Flash News

ബക്രീദ് അഥവാ ബലി പെരുന്നാള്‍ (ഒരു പെരുന്നാള്‍ സന്ദേശം): സുധീര്‍ പണിക്കവീട്ടില്‍

September 12, 2016

bali-perunnal-sizedഇസ്ലാം മതവിശ്വാസികള്‍ ലോകമെമ്പാടും ആഘോഷിക്കുന്ന പെരുന്നാളാണ്, ബക്രീദ് അഥവാ ഈദുല്‍ അദ്‌ഹാ. ഈ കാലഘട്ടത്തില്‍ ഇതിനു വളരെ പ്രാധാന്യമുണ്ട്. അത് മാനവരാശിക്ക് മഹത്തായ ഒരു സന്ദേശം പകരുന്നു. ഈശ്വര പ്രീതിക്ക് വേണ്ടി മനുഷ്യരെ ബലി കഴിക്കരുത്. അല്ലാഹു തന്നെ അത് പ്രവാചകന്‍ ഇബ്രാഹീമിന് വെളിപ്പെടുത്തികൊടുത്തിരിക്കുന്നു. പ്രവാചകനായ ഇബ്രാഹിമിനോട് അല്ലാഹു സ്വപ്നത്തില്‍ ഒരു കാര്യം ആവശ്യപ്പെടുന്നു. നിനക്ക് ഏറ്റവും പ്രിയങ്കരമായത് എനിക്കായി ത്യാഗം ചെയ്യുക. ഇബ്രാഹിം തന്റെ പതിമൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകനെ ബലി കഴിക്കാന്‍ തീരുമാനിക്കുന്നു. മകന്റെ പേര് ഖുറാനില്‍ ഇല്ലെങ്കിലും അത് ഇസ്മായീല്‍ ആണെന്നു കരുതപ്പെടുന്നു. ഇതിനു സമാന്തരമായി ബൈബിളില്‍ കൊടുത്തിരിക്കുന്ന ഇതേപോലുള്ള സംഭവത്തില്‍ എബ്രാഹാമിന്റെ മകനായ ഐസക്കിനെ ബലി കഴിക്കാന്‍ കൊണ്ടുപോയി എന്നു കാണുന്നു. ഈശ്വരേഛ നിറവേറ്റുന്നതിനായി ഇബ്രാഹിം ദൃഢനിശ്ചയം ചെയ്തതായി മനസ്സിലാക്കിയ ഇബ്‌ലീസ് ആ ഉദ്യമത്തില്‍ നിന്നും ഇബ്രാഹിം പ്രവാചകനെ പിന്തിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇബ്രാഹിം സാത്താനെ കല്ലെറിഞ്ഞ് ഓടിച്ച്‌കൊണ്ടിരുന്നു. ഇതിന്റെ ഓര്‍മ്മക്കായി ഹജ്ജിനു പോകുന്നവര്‍ പിശാചിനെ കല്ലെറിയുക എന്ന കര്‍മ്മം അനുഷ്ഠിക്കുന്നു.

