Flash News

കാമുകിയെ കഴുത്ത് ഞെരിച്ചുകൊന്ന് പാറക്കുളത്തില്‍ തള്ളിയ സംഭവം: യുവതിയുടെ ചുരിദാര്‍, ഷാള്‍, ബാഗ് എന്നിവ കണ്ടെടുത്തു

October 24, 2016

sukanyaകോട്ടയം: കാമുകിയെ കഴുത്ത് ഞെരിച്ചുകൊന്ന് പാറക്കുളത്തില്‍ തള്ളിയ സംഭവത്തില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. കൊല്ലപ്പെട്ട സുകന്യയുടെ ചുരിദാര്‍, ഷാള്‍, ബാഗ്, സൂരജിന്‍െറ പേനാക്കത്തി എന്നിവ കണ്ടെടുത്തു. വെള്ളൂരിലെ റെയില്‍വേ സ്റ്റേഷനു സമീപം ചെക്പോസ്റ്റിന് പുറകുവശത്തുള്ള പൊട്ടക്കിണറ്റില്‍നിന്നാണ് വസ്ത്രവും ബാഗും കത്തിയും കണ്ടെടുത്തത്. ബാഗിനുള്ളില്‍ സുകന്യ സൂക്ഷിച്ച വസ്ത്രമാണിത്.

13ന് രാത്രിയാണ് വടയാര്‍ പട്ടുമ്മേല്‍ സുകന്യ (22) കൊല്ലപ്പെട്ടത്. പൊതി സൂര്യഭവനില്‍ സൂരജ് (27) സുകന്യയെ കഴുത്തുഞെരിച്ചുകൊന്നുവെന്നാണ് കേസ്. കഴുത്തുഞെരിക്കാന്‍ ഉപയോഗിച്ച കയര്‍ വെള്ളൂരിലെ പെരുന്തട്ട് ഭാഗത്തുനിന്നും സുകന്യയുടെ ആഭരണങ്ങള്‍ വല്ലാര്‍പാടം പാലത്തിനടിയിലെ ബീമിനിടയില്‍നിന്നും കണ്ടത്തെിയിരുന്നു. സുകന്യയുടെ ഫോണ്‍, ചെരിപ്പ് എന്നിവ ഇനി കണ്ടെത്താനുണ്ട്.

തനിക്ക് സ്വസ്ഥമായി ജീവിക്കാനാണ് ഗർഭിണിയായ കാമുകിയെ കഴുത്തുഞെരിച്ച് പാറക്കുളത്തില്‍ തള്ളിയതെന്ന് പിടിയിലായ തലയോലപ്പറമ്പ് സൂര്യഭവനില്‍ സൂരജ് (27) പൊലീസിനോട് നടത്തിയ കുറ്റസമ്മതത്തില്‍ പറയുന്നു. “എന്റെ കുടുംബ ജീവിതം അവള്‍ തകർക്കുമെന്ന് ഉറപ്പായിരുന്നു. ഇനിയും അവളെ ചുമന്നാല്‍ എന്റെ ഭാവി നശിക്കും. കഴിഞ്ഞ രണ്ട് മാസമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു സുകന്യയെ വകവരുത്തുകയെന്നത്. അവള്‍ക്ക് എന്നോട് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ എവിടേക്ക് വിളിച്ചാലും അവള്‍ വരുമെന്ന് ഉറപ്പായിരുന്നു. അതിനാലാണ് കൊലപാതകം രാത്രിയിലാക്കിയത്. സംഭവം ദിവസം രാവിലെ തന്നോടൊപ്പം കൂടിയ സുകന്യയുമായി ഞാന്‍ പല സ്ഥലങ്ങളിലും കറങ്ങി സമയം കളഞ്ഞു. സന്ധ്യയോടെ തലയോലപ്പറമ്പിലേയ്ക്ക് തിരിച്ചു. വഴിയില്‍ വച്ച് കൈയില്‍ കരുതിയിരുന്ന ഉറക്ക ഗുളികകള്‍ ഓരോന്നായി നിര്‍ബന്ധിച്ച് അവള്‍ക്ക് നല്‍കി. ആദ്യം അതു കഴിക്കാന്‍ അവള്‍ കൂട്ടാക്കിയില്ലെങ്കിലും ഗർഭം അലസിപ്പിക്കാനുള്ളതാണെന്ന് പറഞ്ഞതോടെ മനസ്സില്ലാമനസോടെ അവള്‍ കഴിച്ചു. ഒടുവില്‍ ബോധം നഷ്ടപ്പെട്ട അവളെ കഴുത്തു ഞെരിച്ചുകൊന്ന് പാറക്കുളത്തില്‍ തള്ളി…” സൂരജിന്റെ കുറ്റസമ്മതത്തില്‍ പറയുന്നു.

ഒരേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സൂരജും സുകന്യയും പ്രണയത്തിലായിരുന്നു. താന്‍ ഗർഭിണിയാണെന്നും വിവാഹം കഴിക്കണമെന്നും വാശിപിടിച്ച സുകന്യയെ ഒഴിവാക്കാന്‍ സൂരജ് പല തവണ ശ്രമിച്ചു. എത്ര പറഞ്ഞിട്ടും അവള്‍ അനുസരിക്കാതെ വന്നതോടെ ആദ്യം ഗർഭച്ഛിദ്രം നടത്താമെന്നും പിന്നീട് വിവാഹം കഴിക്കാമെന്നും സൂരജ് പറഞ്ഞ് വിശ്വസിപ്പിച്ചു.

അങ്ങനെ കഴിഞ്ഞ 12-ന് ഗർഭം അലസിപ്പിക്കാനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു. തലപ്പാറയില്‍ നിന്ന് വാടകയ്ക്ക് എടുത്ത കാറിലായിരുന്നു ഇരുവരുടെയും സഞ്ചാരം. വൈക്കത്തിനടുത്തുള്ള ഒരു ഡോക്ടറുടെ വീട്ടില്‍ ഗർഭച്ഛിദ്രത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, രാത്രിയില്‍ തന്നെ അവിടെ എത്തണമെന്നും സുകന്യയെ വിശ്വസിപ്പിച്ചു. അതിന് മുമ്പ് ചില ഗുളികകള്‍ കഴിക്കണമെന്നും പറഞ്ഞു. ഗുളിക കഴിച്ച് അബോധാവസ്ഥയിലായ സുകന്യയെ പാറമടയുടെ അടുത്തെത്തിച്ചു. തുടര്‍ന്ന് അവളുടെ കൈകള്‍ കൂട്ടിക്കെട്ടി. പിന്നീട് കഴുത്തില്‍ പ്ളാസ്റ്റിക് കയര്‍ മുറുക്കി കൊന്നു. മൃതശരീരത്തില്‍ വെട്ടുകല്ലും കരിങ്കല്ലും വച്ചു കെട്ടി. വെള്ളത്തില്‍ ജഡം ഉയർന്നു വരാതിരിക്കാനായിരുന്നു കല്ലുകള്‍ വെച്ചു കെട്ടിയത്. ശബ്ദം കേള്‍ക്കാതിരിക്കാന്‍ സമീപത്തുള്ള മരത്തിലൂടെ കയര്‍ കെട്ടി മൃതദേഹം പാറമടയിലെ കുഴിയിലേയ്ക്ക് ഇറക്കുകയായിരുന്നു.

തലയോലപ്പറമ്പിലെ ഒരു പ്രമുഖ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു സൂരജിന്റെ ഭാര്യ. എട്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു അത്. ഇതിനിടെയാണ് ഭാര്യയുടെ അയല്‍വാസിയും സഹപ്രവര്‍ത്തകയുമായ സുകന്യയെ സൂരജ് പരിചയപ്പെടുന്നത്. അതേ ആശുപത്രിയിലെ തന്നെ ഡ്രൈവറായിരുന്ന സൂരജ് നേരത്തേ സുകന്യയെ നോട്ടമിട്ടിരുന്നു. ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു സുകന്യ. ഭാര്യ അറിയാതെ സുകന്യയുടെ ഇഷ്ടം പിടിച്ച് പറ്റാനായി ശ്രമം. സഹായിയും സുഹൃത്തുമായി അടുത്തു കൂടിയ സൂരജ് പലതും പറഞ്ഞ് വശീകരിച്ച് അവളുടെ ഇഷ്ടം സ്വന്തമാക്കി.

ഒടുവില്‍ കടുത്ത പ്രണയത്തിലായി. കാമുകന്‍ കൂട്ടുകാരിയുടെ ഭര്‍ത്താവാണെന്ന് അറിഞ്ഞിട്ടും സൂരജിനെ വെറുക്കാന്‍ സുകന്യയ്ക്കായില്ല. ഭാര്യയെ ഒഴിവാക്കി സൂരജ് തന്നെ വിവാഹം കഴിക്കുമെന്ന് സുകന്യ വിശ്വസിച്ചിരുന്നു. അങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് അയാള്‍ തന്റെ ഇംഗിതത്തിന് ഇരയാക്കിയത്. പല സ്ഥലങ്ങളിലും വച്ച് ഇവര്‍ കണ്ടുമുട്ടി.

