Flash News

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) അദ്ധ്യായം ഒന്‍പത്

September 28, 2016

bandhangal-design-2ഏകദേശം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവള്‍ തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒരു അനുവാദം പോലും ചോദിക്കാതെ…..! ഒരു ഞായറാഴ്ച ചന്ദ്രനും ഞാനും ഗോകുലനും കൂടി  കോണാട്ട് പ്ലേസിലെ റീഗല്‍ തിയ്യേറ്ററില്‍ മോര്‍ണിംഗ് ഷോ കാണാന്‍ പോയതായിരുന്നു. ആഴ്ചയിലൊരിക്കല്‍ മലയാള സിനിമ തിയ്യേറ്ററില്‍ പോയി കാണാന്‍ അക്കാലത്ത് ഭയങ്കര ഉത്സാഹമായിരുന്നു ഞങ്ങള്‍ക്ക്. രാവിലെ 9 മണിക്ക് സിനിമ തുടങ്ങും. ഞങ്ങള്‍ ചെല്ലുമ്പോള്‍ ടിക്കറ്റ് എടുത്ത് എല്ലാവരും കയറാന്‍ തുടങ്ങിയിരുന്നു.

ഞങ്ങള്‍ ടിക്കറ്റെടുത്ത് അകത്തു കയറി. അകത്ത് ടോര്‍ച്ച് ലൈറ്റിന്‍റെ പ്രകാശത്തില്‍ ഞങ്ങളുടെ സീറ്റ് കണ്ടുപിടിച്ചു തരാന്‍ ഒരാള്‍ വന്നു. അയാള്‍ കാണിച്ചു തന്ന സീറ്റുകളില്‍  ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. പടം തുടങ്ങുന്നതിനു മുന്‍പുള്ള പരസ്യങ്ങള്‍ സ്‌ക്രീനില്‍ തെളിയുന്നുണ്ട്. ലൈറ്റ് ഓഫ് ആയിരുന്നതിനാല്‍ അടുത്തിരിക്കുന്നത് ആരാണെന്നുപോലും അറിയാന്‍ കഴിഞ്ഞില്ല. ഏതോ ഫാമിലിയാണെന്നു തോന്നുന്നു. പടം തുടങ്ങി. ഇടയ്ക്ക് സ്‌ക്രീനിലെ പ്രകാശത്തില്‍ താന്‍ കണ്ടു തന്‍റെ അടുത്ത സീറ്റില്‍ ഒരു പെണ്‍കുട്ടിയാണ്. അതിനടുത്ത സീറ്റുകളിലെല്ലാം സ്ത്രീകള്‍. ഏതോ ആശുപത്രിയിലെ നഴ്സുമാരാകാം. താന്‍ മനസ്സില്‍ ഓര്‍ത്തു.

ഇന്‍റര്‍വെല്‍ കഴിഞ്ഞ് ഞങ്ങള്‍ സീറ്റിലേക്ക് മടങ്ങി വന്നപ്പോഴാണ് താന്‍ തൊട്ടടുത്ത സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്. സീറ്റിലിരുന്നയുടനെ തന്നെ നോക്കി അവള്‍ ഒന്നു പുഞ്ചിരിച്ചോ എന്നൊരു സംശയം തോന്നി. താനും ഒന്നു പുഞ്ചിരിച്ചു.

പടം തുടങ്ങി. ഇന്‍റര്‍വെല്‍ കഴിഞ്ഞതിനുശേഷം തന്‍റെ ശ്രദ്ധ സ്‌ക്രീനില്‍ ആയിരുന്നില്ല. അവളുടെ നോട്ടവും പുഞ്ചിരിയും തന്‍റെ മനസ്സിന്‍റെ താളം തെറ്റിക്കുന്നതുപോലെ തോന്നി. പടം തീര്‍ന്നയുടന്‍ എല്ലാവരും പുറത്തേക്കിറങ്ങി. കൂട്ടത്തില്‍ അവളും അവളുടെ കൂട്ടുകാരികളും. ഏതായാലും നഴ്സുമാരാണെന്ന് അവരെ കണ്ടപ്പോള്‍ മനസ്സിലായി. ഇത്രയും നേരം തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്ന ചന്ദ്രനും ഗോകുലനും തന്‍റെ പുറകെ കൂടി.