സാത്താന്റെ പരീക്ഷണങ്ങളില്‍ പതറാതെ ഇബ്രാഹിം തന്റെ മകനെ യാഗപീഠത്തില്‍ കിടത്തി അവന്റെ കഴുത്തിനു നേരെ കത്തിയോങ്ങിയെങ്കിലും ബലി നടന്നില്ല. അല്ലാഹുവിന്റെ സ്വരം അവന്‍ കേട്ടു. നീ എന്നില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തില്‍ ഞാന്‍ സന്തുഷ്ടനാണു. മകനു പകരം ഒരാട് അവിടെ ബലി കഴിക്കപ്പെട്ടു. ഇങ്ങനെ ബലികഴിക്കപ്പെടുന്ന ആടിന്റെ മാംസം മൂന്നായി ഭാഗിക്കുന്നു. ബലി കഴിച്ചവര്‍ക്ക് ഒരു ഭാഗം, മറ്റേ ഭാഗം ബന്ധുമിത്രാദികള്‍ക്ക് അവസാന ഭാഗം പാവങ്ങള്‍ക്ക്. ഇസ്ലാം കലണ്ടറിലെ അവസാനത്തെ മാസമായ ദുല്‍‌ഹജ്ജിലെ എട്ട്, ഒമ്പത്, പത്ത് എന്നീ ദിവസങ്ങളിലാണു മുസ്ലീം തീര്‍ത്ഥാടകര്‍ ഹജ്ജ് അനുഷ്ഠിക്കുന്നത്. ഇതില്‍ ഒമ്പതാമത്തെ ദിവസമാണു അറഫാ ദിവസം. ഇത് തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്. അറഫയില്‍ താമസിക്കല്‍ ഹജ്ജിന്റെ ഏറ്റവും പ്രധാന ഘടകമാണ്. അത് ഒഴിവായാല്‍ ഹജ്ജ് നഷ്ടപ്പെടുന്നതാണ്. മറ്റെല്ലാ ഘടകങ്ങള്‍ക്കും ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തവും മറ്റു പരിഹാരങ്ങളുണ്ടെങ്കിലും അറഫാ താസം വിട്ടുപോയാല്‍ ഹജ്ജ് നഷ്ടപ്പെടുക തന്നെ ചെയ്യും. ഹജ്ജ് കര്‍മ്മങ്ങളുടെ മുഖ്യഘടകമാണ് അറഫയിലെ നിര്‍ത്തം. ഹജ്ജ് അറഫയാകുന്നു എന്നത്രെ മുഹമ്മദ് നബി അരുള്‍ ചെയ്തത്. സത്യവിശ്വാസികള്‍ സ്വര്‍ഗം ചോദിച്ചുവാങ്ങുന്ന അനുഭൂതിദായകമായ രംഗമാണവിടെ. അറഫാ നിര്‍ത്തത്തിന്റെ മഹത്വം കുറിക്കുന്ന നിരവധി ഹദീസുകളുണ്ട്. നബി പറഞ്ഞു; “ബദര്‍ദിനം കഴിച്ചാല്‍ അല്ലാഹുവിന്റെ ശത്രുവായ ഇബ്‌ലീസ് ഇത്രയും അപമാനിതനും നിന്ദ്യനും നിരാശനും നിസ്സാരനും കോപിഷ്ടനുമായി മറ്റൊരിക്കലും കാണപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ അത്യുദാരമായ അനുഗ്രഹ വര്‍ഷങ്ങളും നിരവധി മഹാപാപികള്‍ക്കു പോലും പൊറുത്തുകൊടുക്കുന്നതു കൊണ്ടാണങ്ങനെ.” ഈ സ്ഥലത്തിനെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ ധാരാളമാണ്. പറുദീസ നഷ്ടപ്പെട്ട ആദാമും, ഹവ്വയും ഭൂമിയിലേക്ക് എത്തിയത് വ്യത്യസ്ഥ സ്ഥലങ്ങളില്‍ ആയിരുന്നെങ്കിലും അവര്‍ ഇവിടെ വച്ച് കണ്ടുമുട്ടിയത്രെ. കൂടാതെ മകനെ ബലിയര്‍പ്പിക്കാന്‍ കത്തിയുമായി നിന്ന ഇബ്രാഹിം നബിയുടെ അടുത്ത് ഗബ്രിയേല്‍ മാലാഖ വന്നു ഹജ്ജ് എങ്ങനെ അനുഷ്ഠിക്കേണ്ടത് എന്നു വിവരിച്ച് കൊടുക്കുകയും അദ്ദേഹത്തെ അവിടെയെല്ലാം പരിചപ്പെടുത്തുകയും ചെയ്തുവെന്നും ഓരോ അനുഷ്ഠാനങ്ങളും പറഞ്ഞ്‌ കൊടുക്കുമ്പോള്‍ മാലാഖ ചോദിക്കുമത്രെ “അറഫാ” (നിനക്ക് മനസ്സിലായോ, നീ പഠിച്ചോ) അപ്പോഴെല്ലാം ഇബ്രാഹിം നബി മറുപടി പറയും “അറഫാ” ഞാന്‍ പഠിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് അറഫാ – പഠിക്കണം, അറിയണമെന്നര്‍ത്ഥം വരുന്ന പേരു വന്നുവത്രെ. ഹജ്ജിനു പോയവര്‍ പത്താം ദിവസം അറഫാ പര്‍വ്വതത്തില്‍ നിന്നും ഇറങ്ങുന്നതോടെ ബക്രീദ് ആരംഭിക്കുകയായി. അത് പന്ത്രണ്ടാം ദിവസം സൂര്യാസ്തമയത്തോടെ അവസാനിക്കുന്നു. ഒമ്പതാം ദിവസം മുതല്‍ പതിമൂന്നാം ദിവസം വരെ താഴെ പറയുന്ന തക്ബീര്‍ ഉറക്കെ ചൊല്ലുന്നു, ഉരുവിടുന്നു.

“അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്……”

(അല്ലാഹു വലിയവനാകുന്നു, വലിയവനാകുന്നു, അല്ലാഹുവല്ലാതെ വേറെ ദൈവമില്ല, അല്ലാഹു വലിയവനാകുന്നു, വലിയവനാകുന്നു, എല്ലാ സ്തുതിയും അവനു മാത്രം.)

ദൈവവും ബലിയും മതഗ്രന്ഥ പ്രകാരം മനുഷ്യരുടെ തുടക്കം മുതലെ ആരംഭിച്ചിരിക്കുന്നത് കാണാം. കയിനും ആബേലും ദൈവത്തിനു നേര്‍ച്ച കാഴ്ച്ച വച്ചപ്പോള്‍ ഹാബീലിന്റെ നേര്‍ച്ച ദൈവം സ്വീകരിച്ചു എന്നാല്‍ കയിന്റെ നേര്‍ച്ചയില്‍ പ്രസാദിച്ചില്ല. കയിന്‍ നേര്‍ച്ചയായി കാണിക്ക വച്ചത് കൃഷി ഉല്‍പ്പന്നങ്ങളായിരുന്നു. ദൈവം ഇഷ്ടപ്പെട്ടിരുന്നത് മൃഗങ്ങളുടെ ജീവനും ചോരയുമാണെന്നു ഇതു കാണിക്കുന്നു. അതേസമയം ദൈവത്തിന്റെ ആ വിവേചനം അസൂയ ജനിപ്പിക്കുകയും സഹോദരന്‍ സ്വന്തം സഹോദരനെ കൊന്നു ഭൂമി ആദ്യമായി മനുഷ്യരക്തത്തില്‍ അഭിഷിക്തയാകുകയും ചെയ്തു. ഇവിടെ ദൈവത്തിന്റെ ശാപവചനങ്ങള്‍ ശ്രദ്ധിക്കുക.( ഉത്പ്പത്തി 3:17,18) മനുഷ്യനോട് കല്‍പ്പിച്ചതോ, നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്‍പ്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. നിന്റെ ആയുഷ്‌കാലമൊക്കേയും നീ കഷ്ടതയോടെ അതില്‍നിന്നും അഹോവ്രുത്തി കഴിക്കും.മുള്ളും പറക്കാരയും നിനക്ക് അതില്‍ നിന്നു മുളയ്ക്കും. വയലിലെ സസ്യം നിനക്ക് ആഹാരമാകും. ഒരു പക്ഷെ കയിന്‍ കാഴ്ച്ച വച്ചതില്‍ മുള്ളും പറക്കാരയും ഉണ്ടായിരുന്നിരിക്കാം.

അതിനു ശേഷമാണു മനുഷ്യബലിയെന്ന പരീക്ഷണത്തിനു ഇബ്രാഹിം പ്രവാചകന്‍ വിധേയനാകുന്നത്. ഇവിടെ ദൈവം തന്റെ മാലാഖയായി ഗബ്രിയേലിനെ അയച്ച് ആ സാഹസത്തില്‍ നിന്നും ഇബ്രാഹിമിനെ രക്ഷിക്കുന്നു. “കൊല്ലരുതെന്നു” പത്തു കല്‍പ്പനയില്‍ അനുശാസിക്കുന്നത്. ദൈവം മനുഷ്യരെ കൊല്ലാന്‍ ഒരിക്കലും പറയുകയില്ലെന്നു തെളിവാണീ സംഭവം പഠിപ്പിക്കുന്നത്. ബലിയര്‍പ്പിക്കപ്പെടുന്ന മൃഗങ്ങളുടെ ചോരയും മാംസവുമല്ല അല്ലാഹുവില്‍ എത്തുന്നത് മറിച്ച് മനുഷ്യരുടെ ദൈവ ഭക്തിയാണെന്നു ദൈവം നമ്മെ മനസ്സിലാക്കിപ്പിക്കുന്നു.

