹികള്‍. എന്നാല്‍ അവരറിയുന്നില്ല അതുസാധാരണ പട്ടിയായിരുന്നില്ലെന്നു. ജപ്പാനിലെ ഒരു റെയില്‍വെ സ്‌റ്റേഷന്റെ മുന്നില്‍ ഒരു നായയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഒരു കോളേജ് പ്രൊഫസ്സര്‍ വളര്‍ത്തിയിരുന്ന നായ അദ്ദേഹം വണ്ടിയിറങ്ങിവരുന്ന നേരം നോക്കി അദ്ദേഹത്തെ അനുധാവനം ചെയ്യാന്‍ എത്തിയിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹം മരിച്ചു. പക്ഷെ അതറിയാതെ ഒമ്പത് വര്‍ഷം അതിന്റെ മരണം വരെ ആ നായ തന്റെ യജമാനനെ തിരക്കി സ്‌റ്റേഷനില്‍ വന്നു. ഇംഗ്ലീഷ് കവി വേഡ്‌സ് വര്‍ത്ത് അദ്ദേഹത്തിന്റെ “ഫിഡലിറ്റി’ എന്ന കവിതയില്‍ ഒരു നായയുടെ യജമാന സ്‌നേഹത്തിന്റെ മഹത്വം വിവരിക്കുന്നുണ്ട്. ഉന്നതാഭിലാഷങ്ങള്‍ ഉണ്ടായിരുന്ന ഒരു കലാകാരന്‍ തന്റെ നായയുമായി പോകുമ്പോള്‍ ഒരു മലയിടുക്കില്‍ വീണു മരിക്കുന്നു. മനുഷ്യവാസം ഇല്ലാതിരുന്ന ആ ഭൂപ്രദേശത്ത് ഡിസംബര്‍ മാസത്തിലെ മഞ്ഞ് ജൂലായ് മാസം വരെ മൂടികിടക്കുന്ന ഗുഹപോലെയുള്ള മലയിടുക്കില്‍ തന്റെ യജമാനന്‍ മരിച്ചോ, ജീവിച്ചോ എന്നറിയാന്‍ കഴിയാതെ ആ നായ അവിടെ മൂന്നു മാസത്തോളം കാവല്‍ നിന്നു. നായുടെ ദയനീയമായ മുരള്‍ച്ച കേട്ട ഏതൊ ആട്ടിടയന്‍ അന്വേഷിച്ചു ചെന്നപ്പോള്‍ തന്റെ യജമാനന്റെ അപ്പോഴേക്കും അസ്ഥിപജ്ഞരമായ ശരീരത്തിനു ചുറ്റും നടക്കുന്ന നായയെ കണ്ടു. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം നായയുടെ ഉദാത്തമായ സ്‌നേഹത്തിന്റെ ചിത്രം അവിടെ കണ്ടെന്നു കവി എഴുതുന്നു. കേരളത്തിലെ ചൊക്ലിപട്ടികള്‍ മനുഷ്യമാംസം കടിച്ച് കീറികൊണ്ട് അവരുടെ വംശത്തിന്റെ യജമാന സ്‌നേഹത്തിനും, വിശ്വസ്ത്തക്കും കളങ്കമേല്‍പ്പിച്ചു

sacred-dog2അന്ധമായ ഭക്തിയും അന്ധമായ ആരാധനയുമുള്ളവരാണു കേരളീയര്‍. ഒരു വിഭാഗം ജനങ്ങളും സര്‍ക്കാരും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിലങ്ങ്തടിയായിനില്‍ക്കുമ്പോള്‍ ആള്‍ദൈവങ്ങളും, മന്ത്രവാദങ്ങളും അവിടെ പൊടിപൊടിക്കും. നായുടെ കടി കൊള്ളാതിരിക്കാന്‍ അരയില്‍ കെട്ടാന്‍ ജപിച്ച ഏലസ്സുകള്‍ ഉടനെ വിപണിയില്‍ വില്‍പ്പനക്കെത്തും. അല്ലെങ്കില്‍ നായമ്പലങ്ങള്‍ വരും. ( നായരമ്പലം ഇപ്പോള്‍ ഉണ്ട്, അത് നാഗര്‍ക്കുള്ള (പാമ്പ്) അമ്പലമെന്നതില്‍ നിന്നും പരിണമിച്ച് നായരമ്പലം ആയതാണ്) ശുനകപൂജക്കു ഇറച്ചിപൊതികളുമായി ജനം ശ്വാനമന്ദിരങ്ങളിലേക്ക് പോകും. ആഹാരം കൊടുക്കുന്ന കൈക്ക് കടിക്കാത്തവരാണല്ലോ ഈ ശുനകന്മാര്‍.

