Flash News

“ദൈവവും മനുഷ്യനും” (ലേഖനം)

October 21, 2016

daivavum-manushyanum-sizeസത്യങ്ങള്‍ ലളിതമാണ്. അവയെ വികൃതമാക്കുന്നത് മത-മൂത്താശാരിമാരാണ്. ദൈവം തന്റെ സ്വന്തം ച്ഛായയിലും രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നത് മനുഷ്യമനസ്സിന്റെ അഹന്തയില്‍ കുരുത്ത ‘ദിവ്യ'(പടു) ചിന്തയാണ്. കാരണം, ദൈവത്തിന്റെ ച്ഛായയും രൂപവും മറ്റെന്തിനെങ്കിലും അതിനോടുള്ള സാദൃശ്യവും എന്താണെന്ന് ഒരുവിധത്തിലും അറിയാന്‍ കെല്പില്ലാത്തെ ഒരു കൃമിയാണ് ഇങ്ങനെ മാനസ്സികഭോഗം നടത്തുന്നത്. എത്ര സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇതെല്ലാം ‘വേദ’പുസ്തകത്തില്‍ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞാലും ഓക്കത്തരം സത്യമാവില്ല.

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമല്ല എന്നുള്ള വാദം ശരിയാകാന്‍ പോകുന്നില്ല. പ്രപഞ്ചത്തിന്റെ അനന്തതകളിലെവിടെയോ ഇരുന്ന് നമ്മുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഒരസാധാരണ ശക്തി എന്ന് ദൈവത്തെപ്പറ്റിയുള്ള പൊതുകാഴ്ചപ്പാടിനെ വിലയിരുത്തുമ്പോള്‍ അതില്‍ പ്രപഞ്ചസൃഷ്ടിയും ഉൾപ്പെടും. ആ ദൈവത്തിന് പല രാജ്യങ്ങളിലും പല മതങ്ങളിലും പല നാമങ്ങളാണ്, പല ഭാവങ്ങളാണ്. എന്നിരുന്നാലും പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന കാര്യത്തില്‍ ഭൂരിപക്ഷത്തിനും സംശയമില്ല. പക്ഷേ, പ്രപഞ്ചസൃഷ്ടിയുടെ ലക്ഷ്യം മനുഷ്യമനസ്സിന് ഉള്‍ക്കൊള്ളാനാകുമോ എന്നത് എന്നും സംശയാസ്പദമാണ്. അവനെ വളര്‍ത്തുന്ന പ്രകൃതിയില്‍ മനുഷ്യന്‍ മാത്രം കാട്ടിക്കൂട്ടുന്ന വികൃതികള്‍ ശ്രദ്ധിക്കുമ്പോള്‍, ദൈവത്തിന് ഈ വര്‍ഗത്തിനുമേൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടോയെന്നു ചോദിക്കേണ്ടിവരുന്നു. ദൈവവും മനുഷ്യനും തമ്മില്‍ എന്തെങ്കിലും ബന്ധം വേണോ വേണ്ടയോ എന്നത് നമ്മള്‍ തന്നെ തീരുമാനിക്കേണ്ടിവരുന്നു. ആ തീരുമാനത്തെ അനുസരിച്ചിരിക്കും അവന്റെ ഈ ലോകത്തിലെ സന്തുഷ്ടി. ബുദ്ധചിന്തയൊഴിച്ചുള്ള (അതൊരു മതമല്ല) എല്ലാ മതങ്ങളും പരലോകത്തെപ്പറ്റി പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്നുണ്ടെങ്കിലും ഇതിനപ്പുറത്തുള്ള ഒരു ലോകത്തെ തത്ക്കാലം മറക്കുന്നതാണ് സന്തുഷ്ടമായ ജീവിതത്തിന് ഏറ്റവും ഉതകിയ വഴിത്താര. മറിച്ചുള്ളത് വെറും ജലരേഖയായി കലാശിക്കും.”

ദൈവവും പ്രപഞ്ചവും നാമും
മുകളിലത്തെ കുറിപ്പ് എഴുതിയിട്ട് ഇന്ന് (21.10. 2016) കൃത്യം ഒരു വര്‍ഷമാകുന്നു. ചിന്ത വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനാല്‍ ഇതിനോട് പലതും ചേർത്തെഴുതേണ്ടതുണ്ട് എന്ന ആഗ്രഹം കലാശാലാണ്. ദൈവമെന്താണെന്നും ലോകമെന്താണെന്നും ഒരിക്കല്‍ നമുക്ക് തോന്നുന്നത് – ആ തോന്നല്‍ എത്രകാലം നീണ്ടുനിന്നാലും – വീണ്ടും വീണ്ടും തിരുത്തേണ്ടിവരുന്നു. അവ്യക്തമായത് കൂടുതല്‍ വ്യക്തമായിത്തീരുന്ന ആ പ്രക്രിയയാണ് നമ്മെ മനുഷ്യരാക്കുന്നത്. ഈ മാനസിക പ്രക്രിയയിൽ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടില്‍നിന്ന് അതൊരു ആന്തരികതയാണെന്ന സത്യം തെളിഞ്ഞുവരും.