ഈദുല്‍ അദ്‌ഹാ ആഘോഷിക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ എല്ലാം ഇസ്ലാംമത വിശ്വാസികളും ഒരു മൃഗത്തെ കൊല്ലുന്നു. അതിലൂടെ ഇബ്രാഹിമിന്റെ ത്യാഗത്തേയും അവരുടെ സ്വയം ത്യാഗത്തേയും അവര്‍ ഓര്‍മ്മിക്കുന്നു. ദൈവഹിതത്തിനോ, ദൈവകല്‍പ്പനക്കോ മനുഷ്യന്‍ പൂര്‍ണ്ണമായി അനുസരണയുള്ളവനായിരിക്കണം, സമര്‍പ്പണം നടത്തണം. വ്യക്തിപരമായി മോഹങ്ങളും, കുടും ബത്തിനോടും കുട്ടികളോടുമുള്ള സ്‌നേഹം പോലും ദൈവത്തിനു വേണ്ടി ത്യജിക്കാന്‍ തയാറാകണം, ഇതാണു ബക്രീദ് എന്ന ആഘോഷം ഉദ്‌ബോധിപ്പിക്കുന്നത്. സ്വന്തം ആഗ്രഹങ്ങള്‍ ബലി കഴിച്ച്, വെറുപ്പ്, വിദ്വേഷം, അഹങ്കാരം, ദുരാഗ്രഹം എന്നിവ വെടിഞ്ഞ് ഈ ലോകത്തെ സ്‌നേഹിക്കാന്‍ മനുഷ്യര്‍ തയ്യാറാകണം.

ജന്തുക്കളെ ഹിംസിക്കരുത് എന്നു വാദിക്കുന്ന ഒരു വിഭാഗം ബക്രീദ് ദിവസം കൊല്ലപ്പെടുന്ന മൃഗങ്ങളെ ഓര്‍ത്ത് സങ്കടപ്പെടുന്നത് സ്വാഭാവികം. അതേസമയം ദൈവം പലപ്പോഴായി മനുഷ്യന്റെ ആവശ്യാനുസരണം അവന്റെ ആഹാരരീതികള്‍ക്ക് മാറ്റം വരുത്തുന്നതായി കാണാം. ഉല്‍പ്പത്തി ഒന്നാം അദ്ധ്യായം 29ല്‍ ഇങ്ങനെ കാണുന്നു. ഭൂമിയില്‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു, അവ നിങ്ങള്‍ക്ക് ആഹാരമായിരിക്കട്ടെ. പ്രളയത്തിനു ശേഷം നോഹയോട് ദൈവം പറയുന്നത് : ഉല്‍പ്പത്തി 9:3ക4 ഭൂചരജന്തുക്കളൊക്കെയും നിങ്ങള്‍ക്ക് ആഹാരം ആയിരിക്കട്ടെ; പച്ച സസ്യം പോലെ ഞാന്‍ സകലതും നിങ്ങള്‍ക്ക് തന്നിരിക്കുന്നു. പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങള്‍ മാംസം തിന്നരുത്. ഒരു പക്ഷെ പ്രളയത്തില്‍ സസ്യ-ഫല-മൂലാദികള്‍ എല്ലാം നശിച്ച് പോയിരുന്നിരിക്കാം.

കുരുതിയും രക്തവും നല്‍കി ദൈവത്തെ പ്രീതിപ്പെടുത്തുന്ന ഒരു സമ്പ്രദായം ജൂതന്മാരിലെന്നപോലെ മറ്റു വിഭാഗങ്ങളിലുമുണ്ടായിരുന്നു. ഒരാളുടെ പാപം മറ്റൊരാളുടെ രക്തത്തിലൂടെ കഴുകി കളയുന്ന ഏര്‍പ്പാടു ഇസ്ലാംമത വിശ്വാസികളില്‍ ഉണ്ടായിരുന്നില്ല. കോപിഷ്ടനായ ദൈവത്തെ ശമിപ്പിക്കാന്‍ ഇസ്ലാം മതത്തില്‍ വ്യക്തിപരമായ ത്യാഗവും സമ്പൂര്‍ണ്ണ സമര്‍പ്പണവുമാണു വേണ്ടതെന്നു വിശ്വസിക്കുമ്പോള്‍ മതത്തിന്റെ തണല്‍ ചാരി ഇന്നു തീവ്രവാദികള്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ശരിയായ ഇസ്ലാം വിശ്വാസികള്‍ കൂടി പ്രതികരിക്കേണ്ടതുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളില്‍ എഴുതി വച്ചിരിക്കുനത് എന്താണെന്നു വിശദീകരിച്ച് കൊടുക്കാന്‍ പണ്ഡിതന്മാര്‍ തയ്യാറാകണം. ബക്രീദ് അല്ലെങ്കില്‍ ഈദുല്‍ അദ്‌ഹാ (ത്യാഗത്തിന്റെ ആഘോഷം) എന്ന ആഘോഷം വളരെ സുതാര്യതയോടെ മാനവരാശിയെ പഠിപ്പിക്കുന്നു. മനുഷ്യബലി ദൈവം ഇഷ്ടപ്പെടുന്നില്ല. ദൈവത്തെ പ്രീതിപ്പെടുത്താന്‍ നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് പാപമാണ്.

അല്ലാഹു അക്ബര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top