Flash News

വാല്‍ക്കണ്ണാടി: മനുഷ്യന്റെ സ്വതന്ത്ര ഇച്ഛകള്‍ക്കെതിരെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് (കോരസണ്‍)

October 21, 2016

oru-surgical-size“ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ പള്ളിയില്‍ പത്രവിതരണം നിരോധിച്ചിരിക്കുന്നു ” എന്ന അറിയിപ്പ് കേട്ടപ്പോള്‍ ചിലരുടെ പുരികം ചുളിഞ്ഞു , വായ് അറിയാതെ തുറന്നു. അമേരിക്കന്‍ പള്ളിയിലെ മലയാള പ്രസംഗ സമയത്തു മലയാളം അറിയാത്ത കുട്ടികള്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നു; കൂര്‍ക്കം വലിച്ചു ഉറങ്ങാന്‍ കഴിയാത്ത ബോറടിച്ച മലയാളി വിശ്വാസികള്‍ അവിടെ എന്തു കണ്ടാലും ചാടിപ്പിടിച്ചു വായിക്കുവാനും തുടങ്ങുന്നു. ഏതോ ‘മണിയടി’ കക്ഷികള്‍ അവിടെയിരുന്ന പത്രക്കെട്ടുകള്‍ അപ്പാടെ എടുത്തു ഗാര്‍ബേജില്‍ തട്ടി. വല്ലപ്പോഴും പ്രിന്റ് ചെയ്തു ഇറക്കുന്ന മലയാള പത്രങ്ങള്‍ പള്ളി കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ താല്പര്യമുള്ളവര്‍ക്ക് ഫ്രീ ആയി എടുത്തുകൊണ്ടു പോകാന്‍ പാകത്തില്‍ ബേസ്‌മെന്റില്‍ വെച്ചിരിക്കുന്ന പതിവ് അങ്ങനെ നിലച്ചു. പത്ര മാധ്യമത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ തന്നെ ഉറച്ച തീരുമാനത്തിലാണ് പള്ളി അധികാരികള്‍.

അന്നത്തെ വേദവായന ഇതായിരുന്നു. “ഒരു ശബ്ബത്തില്‍ അവന്‍ വിളഭൂമിയില്‍കൂടി കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു കൈകൊണ്ടു തിരുമ്മി തിന്നു. പരീശന്മാരില്‍ ചിലര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിങ്ങള്‍ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. യേശു അവരോടു: .“ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു. പുരോഹിതന്മാര്‍ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങള്‍ വായിച്ചിട്ടില്ലയോ” എന്നു ഉത്തരം പറഞ്ഞു” (ലൂക്കോസ് 6 :1 ). ക്രിസ്തു എന്നും പരീശന്മാര്‍ക്കും പള്ളി അധികാരികള്‍ക്കും ഒരു തലവേദന തന്നെ ആയിരുന്നല്ലോ. അധികാരവര്‍ഗം തങ്ങളുടെ പ്രമാണിത്തം ചെലുത്തേണ്ടി വരുമ്പോള്‍, മോശയുടെ ന്യായപ്രമാണവും, സിംഹാസനവും വടിയും കോലും എല്ലാം എടുത്തു പെരുമാറാന്‍ ഒട്ടും മടിക്കയുമില്ല, മാത്രമല്ല “മുട്ടില്ലാതാക്കാനും” പച്ചയായ പുല്പുറത്തിലേക്കു ആട്ടി പായിക്കാനും വേദവാക്യം തന്നെ ഉപയോഗിക്കുകയും ചെയ്യും.. അധികാര വര്‍ഗത്തിന്റെയും, അവരുടെ പിണയാളുകളുടെയും സ്വഭാവം വിരല്‍ ചൂണ്ടിക്കാട്ടിയതായിരുന്നു കുരിശിലേക്കുള്ള ക്രിസ്തുവിന്റെ വഴി തുറന്നത്. കാലമെത്ര പോയാലും ഈ ക്രൂശിത രൂപത്തിന്റെ മുന്നില്‍ ഇപ്പോഴും ഇതേ നാടകങ്ങള്‍ അരങ്ങേറുന്നു.

ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ യോഗ്യതാ മത്സരം ഇറാനും സൗത്ത് കൊറിയയും തമ്മിലായിരുന്നു. ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് ഇറാന്‍ ഫുട്ബോള്‍ പ്രേമികള്‍, ഇറാന്‍ ഒരു ഗോളിന് ജയിച്ചത് നെഞ്ചു പൊട്ടി ആഘോഷിച്ചത് കരഞ്ഞുകൊണ്ടാണ്. മനഃപ്പൂര്‍‌വ്വമല്ല കരഞ്ഞത്, ഇങ്ങനെ കരഞ്ഞില്ലെങ്കില്‍ അവരുടെ പ്രിയപ്പെട്ട കളി തന്നെ ഇറാനിയൻ വൈദികര്‍ മുടക്കിയേനെ. അപ്രതീക്ഷിതമായി ഈ കളി നടക്കുന്ന ദിവസം ഇറാന്‍‌കാരുടെ ഏറ്റവും വലിയ ദുഃഖ ദിനമായിരുന്നു. 1300 വർഷത്തിന് മുന്‍പ് മുഹമ്മദ് നബിയുടെ ചെറുമകന്‍ ഹുസൈന്‍ മരണമടഞ്ഞ ദിനം. എല്ലാവരും കറുത്ത വസ്ത്രം ധരിച്ചു കളി കാണാന്‍ പോകണം, ആഹ്ലാദം തോന്നുമ്പോള്‍ “ഓ ഹുസൈനെ – ഓ ഹുസൈനെ ” എന്ന് ഉറക്കെ വിളിച്ചു കരയണം എന്ന അറിയിപ്പ് നേരെത്തെ നല്‍കിയിരുന്നു. ‘നമ്മുടെ പാരമ്പരാഗതമായ വിശ്വാസങ്ങള്‍ പരിപാലിക്കണ’ മെന്നു അയാത്തൊള്ള മുഹമ്മദ് യസ്ദിയുടെ പ്രസംഗം സ്റ്റേഡിയത്തില്‍ അലയടിച്ചുകൊണ്ടിരുന്നു. ഈ കളി നടന്നില്ല എങ്കില്‍ 2018 ലെ വേള്‍ഡ് കപ്പ് മത്സരത്തില്‍ കളിക്കാന്‍ കഴിയാതെ വരും എന്നുള്ളതുകൊണ്ട് മാത്രം അനുവദിക്കപ്പെട്ട സൗജന്യം ആണ് ഇറാനികള്‍ക്കു കരഞ്ഞു ആഘോഷിക്കേണ്ടി വന്ന പന്തുകളി. അറിയാതെ ആരെങ്കിലും സന്തോഷം പ്രകടിപ്പിക്കാന്‍ ശ്രമിച്ചാല്‍ ടി വി യില്‍ കറുത്ത ബാനര്‍ വന്നു നിറയും , പിന്നെ കരച്ചിലും തേങ്ങലുകളും മാത്രം കേള്‍ക്കാം.

ലക്ഷ്മണ രേഖ കടന്നുള്ള ആക്രമണങ്ങളെയാണ് ഇവിടെ വിഷയമാക്കുന്നത്. കാലമെത്രയായാലും , മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളും താല്പര്യങ്ങളും ദൈവ നിഷേധമാണെന്നു കാട്ടിക്കൂട്ടാനുള്ള വ്യഗ്രത വൈദീക മേധാവിത്തത്തിനുണ്ട്. മതം മനുഷ്യനെ പൂര്‍ണ്ണതയിലേക്കു നയിക്കുവാനും അവന്റെ ആന്തരീകതലത്തെ ശുദ്ധി ചെയ്തു സമൂഹ നന്മക്കും മനുഷ്യ ബന്ധങ്ങള്‍ക്കും ഉതകുന്ന പൊതു ഇടങ്ങള്‍ ഉണ്ടാക്കാനുമാണ് ശ്രമിക്കേണ്ടത്. പുരോഗമന പാതയില്‍ മനുഷ്യ സമൂഹം സഞ്ചരിച്ചു തുടങ്ങിയിട്ട് കാലം അധികം ആയിട്ടില്ല, എന്നാല്‍ വളരെ പെട്ടന്ന് അവന്റെ ഗോത്ര സംസ്കാരത്തിലേക്കും അറിവിന്റെ കിരണം അടിക്കാത്ത മരുഭൂമിയിലേക്കും ഒരു തിരിച്ചുപോക്ക് നടത്തുന്നത് വിസ്മയം ഉളവാക്കുന്നു. മതത്തെ പൂര്‍ണമായി ഉപേക്ഷിക്കുന്നതിലല്ല, മതത്തിന്റെ മേന്മകളെ ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യനായി തീരുന്നതിലാണ് നാം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്.

