Flash News

സാധാരണ കുടുംബത്തില്‍ ജനിച്ചു; ജീവിക്കുന്നത് സമ്പന്നനായി; മുന്‍മന്ത്രി ബാബുവിന്‍െറ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ‘വളര്‍ച്ച’ അമ്പരപ്പിക്കുന്നതാണെന്ന് വിജിലന്‍സ്

September 3, 2016

babu home vigilance raid

ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നു

കൊച്ചി: അങ്കമാലിയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിക്കുകയും രാഷ്ട്രീയമല്ലാതെ മറ്റ് ഉപജീവനമാര്‍ഗമൊന്നും ഇല്ലാതിരിക്കുകയും ചെയ്ത മുന്‍മന്ത്രി കെ. ബാബുവിന്‍െറ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വളര്‍ച്ച വിസ്മയാവഹമായിരുന്നു എന്ന് വിജിലന്‍സ് സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ട്. ബാബു സമ്പാദിച്ച സ്വത്തുവകകളുടെ നീണ്ട പട്ടികയെക്കുറിച്ച് വിജിലന്‍സിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് മന്ത്രിയായിരുന്ന അഞ്ചുവര്‍ഷത്തിനിടയിലാണ് സ്വത്തുക്കള്‍ സമ്പാദിച്ച് കൂട്ടിയത്.

പോളക്കുളം ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഓഹരി പങ്കാളിത്തം, തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് സ്വദേശി മോഹനന്‍െറ റോയല്‍ ബേക്കറിയില്‍ പങ്കാളിത്തം, തൊടുപുഴയിലെ മൂത്തമകളുടെ ഭര്‍തൃപിതാവ് നടത്തുന്ന ഇന്‍റര്‍ലോക് ബ്രിക്സ് യൂനിറ്റില്‍ പങ്കാളിത്തം, കുമ്പളം സ്വദേശി ബാബുറാം, പി.ഡി. ശ്രീകുമാര്‍, തോപ്പില്‍ ജോജി എന്നിവരുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തൃപ്പൂണിത്തുറ എരൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇംപാക്ട് സ്റ്റീല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തം തുടങ്ങിയവയാണ് ബാബുവിന്‍െറ ബിസിനസ് സംരംഭങ്ങള്‍. ഇതുകൂടാതെയാണ് മക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ വാങ്ങിയ വസ്തുക്കള്‍, ആഡംബര വാഹനങ്ങള്‍ എന്നിവ വേറെയുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

2012ല്‍ മകള്‍ ആതിരയുടെ വിവാഹത്തിന് അദ്ദേഹം 45 ലക്ഷം രൂപ വിലയുള്ള കെ.എല്‍ 38 ഡി 6005 നമ്പര്‍ രജിസ്ട്രേഷനുള്ള ബെന്‍സ് കാര്‍ ഭാര്‍തൃപിതാവ് രവീന്ദ്രന്‍െറ പേരില്‍ വാങ്ങിക്കൊടുത്തുവെന്നും ബാര്‍ കോഴ ആരോപണം ശക്തമായപ്പോള്‍ ഇത് ജാസ്മിന്‍ എന്നയാള്‍ക്ക് മറിച്ചുവിറ്റുവെന്നും വിജിലന്‍സ് കണ്ടത്തെി. ആതിരയുടെ പേരില്‍ നിസ്സാന്‍ മൈക്ര എക്സ് പി പ്രീമിയം ബി.എസ് 4 കാറും വാങ്ങിനല്‍കി.

ബാബുവിന്‍െറ പേരില്‍ ഒമ്പത് ലക്ഷം രൂപ വിലവരുന്ന ടൊയോട്ട ഇന്നോവ കാറാണുള്ളത്. സ്വന്തം വീട് ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിക്കുകയും ചെയ്തു. മകള്‍ ഐശ്വര്യയുടെ വിവാഹം ആഡംബരപൂര്‍വം കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തുകയും ചെയ്തു. ഈ കാലത്തുതന്നെ തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി വാങ്ങുകയും ചെയ്തു. മന്ത്രി എന്ന നിലയില്‍ അവിഹിതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് മൂന്നാം പ്രതി മോഹനനുമായി ചേര്‍ന്ന് തൃപ്പൂണിത്തുറയില്‍ റോയല്‍ ബേക്കേഴ്സ് എന്ന പേരില്‍ ബിനാമി ബിസിനസ് തുടങ്ങിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ബിനാമികളായ മോഹനന്‍, ബാബുറാം എന്നിവര്‍ സ്വന്തമായി വരുമാനമാര്‍ഗമില്ലാത്തവരാണ്. എന്നാല്‍, ഇവര്‍ ബി.എം.ഡബ്ള്യൂ, ബെന്‍സ് തുടങ്ങിയ ആഡംബര കാറുകളാണ് ഉപയോഗിക്കുന്നത്. ഇവര്‍ കൈകാര്യം ചെയ്യുന്ന സ്വത്തുക്കള്‍ ബാബുവിന്‍േറതാണെന്ന സംശയവും വിജിലന്‍സ് ഉന്നയിക്കുന്നുണ്ട്. മന്ത്രി എന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം മാത്രമായിരുന്നു ബാബുവിന്‍െറ വരുമാനം. ഇത്രയധികം സ്വത്ത് വാങ്ങുന്നതിനും വീട് മോടിപിടിപ്പിക്കുന്നതിനും മകളുടെ വിവാഹം നടത്തുന്നതിനുമൊന്നും ബാങ്ക് വായ്പയോ മറ്റ് വരുമാന മാര്‍ഗങ്ങളോ തരപ്പെടുത്തിയതായും വിവരം ലഭിച്ചിട്ടില്ളെന്നും എഫ്.ഐ.ആറില്‍ വിശദീകരിക്കുന്നു.

