Flash News

പുതിയ അദ്ധ്യയനവര്‍ഷമേ.. സ്വാഗതം (സരോജ വര്‍ഗീസ്സ്, ന്യൂയോര്‍ക്ക്)

September 4, 2016

puthiya sizeഇവിടെയിതാ, വീണ്ടും ഒരു അദ്ധ്യയന വര്‍ഷം ആരംഭിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വേനല്‍ക്കാലത്തിന്റെ ആഹ്ലാദങ്ങള്‍ക്ക് വിടപറയേണ്ട സമയമായി.

വീട്ടില്‍ അതിഥിയായെത്തിയിരുന്ന രസികനായ ഒരു സ്‌നേഹിതന്‍ പെട്ടെന്നൊരു ദിവസം യാത്രപറഞ്ഞു പടിയിറങ്ങിപ്പോകുന്ന ഒരു പ്രതീതിയാണു പെട്ടെന്ന് അവസാനിക്കുന്ന വേനല്‍ക്കാലം. വസന്തത്തിന്റെ ആഗമനത്തിനായി സോത്സാഹം കാത്തിരുന്ന ദിവസങ്ങള്‍ ഇന്നലെ എന്നപോലെ തോന്നുന്നു. മഞ്ഞു പെയ്യുന്ന നാളുകളില്‍നിന്നും കൊടും തണുപ്പില്‍ നിന്നുമുള്ള മോചനത്തിനായുള്ള കാത്തിരുപ്പ്. ഇവിടുത്തെ കാലാവസ്ഥ പ്രകൃതിയിലും മനുഷ്യരിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും എന്നില്‍ കൗതുകമുണര്‍ത്താറുണ്ട്. വിശുദ്ധിയുടെ വെണ്മഞ്ഞ് അണിഞ്ഞ് മാലാഖമാരെപ്പോലെ മന്ദഹസിച്ചു നിന്ന വൃക്ഷങ്ങള്‍, വസന്തത്തിന്റെ വരവോടെ തളിര്‍ക്കുന്നു, പൂക്കുന്നു. ഹരിതനിബിഢമാകുന്നു. പ്രകൃതി ആകമാനം ഒരു നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങുന്നു. “April showers bring May flowers” വെണ്മേഘശകലങ്ങള്‍ ഭൂമിയെ സന്ദര്‍ശിക്കാന്‍ താഴേക്ക് ഇറങ്ങിവന്നിരിക്കുന്നുവോ എന്നു തോന്നിക്കുമാറു മഞ്ഞു മൂടിയിരുന്ന ഭൂതലത്തില്‍ വഴുതി വീഴാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന പാദരക്ഷകളില്‍നിന്നും മരം കോച്ചുന്ന തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന വസ്‌ത്രധാരണ രീതിയില്‍ നിന്ന് മനുഷ്യനു കാര്യമായ മാറ്റം.

വേനല്‍ക്കാലാവധി എത്ര മാത്രം ഉല്ലാസപ്രദമാക്കണം എന്ന ചിന്തയിലെല്ലാവരും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. ബസ് സ്‌റ്റോപ്പുകളിലും വഴിയോരങ്ങളിലും ആള്‍ത്തിരക്ക് പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ തിരക്ക് കുറയുന്നു. ജീവിത സായാഹ്നത്തിലെ വിശ്രമ ജീവിതത്തില്‍ പ്രഭാതത്തിലും സായാഹ്നത്തിലുമുള്ള സവാരി എന്റെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായിതീര്‍ന്നിരിക്കയാണു. മേയ് മാസത്തോടു കൂടി ഈ വ്യായാമത്തിനു ഉന്മേഷം വര്‍ദ്ധിക്കുന്നു. വീഥിയുടെ ഇരുപാര്‍ശ്വങ്ങളിലുമുള്ള വീടുകളുടെ മുമ്പില്‍ കലാപരമായി നട്ടുവളര്‍ത്തുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള ചെടികളും പൂക്കളും എന്റെ സവാരിയില്‍ എന്നെ വളരെയധികം ആകര്‍ഷിക്കാറുണ്ട്. കണ്ണിനു കുളിര്‍മ്മ പകരുന്ന വഴിയോരക്കാഴ്ചകള്‍.

പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ഉറ്റുനോക്കിക്കൊണ്ടും സര്‍വ്വചരാചരങ്ങളേയും നിയന്ത്രിക്കുന്ന ആ മഹാശക്തിയെ ഉള്ളുകൊണ്ട് നമിച്ചു കൊണ്ടുമുള്ള ആ സവാരികള്‍ മനസ്സിനും ശരീരത്തിനും കൂടുതല്‍ ഊര്‍ജ്ജം പകരുന്നവയാണു. പ്രകൃതി വിടര്‍ത്തുന്ന പൂക്കളെപ്പോലെ മന്ദഹാസം സമ്മാനിച്ചുകൊണ്ടും സൗഹാര്‍ദ്ദത്തിന്റെ തല കുലുക്കലും “ഹലോ”വും പറഞ്ഞുകൊണ്ടും അപ്പോള്‍ കണ്ടുമുട്ടുന്ന പരിചിതമുഖങ്ങള്‍ എന്റെ നടത്തം കൂടുതല്‍ ഉന്മേഷപ്രദമാക്കുന്നു.

ഇത്തരം പ്രഭാത സവാരിയില്‍, ഒറ്റയ്ക്കും കൂട്ടുചേര്‍ന്നും പുറത്തു ഭാരമേറിയ പുസ്തകസഞ്ചിയും തൂക്കി പ്രസന്നവദരരായി സ്‌കൂളിലേക്ക് നടന്നുപോകുന്ന വിദ്യാര്‍ത്ഥികളെ കൗതുകപൂര്‍വ്വം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. രാഷ്ട്രത്തിന്റെ നാളത്തെ പൗരന്മാര്‍ നാളെയെക്കുറിച്ചുള്ള യാതൊരു ആകുലതകളും ആ മുഖങ്ങളില്‍ കാണാറില്ല. സിറ്റി ബസ്സുകളുടെ സ്‌റ്റോപ്പുകളില്‍ കൂട്ടംകൂട്ടമായി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍, ബസ്സ് എത്തിക്കഴിയുമ്പോള്‍ യാതൊരു ധൃതിയും കാണിക്കാതെ വരിവരിയായി, ഒന്നിനു പിറകെ ഓരോരുത്തരായി ക്രമസമാധാന ചിട്ടകള്‍ പാലിച്ചുകൊണ്ട്, ആ വാഹനത്തിനുള്ളിലേക്ക് കയറുന്നു. ഈ അച്ചടക്കവും മറ്റുള്ളവരുടെ സൗകര്യത്തിലുള്ള പരിഗണനയും പരസ്പര സ്‌നേഹവും അമേരിക്ക എന്ന രാഷ്ട്രത്തിന്റെ മേന്മയാണു. സമൂഹത്തില്‍ നാം അനുഷ്ഠിക്കേണ്ട പല നല്ല മാതൃകകളും ഇവിടെ കാണാവുന്നതാണ്. എന്റെ കാല്‍നടയാത്രകള്‍ കണ്ണിനു ആനന്ദം പകരുന്നതിനോടൊപ്പം തന്നെ മനസ്സിലാക്കേണ്ട പല കാര്യങ്ങളിലേക്കും എന്റെ ശ്രദ്ധ തിരിക്കാറുണ്ട്. അത്തരം അവസരങ്ങളില്‍, എന്റെ ബാല്യ-കൗമാര-യൗവ്വനത്തിന്റെ ആദ്യഘട്ടങ്ങള്‍ പിന്നിട്ട ജന്മനാടിനെക്കുറിച്ച് ആലോചിക്കുന്നു.

