Flash News

പാര്‍ട്ടിയില്‍ എല്ലാവരും കൈവിട്ടു; ജയരാജന്‍ ഒറ്റക്കായി, ഒടുവില്‍ ഗത്യന്തരമില്ലാതെ പുറത്തേക്ക്

October 14, 2016

pinarayi-and-jayarajanതിരുവനന്തപുരം: ഇ.പി. ജയരാജന് സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരുടെ കൂടി പിന്തുണ ലഭിച്ചില്ല. മാത്രമല്ല, ഡോ. തോമസ് ഐസക് അടക്കമുള്ളവര്‍ ജയരാജന്‍ രാജി വക്കണമെന്ന് ആവശ്യപ്പെടുകയൂം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍െറയും സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍െറയും ശക്തമായ നിലപാടുകൂടിയായതോടെ ജയരാജനുമുന്നില്‍ എല്ലാ വഴിയും അടഞ്ഞു. ഇതോടെ ഭരണത്തിലേറി നാലരമാസത്തിനുള്ളില്‍ മന്ത്രിസഭയില്‍ നിന്നുള്ള ആദ്യരാജി ഉണ്ടായിരിക്കുകയാണ്.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെതിരെ സംഘടനാപരമായി എന്ത് നടപടി വേണമെന്ന് അടുത്ത കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രാജിക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ‘ഏറ്റവും അടുത്ത ബന്ധുവിനെ സ്വന്തം വകുപ്പില്‍ നിയമിച്ചത് തെറ്റാണെന്ന് ജയരാജന്‍ തുറന്നു സമ്മതിച്ചു. തനിക്ക് പറ്റിയ തെറ്റ് പാര്‍ട്ടിയുടെയും സര്‍ക്കാറിന്‍െറയും പ്രതിച്ഛായ മോശമാക്കി. പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനും മറ്റ് പാര്‍ട്ടികളിലും മുന്‍കാല സര്‍ക്കാറുകളിലുംനിന്ന് വ്യത്യസ്തമാണ് പിണറായി വിജയന്‍ സര്‍ക്കാറെന്ന കാര്യം തെളിയിക്കാനും രാജിക്ക് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു’; കോടിയേരി വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളുടെ മക്കളെയും നിയമിക്കാനുള്ള ശ്രമമാണ് ജയരാജന്‍െറ രാജിക്ക് വഴിയൊരുക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് നല്‍കിയ പരസ്യത്തില്‍ വിദ്യാഭ്യാസ യോഗ്യതയായി നല്‍കിയിരുന്നത് എന്‍ജിനീയറിംഗോ ബിസിനസ് അഡ്മിനിസ്ട്രേഷനിലെ ബിരുദാനന്തര ബിരുദമോ ആണ്. അപേക്ഷകര്‍ 45നും 55നും ഇടക്ക് പ്രായമുള്ളവരായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് ഭാര്യാസഹോദരിയായ പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇയുടെ തലപ്പത്ത് കൊണ്ടുവന്നത്. കെ.എസ്.ഐ.ഇയില്‍ ഇദ്ദേഹം സമര്‍പ്പിച്ച ബയോഡാറ്റ പ്രകാരം അദ്ദേഹത്തിന് പ്രായം 42. വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയമനം നടത്താന്‍ ഓണ്‍ലൈന്‍ വഴി റിയാബ് അപേക്ഷ ക്ഷണിക്കുകയും ഇതിന്‍െറ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് സുധീര്‍ നമ്പ്യാരെയും കേരള ക്ളേ സെറാമിക്സിന്‍െറ ജനറല്‍ മാനേജറായി മന്ത്രിയുടെ സഹോദരന്‍െറ മകന്‍െറ ഭാര്യ ദീപ്തി നിഷാദിനെയും നിയമിച്ചത്.

ബന്ധുനിയമനങ്ങളെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് തന്‍െറ ബന്ധുക്കള്‍ പലയിടത്തും കാണുമെന്നായിരുന്നു ജയരാജന്‍ ആദ്യം പ്രതികരിച്ചത്. തുടര്‍ന്ന് ഇ.കെ. നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് എം.ഡിയായും ആനത്തലവട്ടം ആനന്ദന്‍െറ മകന്‍ ജീവന്‍ ആനന്ദിനെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായും കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്ര ജി.എം ആയും നിയമിച്ചതായുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിയമിക്കുമ്പോള്‍ ആ ഫയല്‍ മുഖ്യമന്ത്രി കാണണമെന്നാണ് കീഴ്‌വഴക്കം. എന്നാല്‍, സുധീര്‍ നമ്പ്യാരുടേതടക്കം ഒട്ടുമുക്കാല്‍ നിയമനങ്ങളും മുഖ്യമന്ത്രി അറിഞ്ഞില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top