Flash News

ഒരു മണ്‍സൂണ്‍ യാത്ര (യാത്രാവിവരണം – 6): നസീമ നസീര്‍

September 14, 2016

yathra-6-sized

ഒരു മണ്‍സൂണ്‍ യാത്ര (യാത്രാവിവരണം) അഞ്ചാം ഭാഗം

അപകടങ്ങളെക്കുറിച്ച് വെറുതെ സങ്കല്പിച്ച് ഞെട്ടാറുള്ള ഞാന്‍ ആരുമറിയാതെ പാലം തകര്‍ന്ന് താഴേയ്ക്ക് പൊട്ടി വീണു. സമൃദ്ധമായി നിറഞ്ഞൊഴുകുന്ന ഒഴുക്കിലേയ്ക്ക് വീണ ഞാന്‍ കുറേ
വെള്ളം കുടിച്ചു. ശുഭാപ്തി വിശ്വാസക്കാരിയായത് കൊണ്ട് ഞാന്‍ ഒരു വിധം തട്ടിയും മുട്ടിയും അള്ളിപ്പിടിച്ച് നനഞ്ഞ് കരപറ്റി. പാലം ആട്ടരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡ് എഴുതി വെച്ചിട്ടുള്ളത് കൊണ്ട് മാത്രം ആരൊക്കെയോ പാലം ആട്ടി വിടുന്നുണ്ടായിരുന്നു. അത് മലയാളികള്‍ തന്നെയാണ്. കാരണം ബോര്‍ഡ് മലയാളത്തിലാണ്. ഉരുക്കില്‍ തീര്‍ത്ത തൂക്കുപാലത്തിന് ഒരേ സമയം
1260 പേരെ വഹിക്കാനുള്ള ശേഷിയുണ്ടെന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

വേനല്‍ക്കാലത്ത് മാത്രമേ പുഴ ഏഴായി പിരിയുന്ന സുന്ദര ദൃശ്യം ഈ തൂക്ക് പാലത്തില്‍ നിന്ന് കാണാന്‍ സാധിക്കൂ. ഏഴാറ്റുമുഖം എന്ന പേരിനെ അന്വര്‍ത്ഥമാക്കിയേക്കാം എന്ന് കരുതി അവള്‍ ഏഴായി വേര്‍പിരിയുന്നതല്ല, ജല ദാരിദ്ര്യം നേരിടുമ്പോള്‍ ഏഴായി വിണ്ടുകീറിപ്പോകുന്നതാണ്. ഇപ്പോള്‍ സമൃദ്ധമായ ജലമുള്ളതുകൊണ്ട് ഏഴാറ്റുമുഖം ഒരൊറ്റമുഖമായാണ് കാണപ്പെട്ടത്.

പുഴയ്ക്കക്കരെ തുമ്പൂര്‍മുഴി. പാലത്തിനക്കരെയെത്തിയപ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡ് കണ്ടു. ഏഴാറ്റുമുഖം ടിക്കറ്റില്‍ തുമ്പൂര്‍മുഴിയിലേക്ക് പ്രവേശനമില്ല. തുമ്പൂര്‍മുഴി പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍
ടിക്കറ്റെടുക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സമയം നാലര മണിയായിരിക്കുന്നു. ഓരോരുത്തര്‍ക്കും തൊടുപുഴയിലെത്തി മറ്റ് പലയിടങ്ങളിലേയ്ക്കും തിരിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇനി തുമ്പൂര്‍ മുഴിയിലേയ്ക്കുള്ള യാത്ര വേണ്ടെന്ന് വെച്ചു. ഞങ്ങള്‍ തിരിച്ചു. പാലത്തില്‍ വെച്ച് എന്റെ നല്ല പാതിയുടെ കോള്‍ വന്നു. “താമസിക്കുകയാണെങ്കില്‍ വിളിക്കണം. തൊടുപുഴയില്‍ വന്ന് നില്‍ക്കാം കൂട്ടിക്കൊണ്ട് പോകാന്‍..” അമ്മോള്‍ എഴാറ്റുമുഖത്തിന്റെ തത്സമയ സംപ്രേഷണം ഫോണിലുടെ നടത്തിക്കൊണ്ടിരുന്നു. “…അച്ചീ…സമയമില്ലാത്തോണ്ട് തുമ്പൂര്‍മുഴിയില്‍ പോയില്ല. നമുക്കെല്ലാര്‍ക്കും ഒരിക്കെ തുമ്പൂര്‍മുഴി പാര്‍ക്കില്‍ പോണോട്ടെ…”

