Flash News

റബര്‍-രാജ്യാന്തരവില ഉയര്‍ന്നിട്ടും ആഭ്യന്തര വിപണി തകരുന്നു; സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തരം: ഇന്‍ഫാം

October 27, 2016 , Indian Farmers Movement

title1കോട്ടയം: റബറിന്റെ രാജ്യാന്തരവില തുടര്‍ച്ചയായി ഉയര്‍ന്നിട്ടും ആഭ്യന്തര വില തകര്‍ന്നിരിക്കുന്നത് റബര്‍ കര്‍ഷകരുടെ ഭാവിപ്രതീക്ഷകള്‍ തകര്‍ക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്താതെ മുഖം തിരിഞ്ഞുനില്‍ക്കുന്നത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാജ്യാന്തരവില ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 106 രൂപയില്‍ നിന്ന് 114.25 രൂപയായി വര്‍ദ്ധിച്ചു. ആഭ്യന്തര വ്യാപാരിവിലയാകട്ടെ 113 രൂപയായി തുടരുകയാണ്. റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന നിരക്കില്‍ റബര്‍ വിപണനം നടക്കുന്നുമില്ല. രാജ്യാന്തരവിലയേക്കാള്‍ കുറവില്‍ ആഭ്യന്തരവിപണിയില്‍ റബര്‍ വ്യാപാരം നടക്കുന്നത് വരാന്‍പോകുന്ന വന്‍ പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 25 ശതമാനം ഇറക്കുമതിത്തീരുവയും ഇതര ചാര്‍ജുകളും ഉള്‍പ്പെടെ ഒരു കിലോ റബര്‍ ഇന്ത്യയിലെത്തുന്നതിന് 150 രൂപയാകുമെന്നിരിക്കെ ആഭ്യന്തരവിപണി തകര്‍ത്ത് ചെറുകിട കര്‍ഷകന്റെ ജീവിതം വഴിമുട്ടിക്കുവാന്‍ കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും ഒത്താശചെയ്യുന്നത് ദുഖകരമാണ്.

റബറുല്പാദനമുള്ള മാസങ്ങളാണിപ്പോള്‍. മനഃപൂര്‍വ്വം ആഭ്യന്തരവിലയിടിക്കുവാന്‍ വ്യവസായികള്‍ ശ്രമിക്കുമ്പോള്‍, സര്‍ക്കാര്‍ ഇടപെടലുകള്‍ അടിയന്തരമാണ്. അടിസ്ഥാനവിലയും അടിസ്ഥാന ഇറക്കുമതിവിലയും നിശ്ചയിക്കാന്‍ റബര്‍ ആക്ടിന്റെ പതിമൂന്നാം വകുപ്പുപ്രകാരം കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.

റബര്‍ ബോര്‍ഡിന്റെ ആഭ്യന്തര റബര്‍ ഉല്പാദനകണക്കുകള്‍ വിശ്വസനീയമല്ല. ഉല്പാദനവര്‍ദ്ധനവ് ചൂണ്ടിക്കാട്ടി വിലയിടിക്കുവാനുള്ള തന്ത്രമായിട്ടേ ഇതിനെ കരുതാനാവൂ. മറിച്ചാണെങ്കില്‍, രാജ്യാന്തരവിലയുടെ 25 ശതമാനം ഇറക്കുമതിച്ചുങ്കവും 6 ശതമാനം സെസും ഉള്‍പ്പെടെയുള്ള തുക അടിസ്ഥാനമാക്കി ആഭ്യന്തരവില പ്രഖ്യാപിച്ച് വിപണിയില്‍ ഇടപെടല്‍ നടത്താനും റബര്‍ സംഭരണത്തിനും കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും തയ്യാറാകണം. സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും നിഷ്ക്രിയമാക്കുന്ന വന്‍ലോബികളുടെ നിയന്ത്രണത്തില്‍ റബര്‍മേഖല മാറിയിരിക്കുമ്പോള്‍ റബര്‍ കൃഷിയില്‍നിന്ന് ബഹുവിള കൃഷിയിലേയ്ക്ക് മാറിയില്ലെങ്കില്‍ കര്‍ഷകരുടെ നിലനില്പ് തന്നെ അപകടത്തിലാകുമെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top