Flash News

മനസ്സില്‍ തൊട്ടത് – 1 (എന്റെ ചിന്തകള്‍ ): മാനസി

September 10, 2016

chintha-sizedകണ്ണറിയുന്നത് മനസ്സറിയാതെ പോകരുത് എന്ന് എന്റെ അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. അല്ലെങ്കിലും എന്റെ ലക്ഷിക്കുട്ടി അങ്ങനെ ചില പ്രസ്താവനകള്‍ പലകാര്യങ്ങളോടൊപ്പം ചേര്‍ത്ത് പറയാറുണ്ട് ..

ഉച്ചയൂണ് കഴിഞ്ഞു പാത്രം കഴുകാന്‍ പുറത്തുള്ള പൈപ്പിനരികിലേയ്ക്ക് ഞാന്‍ നടക്കുകയായിരുന്നു .

ഞാന്‍ നടക്കുമ്പോള്‍ പൈപ്പിനരികിലെ ഒതുക്കു കല്ലിനരികല്‍ ഷിബു ഇരിക്കുന്നു. അവന്‍ ഏങ്ങിക്കരയുകയാണ്. സ്‌കൂളിലെ ഭക്ഷണം പാകം ചെയ്യുന്ന രമണിച്ചേച്ചി ഷിബുവിന്റെ
അടുത്തിരിപ്പുണ്ട്. ഞാന്‍ ഇവിടേയ്ക്ക് സ്ഥലം മാറി വന്നിട്ട് രണ്ടു ആഴ്ചയേ ആകുന്നുള്ളൂ .

അന്നു മുതല്‍ കാണുന്ന രസകരമായ ഒരു കാഴ്ചയുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം എന്നും ചോറും മീന്‍ കറിയും മറ്റു പച്ചക്കറികളുമാണ്. മീന്‍ കറി വിളമ്പിയ വലിയ പാത്രത്തില്‍ ഉള്ള ചാറില്‍ ചോറ് ബാക്കിയുണ്ടെങ്കില്‍ അതിട്ടു തവി കൊണ്ട് ഇളക്കി അതും അടുത്ത് വച്ചൊരു ഇരിപ്പാണ് രമണിച്ചേച്ചി ! അരമണിക്കൂറോളം അങ്ങനെ ഇരിക്കും. വെറുതെയല്ല, കുട്ടികല്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും വേണം എന്നുള്ളവര്‍ക്കു രമണിച്ചേച്ചി മീന്‍കറി ചേര്‍ത്ത് കുഴച്ച ചോറ് കോരിക്കൊടുക്കും. അവര്‍-കുട്ടികള്‍ വളരെ രുചിയോടെ കഴിക്കുന്നത് നോക്കി അടുത്തിരുന്നു കുശലം പറഞ്ഞു കൊണ്ട് ചേച്ചിയും കല്ലിന്മേല്‍ ഇരിക്കും. കഴിക്കുന്നത് ഹൈസ്‌കൂളിലെ ആണ്‍കുട്ടികളാണ്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ഇവര്‍ ഈ കുട്ടികള്‍ അടുത്തുള്ള ഹോസ്റ്റലില്‍ ആണ് താമസിക്കുന്നത് എന്ന്. അച്ഛനും അമ്മയും പിണങ്ങിയതോ, അച്ഛന്‍ ഉപേക്ഷിച്ചു പോയതോ, അമ്മയ്ക്ക് സുഖമില്ലാത്തതോ, അല്ലെങ്കില്‍ അവര്‍ക്കു സ്വന്തം മക്കളെ വളര്‍ത്താന്‍ സഹായം ഒന്നും കിട്ടാത്തവരോ ഒക്കെയാണ് അവരുടെ മക്കളെ ഇവിടെ ഓര്‍ഫനേജ് ഹോസ്റ്റലില്‍ ഏല്‍പ്പിച്ചിരിക്കുന്നത്, വല്ലപ്പോഴുമൊക്കെ ഇവരുടെ അമ്മമാര്‍ വരും. മക്കളെ കാണാന്‍. അന്ന് സ്‌കൂളിലെത്തുന്ന അമ്മയോടൊപ്പം മകന്‍ മണിക്കൂറുകളോളം ഇരുന്നു കുശലം പറയുന്നത് ഞാന്‍ ദൂരെ നിന്ന് വീക്ഷിക്കാറുണ്ട്. മകന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ചു ലാളിക്കുന്ന അമ്മ. പിന്നെ ഉടുത്തിരിക്കുന്ന സാരിയുടെ തുമ്പ് പിടിച്ചു വിയര്‍ത്തൊട്ടിയ അവന്റെ തല തുടയ്ക്കുമ്പോള്‍ ഉതിരുന്ന നിശ്വാസം പിടക്കുന്ന മനസ്സിന്റെ നിശ്വാസം എന്നിലേക്കും പടരാറുണ്ട്. പക്ഷെ ഇതൊക്കെ ഞാന്‍ മറ്റൊരാളോട് പറഞ്ഞാല്‍ അവര്‍ പറയും എനിക്ക് വട്ടാണെന്ന്.