“പടം എങ്ങനെയുണ്ടായിരുന്നെടാ രവീ..?”

“ങ്‌ആ…തരക്കേടില്ല.. ഇന്റര്‍‌വെല്ലിനു ശേഷമുള്ള രംഗങ്ങളൊന്നും അത്ര പോരാ എന്നു തോന്നി..” – തന്റെ മറുപടി കേട്ട് അവര്‍ രണ്ടുപേരും ചിരിച്ചു.

“അതിന് ഇന്റര്‍‌വെല്ലിനു ശേഷം നീ സ്‌ക്രീനില്‍ പടം കണ്ടില്ലല്ലോ. അടുത്തിരിക്കുന്ന പടമല്ലേ കണ്ടത്..”

ചന്ദ്രന്റെ കമന്റ് കേട്ട് മൂവരും ചിരിച്ചു….

നീ അവളോടു സംസാരിച്ചോ? അവളുടെ പേരെന്താണ്? എവിടെ ജോലി ചെയ്യുന്നു? എന്നെല്ലാമുള്ള കാര്യങ്ങളാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. തന്‍റെ മറുപടിയൊന്നും അവരെ തൃപ്തരാക്കിയില്ല.

ഒരു സിനിമാ തിയ്യേറ്ററില്‍ അടുത്തടുത്ത സീറ്റുകളിലിരുന്നവര്‍ എന്നതൊഴിച്ചാല്‍ തനിക്ക് ആ പെണ്‍കുട്ടിയുമായി എന്തു ബന്ധം? നിസ്സംഗതനായി താന്‍ പറഞ്ഞു. പക്ഷേ, താനതു പറയുമ്പോഴും മനസ്സിലെവിടെയോ മനോഹരമായ ആ മുഖവും ചുണ്ടുകളിലെ പുഞ്ചിരിയും തന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞപോലെ തനിക്ക് തോന്നിയിരുന്നു.

ഓഫീസില്‍ നിന്ന് അധികം ദൂരെയല്ലാത്ത കോണാട്ട് സര്‍ക്കിളിലെ അണ്ടര്‍ഗ്രൗണ്ട് പാലികാ ബസാറില്‍ പിന്നീടൊരു ദിവസം താന്‍ ഒറ്റയ്ക്ക് കറങ്ങി നടക്കുമ്പോഴാണ് യാദൃശ്ചികമായി വീണ്ടും അവളെ കണ്ടുമുട്ടുന്നത്. പെട്ടെന്ന് മുന്‍പില്‍ വന്നുപെട്ടതുപോലെ സഡന്‍ ബ്രേക്കിട്ട് താന്‍ നിന്നു. കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അല്പനേരത്തേക്ക് കണ്ണിമ ചിമ്മാതെ താന്‍ അവളെത്തന്നെ നോക്കി നിന്നു. ഒരു കടയുടെ മുന്‍പില്‍ നിന്ന് അവിടെ തൂക്കിയിട്ടിരിക്കുന്ന ചൂരിദാറുകളുടെ ഭംഗി നോക്കുകയായിരുന്നു അവള്‍. തന്നെ കണ്ടിട്ടില്ല. എന്തു ചെയ്യണമെന്ന ചിന്ത തന്നെ വല്ലാതെ അലട്ടി. നേരെ ചെന്ന് പരിചയപ്പെടണോ അതോ ഒന്നുമറിയാത്തപോലെ അടുത്തു ചെന്നു നിന്ന് ചിരിച്ചു കാണിച്ച് പേര് ചോദിക്കണോ? ഛേ….അത് ഒരു മൂന്നാം തരം പരിപാടിയാണ്. ഏതാനും വാര അകലെ നിന്ന് താന്‍ അവളെ നിരീക്ഷിച്ചു. കടയില്‍ കയറിച്ചെന്ന് വല്ലതും വാങ്ങാമെന്നു വെച്ചാല്‍ അത് ലേഡീസ് ഐറ്റംസ് വില്‍ക്കുന്ന കടയാണ്. അപ്പോള്‍ പിന്നെ എന്തു ചെയ്യും. താന്‍ ആലോചിച്ചു നില്‍ക്കുമ്പോഴാണ് അവള്‍ തിരിഞ്ഞതും തന്നെ കണ്ടതും…!

