Flash News

മന്ത്രി കെ.ടി. ജലീല്‍ ശബരിമല സന്നിധാനത്ത്

October 29, 2016

kt-jaleel-at-sabarimalaകോട്ടയം: ചരിത്രം കുറിച്ച് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തി. ഇതാദ്യമായാണ് ഒരു മുസ്‌ലിം സമുദായ അംഗമായ മന്ത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്നത്. മതമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും ശ്രീകോവിലാണ് അയ്യപ്പ സന്നിധാനമെന്ന് കെ.ടി ജലീല്‍ പ്രതികരിച്ചു. അയ്യപ്പന്റെ ശ്രീകോവിലിന് തൊട്ടു മുന്നിലായാണ് വാവരേയും അടക്കം ചെയ്തിട്ടുള്ളത്. മത-ജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരിടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു മതവിശ്വാസികള്‍ക്ക് ഇവിടെ ഏതറ്റം വരെ പോകാവോ അവിടം വരെ ഏതൊരു വിശ്വാസിക്കും കടന്ന് ചെല്ലാനാകും. അയ്യപ്പന്റേയും വാവരുടേയും കഥകള്‍ തന്നില്‍ ഉണര്‍ത്തുന്നത് മമ്പുറം സയ്യിദ് അലവി തങ്ങളുടേയും അദ്ദേഹത്തിന്റെ കാര്യസ്ഥനായിരുന്ന കോന്തു നായരുടേയും ചരിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് സൗകര്യങ്ങളുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കെ.ടി ജലീല്‍ സന്നിധാനത്തെത്തിയത്.
ശബരിമലയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇതിന് പ്രത്യേക ടൈംടേബിള്‍ തയാറാക്കണം. ഇവിടെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ശബരിമലയുടെ പവിത്രത നിലനിര്‍ത്തുന്നതാവണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മതത്തിലുള്ള വര്‍ഗീയ വാദികളും ശബരിമല സന്ദര്‍ശിക്കണം. ഇന്നലെകളില്‍ നിലനിന്ന മതമൈത്രിയുടെ ഉദാത്തമായ സന്ദേശം മനസില്‍ പേറിയേ ഒരാള്‍ക്ക് മലയിറങ്ങാനാവുമെന്നും ഹജ്ജ് ,വഖഫ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കൂടിയായ കെ.ടി ജലീല്‍ വ്യക്തമാക്കി. ഇന്നലെകളില്‍ നിലനിന്ന മതമൈത്രിയുടെ ഉദാത്തമായ സന്ദേശം മനസ്സില്‍ പേറിയേ ഒരാള്‍ക്ക് മലയിറങ്ങാനാവൂ എന്നും മന്ത്രി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top