‘സ്വതന്ത്ര ഇച്ഛ’ എന്ന ഒരു സംഗതി മനുഷ്യന് ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുന്നുണ്ട്. ചില ഘടകങ്ങള്‍ നമ്മുടെ സ്വതന്ത്ര ചിന്തയെയും ധാർമ്മികമായ നേര്‍വഴികളെയും എന്നും സ്വാധീനിക്കുന്നു. ചിലപ്പോള്‍ ചങ്ങലയില്‍ കുടുങ്ങിക്കിടക്കുന്നതാണ് നമുക്ക് പ്രിയം, സര്‍വ്വവ്യാപിയായ ദൈവീക ശക്തിക്കു വ്യക്തികളുടെ ഇച്ഛയിലോ തീരുമാനത്തിലോ പൂര്‍ണ്ണ നിയന്ത്രണമില്ല എന്നതിന് തെളിവാണല്ലോ മനുഷ്യന് പാപം ചെയ്യാനുള്ള സ്വാതന്ത്ര്യം. സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാത്മാവിന്റെ നൈസര്‍ഗികമായ കഴിവാണ് എന്ന ഒരു ചിന്തയും നിലനില്‍ക്കുന്നുണ്ട്.

സ്വതന്ത്രമായ ചിന്തകള്‍ ഉണ്ടാവണമെങ്കില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള നല്ല അവബോധം ഉണ്ടാവണം. അതിനു ഉറപ്പായ കലര്‍പ്പില്ലാത്ത മാധ്യമങ്ങള്‍ അത്യന്താപേക്ഷിതമാണ്. മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടുകയാണ് അധികാരം ഉറപ്പിക്കാനുള്ള ആദ്യപടി. അതാണ് ചരിത്രം നമുക്ക് കാട്ടിത്തരുന്നതും. ഇന്നത്തെ വിശ്വാസം നഷ്ടപ്പെട്ട മാധ്യമ സംസ്കാരം സ്വതന്ത്ര ഇച്ഛയെ ഒളിയാക്രമിക്കാനുള്ള വഴി തുറന്നിടുണ്ട്, പക്ഷം പിടിച്ചുള്ള മാധ്യമ ധര്‍മ്മം ഒട്ടൊന്നുമല്ല നേരിനെ മറയ്ക്കുന്നത്. സ്വതന്ത്ര ചിന്തയുള്ള മനുഷ്യരുടെ മേല്‍, അധികാരത്തിലുള്ളവരുടെ വ്യക്തമായ ധാരണയോടെയുള്ള ‘മാധ്യമ മൂടിവയ്ക്കല്‍’, മനുഷ്യ സംസ്കാരത്തെ മാത്രമല്ല, മനുഷ്യന്‍ എന്ന അർദ്ധതലത്തെ തന്നെ നെല്ലിപ്പലകയുടെ കീഴിലേക്ക് പിടിച്ചു താഴ്ത്തുകയാണ്.

“ആട്ടം കാണുന്നതിനിടയില്‍ എന്തെങ്കിലും ശബ്ദം ഉണ്ടാക്കിയാല്‍ തല വെട്ടും” എന്ന രാജ കല്പന നിലനില്‍ക്കുമ്പോൾതന്നെ, ഒരു നല്ല രസികന്‍ “തലപോയാലും പോട്ടെ, ബലെ ഭേഷ് “, എന്ന് തന്റെ ഉള്ളുതുറന്നു വിളിച്ചു കൂവിയപ്പോള്‍, ആ ധൈര്യത്തിനു മുൻപില്‍ രാജാവുപോലും നമിച്ചുപോയി എന്ന് കേട്ടിരിക്കുന്നു. ഇത്തരം ഒരു ഉള്‍ക്കാഴ്ചയാണ് നമുക്ക് വേണ്ടത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top