Flash News

യു ട്യൂബില്‍ വര്‍ഗീയ പ്രസംഗം നടത്തിയതിന് ശശികല ടീച്ചര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

October 27, 2016

sasikala-teacher-speechകാഞ്ഞങ്ങാട്: യു ട്യൂബില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന പരാതിയില്‍ ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്‍റ് ശശികല ടീച്ചര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു. ജില്ലാ ഗവ. പ്ളീഡറും അസിസ്റ്റന്‍റ് പ്ളബിക് പ്രോസിക്യൂട്ടറുമായ സി.പി.എം, ലീഗ്, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയ പ്രസംഗങ്ങള്‍ ടീച്ചര്‍ നടത്തിയെന്നും പരാതിയിലുണ്ട്. ശശികല ടീച്ചര്‍ രാഷ്ട്രം ഭാരതരത്ന നല്‍കി ആദരിച്ച മദര്‍ തെരേസയെയും പ്രസംഗത്തില്‍ അപമാനിച്ചതായും പരാതിയിലുണ്ട്.

ശശികല ടീച്ചര്‍ക്കെതിരായ പരാതി നേരിട്ട് ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസിന് സമര്‍പ്പിക്കുകയായിരുന്നു. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് ഹോസ്ദുര്‍ഗ് സി.ഐ സി.കെ. സുനില്‍കുമാര്‍ കേസെടുത്തത്. പൊലീസ് ചീഫുമായി ആലോചിച്ച് ടീച്ചറില്‍ നിന്ന് വിശദീകരണം തേടുമെന്ന് സുനില്‍കുമാര്‍ അറിയിച്ചു.

നേരത്തേ മുജാഹിദ് നേതാവ് കോഴിക്കോട് സ്വദേശി ഷംസദ്ദീന്‍ പാലത്തിനെതിരെയും ഷുക്കൂര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ കേസെടുത്ത പൊലീസ് ഷംസുദ്ദീനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിട്ടുണ്ട്.

ശശികലയ്ക്കെതിരെ വിദ്വേഷപ്രസംഗം ആരോപിച്ച് കേസെടുത്തത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശശികലയുടെ പ്രസംഗം പരിധിവിട്ടുള്ളതാണെന്ന് തനിക്ക് തോന്നിയിട്ടില്ല.

എന്നാല്‍, തനിക്കെതിരായ കേസ് കോടതിയിൽ എത്തിയാൽ താൻ അഗ്നിശുദ്ധി തെളിയിക്കുമെന്ന് ശശികല പറഞ്ഞു. തന്റെ പ്രസംഗങ്ങൾ മതപരമായ വിവേചനത്തെക്കുറിച്ചായിരുന്നു. ഈ വിവേചനം ചൂണ്ടിക്കാട്ടാൻ എല്ലാവർക്കും അവകാശമുണ്ട്. അത് ഇനിയും തുടരുമെന്നും ശശികല വ്യക്തമാക്കി.

തനിക്കെതിരായ കേസിനെ പോസിറ്റീവായാണ് കാണുന്നതെന്നും കെ പി ശശികല പറഞ്ഞു. തന്നെ വർഗീയ പ്രഭാഷകയാണെന്ന് വരുത്തീതീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കേസ് കോടതിയിലെത്തിയാൽ സ്വന്തം ഭാഗം തെളിയിക്കാനാകും. കോടതിയിൽ താൻ അഗ്‌നിശുദ്ധി തെളിയിക്കുമെന്നും അവർ പ്രതികരിച്ചു. കേസിനെ താൻ ഭയക്കുന്നില്ലെന്നും അതിനെ ധൈര്യമായി നേടിരുമെന്നും അവർ പറഞ്ഞു. കോടതിയിൽ വായിൽ തോന്നിയത് പറയാനാകില്ല, സ്വന്തം ഭാഗം തെളിയിക്കാൻ സൗകര്യമുണ്ടാകും. ഇങ്ങനെ തെളിയിക്കണമെന്ന ആവശ്യമുണ്ടായിട്ടല്ല. എങ്കിലും പ്രഭാഷണം നേരിട്ട് കോൾക്കാത്തവരും, അടർത്തിയെടുത്ത ഭാഗങ്ങൾ കേട്ട് തെറ്റിദ്ധരിച്ചവരും തന്നെ ശരിയായി മനസിലാക്കാൻ ഈ കേസ് ഉപകരിക്കുമെന്നും ശശികല വ്യക്തമാക്കി.