chinthakal1ഷിബു കരഞ്ഞു കൊണ്ടിരിക്കുന്നിടത്തു നിന്നാണ് നമ്മള്‍ ഇങ്ങോട്ടു പോന്നത്. തിരികെ നമുക്ക് ഷിബുവിന്റെ അടുത്തേയ്ക്കുപോകാം. എന്താ മോനെ പറയുന്നെ. അവനൊന്നും പറഞ്ഞില്ല.
എട്ടാം ക്ലാസ്സിലാണ് എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല . ഒരു മൂന്നാം ക്ലാസുകാരന്റെ ധൈര്യം പോലുമില്ലാത്ത കുട്ടി. രമണിച്ചേച്ചി പറഞ്ഞു, അവന്റെ കാലൊക്കെ മഴയത്തു ചൊറിഞ്ഞു പൊട്ടി.
ടീച്ചറെ .. ആ വേദനയാണ്. ഞാനവന് കാലില്‍ ഇത്തിരി ചൂട് വെള്ളം ഒഴിച്ചു കൊടുത്തതാണ് കഴുകാന്‍.

ഹോസ്റ്റലില്‍ ആരും മരുന്നൊന്നും വാങ്ങി തരില്ലേ മോനെ ? ഞാന്‍ ചോദിച്ചു ..

എന്റെ അമ്മവരും. അപ്പോള്‍ മരുന്ന് വാങ്ങി തരും …ഷിബു പ്രതീക്ഷയോടെ പറഞ്ഞു.

ടീച്ചറിന്റെ കൈയ്യില്‍ ഉണ്ടോ മരുന്ന് ?

ഇല്ലല്ലോ മോനെ. ഇവിടെ അടുത്ത് മെഡിക്കല്‍ സ്റ്റോറുണ്ടോ ( ഞാന്‍ വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ചു) ഇല്ല ടീച്ചറെ. അങ്ങ് ദൂരെ പോകണം.

ശരി, ഞാന്‍ നാളെ വാങ്ങിക്കൊണ്ടു വരാം കേട്ടോമോനെ ..

പിറ്റേന്ന് ഞാന്‍ ഡെറ്റോളും മുറിവ് ഉണങ്ങാനുള്ള മരുന്നും ഒക്കെയായി ചെന്നു. രാവിലെയും വൈകുന്നേരവും ചൂടുവെള്ളം കൊണ്ട് കഴുകി മരുന്ന് പുരട്ടിയപ്പോള്‍ അവനു നല്ല ആശ്വാസം തോന്നി. അപ്പോഴാണ് അവന്‍ ചെരുപ്പ് ഇട്ടിട്ടില്ല എന്നെനിക്കു തോന്നിയത്, “എവിടെയാ നിന്റെ ചെരിപ്പ് ..”

