Flash News

ഗിഫയുടെ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് ജിഫ്ബിയ്ക്ക്

October 27, 2016

award-1മലപ്പുറം : ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസ്സിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡിന് മലപ്പുറം ജില്ലയിലെ പുളിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്‌ളോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദ ബ്‌ളൈന്‍ഡിനെ ( ജിഫ്ബിയെ) തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാധാരണ ഗതിയില്‍ ഭിക്ഷാടനം നടത്തിയും മറ്റുള്ളവരെ ആശ്രയിച്ചും കഴിയുന്ന സമൂഹത്തിലെ അന്ധരായവരെ കണ്ടെത്തി അവര്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസവും മാന്യമായ തൊഴിലും ഉറപ്പാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് ജിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. മുഹമ്മദുണ്ണി ഒളകര ചെയര്‍മാനും പ്രൊഫസര്‍ അബ്ദുല്‍ അലി, അമാനുല്ല വടക്കാങ്ങര എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് ജിഫ്ബിയെ ഈ വര്‍ഷത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി. യുടെ നേതൃത്വത്തില്‍ സേവനസന്നദ്ധരായ ഒരു സംഘം ചെറുപ്പക്കാര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്ന ജിഫ്ബി കാമ്പസില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി അന്ധ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയും നൂതന പാഠ്യസംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ഈ സംരംഭം മാതൃകാപരമായ ഒരു സ്ഥാപനമാണ്.

ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഈ മാസം 29 ന് ജിഫ്ബി കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.

ഗിഫ യുടെ ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡ് ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ സൃഷ്ടികള്‍ക്കായിരിക്കും. കഥ, കവിത, നോവല്‍, ഗദ്യ സാഹിത്യം, വിവര്‍ത്തനം എന്നീ അഞ്ചു വിഭാഗങ്ങളിലായി അഞ്ച് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുക. 2013 ജനുവരി 1 മുതല്‍ 2016 ഒക്ടോബര്‍ 31 വരെ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്നു കോപ്പികളും ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനത്തിന്റെ സാക്ഷ്യപത്രവും സഹിതം ചീഫ് കോര്‍ഡിനേറ്റര്‍, ഗിഫ, പോസ്റ്റ് ബോക്‌സ് 23143, ദോഹ, ഖത്തര്‍ എന്ന വിലാസത്തില്‍ നവംബര്‍ 30 ന് മുമ്പായി ലഭിക്കണം. ജനുവരിയില്‍ ദുബൈയിലോ ദോഹയിലോ നടക്കുന്ന വിപുലമായ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഗിഫ ചെയര്‍മാന്‍ പ്രൊഫ. എം. അബ്ദുല്‍അലി, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര, ജോ. സെക്രട്ടറി കുഞ്ഞി മുഹമ്മദ് കൂരിമണ്ണില്‍, ട്രഷറര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top