നമ്മള്‍, നമ്മുടെ ലോകം, ഈ പ്രപഞ്ചം തന്നെ എന്താണെന്ന് നമുക്ക് തോന്നുന്നുവോ അതല്ല അത് എന്ന യാഥാർഥ്യത്തിലേക്കാണ് ആധുനികമായ ശാസ്ത്രീയാന്വേഷണങ്ങള്‍ നമ്മെ കൊണ്ടുചെന്നിരിക്കുന്നത്. അണു ഒരു വസ്തുവേയല്ല, മറിച്ച്, ശൂന്യതയാണ് എന്നാണ് ക്വാണ്ടം ഭൗതികത്തിന്റെ കണ്ടെത്തല്‍. എല്ലാം നിർമ്മിക്കപ്പെട്ടിരിക്കുന്നത് അണുക്കളും അവയുടെ ഉപകണങ്ങളും കൊണ്ടാണെങ്കില്‍ നമ്മള്‍ ‘കാണുന്ന’ പ്രപഞ്ചം ഒരു നിഗൂഢത തന്നെയാണ്. നിരന്തരം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതാണ് നമ്മുടെ പ്രപഞ്ചം. പരമമായ സത്യം ചിത്ത് ആണെന്നാണ് ഭാരതത്തിന്റെ തനതായ ഉപനിഷത് സംസ്‌കൃതിയില്‍ നമ്മള്‍ കേട്ട് ശീലിച്ചിട്ടുള്ളത്. ആ ചിത്താകട്ടെ, സര്‍വവ്യാപകവും സര്‍വാന്തര്യാമിയുമായ, നമുക്ക് നേരിട്ട് ഗോചരമല്ലാത്ത, ബോധമാണ്. “രൂപം കാണുമ്പോള്‍, കാണുന്നവന്‍ കണ്ണാണ്; കണ്ണിനെ കാണുന്നവന്‍ മനസ്സാണ്; മനസ്സിലെ രൂപാന്തരങ്ങളെ കാണുന്നവന്‍ അനശ്വര സാക്ഷിയായ ആത്മാവാണ്. ആത്മാവാകട്ടെ, കാണുന്നവനാണ്, കാണപ്പെടുന്നവനാകില്ല.” (ദൃക് ദൃശ്യവിവേകം)

ഓര്‍ത്തിരിക്കുക: വേദാന്ത തത്ത്വചിന്തയില്‍ ആത്മാവ്, പരമാത്മാവ്, ബോധം എന്നീ പദങ്ങള്‍ക്ക് ഒരേ അർത്ഥമാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. ആത്മാവായി ശരീരത്തെ വഹിക്കുന്നതും, പരമാത്മാവായി പ്രപഞ്ചത്തെ വഹിക്കുന്നതുമായ ഈ ഭാവത്തെയാണ് ഭാരതചിന്തയില്‍ ബ്രഹ്മമെന്ന് വിളിക്കുന്നത്. (ശരീരത്തില്‍ ആത്മാവ് കുടികൊള്ളുന്നു; പ്രപഞ്ചത്തില്‍ പരമാത്മാവ് വസിക്കുന്നു എന്ന ചിന്തകള്‍ തലതിരിഞ്ഞതാണ്. അവയെ നേരേ തിരിച്ചിടേണ്ടതുണ്ട്.)