ടീച്ചര്‍ എന്റെ സ്ലിപ്പറിന്റെ വള്ളി പൊട്ടിപ്പോയി. വീണ്ടും അവന്‍ കണ്ണ് നിറച്ചു.. അങ്ങനെയാണ് ഞാന്‍ ഹോസ്റ്റലില്‍ നിന്ന് വരുന്നവരെ ശ്രദ്ധിച്ചത്. പലര്‍ക്കും ചെരുപ്പില്ല.. കാരണങ്ങള്‍ പലത്.

ദൈവമേ ! അത്യാവശ്യം ആവശ്യങ്ങള്‍ പോലും മറച്ചു പിടിച്ചു നടക്കുന്നവര്‍. അതെന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു .

ആയിടയ്ക്കാണ് ഞാന്‍ കൂടി അംഗമായ ഗ്ലോബല്‍സ് (ഇപ്പോഴത്തെ കൊസ്രാക്കൊള്ളീസ്)ഫേസ് കൂട്ടായ്മയുടെ ചീഫ് അഡ്‌മിന്‍ മോഹന്‍ദാസേട്ടന്‍ എന്നോട് പറഞ്ഞത്.. ടീച്ചര്‍ നിങ്ങള്‍ പുതിയ സ്‌കൂളിലെത്തിയാ പറയ് ..ഇങ്ങള് ബല്യ ചാരിറ്റി ചിന്തകയല്ലേ ! നിങ്ങളുടെ വകയായി കുട്ടികള്‍ക്ക് വല്ല ബുക്കോ വായനാ പുസ്തകമോ ഒക്കെ കൊടുക്കാന്‍ സഹായിക്കാം. ഞാന്‍ ദാസേട്ടനോട് പറഞ്ഞു, ദാസേട്ടാ ഞാനിപ്പോ ഇവിടെ എത്തിയെ ഉള്ളൂ. ഇവിടത്തെ കാര്യങ്ങള്‍ ഒന്നറിയട്ടെ എന്നിട്ടു പറയാം. നോക്കുമ്പോള്‍ ബുക്ക് കുട ബാഗ് ഒക്കെ ഓരോരോ സംഘടനകള്‍ കൊണ്ട് വന്നു കൊടുക്കുന്നുണ്ട്. അപ്പോള്‍ ഇവര്‍ക്ക് വേണ്ടത് ഇപ്പോള്‍ ഇല്ലാത്ത ചെരുപ്പാണ്. ഞാന്‍ കുട്ടികളോട് പറഞ്ഞു ഞാന്‍ നിങ്ങള്‍ക്ക് ചെരുപ്പ് എത്തിച്ചു തരാം എന്ന്.

chinthakal3പിന്നെ എന്തൊക്കെയോ തിരക്കുകള്‍ കാരണം അതങ്ങു നീണ്ടു പോയി. കാണുമ്പോഴൊക്കെ അവര്‍ ചോദിക്കും.. ടീച്ചര്‍ ചെരുപ്പ് എന്ന് തരും. ഞാന്‍ പറഞ്ഞു ഓണത്തിന് തരാടാ… മക്കളെ !

