Flash News

ഫൊക്കാന: ഒരു മത്സരത്തിന്റെ പാഠഭേദങ്ങള്‍

October 18, 2016

fokana-sizeഫൊക്കാനയുടെ പത്തൊമ്പതാം കണ്‍വന്‍ഷനില്‍ അലസിപ്പിരിഞ്ഞ ജനറല്‍ ബോഡി യോഗം ഫിലഡല്‍ഫിയയില്‍ വീണ്ടും കൂടിയപ്പോള്‍ ഏവര്‍ക്കും ആശങ്കയും ആകുലതകളും ആയിരുന്നു. കാരണം, രണ്ടു മത്സരാര്‍ത്ഥികളും മറ്റു നേതാക്കളും തമ്മിലുള്ള അനുരഞ്ജനശ്രമങ്ങള്‍ ഫലപ്രദമാകാത്ത മട്ടിലായിരുന്നു, തിരഞ്ഞെടുപ്പു ദിവസം വരെ. സാന്ദര്‍ഭികമായി പറയട്ടെ ശ്രീ. മാധവന്‍ നായര്‍ എന്നെ വോട്ടിനായി സമീപിച്ചപ്പോള്‍, നിലനിന്നിരുന്ന ചുറ്റുപാടില്‍ ഒരു മത്സരം ഒഴിവാക്കിക്കൂടെ എന്ന് ആരാഞ്ഞിരുന്നു. രണ്ടായിരത്തി ആറില്‍ ഫ്‌ളോറിഡയില്‍ സംഭവിച്ചതുപോലുള്ള ഒരു പിളര്‍പ്പ് വീണ്ടും സംഭവിക്കുമോ എന്നുവരെ പലര്‍ക്കും സന്ദേഹമുണ്ടായിരുന്നു. ഒക്ടോബര്‍ പതിനഞ്ചാം തിയ്യതി ഏകദേശം 11:40 രാവിലെ തുടങ്ങിയ 126 സമ്മതിദായകരുടെ യോഗം ഒരു ദുര്യോഗവും ദുര്‍യോഗവും ആയി കലാശിക്കുമായിരുന്നു. ആത്മസംയമനവും നിയന്ത്രണവും നശിച്ച ഒട്ടേറെ ഫൊക്കാന നേതാക്കളുടെ പോരാട്ടം കോഴിപ്പോരിനെപോലും ഉശിരില്‍ വെല്ലുന്നതായിരുന്നു. അമേരിക്കക്കാരായ സെക്യുരിറ്റി ഗാര്‍ഡുമാരെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് ഡെലിഗേറ്റ്‌സിന് അവിടെ കാണാന്‍ കഴിഞ്ഞത്. സെക്യൂരിറ്റി ഗാര്‍ഡുമാരുടെ നിരന്തര ഇടപെടലുകളുണ്ടായിട്ടും വേലായുധന്മാര്‍ അടങ്ങുന്ന മട്ടില്ലായിരുന്നു. അഹോ, കഷ്ടം ! എന്നല്ലാതെ എന്തു പറയാന്‍.

nandakumar1അങ്ങനെ, രംഗം ചൂടു പിടിച്ചിരിക്കുന്ന സമയത്താണ് എല്ലാവരേയും അതിശയിപ്പിക്കുമാറ് പ്രസിഡന്റ് സ്ഥാനത്തിനുള്ള മത്സരത്തില്‍ നിന്നു പിന്മാറുന്നുവെന്ന ശ്രീ മാധവന്‍ നായരുടെ പ്രസ്താവന ഉണ്ടായത്. ഈ പ്രവര്‍ത്തിയിലൂടെ യഥാര്‍ത്ഥ വിജയി താന്‍ തന്നെ എന്ന് ശ്രീ മാധവന്‍ നായര്‍ തെളിയിച്ചു. അദ്ദേഹത്തിന്റെ മനോധര്‍മ്മം പ്രശംസനീയമാണ്; അനുമോദനാര്‍ഹമാണ്. വിശിഷ്യ, അനുകരണീയവും. ഒരുപക്ഷെ, ജയിച്ചേക്കാമായിരുന്ന ഒരു മത്സരത്തില്‍ നിന്ന് പിന്മാറുക എന്ന കര്‍ത്തവ്യം ഒരു സംഘടനയുടെ ഭാവിയെ ലാക്കാക്കുന്ന ഒരു നല്ല മനസ്സിനേ സാധിക്കു. പ്രത്യേകിച്ചും മിക്കവര്‍ക്കും അധികാരസ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങി നില്‍ക്കാനാണല്ലോ ദുരയും, ത്വരയും. ആവേശത്തിമരത്തില്‍ ഒരു ഭാരവാഹി എന്താണു പറയുന്നത് എന്നാലോചിക്കാതെ, ശ്രീ മാധവന്‍ നായരെ രണ്ടായിരത്തി പതിനെട്ടിലെ പ്രസിഡന്റായി അവരോധിക്കാനുള്ള നിര്‍ദ്ദേശം പോലും മുമ്പോട്ട് വച്ചത് ഡെലിഗേറ്റുകളെ അമ്പരപ്പിച്ചുകളഞ്ഞു.

അടുത്ത രണ്ടു കൊല്ലത്തേക്ക് ഫൊക്കാന എന്ന മഹാപ്രസ്ഥാനത്തെ സേവിക്കാന്‍ അവസരം കിട്ടിയ നേതൃനിര സ്വാര്‍ത്ഥതാല്പര്യത്തിന് സംഘടനയെ ഉപയോഗിക്കാതെ, വടക്കന്‍ അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കട്ടെ. കേരളത്തില്‍ കണ്‍വന്‍ഷനുകള്‍ നടത്തലും സ്റ്റേജില്‍ തള്ളിക്കേറി, തിക്കിത്തിരക്കി മന്ത്രിമാരോടൊപ്പം ഫോട്ടോ എടുക്കലും കണ്‍വന്‍ഷനുകളില്‍ താര നിരകകളേയും, രാഷ്ട്രീയക്കാരേയും അണിനിരത്തി പൊതുമുതല്‍ ധൂര്‍ത്തടിക്കലുമല്ല ഫൊക്കാനയെ പരിപോഷിപ്പിക്കുന്നതെന്ന ഭൂതോദയം ഈ നേതൃനിരക്കെങ്കിലും ഉണ്ടാകട്ടെ എന്നും ആഗ്രഹിച്ചുപോകുന്നു.

മത്സരത്തില്‍ തോറ്റവരേയോ പിന്മാറിയവരേയോ, സാധാരണമട്ടില്‍ കൂടെ നിന്നവര്‍പോലും സ്മരിക്കുക പതിവില്ലാത്തതിനാലാണ് ഈ കുറിപ്പെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. ശ്രീ മാധവന്‍ നായര്‍ കാണിച്ച ഈ സന്മനസ്സിനു ഫൊക്കാനയുടെ ഒരു ശുഭകാംക്ഷി എന്ന നിലയില്‍ പ്രണാമം അര്‍പ്പിക്കട്ടെ. ഫൊക്കാനയുടെ അഭിവൃദ്ധി കാംക്ഷിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top