ദൃശ്യമായ എന്തിന്റെയും പിന്നില്‍ അനിവാര്യമായി നിലനിൽക്കുന്ന അദൃശ്യമായതിനെ അംഗീകരിക്കാന്‍ ഭൗതികചിന്തക്ക് സാദ്ധ്യമല്ല. മതങ്ങളും ആ വഴിയിലൂടെ സഞ്ചരിച്ചതിന്റെ ഫലമാണ് ദൈവത്തെ നമുക്ക് വെളിയിലുള്ള ഒരു ശക്തിയായി കരുതാനും ആരാധിക്കാനും ഇടയാക്കിയെന്നത്. ശരിയായ ആദ്ധ്യാത്മികതയുടെ പാതയിലേക്കെത്തണമെങ്കില്‍ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടില്‍നിന്നും അതൊരു ആന്തരികബോധമാണെന്ന അറിവിലേക്കും അനുഭവത്തിലേക്കും നമുക്ക് മാറാന്‍ കഴിയണം. ബാഹ്യമായ എല്ലാ മതാനുഷ്ഠാനങ്ങളും വാച്യമായ പ്രാര്‍ഥനാബാഹുല്യവും ഈ അറിവിന്റെ അഭാവംമൂലം വളർന്നുവന്നവയാണ്. ആന്തരികമായ ആത്മാന്വേഷണം ഇന്നത്തെ രീതിയിലുള്ള മതപരമായ എല്ലാ മദ്ധ്യവര്‍ത്തികളുടെയും ആവശ്യം ഇല്ലാതാക്കും; അവയെ തീർത്തും അസ്സാധുവാക്കും. നമ്മുടെയും ഈ ലോകത്തിന്റെയും ഉപരിതലത്തില്‍ സ്ഥാനീയനായ ദൈവം എന്ന സങ്കല്പം (സ്വര്‍ഗ്ഗസ്ഥനായ പിതാവ്) പഴകിപ്പോയ മതചിന്തയുടെ സൃഷ്ടിയാണ്. ഇന്നത്തെ നമ്മുടെ മനസ്സിന് യോജിച്ചത്, നിരാകാരവും അദൃശ്യവും സര്‍വാന്തര്യാമിയും സര്‍വജ്ഞനുമായ ഒരു ദൈവമാണ്. മതചിഹ്നങ്ങളെല്ലാം പ്രാകൃതസങ്കല്പങ്ങളുടെ താത്‌ക്കാലിക ബിംബങ്ങള്‍ മാത്രമായിരുന്നു എന്നതാണ് വാസ്തവം. അറിവിന്റെയും ആന്തരികതയുടെയും മഹിമാവിലേക്കു വളരാന്‍ ഭയപ്പെടുന്നവരാണ് ഇന്നും അവയെ കെട്ടിപ്പുണർന്നുകൊണ്ടിരിക്കുന്നത്.

സംഘടിതമതങ്ങളുടെ മാറ്റമില്ലാത്ത സിദ്ധാന്തങ്ങളുടെയും ആഴമില്ലാത്ത വിശ്വാസപ്രമാണങ്ങളുടെയും ഊന്നലുകള്‍ ആത്മസാക്ഷാത്ക്കാരത്തിലേക്കു നയിക്കുകയില്ലെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകും. എല്ലാം കാഴ്ചക്കും കാണിക്കലിനുമായി മാത്രമായുള്ള ഒച്ചപ്പാടുകളായി കെട്ടടങ്ങുമ്പോള്‍ ബാക്കിയൊന്നും നിലനില്‍ക്കുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ആന്തരികമായ ശൂന്യതയാണ് ഫലം.

അസ്തിത്വമുള്ള എല്ലാറ്റിലും – ജൈവമോ അജൈവമോ,ചരമോ അചരമോ, ദൃശ്യമോ അദൃശ്യമോ ആയതിലെല്ലാം ദൈവം അല്ലെങ്കില്‍ അനന്തബോധം നിറഞ്ഞിരിക്കുന്നു എന്ന ആന്തരികാനുഭവമാണ് ആദ്ധ്യാത്മികതയുടെ കാതല്‍. പരമമായ അറിവാണിത്. മനുഷ്യന്റെ ശാസ്ത്രാന്വേഷണം തന്നെ ജൈവപരിണാമത്തിലൂടെ ഈ സത്യത്തിലേക്കാണ് വന്നുചേരുന്നത് എന്ന് പറയാം. ശാസ്ത്രം സത്യാന്വേഷണമാണെങ്കില്‍ ആദ്ധ്യാത്മികത ആ സത്യത്തിന്റെ സാക്ഷാത്ക്കാരമാണ്. ഭൗതിക-നിരീശ്വരവാദികളും അജ്ഞേയതാവാദികളും ഈ വഴിത്താരയില്‍നിന്ന് ഇടറിമാറുന്നത് എങ്ങനെയെന്നത് മറ്റൊരു വിഷയമായതിനാല്‍ ഇവിടെ പരാമര്‍ശവിധേയമാക്കുന്നില്ല.

ഈ ചിന്തകളുടെ തുടര്‍ച്ചയായി വീണ്ടുമൊരിക്കല്‍ വികസിപ്പിക്കാനുള്ള വിഷയങ്ങള്‍ ഇവിടെ കുറിക്കുക മാത്രമേ തത്ക്കാലം ചെയ്യുന്നുള്ളൂ.

1. ഒരൊറ്റ ആദിമാണുവില്‍നിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തില്‍നിന്ന് ഒരു പുതുജീവി വികസിക്കണമെങ്കിൽ രണ്ടിടത്തും ബോധവൃത്തി ഉണ്ടായിരിക്കണം.

2. ജീവനില്‍നിന്നേ ജീവന്‍ വരൂ എന്നതിനാല്‍ അത് അനന്തമാണ്.

3. സത്ത = അസ്തിത്വം = ജീവന്‍ = ബോധം = പ്രകൃതി/ദൈവം

4. മരണമെന്നത് ജീവന്റെ അവസ്ഥാന്തരത്തിലേക്കുള്ള ഒരു വഴി മാത്രമാണ്.

(തുടരും…..)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top