ദാസേട്ടനെ വിളിച്ചു. ഉള്ള ക്യാഷ് മേടിച്ചു .. എന്റെ fb സുഹൃത്ത് harikeshnair എന്തെങ്കിലും എനിക്ക് തരാറുണ്ട്, പുള്ളിയുടെ അമ്മയുടെ പേരില്‍. പക്ഷെ അത് നോക്കാന്‍ നില്‍ക്കാതെ ഞാന്‍ നേരെ വണ്ടി വിട്ടു. പലയിടത്തും നോക്കി. ഒരു സഹായം എന്ന് കേട്ടപ്പോള്‍ പലരും വിറ്റഴിയാതെ പഴകിയതുമായി പകുതി വിലക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമം. പിന്നെ നേരെ സിറ്റിയിലേക്ക്. ഗണേശോത്സവത്തിന്റെ നീണ്ട ഘോഷയാത്രയില്‍ പെട്ട് ഞാന്‍ ശ്വാസം മുട്ടി. മണിക്കൂറുകളോളം ബ്ലോക്കില്‍ കിടന്നു ക്ലുച്ചും ബ്രെയ്ക്കും മാറിമാറി ചവിട്ടി കാലു വേദനിച്ച തുടങ്ങി. നേരെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയായില്‍ കൊണ്ടിട്ടു ഒരു ഓട്ടോ വിളിച്ചു. ഹോള്‍സെയില്‍ വില്പനശാലയില്‍ എത്തി. ചാരിറ്റി ആണെന്ന് കേട്ട് പഴയ സ്റ്റോക്കൊന്നും എന്നെ അടിച്ചേല്‍പ്പിക്കരുത് എന്ന് കാര്യമായി അങ്ങ് പറഞ്ഞു. കടയുടമയ്ക്കു എന്റെ ആവശ്യം ന്യായമാണെന്ന് തോന്നി. രണ്ടു പയ്യന്മാരെയും കൂട്ടി മുകളിലെ നിലയിലേക്ക് വിട്ടു. പുതിയ സ്റ്റോക്ക് എത്തിയത് വില പോലും ഇടാതെ ഇരുന്നത് പെട്ടി പൊട്ടിച്ചു റീറ്റെയ്ല്‍ വിലയുടെ 60% വിലയിട്ടു തന്നു സ്നേഹത്തോടെ. മെയിന്‍ റോഡുവരെ വന്നു പയ്യന്മാരെ വിട്ടു ഓട്ടോ പിടിച്ചു അതില്‍ കയറ്റി വിട്ടു തന്നു. സ്നേഹഭാവങ്ങളുടെ ഓരോരോ മുഖങ്ങള്‍ !

ഓട്ടോക്കാരന്‍ നേരെ കാര്‍ പാര്‍ക്ക് ചെയ്യുന്നിടത്തു എത്തിച്ചു . ഞാന്‍ ഒരു ഹെല്പ് ചോദിച്ചു. “ഈ ലഗേജ് ഒന്ന് കാറില്‍ വച്ച് തരാമോ ?”

അയ്യോ അതിനെന്താ. ഞാന്‍ സഹായിക്കാം.

ഞാന്‍ ചെന്നു ഡോര്‍ തുറന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ ഒരു കെട്ട് കയ്യിലേന്തി നടന്നു വരുന്നു.. ദൈവമേ !!!! ഞാന്‍ ഞെട്ടിപ്പോയി !! ഒരു കാലും ഒരു കൈയും വലിച്ചിഴച്ചു ഏന്തിവലിഞ്ഞു മറ്റേക്കയ്യില്‍ എന്റെ ലഗേജും കൊണ്ട് നടന്നു വരുന്ന ഓട്ടോ ഡ്രൈവര്‍. അയ്യോ ! ഞാന്‍ ഓടി ചെന്നു ആ ചാക്ക് കെട്ട് താങ്ങി. ഞാന്‍ പറഞ്ഞു. സോറി വയ്യാത്ത ആളാണോ.. ഞാന്‍ അറിഞ്ഞില്ലട്ടോ.

അല്ല മാഡം സ്‌ട്രോക്ക് വന്നതാ. ഒരു വശം തളര്‍ന്നുപോയി. എന്ത് ചെയ്യാന്‍. കുടുംബത്തില്‍ എട്ടൊമ്പതു വയറു കഴിയണ്ടേ.

എനിക്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ചോദിച്ചു എത്രയാ ചാര്‍ജ് ?

ഇരുപത് രൂപ.