6-4അങ്ങനെ ഞങ്ങള്‍ ഇന്നത്തെ ഹര്‍ത്താല്‍ ദിനം (23.07.2016) ആഘോഷിച്ച് തീര്‍ത്ത് വാഹനത്തില്‍ കയറി. ഇത്തവണ ഞാന്‍ ബാക്ക്ക് സീറ്റില്‍ പോയി തനിച്ചിരുന്ന് മുന്നിലുള്ളവരുടെ സംഭാഷണങ്ങളും ചെയ്തികളും വീക്ഷിച്ച് മൗനം വിഴുങ്ങിയിരുന്നു. മനസ്സില്‍ ഒരാവലാതിയുയര്‍ന്നു… “7 മണിയോടെ തൊടുപുഴയില്‍ എത്തും. വിളിക്കാന്‍ വരണ്ട. വന്നോളാം” എന്ന്‍ പറഞ്ഞത്
അബദ്ധമായോ? ഏഴ് മണിയോടെ തൊടുപുഴയില്‍ എത്തുമോ? എന്നിത്യാദി വിചാരങ്ങള്‍ കൊണ്ട് മനസ്സ് ആശങ്കപ്പെട്ടു. ആശങ്കയെ ആട്ടിയകറ്റി. ‘വാഷിങ് പൌഡര്‍ നിര്‍മ’ എന്ന ഗാനത്തോടെ ലാല്‍ബിന്ദ് അന്താക്ഷരി ആരംഭിച്ചു. പിന്നെ തകൃതിയായ ഗാനമേളയായിരുന്നു. ശ്രീ ഉളളൂര്‍ എസ്.പരമേശ്വരന്‍ നായരുടെ കവിതയാണ് ഞാന്‍ ആലപിച്ചത്. ശക്തമായ വാക്കുകള്‍. “കാക്കേ കാക്കേ കൂടെവിടേ?”അങ്ങനെ ആണ്‍ പെണ്‍ ടീമുകള്‍ മത്സരബുദ്ധിയോടെ ഗാനങ്ങള്‍കൊണ്ട് ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തി.

അമ്മോള്‍ ഇരു ടീമിലും പങ്കെടുത്തു. മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം രജിതയും ഹസീനയുമാണ്. ഓഫീസില്‍ ഈ കഴിവുകളൊക്കെ അടക്കിയൊതുക്കി ശ്വാസം മുട്ടിയിരിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. രണ്ടാം സ്ഥാനം രവീന്ദ്രനും ലാല്‍ബിന്ദും നേടിയെടുത്തു. മുജീബ് സാറും അമ്മോളും ഓരോ ടീമിനും ഗാനങ്ങളുടെ ആദ്യ വരി ചൊല്ലിക്കൊടുത്ത് സഹായക പരിവേഷം നേടിയെടുത്തു. ഗാനാലാപനത്തില്‍ ക്ഷീണിതരായവര്‍ വാഹനത്തില്‍ അവശേഷിച്ച ഭക്ഷണവും വീതിച്ച് കഴിച്ചു.

വാഹനം പൊയ്ക്കൊണ്ടിരിക്കെ വഴിയില്‍ ഇരുട്ടു പരക്കുന്നതും വഴി വിളക്കുകള്‍ തെളിയുന്നതും കടകളില്‍ വര്‍ണ്ണ വെളിച്ചം മിന്നുന്നതും കാണുമ്പോള്‍ ഞാന്‍ വീണ്ടും ആശങ്കപ്പെട്ടു. ഏഴ് മണിക്ക് തൊടുപുഴയില്‍ എത്തില്ല. ചാലക്കുടി എത്തിയപ്പോള്‍ രവീന്ദ്രന്‍ യാത്ര പറഞ്ഞിറങ്ങി. രവീന്ദ്രന്‍ മലപ്പുറംകാരനാണ്‌. ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ ഹാജ൪ വെയ്ക്കണം. കുടുംബത്തിലെ ഒരാള്‍ യാത്ര
പറഞ്ഞിറങ്ങിയപ്പോള്‍ ഒരു വിഷമം തോന്നി. മുവാറ്റുപുഴയിലെത്തിയപ്പോള്‍ ലാല്‍‌ബിന്ദും യാത്ര പറഞ്ഞു. പെഴ്യ്ക്കാപിള്ളിയില്‍ വെച്ച് മുജീബ് സാറും വേര്‍പെട്ടു. മുജീബ് സര്‍ ദു:ഖിതനെപ്പോലെ കാണപ്പെട്ടു. ഇത്രയും നല്ല സ്ററാഫുകളെ എറണാകുളം ജില്ലയില്‍ കിട്ടില്ലല്ലോ!. സബിത സാ൪ മാറികയില്‍ ഇറങ്ങി.

