Flash News

ഇനിയും പുനര്‍ജനിക്കുമോ തീമഴയായ് … (കവിത): മാനസി

September 16, 2016

saumya-reducedനേരുകള്‍ കാണാതിരിക്കുവാനോ
നേരിന്റെയുറവിടം മറയ്ക്കുവാനോ
നീതിപീഠങ്ങളേ കണ്ണുകെട്ടി
നേരുകള്‍ കാണാതെപോകരുതേ !

അംഗഭംഗങ്ങള്‍ തന്‍മുറിവ്പോലെ
പെണ്ണിന്റെ മാനവും ചേര്‍ത്ത് വച്ചോ
പെണ്‍കരുത്തുള്‍ക്കരുത്താര്‍ജ്ജിക്കുവാന്‍
പെണ്ണിന്റെ മാനം കടംകൊള്ളണോ…

ദൃക്‌സാക്ഷികള്‍ക്കിന്നു പൊന്‍പണത്തൂക്കം
തെളിവുകള്‍ മാത്രമായ് സാക്ഷിപത്രം
മറഞ്ഞിരുന്നൊളിയമ്പെയ്‌ത്ത്‌ നടത്തുവാന്‍
പുത്തന്‍പണത്തിന്റെ പിന്‍ബലംമാത്രം …..

നേര്‍ക്കാഴ്ച മാത്രമോ സത്യം വിളമ്പുന്നു
ഒളിവിലെ സത്യങ്ങളെത്ര ഭയാനകം
ഇരതേടിപ്പകയാര്‍ന്ന പാമ്പുകള്‍
തേടുന്ന ഇരകളെന്നും ഹത!ഭാഗ്യരായി …

അലയാഴികള്‍ താണ്ടിയെത്തും തിമിംഗലം
അന്നമാക്കുന്നതോ ചെറുമീനുകള്‍
അതിജീവനത്തിന്റെ മത്സര പന്ഥാവില്‍
അതികായനെന്നും വിജയ നേട്ടം ….

നീതിനിഷേധിക്കും സ്ത്രീത്വമറിയുന്നു
ജീവിതത്തിന്റെയതിഭാവുകത്വം
കാമാഗ്നിയില്‍വെന്ത പെണ്ണിന്റെ മാനവും
അവസാനശ്വാസവും ബാഷ്പമായി തീര്‍ന്നുവോ..

ജീവിതത്താളുകള്‍ മാറിമറയുമ്പോള്‍
ജീവിതം ഹോമിച്ച ആണ്‍-പെണ്‍മനസ്സുകള്‍
തീര്‍ക്കുന്ന രോഷാഗ്നിയാളിപ്പടര്‍ത്തുന്ന
തീമഴപ്പെയ്ത്തിലീ ഭൂമിയും വെന്തിടും …

ശിലകളായുറയുന്ന സ്മരണകളില്‍
മൃതസഞ്ജീവനി മന്ത്രമൊന്നോതുമോ
രോഷാഗ്നി പെയ്യുന്ന തീമഴയായി
ഇനിയും നീയൊന്നു പുനര്‍ജനിക്കാന്‍ !

manasi-pic1-reduced

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ഇനിയും പുനര്‍ജനിക്കുമോ തീമഴയായ് … (കവിത): മാനസി”

  1. Yousuf says:

    വളരെ നല്ല വരികള്‍
    God bless you

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top