ഞാന്‍ ചില്ലറയില്ലാതെ കൊടുത്ത നൂറു രൂപ അയാള്‍ തിരികെ വച്ച് നീട്ടുന്നു.. മാഡം, എന്റെ കയ്യില്‍ ചേഞ്ച് ഇല്ല. ഇപ്പൊ ഇറങ്ങിയേ ഉള്ളൂ.. രാത്രി ഓട്ടത്തിന്. മാഡം ഇനി കാണുമ്പോ തന്നാമതി..

ഞാന്‍ പെട്ടെന്ന് പറഞ്ഞു … ശ്ശേ !!!! അത് ശരിയാവില്ല, നിങ്ങള്‍ ഇത് വച്ചോളൂ.. ബാക്കി ഇനി എന്നെ കാണുമ്പൊള്‍ തന്നാല്‍ മതി..!

അയാള്‍ ചിരിച്ചു .. ഞാനും .. ആര്‍ക്കും ആരെയും തോല്‍പിക്കാന്‍ കഴിയാത്തതിന്റെ ചിരിയാവും !

വണ്ടിയില്‍ കയറി ഓട്ടം തുടരുമ്പോഴും എന്റെ മനസ്സ് കലുഷമായിരുന്നു.

ഇന്ന് രാവിലെ ആ ലഗേജ് സ്‌കൂളില്‍ എത്തിച്ചു അവര്‍ക്കു കൊടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ യേശുദാസന്‍ എന്ന പത്താം ക്ലാസ്സുകാരന്‍ ചുവരിലെ ഓരം പറ്റിച്ചേര്‍ന്നു നിന്ന് കൊണ്ട് ആരും കാണാതെ എന്നെ വിളിച്ചു. ടീച്ചര്‍ ഒന്നിങ്ങു വരോ. ഞാന്‍ ചെന്നു .. എന്താ മോനെ ?

അവന്‍ പറഞ്ഞു.. ടീച്ചര്‍ വൈകിയപ്പോ ഞാന്‍ പേടിച്ചു ടീച്ചര്‍ വരില്ലേ എന്ന് ..

ഹഹഹ.. ഞാന്‍ ചിരിച്ചു. ഓഹ്, നിങ്ങള്‍ക്ക് ചെരുപ്പ് തരാതെ ടീച്ചര്‍ പറ്റിക്കുമെന്നാണോ?

ഹേയ്യ് ! അല്ല !അത് ഞങ്ങള് കണ്ടു. ടീച്ചറിന്റെ കാറില് വലിയ ലഗേജ് ഇരിക്കുന്നത്.

പിന്നെന്താ പ്രശ്‍നം?

അതെ, ടീച്ചര്‍ എന്നെ ഒന്ന് സഹായിക്കൊ ടീച്ചര്‍ ? പരീക്ഷ ഇന്ന് കഴിഞ്ഞു ഇന്ന് എല്ലാരും പോകും വീട്ടില്‍. എനിക്ക് പോകാന്‍ പറ്റില്ല ടീച്ചര്‍.

എന്തേയ്യ് ?

പോകാന്‍ വണ്ടിക്കൂലിയില്ല ടീച്ചര്‍. അതാണ് ഞാന്‍ ടീച്ചറെ കാത്തു നിന്നത്. ഞാനും എന്റെ മൂന്നു അനിയന്മാരും ഉണ്ട്.

ഞാന്‍ തന്നില്ലെങ്കിലോ ..

അവന്‍ ഒരു നിസ്സഹായത നിറഞ്ഞ ചിരി സമ്മാനിച്ചു. ചിലപ്പോ രണ്ടു ദിവസം കഴിയുമ്പോള്‍ ‘അമ്മ വരുമായിരിക്കും.. അവന്‍ വെറുതെ വെള്ളകുമ്മായം തേച്ച ചുവരില്‍ വിരലുകള്‍ കൊണ്ട് എന്തോ കുത്തിക്കുറിച്ചു. കണ്ണ് നിറയുന്നത് ഞാന്‍ കാണാതിരിക്കാനാവും.