ഇരുട്ടിയാല്‍ വണ്ടിഎടുത്ത് പോകുവാന്‍ എനിയ്ക്ക് ഭയമാണ്. പക്ഷേ ഒരിക്കലെങ്കിലും ഭയത്തെ ഒന്ന്‍ തോല്‍പ്പിക്കണ്ടേ. താമസിക്കുമെന്ന്‍ വിളിച്ച് പറഞ്ഞില്ല. തൊടുപുഴ മിനി സിവില്‍ സ്റേറഷനില്‍ എത്തിയപ്പോള്‍ സമയം 7.30. ഞങ്ങള്‍ ധൄതിയില്‍ അണ്ടര്‍ഗ്രൗണ്ടിലെത്തി. ഹസീന ആദ്യം വണ്ടിയെടുത്ത് പുറപ്പെട്ടു. ഞാനും അമ്മോളും പുറപ്പെടുന്നതും നോക്കി ലിജില്‍ കാറിലിരിപ്പുണ്ട്. എങ്കില്‍ ലിജില്‍ പൊയ്ക്കോളൂ ഞാന്‍ പിറകേ വന്നോളാം എന്ന്‍ പറയാന്‍ എനിക്ക് തോന്നിയില്ല. അവിടെക്കിടന്ന ഓരോ ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തിന്റേയും ലൈറ്റ് പിശാചിന്റെ കണ്ണ്‍ പോലെ തോന്നിപ്പിച്ചു. അങ്ങനെ യാത്രയിലെ ഏററവും ഇളയ കുട്ടിയായ ലിജില്‍ കാരണവത്തിയെപ്പോലെ ഞാനും അമ്മോളും പോകുന്നത് നോക്കി പിറകേ വന്നു. രജിതയും അനന്തുവും ബിന്റുവുമൊക്കെ
അരെയൊക്കെയോ കാത്ത് നില്‍ക്കേ ഞങ്ങള്‍ പോന്നു. എനിയ്ക്കത്ര ആത്മവിശ്വാസം പോര. രാത്രിയില്‍ അപൂര്‍‌വ്വമായേ വണ്ടിയെടുത്തിട്ടുള്ളു. എതിരെയുള്ള വാഹനങ്ങളുടെ ലൈറ്റില്‍ എനിയ്ക്ക് റോഡ്‌ തിരിച്ചറിയാന്‍ കഴിയാതെയാകുന്നുണ്ട്. പക്ഷെ എന്നും പോകുന്ന വഴിയായത് കൊണ്ട് അവിടെ വളവുണ്ട്‍‌‌‌‌‌‌‌‌‌‍, തിരിവുണ്ട് എന്ന ബോധ്യത്തില്‍ മാത്രമാണ് യാത്ര. തുടരെത്തുടരെ ലൈറ്റിട്ട് വരുന്ന വാഹനങ്ങളോട് ഞാന്‍ പിറുപിറുത്തു. ‘ഡിം ചെയ്യ്‌…ഡിം ചെയ്യ്‌..’

അമ്മോള്‍ യാത്രയില്‍ പരിചയപ്പെട്ട ഓരോരുത്തരുടെയും പേര് വേഷഭുഷാദികള്‍ പറഞ്ഞ് എന്നെ കേള്‍പ്പിക്കുകയാണ്. ഞാന്‍ വെറുതെ മൂളിക്കൊണ്ടിരുന്നു. പിറകില്‍ അമ്മോളുടെ സ്പര്‍ശം ഏല്‍ക്കാതിരിക്കുമ്പോള്‍ അവള്‍ എന്റെ പിറകിലില്ലേ എന്ന്‍ ഞാന്‍ സംശയിക്കുന്നു. ഇടയ്ക്കിടെ ഞാന്‍ ചോദിച്ച് പോകുന്നു; “അമ്മോളെ നീ എവിടെയാ?” ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അവള്‍ സഹികെട്ടു. “എന്റമ്മോ ഇതൊരു സ്‌കൂട്ടറല്ലേ…അല്ലാതെ ടൈറ്റാനിക്ക് കപ്പലൊന്നുമല്ലല്ലോ..ഇടയ്ക്ക് ഇതില്‍ നിന്ന് എഴുന്നേറ്റ് പോയി നിന്ന്‍ കാഴ്ച കാണാന്‍!. ഞാനിവിടുണ്ടമ്മച്ചീ…” എന്റെ മാനസിക പിരിമുറുക്കങ്ങളൊന്നും ഇവള്‍ അറിയുന്നില്ല. “നീയെന്നെ മുട്ടിയിരിക്ക്”. അവള്‍ രജിത സമ്മാനിച്ച കുട ഓമനിച്ചിരിപ്പാണ്.

