Flash News

ഐക്യരാഷ്‌ട്ര സഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ചര്‍ച്ചയും ഭീകരവാദവും ഒരുമിച്ച് നടക്കില്ല

September 22, 2016

Prime Minister Nawaz Sharif of Pakistan addresses the United Nations General Assembly in the Manhattan borough of New York, U.S., September 21, 2016. REUTERS/Mike Segar

ന്യൂയോര്‍ക്ക്: പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്ന് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ. അന്താരാഷ്ട്ര ധനസഹായം പോലും പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെലവഴിക്കുന്നുവെന്ന് യുഎന്നില്‍ ഇന്ത്യന്‍ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു. ലോകം ഭീകരരായി മുദ്രകുത്തിയവര്‍ പോലും പാകിസ്താനില്‍ സ്വതന്ത്രരായി നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും ഹിനമായത് ഭീകരവാദമാണ്. അത് ഒരു രാജ്യത്തിന്റെ നയമാകുമ്പോള്‍ യുദ്ധക്കുറ്റമാകുമെന്നും ഈനം ഗംഭീര്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഉപാധികളില്ലാത്ത ഉഭയകക്ഷി ചര്‍ച്ച വേണമെന്ന പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ യുഎന്നിലെ പ്രസംഗത്തിനെയും ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാറിനെയല്ല യുദ്ധസംവിധാനമാണ് അവര്‍ നയിക്കുന്നതെന്നാണ് തോന്നുകയെന്നും തോക്കിന്‍മുനയിലെ ചര്‍ച്ചയാണ് പാകിസ്താന്‍ ആവശ്യപ്പെടുന്നതെന്നും ഇന്ത്യ ആരോപിച്ചു.
ചര്‍ച്ചയും ഭീകരവാദവും ഒരേ സമയം നടക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാടെന്ന് വിദേശകാര്യസഹമന്ത്രി എം ജെ അക്ബര്‍ പറഞ്ഞു.

ഭീഷണിയും പൊങ്ങച്ചവും വസ്തുതകളുടെ പൂര്‍ണമായ നിരാകരണവുമാണ് നവാസ് ശരീഫ് പൊതുസഭയിലെ പ്രസംഗത്തിലൂടെ നടത്തിയതെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ യു.എന്നില്‍ പറഞ്ഞു. കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ചത് സ്വയം കുറ്റാരോപണം നടത്തുന്നതിന് തുല്യമാണ്. യു.എന്‍ പൊതുസഭയില്‍ സ്വയം പ്രഖ്യാപിത ഭീകരവാദിയെ ഒരു രാഷ്ട്രനേതാവ് ശ്ളാഘിക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും അക്ബര്‍ ചൂണ്ടിക്കാട്ടി.

അനാവശ്യ നിബന്ധനകള്‍ വെച്ച് ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തടസ്സം നില്‍ക്കുകയാണെന്ന് നവാസ് ഷരീഫ് വിമര്‍ശനമുന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് എം ജെ അക്ബറിന്റെ മറുപടി. ചര്‍ച്ചയും ഭീകരവാദവും ഒരുമിച്ച് നടക്കില്ല. ചര്‍ച്ച സംബന്ധിച്ച് സ്ഥിരതയുള്ള നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. പക്ഷേ ഭീകരവാദം നയമായി സ്വീകരിക്കുന്ന പാക് സര്‍ക്കാരിന്റെ ബ്ലാക് മെയിലിംഗിന് വഴങ്ങില്ലെന്നും എം ജെ അക്ബര്‍ വ്യക്തമാക്കി.

ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ഒരിക്കലും മുന്‍കയ്യെടുത്തിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വിമര്‍ശിച്ചു. ബുര്‍ഹാന്‍ വാനിയെ ഐക്യരാഷ്ട്രസഭ പോലുള്ള വേദിയില്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പുകഴ്ത്തിയത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്‍െറ അഭാവമുള്ള രാജ്യമാണ് പാകിസ്താനെന്നും അവര്‍ സ്വന്തം ജനതക്കിടയിലും ഭീകരവാദം പ്രയോഗിക്കുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. പുരാതന വിദ്യാകേന്ദ്രമായ തക്ഷശിലയുടെ നാട് ഇന്ന് ഭീകരതയുടെ ‘ഐവി ലീഗ്’ ആയി മാറിയിരിക്കുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായി പേരെടുത്ത ഒരു രാജ്യം മനുഷ്യാവകാശ ലംഘനത്തെപ്പറ്റി സംസാരിക്കുന്നത് വിരോധാഭാസമാണ്. ഇന്ത്യക്കെതിരെ യു.എന്‍ പൊതുസഭയില്‍ ആരോപണമുന്നയിക്കുന്നതിന് തൊട്ടുമുമ്പായി പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തി വിശദീകരണം തേടിയെന്നും കശ്മീരിലെ ഉറിയില്‍ 18 സൈനികരെ ഭീകരര്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഇതെന്നും ഈനാം ഗംഭീര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ജമ്മു-കശ്മിരിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ വികാരമാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പൊതുസഭയില്‍ പ്രകടിപ്പിച്ചതെന്ന് ഇന്ത്യയുടെ പ്രതിനിധിക്കുള്ള മറുപടിയായി പാക് പ്രതിനിധി പറഞ്ഞു. പാകിസ്താന്‍ തുടര്‍ന്നും കശ്മീരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. അവിടത്തെ ജനങ്ങള്‍ക്ക് നയതന്ത്രപരവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും തങ്ങള്‍ നല്‍കുമെന്നും പാക് പ്രതിനിധി കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top