Flash News

ആ ധന്യമുഹൂര്‍ത്തത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍

October 30, 2016

dhanya-sizeഎല്ലാവര്‍ക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. എനിക്കും ഉണ്ടായിരുന്നു ജീവിതത്തിലെ ഏറ്റവും മുന്തിയ മുഹൂര്‍ത്തം. കൊല്ലവര്‍ഷത്തിലെ പ്രഥമ മാസം. മലയാളികളുടെ ഐശ്യര്യസമൃദ്ധമായ ചിങ്ങമാസം. നല്ല സമയം ക്ലിപ്തപ്പെടുത്തി ദൈവത്തോട് പ്രാര്‍ത്ഥിച്ച് തിരഞ്ഞെടുത്ത മുഹൂര്‍ത്തം.

മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്തതും, മക്കളുടെ നല്ല ഭാവി മാത്രം ആഗ്രഹിച്ചിട്ടുള്ള മാതാപിതാക്കള്‍ എനിക്കുവേണ്ടി തെരഞ്ഞു കാട്ടിത്തന്ന പെണ്‍‌കുട്ടി. ആ കുട്ടിയെ മിന്നു കെട്ടി സന്തോഷത്തോടെ ജീവിതയാത്രയില്‍ പങ്കാളിയാക്കിയ ദൈവികമായ മുഹൂര്‍ത്തം. ജീവിതത്തിന്റെ ഗതിവികതിയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയ മുഹൂര്‍ത്തം.

വിവാഹമെന്ന കൂദാശയിലെ ധന്യമുഹൂര്‍ത്തമായ മിന്നുകെട്ട്…. ആ മുഹൂര്‍ത്തം അടുത്തെത്തിയപ്പോള്‍ എന്നിലുണ്ടായ പരിഭ്രമം…. മാനസിക വിഭ്രാന്തിയില്‍ കഴിച്ചുകൂട്ടിയ നിമിഷങ്ങള്‍….. വിവാഹത്തിന് തലേന്നാള്‍….നിദ്രാവിഹീനമായ രാത്രി.

ebi-thomas-president1തുറന്നിട്ട ജനലിലൂടെ ആകാശത്തേക്ക് നോക്കി കിടന്നു. ഇരുട്ടില്‍ വെളിച്ചം വിതറുന്ന അലങ്കാര ബള്‍ബുകള്‍ മാറി മാറി എന്റെ മുഖത്ത് വിവിധ നിറങ്ങളുടെ വര്‍ണ്ണങ്ങള്‍ തീര്‍ത്തു… നാട്ടു പതിവ് പോലെ തലേന്നാള്‍ വൈകിട്ട് വീട്ടില്‍ നടത്തിയ സദ്യ കഴിഞ്ഞു. ആളുകള്‍ ഒഴിഞ്ഞു പോയിട്ടും സന്തോഷത്തോടെ കത്തുന്ന വിളക്കുകള്‍. സദ്യ കഴിഞ്ഞു ഇറങ്ങുമ്പോള്‍ എന്റെ സുഹൃത്ത് സ്‌നേഹത്തോടെ ശകാരിച്ചു.”പോയി കിടന്നുറങ്ങടാ ചെക്കാ..അല്ലെങ്കില്‍ നാളെ ക്ഷീണമാകും.”കൂടുതല്‍ ഒന്നും പറയാതെ മുറിയിലേക്ക് പോരുകയായിരുന്നു.