മതവിവേചനം ചൂണ്ടിക്കാട്ടിയതുകൊണ്ടാണ് തനിക്കെതിരെ പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്നും ശശികല പറഞ്ഞു. ഇതേക്കുറിച്ച് താൻ പറഞ്ഞില്ലെങ്കിലും ജനങ്ങളോടെ തുറന്നുപറയാൻ പതിനായിരക്കണക്കിന് ആളുകൾ നാട്ടിലുണ്ടെന്നും ശശികല പറഞ്ഞു. ഇത്തരത്തിലുള്ള സംസാരങ്ങൾ ഒഴിവാക്കണമെങ്കിൽ വിവേചനം ഒഴിവാക്കുക എന്നതാണ് എളുപ്പവഴി. അല്ലാതെ ഇത്തരം കേസ് കൊണ്ടും കൂട്ടംകൊണ്ടും കാര്യമില്ലെന്നും ശശികല പറഞ്ഞു.

കഴിഞ്ഞ 12 ദിവസമായി പരാതി ലഭിച്ചെങ്കിലും ശശികല ടീച്ചർക്കെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധം സോഷ്യൽ മീഡിയയിലും വിവിധ പ്രദേശങ്ങളിലുമായി നടന്നിരുന്നു. എന്നാൽ നിയമോപദേശത്തിനു വിട്ടെന്ന വാദം ഉന്നയിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിക്കുകയായിരുന്നു. ഇതിനിടെ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്നും പൊലീസിനു മേൽ കടുത്ത സമ്മർദവും ഉണ്ടായിരുന്നു. ഇതോടെ പൊലീസ് നിയമോപദേശത്തിനു വിട്ട് തടിതപ്പുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറോടാണ് നിയമോപദേശം തേടാറുള്ളത്. എന്നാൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തന്നെ പരാതിക്കാരനായ കേസിൽ നിയമോപദേശം തേടി പൊലീസ് പരിഹാസ്യരാവുകയായിരുന്നു.

നിയമോപദേശത്തിൽ ചാരിയെങ്കിലും പൊലീസ് ശശികലക്കെതിരെ കേസെടുക്കാൻ നിർബന്ധിതരായി. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ മത വിഭാഗങ്ങളെ അവേഹേളിക്കുന്നതും മതവിദ്വേഷം വളർത്തുന്നതുമായ 12 ലിങ്കുകളും ഇവ ഡൗൺലോഡ് ചെയ്ത് കോപ്പി ചെയ്ത സിഡികളും സഹിതമായിരുന്നു ഷുക്കൂർ വക്കീൽ പരാതി നൽകിയിട്ടുള്ളത്. സാധാരണ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതിനും ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയരെ അകറ്റാനും പരസ്പരം ശത്രുതയുണ്ടാക്കുവാനും ഉദ്ദേശിച്ചുള്ളതുമാണ് പ്രസംഗങ്ങളെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഗുജറാത്ത്, ഒഡീഷ, യു.പി എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തും തരത്തിൽ മാറാട് നടത്തിയ പ്രസംഗം, മദർ തരേസയെ ആക്ഷേപിക്കുകയും മതം മാറ്റാൻ വന്ന കാട്ടുകള്ളിയാണെന്നും പറഞ്ഞ് നടത്തിയ പ്രസംഗം, ഏറ്റവും ഒടുവിൽ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു കടലുകളെ കുറിച്ചു നടത്തിയ പ്രസംഗം എന്നിവയുടെ ലിങ്കുകളും പരാതിയിൽ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശശികലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top