പൂജ ബ്രഹ്മണന്റെ കുത്തകയായത്‌ കൊണ്ട് നായമ്പലത്തില്‍ അവര്‍ തന്നെ അതു ചെയ്യേണ്ടിവരും. ബ്രഹ്മണര്‍ക്ക് അതില്‍ അപകര്‍ഷതാബോധം തോന്നേണ്ട കാര്യമില്ല. ഭാരതത്തിലെ ഉപനിഷത്തുക്കളിലും, രാമായണം, ഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലും നായയെ കുറിച്ച് പറയുന്നുണ്ട്. ആദ്യമായി നായയെ കുറ്റന്വേഷണത്തിനു ഉപയോഗിച്ചത് ഇന്ദ്രനാണത്രെ. ആരൊ കട്ടുക്കൊണ്ടുപോയ അദ്ദേഹത്തിന്റെ പശുക്കളെ കണ്ടുപിടിക്കാന്‍ ശക്തിശാലിയായ ഒരു പക്ഷിയെ നിയോഗിച്ചു. എന്നാല്‍ പക്ഷി സത്യസന്ധതയോടെ ദൗത്യം പൂര്‍ത്തിയാക്കിയില്ല. ഇന്നത്തെ സര്‍ക്കാര്‍ ഉദ്യോഗസ്തരെപ്പോലെ കൈക്കൂലിവാങ്ങി ഏതൊ വലിയ കൊമ്പിലിരുന്നു വിശ്രമിച്ചു. പിന്നെയാണു ഇന്നു കാണുന്ന എല്ലാ പട്ടികളുടേയും മാതാവായ സരമ്മയെ വിടുന്നത്. അത് വിജയിച്ചു. കള്ളന്മാര്‍ പോയവഴികള്‍ പിന്‍തുടര്‍ന്നു ചെന്നു അവള്‍ പശുക്കളെ കണ്ടുപിടിച്ചു. അന്നുമുതല്‍ നായക്കളുടെ സ്ഥാനം ഉയര്‍ന്നു. മനുഷ്യരുടെ ആത്മാവ്‌കൊണ്ട്‌പോകാന്‍ കാലന്‍ വരുന്നത് പട്ടികളുമായിട്ടാണു. തട്ടിപ്പ്‌വീരനായ മനുഷ്യന്‍ യമന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടാലോ എന്നു ഭയന്നായിരിക്കും പട്ടികളെ കൂട്ടിനു കൊണ്ട്‌വരുന്നത്.. ഒരുപക്ഷെ കേരളത്തില്‍ ഒരു വലിയ ആപത്ത്‌ വരാനുള്ളതിന്റെ സൂചന തരാന്‍ പട്ടികള്‍ പെറ്റുപെരുകുന്നതായിരിക്കും. മനുഷ്യരെക്കാള്‍ 3000 മടങ്ങ് കൂടുതല്‍ ഘ്രാണശക്തി പട്ടികള്‍ക്കുണ്ടത്രെ. മരണദൂതന്മാര്‍ വരുമ്പോള്‍, എന്തോ കണ്ടപോലെ നായകള്‍ ഓളിയിടുന്നു പിന്നെ കുരച്ച് ചാടുന്നു.കേരളത്തിലെ മലയാളികളെ കണ്ടാല്‍ കാലന്മാരെന്നുനായക്ക് തോന്നുന്നത്‌കൊണ്ടായിരിക്കുമോ ഈ ആക്രമണം? കേരളത്തില്‍ ഒരു ശ്വാനമന്ദിരത്തിനു എല്ലാസാദ്ധ്യതകളും ഉണ്ട്.കര്‍ണ്ണാടകയിലെ രാംനഗര്‍ താലൂക്കില്‍ ഒരു ശ്വാനക്ഷേത്രം ഇപ്പോള്‍ നിലവിലുണ്ട്.

നായുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ നായക്കള്‍ക്ക് വേണ്ടികേരളത്തില്‍ അമ്പലങ്ങള്‍ വരാന്‍പോകുന്നു എന്ന വാര്‍ത്ത വരാന്‍ ഇനി അധികം താമസമില്ല.

ശു­ഭം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top