ന്യൂഡല്‍ഹി: ദലിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ ശക്തമായ മുന്നറിയിപ്പുമായി ഡല്‍ഹിയില്‍ ദലിതരുടെ സ്വാഭിമാന്‍ സംഘര്‍ഷ് റാലി. പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച റാലിയ്ക്ക് ശക്തമായ ജനപിന്തുണയാണ് ലഭിച്ചത്.
ആര്.എസ്.എസിന്റെ സാംസ്കാരിക ദേശീയതയ്ക്കും ഖാപ്പ് പഞ്ചായത്തുകള്‍ക്കും ദുരഭിമാന കൊലപാതകങ്ങള്‍ക്കും എതിരെയാണ് ദലിത് സ്വാഭിമാന്‍ സംഘര്‍ഷ സമിതിയുടെ പ്രതിഷേധം. സംവരണം, ഭൂവിതരണ പദ്ധതിക്കു കീഴില്‍ ദലിതരെക്കൂടി ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഇവര്‍ മുന്നോട്ടുവെക്കുന്നു.
പ്രധാനപ്പെട്ട ആറ് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അണിചേര്‍ന്നത്. ഉന സംഭവത്തിനുശേഷം രാജ്യമെമ്പാടും ഉയര്‍ന്നുവന്ന ദലിത് മുന്നേറ്റത്തിന്റെ ഭാഗമാണ് പ്രതിഷേധം. കാലാകാലങ്ങളായി അടിച്ചമര്‍ത്തല്‍ നേരിടുന്ന ദലിത് വിഭാഗങ്ങള്‍ക്കൊപ്പം അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും അവരുടെ പോരാട്ടങ്ങളോട് ഐക്യപ്പെടുകയും ചെയ്യുന്നവരുടെ സാന്നിധ്യവും റാലിക്ക് ശക്തിപകര്‍ന്നു.
ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ബിഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ റാലികള്‍ സംഘടിപ്പിക്കാന്‍ ദലിത് സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ കീഴിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് സ്വാഭിമാന്‍ റാലിയുടെ പ്രമേയം ചൂണ്ടിക്കാട്ടുന്നു
ഉനയില്‍ ചത്തപശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ നാലു ദലിത് യുവാക്കള്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ സംഭവമാണ് ശക്തമായ ദലിത് മുന്നേറ്റത്തിനു വഴിവെച്ചത്. ഉന സംഭവത്തില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 15ന് ഉനയില്‍ നടന്ന ദലിതരുടെ സ്വാതന്ത്ര്യ പ്രഖ്യാപന റാലിയില്‍ അണിചേര്‍ന്നത് ആയിരങ്ങളാണ്.

Leave a Reply