ആശുപത്രിയില്‍ നിന്ന് പുറത്താക്കിയ സൂരജ് നാട്ടകത്തെ പോര്‍ട്ടില്‍ ജോലി നോക്കിവരികയായിരുന്നു. ഇതിനിടെയാണ് സുകന്യ ഗര്‍ഭിണിയായ വിവരം അറിയുന്നത്. ഗര്‍ഭം അലസിപ്പിക്കണമെന്ന് സൂരജ് പല തവണ പറഞ്ഞെങ്കിലും സുകന്യ കേട്ടില്ല. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു സുകന്യയുടെ ആവശ്യം. സൂരജ് ഒരിക്കലും ചതിക്കില്ലെന്ന് അവള്‍ വിശ്വസിച്ചു. അതുകൊണ്ടാകണം കൊലക്കയര്‍ കഴുത്തില്‍ മുറുകുന്നതിന് തൊട്ടു മുമ്പു വരെ അവള്‍ അവന്റെ മടിയില്‍ തല വച്ച് ഉറങ്ങിയത്. എന്നാല്‍ ആ ഉറക്കത്തോടെ എല്ലാം അവസാനിക്കുകയായിരുന്നു.

nktm0158377_3ആശുപത്രിയില്‍ ഡ്യൂട്ടിക്കായി പോയ സുകന്യ പിറ്റേദിവസം വീട്ടില്‍ തിരിച്ചെത്തിയില്ല. മാതാപിതാക്കള്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. സുകന്യയുടെ ഫോണ്‍ നമ്പരിലേക്ക് വന്ന കോളുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. രാത്രിയിലും പകലുമായി സൂരജിന്റെ ഫോണില്‍ നിന്നാണ് ഏറ്റവുമധികം കോളുകള്‍ വന്നതെന്ന് മനസിലായി. പലവട്ടം സൂരജിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിക്കാന്‍ തയാറായില്ല. പല കെട്ടുകഥകളും പൊലീസിനോട് പറഞ്ഞു. സുകന്യ എറണാകുളം സ്വദേശിയായ അനീഷ് എന്ന ആളുമായി പ്രണയത്തിലായിരുന്നെന്നും അവരുടെ ആവശ്യപ്രകാരം തലപ്പാറയില്‍നിന്ന് സാന്‍ട്രോ കാര്‍ വാടകയ്ക്കെടുത്ത് ഇരുവരെയും കോട്ടയം റെയിൽവേ സ്റ്റേഷനില്‍ എത്തിച്ചതായും പൊലീസിനോട് കള്ളം പറഞ്ഞു. എന്നാല്‍ സുകന്യയുമായി ഇത്രയധികം അടുപ്പമുള്ള സൂരജിന് അനീഷിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നു പറഞ്ഞത് പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ കുറ്റം സമ്മതിച്ചു.

സൗമ്യമായ പെരുമാറ്റം, നിഷ്കളങ്കമായ പുഞ്ചിരി, സംസാരത്തിലും പ്രവൃത്തിയിലും മാന്യത പുലർത്തുന്നയാള്‍; ഇതായിരുന്നു നാട്ടുകാര്‍ക്ക് സൂരജിനെക്കുറിച്ച് പറയാനുള്ളത്. ചുരുക്കത്തില്‍ എല്ലാവര്‍ക്കും സൂരജിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രം. പ്രതിയുമായി പൊലീസ് മൃതദേഹം കണ്ടെടുക്കാന്‍ എത്തിയപ്പോഴും സൂരജ് അത്തരക്കാരനാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചില്ല. ഒടുവില്‍ സുകന്യയുടെ മൃതദേഹവുമായി ഫയര്‍ഫോഴ്സ് കരയ്ക്കടുത്തപ്പോള്‍ സൂരജിന്റെ ഉറ്റ സുഹൃത്തുക്കളും നാട്ടുകാരും നടുങ്ങി. പിന്നെ നാട്ടുകാരുടെ അസഭ്യവര്‍ഷമായിരുന്നു. സുകന്യ ഗര്‍ഭിണികൂടിയാണെന്ന് അറിഞ്ഞതോടെ വീട്ടമ്മമാര്‍ സൂരജിനെ ശാപവാക്കുകല്‍ കൊണ്ട് മൂടി. സൂരജിനെ നാട്ടുകാരില്‍ നിന്ന് പൊലീസ് രക്ഷിച്ചുകൊണ്ടുപോകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ വൈക്കം എ.എസ്.പി ആര്‍. കറുപ്പസ്വാമി, വൈക്കം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസ്, എസ്.ഐമാരായ ജി. രജന്‍കുമാര്‍, എം. സാഹില്‍, കെ. ആര്‍. മോഹന്‍ദാസ് എന്നിവരടങ്ങുന്ന സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top