കോരിച്ചൊരിയുന്ന മഴയ്‌ക്കൊപ്പമാണു കേരളത്തില്‍ സ്കൂള്‍ തുറക്കുന്നത്. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ബസ്സുകളില്‍ കയറിപ്പറ്റാന്‍ നടത്തേണ്ടിവരുന്ന കയ്യാങ്കളികള്‍. കളരിപ്പയറ്റും മെയ്യാഭ്യാസവും ജന്മസിദ്ധമായിരുന്ന കേരളം. ഒരു ബസ്സ് ദൂരെ നിന്നുവരുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അതില്‍ എങ്ങിനേയും ചാടിക്കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന ജനക്കൂട്ടം. യഥാര്‍ത്ഥ ബസ്സ്‌ സ്‌റ്റോപ്പില്‍ ആകാംക്ഷഭരിതരായി കാത്ത് നില്‍ക്കുന്ന ജനക്കൂട്ടത്തെക്കാണുന്നു. ബസ്സ് കണ്ടക്ടര്‍ അവിടെ നിന്നും ഏതാനും വാരകള്‍ മുമ്പോട്ട്‌ നീങ്ങി ഡ്രൈവര്‍ക്ക് ബസ്സ്‌ നിര്‍ത്തുവാനുള്ള വിസ്സില്‍ കൊടുക്കുന്നു. അവിടെ നിന്നും ഏതാനും വാരകള്‍ മുമ്പോട്ടു പോയി നില്‍ക്കുന്ന ബസ്സിലേക്ക് സ്‌ത്രീ പുരുഷന്മാരും വിദ്യാര്‍ഥികളും ഉള്‍പ്പെട്ട ജനക്കൂട്ടം പായുന്നു. പിന്നീട് ഒരു ഉന്തും തള്ളും.”കയ്യൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍” എന്ന രീതിയില്‍ കുറച്ചു പേര്‍ വാഹനത്തില്‍ കടന്നുകൂടുന്നു. അല്ലാത്തവര്‍ പരാജിതരെപ്പോലെ വീണ്ടും യഥാര്‍ത്ഥ ബസ്സ്‌ സ്‌റ്റോപ്പിലേക്ക് തിരിഞ്ഞ് നടക്കുന്നു.

അന്നൊക്കെ സ്വന്തമായി ഒരു നല്ല കുടയും ചെരിപ്പും ഉള്ളത് തന്നെ ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്ക് മാത്രം. പക്ഷെ കുട്ടികള്‍ പരസ്പരം വളരെയധികം സ്‌നേഹവും ഐക്യമത്യവും പുലര്‍ത്തിയിരുന്നതായി അനുഭവപ്പെട്ടിരുന്നു. അയല്‍ക്കാരായ വിദ്യാര്‍ഥികള്‍ ഒരേ കുടക്കീഴില്‍ പകുതി നനഞ്ഞും നനയാതെയും ഒക്കെയായി സ്കൂളിലേക്ക് പോയിരുന്ന ദിവസങ്ങള്‍ ആര്‍ഭാടത്തിന്റേതായിരുന്നില്ല, മറിച്ച് സ്‌നേഹത്തിന്റേതായിരുന്നു. വീട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന പൊതിച്ചോറുപോലും ഉച്ചയൂണില്ലാത്ത കൂട്ടുകാരുമായി പങ്ക്‌വച്ചിരുന്ന കുട്ടിക്കാലം. നിഷ്ക്കളങ്ക സ്‌നേഹത്തിന്റെ പ്രതിഫലനങ്ങളായിരുന്ന കാലം ദൈവത്തിന്റെ സ്വന്തം നാട്ടില്‍.

സ്കൂള്‍ തുറക്കുന്ന ദിവസം ആഹ്ലാദത്തോടെയാണു അന്നു കുട്ടികള്‍ കാത്തിരുന്നത്. “അണ്ണാറക്കണ്ണാ, തൊണ്ണൂറുമൂക്കാ, ഒരുകൊച്ചുമാമ്പഴം വീഴ്‌ത്തി തരൂ” എന്നു കെഞ്ചി കളിപ്പുര കെട്ടിക്കളിച്ച മദ്ധ്യവേനല്‍ അവധിതീരുന്നതോടെ സ്‌കൂള്‍ തുറക്കുമ്പോള്‍ അവധിക്കാലം മതിയായില്ല എന്നു തോന്നിയിരുന്നെങ്കിലും കൂട്ടുകാരെ വീണ്ടും കാണമല്ലോ എന്ന സന്തോഷം മറുവശത്ത് അനുഭവിച്ചിരുന്നു. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കവിത കുട്ടികളുടെ ചുണ്ടുകളില്‍ തത്തിക്കളിച്ചിരുന്നു. ഹൃദ്യമായ ആ കവിതയിലെ ഏതാനും വരികള്‍ വായനക്കരുമായി പങ്കുവയ്ക്കട്ടെ.