മനസ്സില്‍ സന്തോഷം, അതിനേക്കാള്‍ കൂടുതല്‍ പരിഭ്രമം. ഇതുവരെ ജീവിച്ച ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി എന്തിനും, ഏതിനും ഒരാളുടെ കൂടെ പങ്കാളിത്തം ഉറപ്പിക്കുന്ന ദിവസമാണ് നാളെ. സുഖമായാലും ദുഃഖമായാലും പരസ്പരം പങ്കിടാന്‍ തുടങ്ങുന്ന ദിവസം. ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക്, സങ്കല്‍പ്പങ്ങള്‍ക്ക് കൂടെ ഉണ്ടാകാന്‍ ഒരു വാഗ്ദാനം നല്‍കുന്ന ദിവസം. മനസ്സില്‍ ആ നിമിഷത്തെ കുറിച്ചായിരുന്നു ഏറെ ഭയം. അലമാര തുറന്ന് മിന്നുമാല കൈയ്യിലെടുത്ത് പരിശോധിച്ചു. ഭീതി തോന്നിയ നിമിഷം. വരനും വധുവും തമ്മിലുള്ള ദൃഢബന്ധങ്ങള്‍ക്ക് ഇരു മനസ്സുകളില്‍ എഴുതുന്ന ഉടമ്പടി എന്റെ കൈയ്യില്‍ എടുത്തു…. പരിഭ്രമത്തിന്റ നിമിഷങ്ങള്‍ എന്നില്‍ ഏറി വന്നു. മന്ത്രകോടിയില്‍ നിന്നും പ്രാര്‍ത്ഥിച്ചു എടുത്ത നൂല് മിന്നില്‍ കണ്ടപ്പോള്‍ മനസ്സില്‍ അങ്കലാപ്പ് കൂടി. ബന്ധുക്കളുടെയും, ചാര്‍ച്ചക്കാരുടേയും മുന്‍പില്‍ വെച്ച് മിന്നു കെട്ടുന്ന ആ നിമിഷത്തെപ്പറ്റി. മനസ്സില്‍ ആ നിമിഷത്തെക്കുറിച്ചുള്ള ശങ്ക വീണ്ടും ഉണര്‍ന്നു.. “ഇത് കെട്ടാന്‍ കഴിയോ? ഇതെങ്ങനെ കെട്ടണം… ഇടത് നിന്ന് വലത്തോട്ട്?? വലത്ത് നിന്ന് ഇടത്തോട്ട്?? കെട്ടുമ്പോള്‍ മിന്നു മറയുമോ?? കൈകള്‍ വിറക്കുമോ??പലരോടും ആ നിമിഷത്തെ കുറിച്ച് ചോദിച്ച് മനസ്സിലാക്കിയിരുന്നു എങ്കിലും….. ആ മുഹൂര്‍ത്തത്തില്‍ പതറിയ മനസ്സാണ് എല്ലാവര്‍ക്കും. ഒരു ചെറിയ ശങ്ക..ഒരു വിറയല്‍..അല്ലെങ്കില്‍ ഒരു കൊച്ചു ഭയം..ചിലത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്..എല്ലാം കൂട്ടി കൂട്ടി കിഴിക്കുമ്പോള്‍ അതെ ഭയം എന്നിലേക്കും പടര്‍ന്നു. സന്തോഷത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കുന്ന സമയത്തെ ഒരു കുഞ്ഞു ഭയം..എന്റെ കൊച്ചു മുറിയില്‍ സൂക്ഷിക്കാറുള്ള കൂജയിലെ തണുത്ത വെള്ളം കുടിച്ചു തീര്‍ത്തു. കിടക്കയില്‍ കിടക്കുമ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു. നാളെ മുതല്‍ നീ ഒറ്റയ്ക്കല്ല. അടുത്ത് നിന്റെ കൂടെ മറ്റൊരാള്‍ കൂടി ഉണ്ടാവുമെന്ന്…. ഉറങ്ങി എഴുന്നേല്‍ക്കാന്‍ പോകുന്ന ദിവസത്തെക്കുറിച്ച് ചിന്തിച്ച് മെല്ലെ കണ്ണുകള്‍ അടച്ച് നിദ്രയിലേക്ക്… നാളെ എന്ന ദിനം ജീവിതത്തിലെ ഏറ്റവും വര്‍ണ്ണാഭമായ ദിവസത്തിലേക്ക്… എല്ലാ പ്രതീക്ഷകള്‍ക്കും അര്‍ത്ഥം കണ്ടെത്തുന്ന പുരുഷായുസ്സിലെ അതിപ്രധാനപ്പെട്ട ആ ദിവസം എത്തി.