തന്‍റെ പരുങ്ങല്‍ കണ്ടിട്ടാകണം അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. അതേ പുഞ്ചിരി….! നുണക്കുഴികള്‍ തെളിഞ്ഞു കാണാവുന്ന പുഞ്ചിരി. എന്തു ചെയ്യണമെന്നറിയാതെ താന്‍ സ്തബ്ധനായി നിന്നു. ഇങ്ങനെ നിന്നാല്‍ തന്‍റെ കാര്യം പോക്കാണെന്ന് തോന്നി. ഏതായാലും നനച്ചിറങ്ങി. എന്നാല്‍ കുളിച്ചിട്ടു കയറാം എന്ന് മനസ്സില്‍ തോന്നി.

അടുത്തു ചെന്ന് ഒരു ‘ഹലോ’ പറഞ്ഞു. അവളും തിരിച്ച് ‘ഹലോ’ പറഞ്ഞു. ഇനിയെന്തു പറയും? താന്‍ ആലോചിച്ചു. പേര് ചോദിച്ചാലോ? അതുവേണ്ട.

“ഇവിടെ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലാണോ ജോലി?”

തന്‍റെ ചോദ്യം കേട്ട് കൈകൊണ്ട് വാ പൊത്തി അവള്‍ നിന്നു ചിരിച്ചു. താന്‍ മണ്ടത്തരം വല്ലതും പറഞ്ഞോ എന്നു സംശയിച്ചു.

“ആരു പറഞ്ഞു ഞാന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നു എന്ന്?” അവള്‍ വീണ്ടും എന്നെ കുഴക്കി.

“അല്ല, ഞാന്‍ കരുതി….അന്ന്…തിയ്യേറ്ററില്‍….സിനിമ……..” വിക്കി വിക്കി അത്രയും പറഞ്ഞൊപ്പിച്ചു.

അവള്‍ വീണ്ടും ചിരിച്ചു.

“ഓ…അതോ…അത് ഞാന്‍ എന്‍റെ ചേച്ചിയുടേയും കൂട്ടുകാരികളുടെയും കൂടെ വന്നതല്ലേ? എനിക്ക് ജോലിയൊന്നും ആയിട്ടില്ല. ബി.എസ്.എന്‍. ചെയ്യുകയാണ്. ഇവിടെ ചേച്ചിയുടെ കൂടെയാ താമസം.”

അവള്‍ അത്രയും പറഞ്ഞപ്പോഴാണ് തന്‍റെ ശ്വാസം നേരെ വീണത്. ഹാവൂ….രക്ഷപ്പെട്ടു.

“ഇവിടെ അടുത്താണോ ജോലി?” അവള്‍ തന്നോടു ചോദിച്ചു.

“അതെ,” അന്‍സല്‍ ഭവനിലാണ് ഓഫീസ്… താന്‍ ഓഫീസിന്‍റെ പേരു പറഞ്ഞു കൊടുത്തു.