“ആഹ്ലാദമേറുന്നുനാളെ പാഠ-
ശാല തുറക്കും ദിവസം
ഏറിവരുന്നോരാനന്ദത്തിന്റെ-
വാതില്‍തുറക്കും ദിവസം”

അമ്മമ്മാരെ വിട്ടകലാന്‍ മടിക്കുന്ന കൊച്ചുകുട്ടികളുടെ കരച്ചിലും അമ്മമാരുടെ സങ്കടവും ഒക്കെ മുതിര്‍ന്ന കുട്ടികള്‍ നോക്കിനിന്ന് അവരുടെ ഭൂതകാലം അയവിറക്കുന്നു. ഇവിടെ കുട്ടികളില്‍ വളരെ ചെറിയ ശതമാനം മാത്രം സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്നുള്ളു. അമ്മയോ അച്ഛനോ ഓടിക്കുന്ന കാറില്‍ വന്നിറങ്ങുന്ന കുട്ടികള്‍ പുസ്തക സഞ്ചിയും തോളിലിട്ട് അച്ചടക്കത്തോടെ സ്കൂള്‍ കാമ്പൗണ്ടില്‍ നിരനിരയായി നിന്ന് മണിയടിക്കുമ്പോള്‍ ക്ലാസ്സ് ടീച്ചറുമൊത്ത് ക്ലാസ് മുറികളിളിലേക്ക് കയറിപ്പോകുന്നു.

ഇവിടെ അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ എനിക്ക് നഷ്ടപ്പെടുന്ന വഴിയോരക്കാഴ്ചകളും പ്രഭാത സൂര്യന്റെ, ഇളം ചൂടും ഒക്കെ ഞാന്‍ സ്വാര്‍ത്ഥതയോടെ ആലോചിക്കാറുണ്ട്. മങ്ങുന്ന വെയിലും വാടിയ പൂക്കളും ശൈത്യത്തിന്റെ വരവിനു മുന്നോടിയാകുന്നു. നിത്യേന കണ്ണുകള്‍ക്കും മനസ്സിനും കുളിര്‍മ്മ നല്‍കിയിരുന്ന ഉദ്യാനങ്ങളുടെ മനോഹാരിത കുറഞ്ഞുവരുന്നു. എന്നാല്‍ പൂമ്പാറ്റകളെപ്പോലെ വീണ്ടും സ്കൂള്‍ കുട്ടികളെ കാണാം എന്ന സന്തോഷമുണ്ട്. സരസ്വതി ക്ഷേത്രങ്ങളിലേക്ക് “വിദ്യാധനം” എന്ന മികച്ച ധനം അര്‍ത്ഥിക്കാനായി പോകുന്ന നിഷ്ക്കളങ്കരായ കുട്ടികള്‍ അവരെക്കാണുമ്പോള്‍ എന്റെ മാതൃഹൃദയം തുടിച്ചു പോകുന്നു.

കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തില്‍ പല അനിഷ്ട സംഭവങ്ങളും നടന്നു. എന്നാല്‍ പതിവുപോലെ പുതിയ അദ്ധ്യയന വര്‍ഷം സമാഗതമാകുകയായി . രാഷ്ട്രത്തിന്റെ ഭാവിയുടെ ശക്തിയായ തലമുറ ഉത്തരവാദിത്വബോധത്തോടെ വിദ്യയഭ്യസിച്ച് നാളത്തെ ഉത്തമ പൗരന്മാരാകട്ടെ എന്നു പ്രാര്‍ത്ഥിക്കണം. നമ്മുടെ കൊച്ചുകേരളത്തിലേയും അവസ്ഥകള്‍ക്ക് മാറ്റം വന്നു. അവിടെ രാഷ്ട്രീയക്കാര്‍ കുട്ടികളെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി കരുക്കളാക്കുന്നു. പകുതി നനഞ്ഞ, തണുത്ത പൊതിചോറുമായി പാഠശലയിലേക്ക്‌ പോയിരുന്ന പഴയ കാലം മാറി. നാട്ടില്‍ ഇപ്പോള്‍ ജീവിതസൗകര്യങ്ങള്‍ വളരെ വര്‍ദ്ധിച്ചു. സ്വന്തം വാഹനമുള്ളവരുടെ സംഖ്യ വര്‍ദ്ധിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി, സ്‌ത്രീകള്‍ക്ക് മാത്രമായി ബസ്സുകള്‍ നിരത്തുകളില്‍ ഓടുന്നു. അങ്ങനെ പുരോഗതി പ്രാപിക്കുമ്പോഴും സ്കൂളുകളിലേയും കലാലയങ്ങളിലേയും സുരക്ഷിതത്വത്തിനു ഭംഗമുണ്ടായേക്കാം എന്ന ഉത്ക്കണ്ഠ മാതാപിതാക്കളെ അസ്വസ്ഥരാക്കുന്നു. ഈ അവസ്ഥക്ക് മാറ്റം വരേണ്ടത് ആവശ്യമാണ്.

