Flash News

ജേക്കബ് തോമസിന്‍െറ ആരോപണം പൊലീസ് തലപ്പത്തെ ഉന്നതനിലേക്ക് നീളുന്നു

October 24, 2016

behara_jacob_thomasതിരുവനന്തപുരം: തന്‍െറ ഇ-മെയിലും ഫോണ്‍ വിളികളും പൊലീസ് ചോര്‍ത്തുന്നെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ പരാതി നീളുന്നത് പൊലീസ് തലപ്പത്തെ ഉന്നതനിലേക്ക്. ആഭ്യന്തരവകുപ്പിന്‍െറ അനുമതിയില്ലാതെയാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നത് എന്ന വിവരം പുറത്തുവന്നതോടെയാണ് പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ സംശയമുന നീളുന്നത്.

പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിന്‍െറ ആരോപണങ്ങള്‍ ശരിവക്കുന്നുണ്ട്. ഐ.പി.എസ് ലോബിക്കെതിരെയുള്ള ജേക്കബ് തോമസിന്‍െറ നീക്കം തടയാനാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുമായി അദ്ദേഹം നടത്തുന്ന ആശയവിനിമയങ്ങള്‍ വരെ ഇത്തരത്തില്‍ ചോര്‍ത്തിയിട്ടുണ്ടത്രേ. ഇതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുമുണ്ട്. അതുകൊണ്ടുതന്നെ ഫെബ്രുവരിക്കുള്ളില്‍ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിക്കാന്‍ മുഖ്യമന്ത്രി ഈ ഉന്നതനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലോ ഒഴിച്ചുകൂടാനാകാത്ത അന്വേഷണ വേളകളിലോ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഫോണ്‍ ചോര്‍ത്താന്‍ മൊബൈല്‍ സേവനദാതാക്കളെ സമീപിക്കാം. പക്ഷേ, ഇതിന് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിനേടിയെടുക്കണം. ഇക്കാര്യങ്ങള്‍ പൊലീസ് മേധാവിയും ഇന്‍റലിജന്‍സ് മേധാവിയും അടങ്ങിയ സമിതി പരിശോധിക്കുകയും ചെയ്യും. എന്നാലിതെല്ലാം ലംഘിച്ചാണ് ജേക്കബ് തോമസിന്‍െറ ഫോണ്‍ വിളികള്‍ ചോര്‍ത്തിയത്. നിയമസഭ കഴിഞ്ഞാല്‍ പൊലീസ് തലപ്പത്തെ പ്രമുഖര്‍ക്കെതിരെ നടപടിയുണ്ടാകും.

അതിനിടെ, അനധികൃതമായി തന്‍െറ ഫോണും ഇ-മെയിലും ചോര്‍ത്തുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് കൈമാറി.
പൊലീസ് തലപ്പത്ത് നടക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജേക്കബ് തോമസ് കൈമാറിയത്.

പൊലീസ് ആസ്ഥാനത്ത് ഹൈടെക് സെല്‍ കേന്ദ്രീകരിച്ച് ഫോണ്‍ ചോര്‍ത്തല്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് കേരള പൊലീസിന്‍െറ മേല്‍നോട്ടത്തിലുള്ള ‘സൈബര്‍ ഡോം’ ആസ്ഥാനത്തേക്ക് മാറി. പൊലീസ് തലപ്പത്തെ അഴിമതിക്കെതിരെ നീങ്ങുന്നവരുടെ ഫോണ്‍വിളികള്‍ സൈബര്‍ ഡോമില്‍ ചോര്‍ത്താറുണ്ട്. ഇതിന് ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചും ജേക്കബ് തോമസ് ബെഹ്റയെ ധരിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ബെഹ്റയെ ഫോണില്‍ ബന്ധപ്പെട്ടാണ് ജേക്കബ് തോമസ് വിവരങ്ങള്‍ കൈമാറിയത്. ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച ജേക്കബ് തോമസ് പ്രത്യേക ദൂതന്‍ മുഖേന ബെഹ്റയുടെ ഓഫിസിലേക്ക് പരാതി കൈമാറിയിരുന്നു.

ഫോണും മെയിലും ചോര്‍ത്തുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ജേക്കബ് തോമസ് പ്രധാനമായും കത്തില്‍ ആരോപിച്ചിരുന്നത്. കേരളത്തില്‍ നിലവിലുള്ള ചട്ടമനുസരിച്ച് ഡി.ജി.പിയുടെ അനുമതിയോടെ, ഐ.ജി. തലത്തിലുള്ള ഉദ്യോഗസ്ഥന് ഒരാഴ്ച്ച വരെ ആരുടെയും ഫോണ്‍ ചോര്‍ത്താനുള്ള അനുമതിയുണ്ട്. ഇത് പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ ആവശ്യപ്പെടുന്നു.

രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലെ ഉന്നതരില്‍ പലരുമായും ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ഒരു വകുപ്പിന്റെ മേധാവിയെന്ന നിലയ്ക്ക് തന്റെ ഫോണും മെയിലും ചോര്‍ത്തുന്നത് ഗൗരവതരമായി കാണണമെന്ന് ജേക്കബ് തോമസ് പരാതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ചോര്‍ത്തുന്നതിനു പിന്നില്‍ ഈ കൂട്ടുകെട്ടാണോ എന്നു സംശയമുണ്ട്. ഫോണ്‍ ചോര്‍ത്താന്‍ അനുമതിയുള്ള ഐ.ജി. റാങ്കിലുള്ള പല ഉദ്യോഗസ്ഥരും കളങ്കിതരാണെന്നും അവരുടെ പേരില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ജേക്കബ് തോമസ് കത്തില്‍ വിശദീകരിച്ചിരുന്നു.

തന്റെ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top