“അയ്യോ, എന്‍റെ പേര് പറഞ്ഞില്ല. ഞാന്‍ രവികുമാര്‍. ഇവിടെ വന്നിട്ട് ആറേഴു വര്‍ഷമായി.” തന്‍റെ പേര് പറഞ്ഞ കൂട്ടത്തില്‍ അവളുടെ പേരും ചോദിക്കാന്‍ മറന്നില്ല.

“എന്‍റെ പേര് ലിസാമ്മ. ലിസി എന്ന് എല്ലാവരും വിളിക്കും.”

“ലിസി നല്ല പേരല്ലേ?” തന്‍റെ അഭിപ്രായം അവള്‍ ശരിവെക്കുന്നതുപോലെ ചിരിച്ചു.

“ലിസി ഒറ്റയ്ക്കാണോ വന്നത്. ചേച്ചി കൂടെ വന്നില്ലേ?”

“ഇല്ല, ചേച്ചിയ്ക്ക് ഈവനിംഗ് ഷിഫ്റ്റാണ്. രാം മനോഹര്‍ ലോഹ്യ ആശുപ്രത്രിയിലാണ്. റൂമിലിരുന്ന് ബോറടിച്ചപ്പോള്‍ ഇവിടെ വന്നതാണ്. പെട്ടെന്ന് തിരിച്ചു പോകണം.”

അത്രയും പറഞ്ഞ് അവള്‍ പോകാന്‍ ധൃതി കൂട്ടി. പാലികാ ബസാറില്‍ നിന്ന് പുറത്തു കടന്ന് രണ്ടുപേരും പാര്‍ക്കിലൂടെ അല്പദൂരം നടന്നു. അതിനിടയില്‍ പല കാര്യങ്ങളും ചോദിച്ചറിഞ്ഞു.

“ഇനി എപ്പോഴാ കാണുന്നത്?” ആകാംക്ഷ നിറഞ്ഞ തന്‍റെ ചോദ്യത്തിന് അവള്‍ ചിരിച്ചു.

“ഞാന്‍ ഇടക്കിടെ ഇവിടെ വരാറുണ്ട്. എപ്പോഴെങ്കിലും വീണ്ടും കാണാം.”

“കൈയില്‍ പേനയുണ്ടോ? ഉണ്ടെങ്കില്‍ എന്‍റെ ഫോണ്‍ നമ്പര്‍ എഴുതിയെടുത്തോളൂ.”

തനിക്ക് എങ്ങനെ അതു പറയാന്‍ തോന്നിയെന്നറിയില്ല. പെട്ടെന്നു തന്നെ അവള്‍ ഹാന്‍റ് ബാഗില്‍ നിന്ന് ഒരു ചെറിയ ബുക്കും പേനയുമെടുത്തു തന്‍റെ ഫോണ്‍ നമ്പര്‍ എഴുതിയെടുത്തു. നടക്കുന്നതിനിടയില്‍ എന്തൊക്കെയോ പറഞ്ഞു. കടിഞ്ഞാണ്‍ വിട്ട കുതിരയെപ്പോലെ തന്റെ മനസ്സ് എങ്ങോട്ടൊക്കെയോ പാഞ്ഞു.

“എങ്കില്‍പിന്നെ ഞാന്‍ പോകട്ടേ.” അവളുടെ ചോദ്യത്തിന് ‘എന്നാല്‍ ശരി വീണ്ടും കാണാം’ എന്ന വാക്കുകളില്‍ ഒതുക്കി താന്‍ തിരിഞ്ഞു നടന്നു.

എന്തോ കൈവിട്ടുപോയ പ്രതീതിയായിരുന്നു അപ്പോള്‍.  മനോഹരമായി തന്‍റെ നേരെ ചിരിച്ചു തലയാട്ടി അവള്‍ നടന്നകന്നു.

തൊടിയില്‍ പൂച്ചകള്‍ കടിപിടി കൂടുന്ന ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.

(………തുടരും)

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) അദ്ധ്യായം എട്ട്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top