എട്ടു മണിയായപ്പോള്‍ വീട്ടില്‍ എത്തിച്ചേര്‍ന്നു. “അമ്മച്ചി എന്താ കൊണ്ട് വന്നത്?” വീട്ടിലിരിക്കുന്ന ആണ്‍കുട്ടികളുടെ ചോദ്യം. ശ്ശോ! രാത്രിയില്‍ എങ്ങനെയെങ്കിലും വീട്ടില്‍ എത്തണമെന്ന ചിന്തയേ
ഉണ്ടായിരുന്നുള്ളൂ..കടയില്‍ കയറി എന്തെങ്കിലും വാങ്ങിക്കാനുള്ള ചിന്തയേ ഉദിച്ചില്ല. ‘ഛെ’ എന്നൊരു ചിന്ത എന്നെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. ഫ്രിഡ്ജിലിരുന്ന മീനെടുത്ത് വറുത്ത് ഉള്ള ചോറും കറിയും വീതം വെച്ച് കൊടുത്ത് ഞാന്‍ ഭക്ഷണം കഴിക്കാതെയങ്ങ് കിടന്നു. പകല്‍ കണ്ട വെള്ളച്ചാട്ടത്തിന്റെ വെള്ളപ്പട്ട് ഹൃദയത്തില്‍ പുതച്ചങ്ങനെ. നേരം വെളുത്തപ്പോ ദേ ഒരാളുണ്ണാതെ മൂടി വെച്ചിരിക്കുന്നു. നല്ല പാതി. ഞാന്‍ ഉണ്ണാതിരിന്നിട്ടോ.. വൈകുന്നേരം വയര്‍ നിറഞ്ഞ് പോയിട്ടോ!. ഓ..അത് എന്തെങ്കിലുമാകട്ടെ.

യാത്ര വിവരണം ഇത്രമാത്രം വിശദമാക്കേണ്ടതില്ലെന്നറിയാം. ഇതെന്റെ കരുതലാണ്. ഓര്‍മ്മകള്‍ മാഞ്ഞു പോകുന്ന വാ൪ദ്ധക്യത്തിലേക്കുള്ളത്…യാത്രകള്‍ അസാദ്ധ്യമാകുന്ന അംഗപരിമിതികളിലേയ്ക്കുള്ളത്.. ഒരുമിച്ച് കൂടാന്‍ കഴിയാത്ത സഹപ്രവ൪ത്തകരുടെ അസാന്നിദ്ധ്യത്തിലേയ്ക്കുള്ളത്…..(ദര്‍ശനവും ശ്രവണവും നഷ്ടപ്പെടില്ലെന്ന വ്യര്‍ത്ഥമോഹത്തില്‍..)

ഇവിടേയ്ക്ക് വീണ്ടുമൊരു യാത്ര പോയാല്‍ കാഴ്ചകള്‍ തികച്ചും വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ ഇതിലും മനോഹരമാകാം. ചിലപ്പോള്‍ തിരിച്ചുമാകാം. കാരണം ഓരോ യാത്രയുടെയും ആസ്വാദനം നമ്മുടെ മാനസീക, ശാരീരികാവസ്ഥകളെയും. സഹായാത്രികരെയും, കാലാവസ്ഥകളെയും, മറ്റു പലതിനേയും അനുസരിച്ച് വ്യതിചലിച്ച് കൊണ്ടേയിരിക്കും. അതുകൊണ്ട് ഈ യാത്ര പോലൊന്ന്‍
ഇത് മാത്രം.

അവസാനിച്ചു

6-2 6-3 6-5 6-6 6-7 6-8 6-9 6-10

Print This Post Print This Post
To toggle between English & Malayalam Press CTRL+g

4 responses to “ഒരു മണ്‍സൂണ്‍ യാത്ര (യാത്രാവിവരണം – 6): നസീമ നസീര്‍”

 1. ഷെബീ says:

  അതിമനോഹരമായി വിവരണം
  ഇത് വായിക്കുന്നവർ അറിയാതെ യാത്ര പോയ ഫീൽ

 2. NazeemaNazeer says:

  ചുളുവില്‍ ഒരു യാത്ര പോയെന്നല്ലേ….

 3. നല്ല വിവരണം
  ചിത്രങ്ങളും കിടിലന്‍

 4. രാധ ബേഡകം says:

  നന്നായി എഴുതി
  പകൽ കണ്ട വെള്ളച്ചാട്ടത്തിന്റെ വെള്ള പട്ടു പുതച്ചു ഇപ്പോഴും കിടക്കാറുണ്ടോ
  ധാരാളം യാത്ര ചെയ്യുന്ന ഒരാളാണ് ഞാനും…എഴുതാനും വായിക്കാനും കഴിയണം.. യാത്ര ചെയ്യാൻ ആരോഗ്യമുണ്ടാവണം..
  കാലിന്റെ വയ്യായ്ക മാറിയോ…
  തേൻ നിറച്ച വാക്കുകളിൽ കാഴ്ച വിങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top