അതിനായി, അക്കാദമിക്ക് യോഗ്യതപോലെ തന്നെ, സനാതനമായ ധാര്‍മ്മിക മൂല്യങ്ങള്‍ വിസ്മരിക്കപ്പെടാതെ, സ്വഭാവമൂല്യമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കുവാനുള്ള ശ്രമത്തിലാണ് രാഷ്ട്രങ്ങളിന്ന്. വിദ്യാര്‍ത്ഥികളില്‍ സത്യസന്ധത നീതിബോധം ആത്മധൈര്യം സ്വയാവബോധം സന്മാര്‍ഗ്ഗനിഷ്ഠ എന്നിവക്കുള്ള പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം നിഷ്ക്കര്‍ഷിക്കുന്ന ഒരു വിദ്യഭ്യാസ രീതി ആഗോളതലത്തില്‍ വ്യാപകമായിട്ടുണ്ട്. എങ്കിലും നേട്ടങ്ങളും ലാഭങ്ങളും മാത്രമാണു ആത്യന്തിക ലക്ഷ്യം എന്നു സമൂഹത്തില്‍ ഒരു ചെറിയ വിഭാഗമെങ്കിലും തെറ്റിദ്ധരിക്കുന്നതാണു ഇന്നു കാണുന്ന സ്തിതിവിശേഷം. കഴിഞ്ഞ മാസം തുമ്പമണ്ണിലെ മാര്‍ ഗ്രിഗോറിയോസ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളുടെ ലിറ്ററി വിംഗ് ഉദ്ഘാടനം ചെയ്യാന്‍ ഈ ലേഖികയെ ക്ഷണിച്ചിരുന്നു. അവരുമായി കുറച്ചുനേരം ഇടപഴകാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി – വളരെ ഉത്തരവാദിത്വബോധമുള്ള, അറിവുള്ള കുട്ടികളാണവരെന്ന്. ഗുരുക്കന്മാരോടും, മുതിര്‍ന്നവരോടും കാണിക്കേണ്ട ബഹുമാനവും, സ്‌നേഹവും അവരില്‍ പ്രകടമായിരുന്നു.

ഉന്നതമായ ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സ്വഭാവമഹിമക്കും പ്രഥമ സ്ഥാനം നല്‍കിയിരുന്ന മഹാന്മാരുടെ ഒരു വലിയ നിരതന്നെ ദേശീയതലത്തിലും പ്രാദേശികതലത്തിലും ചൂണ്ടിക്കാണിക്കാവുന്ന ഒരു ചരിത്രമാണു നമുക്കുള്ളത്. ഈ കം‌പ്യൂട്ടര്‍ യുഗത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വളരുന്നതോടൊപ്പം തന്നെ, മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുവാനും സനാതന തത്വങ്ങളെ ആദരിക്കുവാനും യുവതലമുറക്ക് കഴിയട്ടെ എന്നു ആശംസിച്ചുകൊണ്ട് ഈ പുതിയ അദ്ധ്യയന വര്‍ഷത്തെ സ്വാഗതം ചെയ്യാം.

getNewsImages

getNewsImages (1) getNewsImages (2) getNewsImages (3)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top