Flash News

കേരളത്തില്‍നിന്നുള്ള മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ കേസ്: 24 പേര്‍ പിടിയില്‍; തമിഴ്നാട്ടിലെത്തിച്ച മാലിന്യം കേരളത്തിലേക്ക് തിരിച്ചയക്കും

October 27, 2016

23th_lorries_1962418fകോയമ്പത്തൂര്‍: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് ലോറികളില്‍ മാലിന്യം കൊണ്ടുവന്ന് എട്ടിമട മേഖലയില്‍ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ 24 പേരെ ജയിലിലടച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് മാലിന്യവുമായി എത്തിയ ലോറികളാണ് അധികൃതര്‍ പിടിച്ചെടുത്തത്.

മാലിന്യ കിടങ്ങ് നടത്തിപ്പുകാരനായ പാലക്കാട് തോട്ടുങ്ങല്‍ മൈത്രിനഗര്‍ എക്സ്റ്റന്‍ഷന്‍ എസ്. മുഹമ്മദ് ഇല്യാസ് (50), ലോറി ഡ്രൈവര്‍മാരായ മലപ്പുറം മഞ്ചേരി പയ്യനാട് പൂതുല വീട്ടില്‍ ഹാരിസ് (42), കള്ളിക്കാട് അത്തിയോട് അജ്മല്‍ (28), പാലക്കാട് മണ്ണൂര്‍ ശിവരാജന്‍ (36), മലപ്പുറം വളാഞ്ചേരി പുതുപുരുക്കല്‍ മുഹമ്മദ് (33), സേലം ആത്തൂര്‍ തവളപട്ടി രാജേന്ദ്രന്‍ (42), കടമ്പത്ത് വീട്ടില്‍ സൊക്കലിംഗം (42), മലപ്പുറം മഞ്ചേരി കാരക്കുന്ന് നെടുങ്കണ്ടം വീട്ടില്‍ നവാസ് (27), മഞ്ചേരി കുഞ്ഞാലി (49), കള്ളിക്കോട് കുന്നമംഗലം കുഞ്ഞുമുഹമ്മദ് (58), പന്തലിനി വീട്ടില്‍ രഞ്ജിത് (25), മലപ്പുറം കാവനൂര്‍ പന്നിയങ്കുന്നത്ത് ബിജി (30), മഞ്ചേരി വേങ്ങൂര്‍ മജീദ് (40), കള്ളിക്കാട് അഖിലേഷ് (33), ശ്രീജേഷ് (36), സേലം മേട്ടൂര്‍ കുളത്തൂര്‍ കെ. മുത്തു (48), ശരവണന്‍ (37) തുടങ്ങിയവരാണ് പ്രതികള്‍.

കെ.കെ. ചാവടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതി മുഹമ്മദ് ഇല്യാസിന്‍െറ കൂട്ടാളികളായ ഷബീര്‍, സജി എന്നിവര്‍ ഒളിവിലാണ്. ലോറികളില്‍ കൊണ്ടുവന്ന മാലിന്യം കേരളത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന് അനുവദിക്കണമെന്ന് മുഹമ്മദ് ഇല്യാസ് സമര്‍പിച്ച ഹരജിയിന്മേല്‍ ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരുമായി കൂടിയാലോചിച്ചശേഷം തീരുമാനം അറിയിക്കാമെന്ന് മജിസ്ട്രേറ്റ് പാണ്ടി പറഞ്ഞു.

തിങ്കളാഴ്ചയാണ് കേരളത്തില്‍നിന്ന് മാലിന്യവുമായി 23 ലോറികള്‍ ഒരേസമയം എട്ടിമടയിലെത്തിയത്. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ്, റവന്യൂ അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടത്.

അതിനിടെ, മലപ്പുറം ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്ന് അതിര്‍ത്തിയിലെ എട്ടിമട പ്രദേശത്ത് ലോറികളിലെത്തിച്ച മാലിന്യം കോടതി അനുമതിയോടെ കേരളത്തിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതര്‍ പറഞ്ഞു. തമിഴ്നാട് സംസ്ഥാന അതിര്‍ത്തി പ്രദേശമായ ചാവടി, എട്ടിമട ഭാഗത്ത് ദേശീയപാതയിലെ ഹരിയാന ദാബ റസ്റ്റോറന്‍റിന് സമീപം എന്‍. ചെല്ലപ്പ ഗൗണ്ടറുടെ 70 സെന്‍റ് കൃഷിഭൂമിയാണ് മാലിന്യ കിടങ്ങായി ഉപയോഗിച്ചിരുന്നത്. 8,000 രൂപ മാസവാടകയാണ് ഇതിനായി നല്‍കിയത്.

കേരളത്തിലെ വിവിധ നഗരങ്ങളില്‍നിന്നുള്ള പാഴ്‌വസ്തുക്കളും മാലിന്യവും ലോറികളില്‍ ഇവിടെ എത്തിച്ചശേഷം തരം തിരിച്ച് വില്‍പന നടത്തുകയായിരുന്നു. ഒക്ടോബര്‍ 24ന് ഒറ്റയടിക്ക് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നായി 23 ലോറികളില്‍ മാലിന്യമെത്തിച്ചതാണ് പ്രശ്നമായത്.

ആശുപത്രി മാലിന്യം, പഴയ റബര്‍, ടയര്‍, പ്ളാസ്റ്റിക് ബോട്ടിലുകള്‍, കേടുവന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് പ്ളാസ്റ്റിക് ചാക്കുകളില്‍ ഉണ്ടായിരുന്നതെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ മാസം പൊള്ളാച്ചിക്ക് സമീപം കേരളത്തില്‍നിന്നുള്ള കോഴിയിറച്ചി അവശിഷ്ടങ്ങളും മറ്റും ലോഡുകണക്കിന് തള്ളിയിരുന്നു.

ആശുപത്രി മാലിന്യവും മറ്റും നിക്ഷേപിക്കുന്നത് സമീപത്തെ കൃഷിഭൂമികളെ പ്രതികൂലമായി ബാധിക്കുമെന്ന് നാട്ടുകാര്‍ പരാതിയുന്നയിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള മാലിന്യ ലോഡുകളുടെ ഒഴുക്ക് പത്തു വര്‍ഷമായി തുടരുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top