babu_s marumakan home raid

ബാബുവിന്റെ മരുമകന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നു

കെ. ബാബുവിന്‍െറ വീട്ടില്‍ പകല്‍ മുഴുവന്‍ നീണ്ട റെയ്ഡ്; വിജിലന്‍സ് എത്തിയത് വ്യക്തമായ തെളിവുകള്‍ സഹിതം

കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറയും മക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടന്ന വിജിലന്‍സ് റെയ്ഡ് ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്നു. വസ്തു ഇടപാടുകളുടെയും മറ്റും രേഖകളും എട്ടുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. ബാബുവിനും ബിനാമികളെന്ന് അന്വേഷണസംഘം സംശയിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു.

എറണാകുളം, ഇടുക്കി ജില്ലകളിലെ 10 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടക്കുമ്പോള്‍ ബാബുവും ഭാര്യയും വീട്ടിലുണ്ടായിരുന്നു. റെയ്ഡിന്‍െറ ഭാഗമായി രണ്ട് ബാങ്ക് ലോക്കറുകളും അഞ്ച് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തു. മക്കളുടെ പേരിലുള്ള ബാങ്ക് ലോക്കറുകളാണ് മരവിപ്പിച്ചത്. ബാബുവിന്‍െറ തൃപ്പൂണിത്തുറയിലെ വീട്, മൂത്തമകള്‍ ആതിരയുടെ തൊടുപുഴയിലെ ഭര്‍തൃവീട്, ഇവരുടെ ടൈല്‍ ഫാക്ടറിയുടെ ഓഫിസ്, ഇളയമകള്‍ ഐശ്വര്യയുടെ പാലാരിവട്ടത്തെ വീട്, ബാബുവിന്‍െറ സുഹൃത്തുക്കളായ ബാബുറാം, മോഹനന്‍, നന്ദകുമാര്‍, തോപ്പില്‍ ഹരി, ജോജി എന്നിവരുടെ എറണാകുളം കുമ്പളത്തെയും തൃപ്പൂണിത്തുറയിലെയും വീടുകള്‍, ബാബുറാമിന്‍െറ ഓഫിസ് തുടങ്ങിയിടങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്.

ബാബുവിന്‍െറ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തമിഴ്നാട് തേനി ആണ്ടിപ്പെട്ടിയില്‍ 120 ഏക്കര്‍ വാങ്ങിയതിന്‍െറ രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. മോഹനന്‍െറ വീട്ടില്‍നിന്ന് 6,60,000 രൂപയും പിടിച്ചെടുത്തു. ആതിരയുടെ തൊടുപുഴയിലെ വീട്ടില്‍നിന്ന് ഭൂമി ഇടപാടിന്‍െറ രേഖകളും കണ്ടെടുത്തു. മോഹനനും ബാബുറാമും ബാബുവിന്‍െറ ബിനാമികളാണെന്നാണ് വിജിലന്‍സ് ആരോപണം. വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി വി.എന്‍. ശശിധരന്‍െറ നേതൃത്വത്തില്‍ രണ്ട് ഡിവൈ.എസ്.പിമാരും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ ഏഴ് വിജിലന്‍സ് സംഘങ്ങളാണ് പരിശോധന നടത്തിയത്.

മൂന്നുമാസമായി ബാബു വിജിലന്‍സിന്‍െറ നിരീക്ഷണത്തിലായിരുന്നു. 2011 മുതല്‍ അഞ്ചുവര്‍ഷം യു.ഡി.എഫ് മന്ത്രിസഭയില്‍ എക്സൈസ് വകുപ്പിന്‍െറ ചുമതല വഹിച്ചിരുന്ന അദ്ദേഹം സംസ്ഥാനത്തിന് അകത്തും പുറത്തുമായി കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് സ്പെഷല്‍ സെല്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.

ബാബുവിന്‍െറ മകളുടെ ഭര്‍ത്താവിന്‍െറ തൊടുപുഴയിലെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി. തൊടുപുഴയിലെ വ്യാപാരി എം.എന്‍. രവിയുടെ വീട്ടിലായിരുന്നു പരിശോധന. രവിയുടെ മകന്‍ എം.ആര്‍. രജീഷാണ് ബാബുവിന്‍െറ മകളെ വിവാഹം ചെയ്തിരിക്കുന്നത്. രവിയുടെ പേരില്‍ 45 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് കാര്‍ വാങ്ങിയതിന്‍െറ പേരിലാണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നാണ് വിവരം. ഈ കാര്‍ മറ്റൊരാള്‍ക്ക് മറിച്ചുവിറ്റതായും വിജിലന്‍സ് പറയുന്നു. രവിയുടെയും മകന്‍െറയും ബാങ്ക് അക്കൗണ്ടുകളും സ്ഥാപനങ്ങളും വിജിലന്‍സ് പരിശോധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top