ഏറ്റവും നല്ല വസ്ത്രം ധരിച്ച്, ഏറ്റവും സന്തോഷത്തോടെ ബന്ധുക്കള്‍, മിത്രങ്ങള്‍, എന്റെ ജീവിതയാത്രയുടെ പ്രധാന ഘട്ടത്തിന് സാക്ഷ്യം വഹിക്കാന്‍. കോളേജില്‍ എന്റെ മലയാളം പ്രൊഫസര്‍ ആയിരുന്ന വറുഗീസ് പടിയറ സാറിന് വെറ്റിലയില്‍ ഒരു വെള്ളി നാണയം വെച്ച് ദക്ഷിണ സമര്‍പ്പിച്ചു. പ്രാര്‍ത്ഥിച്ച് വീടിന്റെ പടി ഇറങ്ങുമ്പോള്‍ എന്റെ ഹൃദയത്തിന്റെ ഇടിപ്പ് കേള്‍ക്കാമായിരുന്നു. വാത്സല്യം വാരിക്കോരി തന്ന എന്റെ അപ്പനെയും അമ്മയെയും കെട്ടിപ്പുണര്‍ന്നു. പള്ളിയിലേക്ക് പോകുമ്പോള്‍ അപ്പനേയും അമ്മയെയും വിട്ട് ഭാര്യയോട് പറ്റിച്ചേരുമെന്ന ബൈബിളിലെ വാക്യം മിന്നു കെട്ടിലൂടെ യാഥാര്‍ഥ്യമാകുന്നതിനെപ്പറ്റി ഓര്‍ത്തുപോയി. നിമിഷങ്ങള്‍ അടുക്കുന്തോറും പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ ഏറി വന്നു

മുല്ലപ്പൂമാലയുടെ ഗന്ധം നിറഞ്ഞ കാറില്‍ കയറുമ്പോള്‍ മനസ്സ് തുടിച്ചു…തലയില്‍ മുല്ലപ്പൂ ചൂടി, ആഭരണ വിഭൂഷിതയായ എന്റെ പെണ്ണിനെ കാണാന്‍.. ഇനി കുറച്ച് കഴിയുമ്പോള്‍ ബന്ധുക്കളെയും ചാര്‍ച്ചക്കാരെയും സാക്ഷി നിര്‍ത്തി പള്ളിയില്‍ വെച്ച് അവളെ എന്റെ് ജീവിതവുമായി ബന്ധിപ്പിക്കുന്ന ആ നിമിഷം..കാറില്‍ ആരെല്ലാമോ എന്തെല്ലാമോ പറയുന്നുണ്ടെങ്കിലും ഒന്നും മനസ്സില്‍ തങ്ങിയില്ല. എവിടെ ഒളിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ച ആ ശങ്ക വീണ്ടും തിരികെ വന്നിരിക്കുന്നു. ബലം നല്‍കാനും, എല്ലാം ഭംഗിയാക്കാനും മസ്സുരുകി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

പള്ളിയുടെ മുന്നില്‍ കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ മുഖത്ത് പതിച്ച വീഡിയോ വെളിച്ചത്തില്‍ നിന്നും തല തിരിച്ച് നോക്കിയപ്പോള്‍ കാറിനുള്ളില്‍ ആ സുന്ദര മുഖം കണ്ടു.

കുറച്ച് സമയം കഴിയുമ്പോള്‍ എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവളായിത്തീരേണ്ട പെണ്‍കുട്ടിയെ ഞാന്‍ ഒന്ന് നോക്കി. സന്തോഷത്തിന് മീതെ ചെറിയ ഒരു ശങ്ക ആ മുഖത്തും വായിക്കാമായിരുന്നു.