ഞാന്‍ പറഞ്ഞു, മോന്‍ വിഷമിക്കണ്ട. പോയി എക്സാം എഴുതിയിട്ട് വാ, ഞാന്‍ തരാം ! നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു ക്ലാസ്സിലേക്ക് ഓടിപ്പോയി .

എന്റെ മനസ്സ് വിഷമങ്ങളില്‍ ഉഴറി. അവന്റെ അമ്മ ! കാന്‍സര്‍ ബാധിച്ചു ഓപ്പറേഷന്‍ പോലും ചെയ്യാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുന്ന സ്ത്രീ. അച്ഛന്‍ എന്നോ ഉപേക്ഷിച്ചു പോയി !
ഞാന്‍ ഓരോരോ ചിന്തകളില്‍ മുഴുകി നില്‍ക്കുമ്പോള്‍ അതാ ഷിബു ഓടി വരുന്നു. ടീച്ചര്‍ എന്റെ അമ്മേനെ ഒന്ന് വിളിച്ചു തരോ?

എന്തിന് ? ഞാന്‍ ചോദിച്ചു ..

എന്റെ അമ്മേടെ അടുത്ത് എന്നെ വിളിക്കാന്‍ വരാന്‍ പറയാന്‍…

അമ്മേടെ കൂടെ വീട്ടില്‍ ആരൊക്കെയുണ്ട് ഇപ്പൊ ? ഞാന്‍ ചോദിച്ചു !

എന്റെ രണ്ടു അനിയന്മാര്‍. എനിക്കവരെ കാണാത്തൊണ്ട് സങ്കടം വരും. പറയും മുന്‍പേ അവന്‍ വീണ്ടും കണ്ണ് നിറച്ചു .. പക്ഷെ ഈ സ്‌കൂള് എനിക്കിഷമാണ്. അതാ ഞാന്‍ പോകാത്തത് !

ഞാന്‍ എന്റെ മൊബൈലില്‍ നിന്ന് വിളിച്ചു. ഒന്നല്ല മൂന്നു പ്രാവശ്യം. ആരും ഫോണ്‍ എടുത്തില്ല .. അപ്പോള്‍ സ്‌കൂളില്‍ ബെല്‍ അടിച്ചു.. അവന്‍ പരീക്ഷ എഴുതാന്‍ ഓടുന്ന കൂട്ടത്തില്‍ അവന്‍ എന്നോട് പറഞ്ഞോര്‍മിപ്പിച്ചു .. ടീച്ചര്‍, ഷിബുന്റമ്മ എന്ന് പറഞ്ഞു വിളിക്കുമ്പോള്‍ എന്നെ വിളിക്കാന്‍ വരാന്‍ പറയണേ ടീച്ചര്‍. ഇന്ന് തന്നെ വിളിക്കാന്‍ വരാന്‍ പറയണേ..

ഹ്മ്മ് .. വെറുതെയല്ല എന്റെ ലക്ഷ്മി കുട്ടി പറഞ്ഞത്. കണ്ണറിയുന്നത് മനസ്സറിയാതെ പോകരുത് എന്ന്… അതെ !ചിന്തകള്‍ നിശബ്ദമാക്കപ്പെടുന്നിടത്ത് മനസ്സ് ശാന്തമാകാന്‍ പാകമാവേണ്ടിയിരിക്കുന്നു..!

chinthakal2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “മനസ്സില്‍ തൊട്ടത് – 1 (എന്റെ ചിന്തകള്‍ ): മാനസി”

  1. Mini says:

    Heart-touching story. Well written…

  2. SunilVarghese says:

    പ്രിയേച്ചി, കണ്ണ് നിറച്ച എഴുത്ത്, കരളലിയും ജീവിത ദുരിതങ്ങൾ ചേർത്ത് വയ്ക്ക.എഴുതക തുടർന്നും

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top