Flash News

സി.പി.എമ്മിന് 43 രക്തസാക്ഷികളും ബി.ജെ.പിക്ക് 42 രക്തസാക്ഷികളും; കണ്ണൂര്‍ വീണ്ടും കുരുതിക്കളമാകുന്നു

October 13, 2016

blood-murder-crime-jpg-image-975-568കണ്ണൂര്‍: ‘പാടത്ത് പണിക്ക് വരമ്പത്ത് കൂലി’ എന്ന ആഹ്വാനത്തിന് ഇത്ര വേഗം സ്വന്തം അണികള്‍ മറുപടി നല്‍കുമെന്ന് ആ ആഹ്വാനം നടത്തിയ സി.പി.എം നേതാവുപോലും കരുതിയിരിക്കില്ല. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന മട്ടില്‍ കണ്ണൂരിന്‍െറ രാഷ്ട്രീയം വീണ്ടും ചോരയില്‍ കുതിരുകയാണ്. ഒരുപക്ഷേ പിണറായി വിജയനുപോലും നിയന്ത്രിക്കാന്‍ കഴിയാത്തവണ്ണം പാര്‍ട്ടി തീറ്റിപ്പോറ്റിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയിലെ ചാവേറുകള്‍ കൊലക്കത്തിയുമായി പാഞ്ഞുനടക്കുകയാണ്.

25 വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ നടന്നത് 106 രാഷ്ട്രീയ കൊലപാതകങ്ങളാണ്. സി.പി.എമ്മിന് 43 രക്തസാക്ഷികളും ബി.ജെ.പിക്ക് 42 രക്തസാക്ഷികളുമുണ്ടായി. ആറു മാസത്തിനിടയില്‍ 350 ലധികം രാഷ്ട്രീയ അക്രമ കേസുകളാണ് ജില്ലയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഈ വര്‍ഷം ഇതുവരെ നടന്ന കൊലപാതകങ്ങളുടെ എണ്ണം എട്ടായി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനെതുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും കൊല നിയന്ത്രിക്കാനാകുന്നില്ല. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ കുഴിച്ചാലില്‍ മോഹനനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. വെട്ടി തുണ്ടം തുണ്ടമാക്കുകയായിരുന്നു. ഇതേമട്ടിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രമിത്തിനെയും കൊന്നത്. മുഖത്തും ശരീരമാസകലവും അതിക്രൂരമായി വെട്ടിപ്പിളര്‍ന്നിരുന്നു.

സി.പി.എമ്മിന്‍െറ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടുപോലും അക്രമികളായ അണികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. തങ്ങള്‍ക്ക് ഭരണത്തിന്‍െറ സമാശ്വാസം കിട്ടുമെന്ന പ്രതീക്ഷയുമുണ്ട് ഇവര്‍ക്ക്. പാര്‍ട്ടിക്കാകട്ടെ, ഇത്തരം അക്രമാസക്തരായ പ്രവര്‍ത്തകരെ തള്ളിപ്പറയാനും കഴിയില്ല.

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന് വരുത്താന്‍ ബി.ജെ.പിക്ക് ഗൂഢലക്ഷ്യം -സി.പി.എം

തിരുവനന്തപുരം: കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്‍െറ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രിയും ബി.ജെ.പി ദേശീയ പ്രസിഡന്‍റും ‘മാര്‍ക്സിസ്റ്റ് അക്രമ മുറവിളി’ ഉയര്‍ത്തിയിരുന്നു. ഇവരുടെ ആഹ്വാനം ചെവിക്കൊണ്ടാണ് ആര്‍.എസ്.എസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്.

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന് വരുത്താനുള്ള നീക്കമാണിത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് സി.പി.എം പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്.

ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന ആക്രമണത്തിന് മൗനപിന്തുണ നല്‍കുകയാണ് കോണ്‍ഗ്രസും യു.ഡി.എഫും. അതിനാലാണ് മോഹനനെ കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് തയാറാവാത്തതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള സി.പി.എം ശ്രമം പൊറുപ്പിക്കില്ലെന്ന് ആര്‍.എസ്.എസ്

കോഴിക്കോട്: സി.പി.എമ്മിന്‍െറ കൊലപാതക രാഷ്ട്രീയം എല്ലാ അതിരുകളും കടന്നിരിക്കുകയാണെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. പിണറായിയില്‍ രമിത്ത് എന്ന 19 വയസ്സുകാരനെ കൊലക്കത്തിക്കിരയാക്കിയിരിക്കുകയാണ്. രമിത്തിന്‍െറ പിതാവ് ഉത്തമനെ നേരത്തെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയിരുന്നു. ഒരു കുടുംബത്തെതന്നെ ഇല്ലാതാക്കുകയാണ് സി.പി.എം ചെയ്തത്.

മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്തുതന്നെയാണ് ഇപ്പോള്‍ കൊലപാതകം നടന്നിരിക്കുന്നത്. അധികാരശക്തി ഉപയോഗിച്ച് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള സി.പി.എം ശ്രമത്തെ വകവെച്ചുകൊടുക്കാന്‍ തയാറല്ളെന്ന് നേതൃത്വം മനസ്സിലാക്കണം.

സി.പി.എം നേതാക്കളുടെ കുടുംബക്കാര്‍ക്ക് അധികാരം വീതംവെച്ചു നല്‍കുകയും മറ്റു സംഘടനകളിലുള്ളവരെ കുടുംബത്തോടെ ഇല്ലാതാക്കുകയും ചെയ്യുകയാണ്. തങ്ങളുടെ പാര്‍ട്ടിക്കുള്ളിലെ കടുത്ത ഗ്രൂപ് വൈരം മറച്ചുവെക്കാനും നേതൃത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പ് ഇല്ലാതാക്കാനുമാണ് സി.പി.എം കൊലപാതക പരമ്പരകള്‍ സൃഷ്ടിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തെ പരസ്യമായി പിന്തുണക്കുന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് കേരളത്തെ ഈ നിലയിലത്തെിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top