ജീവിതം വഴി തിരിയുന്ന ഒരവസ്ഥ എന്തായാലും ഉണ്ടാകാം. പിന്നെയും കാത്തിരിപ്പ്… ആ നിമിഷമാകാന്‍.. ഒരു നിമിഷം ഒരു മണിക്കൂര്‍ പോലെ.. .ഒരു മിനിറ്റ് ഒരു കൊല്ലം പോലെ.. പ്രകൃതി നിശ്ചയിച്ച ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്….. എരിഞ്ഞു കൊണ്ടിരിക്കുന്ന തീയില്‍ എണ്ണ ഒഴിക്കുംപോലെ എന്റെ കസിന്‍ അയിരൂരിലുള്ള ജോച്ചായന്‍ ചോദിച്ചു. “എന്താ പേടിണ്ടാടാ… സൂക്ഷിച്ച് കെട്ടിയാല്‍ മതി.. തെറ്റാതെ നോക്കണം. തെറ്റിയാല്‍ അച്ചന്‍ അഴിപ്പിച്ചു വീണ്ടും കെട്ടാല്‍ പറയും.” മനസ്സില്‍ പറഞ്ഞു.. എന്തിനാടാ നീയിതിപ്പോള്‍ ഓര്‍മ്മിപ്പിച്ചത്?? ഉള്ളില്‍ ഒരു പെരുമ്പറ മുഴങ്ങിത്തുടങ്ങി. മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രീം പട്ടുസാരി ഉടുത്തു മാതാപിതാക്കളോടൊപ്പം മിന്നു ചാര്‍ത്തേണ്ട പെണ്‍കുട്ടി മെല്ലെ മെല്ലെ പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു. എന്റെ ജീവിതത്തിലേക്ക് ഒറ്റയടിവെച്ച് അവള്‍ നടന്നുവരുന്നപോലെ. ഒരു നിമിഷം മനസ്സ് അബോധതലത്തിലേക്ക് പോയോ? അവള്‍ വന്ന് കൂടെ നിന്നപ്പോള്‍ ഭയം അതിന്റെ നിറകോടിയില്‍! അങ്ങിനെ കാത്തിരുന്ന പ്രധാനപ്പെട്ട ആ നിമിഷം അടുത്ത് വന്നു… ജീവിതത്തിലെ ഏറ്റവും ധന്യമായ ആ നിമിഷം.

അച്ചന്‍ കൂദാശ ചെയ്ത മിന്നുമാല, സ്വയം മറന്നു നില്‍ക്കുന്ന എന്റെ കൈയ്യിലേക്ക് തന്നു. പ്രകൃതി സ്ത്രീയേയും, പുരുഷനേയും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന ആ ശുഭമുഹൂര്‍ത്തം. ചുറ്റും നില്‍ക്കുന്നവരോ പ്രകാശമോ ഒന്നും കാണാനാവുന്നില്ല. ഭയം അതിന്റെ് ഉച്ചസ്ഥായിയില്‍.. എന്റെ മനസു പറഞ്ഞു “ഇനി മിന്നു കെട്ടിക്കോളൂ…”

വിറയാര്‍ന്ന കൈകള്‍, പെരുമ്പറ പോലെ മിടിക്കുന്ന ഹൃദയം.. ആ കഴുത്തിന് നേരെ കൈകള്‍ നീണ്ടത് തികച്ചും യാന്ത്രികമായി.. അവളും സ്വയം മറന്ന് നില്‍ക്കുന്നു. കൈയില്‍ മിന്നു ചരട് കിട്ടിയപ്പോള്‍ കൈകള്‍ ഒന്ന് വിറച്ചു. കെട്ട് തെറ്റുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്ന കുരുവിള അച്ചന്റെ മുഖം കണ്ടപ്പോള്‍ എന്റെ ഹൃദയമിടിപ്പുകളുടെ എണ്ണമേറി. അച്ചന്‍ തല കുലുക്കുന്നതു കണ്ടപ്പോളാണ് ഒരാശ്വാസമായത്. എങ്ങിനെ മിന്നുകേട്ട് നടന്നുവെന്ന് ഓര്‍മ്മയില്ല.

എനിക്ക് ജീവിത സഖിയെ സമ്മാനിച്ച ആ മുഹൂര്‍ത്തം മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും മധുരിക്കുന്ന ഓര്‍മ്മയായി എന്റെ മനസ്സിന്റെ കോണില്‍ അവശേഷിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top