Flash News

ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്

November 1, 2016

57816_1477925806കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം. നിയമന ഉത്തരവ് വരാപ്പുഴ അതിരൂപതാ മന്ദിരത്തിലും വത്തിക്കാനിലും പ്രസിദ്ധപ്പെടുത്തി. വരാപ്പുഴയുടെ ആറാമത് ആര്‍ച്ച് ബിഷപ്പാണ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ആറ് രൂപതകള്‍ അടങ്ങിയതാണ് വരാപ്പുഴ പ്രൊവിന്‍സ്.

കൊച്ചി വടുതല സ്വദേശിയായ ഡോ. ജോസഫ് കുടിയേറ്റക്കാരുടെയും സഞ്ചാരികളുടെയും അജപാലന ചുമതലയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒന്‍പതു വര്‍ഷം കോഴിക്കോട് ബിഷപ്പായിരുന്നു. വരാപ്പുഴ അതിരൂപതയുടെ ചാന്‍സലറായും വികാരി ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കത്തോലിക്ക സഭ കാനോന്‍ നിയമ പ്രകാരം 75 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ മാത്രമേ ആര്‍ച്ച് ബിഷപ് സ്ഥാനത്ത് തുടരാന്‍ കഴിയൂ. 2016 ഓക്ടോബര്‍ പത്തിന് 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിരമിക്കാനുള്ള തീരുമാനം ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മാര്‍പാപ്പയെ എഴുതി അറിയിച്ചിരുന്നു. ഇതത്തേുടര്‍ന്നാണ് മാര്‍പാപ്പ സ്ഥാനമൊഴിയാന്‍ അനുമതി നല്‍കിയത്. ഒഴിവിലേക്ക് 64കാരനായ ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ നിയമിക്കുകയും ചെയ്തു. ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ പുതിയ ആര്‍ച്ച് ബിഷപ്പായി നിയമിച്ചുള്ള ഉത്തരവ് വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍തന്നെയാണ് വായിച്ചത്. 2010 ഫെബ്രുവരിയിലാണ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത്.

വരാപ്പുഴ അതിരൂപതാംഗമായ ജോസഫ് കളത്തിപ്പറപ്പില്‍, വടുതല ഇടവകയിലെ കളത്തിപ്പറമ്പില്‍ അവറാച്ചന്റെയും ത്രേസ്യയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായി 1952 ഒക്ടോബര്‍ ആറാം തീയതിയാണ് ജനനം. 1965ല്‍ വരാപ്പുഴ അതിരൂപത മൈനര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി ചേര്‍ന്നു. 1978 മാര്‍ച്ച് 13 നു വൈദികപട്ടം സ്വീകരിച്ചു. 2011 ഫെബ്രുവരിയിലാണ് ഡോ.ജോസഫ് വത്തിക്കാനില്‍ കുടിയേറ്റക്കാര്‍ക്കും ദേശാടകര്‍ക്കുമുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായത്. വത്തിക്കാന്റെ വിദേശ മന്ത്രാലയമെന്ന പേരില്‍ അറിയപ്പെടുന്ന, കുടിയേറ്റക്കാരുടെയും ദേശാടനക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണിത്. ആദ്യമായാണ് ഒരു മലയാളി വത്തിക്കാനിലെ ഏതെങ്കിലും മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനാകുന്നതും.

2016nove01mar_joseph_familyഡോ. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപതയുടെ ആർച്ച്ബിഷപ്പായി നിയുക്‌തനായ സന്തോഷവാർത്തയറിഞ്ഞതോടെ കൊച്ചി നഗരത്തിലെ വടുതലയിലെ കളത്തിപ്പറമ്പിലെ അദ്ദേഹത്തിന്റെ തറവാട്ടു വീട്ടിലേക്കു ജനം ഒഴുകിയെത്തി. ആഹ്ലാദം തിരതല്ലിയ വാർത്തയിൽ ദൈവത്തിനു നന്ദിയറിയിച്ചു കളത്തിപ്പറമ്പിൽ കുടുംബം ആഘോഷത്തിൽ പങ്കുചേർന്നു.

മകന്റെ 38 വർഷത്തെ പൗരോഹിത്യജീവിതത്തിൽ അദ്ദേഹത്തിനു ലഭിച്ച അനുഗ്രഹങ്ങൾ പ്രാർഥനകളുടെ ഫലമാണെന്നു പറഞ്ഞു തന്റെ സന്തോഷം പങ്കുവയ്ക്കുകയാണു അമ്മ ത്രേസ്യ. കുഞ്ഞായിരിക്കുമ്പോൾ മുതൽ പ്രാർഥനയിലും വിശ്വാസത്തിലും പിതാവ് കാണിച്ചിരുന്ന താത്പര്യം ആ അമ്മ ഓർത്തെടുത്തു. മകന്റെ പൗരോഹിത്യ സ്വീകരണത്തിന്റെയും മെത്രാഭിഷേകത്തിന്റെയും ചിത്രങ്ങളുള്ള ആൽബങ്ങൾ മറിച്ച് അമ്മ ഒന്നൊന്നായി പറഞ്ഞുതുടങ്ങി. കുട്ടിക്കാലം മുതൽ തികഞ്ഞ വിശ്വാസി. കുഞ്ഞുനാളിൽ പള്ളിയിൽ പോകാനുള്ള പിതാവിന്റെ ഇഷ്‌ടവും അതിനായി ചെയ്ത ത്യാഗങ്ങളെക്കുറിച്ചും അവർ വാചാലയായി. എവിടെ പോയാലും എല്ലാ ദിവസവും വിളിക്കും. ഇന്നലെയും ആ പതിവ് തെറ്റിയില്ല. വത്തിക്കാനിൽനിന്നുള്ള ഫോൺവിളി പതിവുപോലെ പകൽ 11നു തന്നെ ഉണ്ടായി. എന്നാൽ നിയുക്‌ത സ്‌ഥാനത്തെക്കുറിച്ചു യാതൊന്നും പറഞ്ഞിരുന്നില്ലെന്നും അമ്മ കൂട്ടിച്ചേർത്തു.

എല്ലാ ദിവസവും രാവിലെ ഓഫീസിലേക്കു പോകുന്നതിനുമുമ്പാണ് അമ്മയെ വിളിക്കുക. വടുതലയിലെ കളത്തിപ്പറമ്പിൽ വീട്ടിൽ ഇളയമകൻ ജൂഡ് ആൻസനും കുടുംബത്തിനുമൊപ്പമാണു അമ്മ ത്രേസ്യായുടെ താമസം. പിതാവ് അവറാച്ചൻ 1987ൽ മരിച്ചു. നിയുക്‌ത ആർച്ച്ബിഷപ് ജനിച്ചു വളർന്ന പഴയ വീടിനു തൊട്ടടുത്തുതന്നെയാണ് ഇപ്പോഴത്തെ കളത്തിപ്പറമ്പിൽ വീടും. ആറുമാസം മുൻപു കാലപ്പഴക്കം വന്ന പഴയവീട് പൊളിച്ചുമാറ്റുകയായിരുന്നു.

ടിവിയിൽ കണ്ടാണു നിയമനവാർത്ത അമ്മയും സഹോദരനും കുടുംബവും അറിഞ്ഞത്. ജോലിക്കിടയിൽ അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴാണ് ഈ സന്തോഷവാർത്ത ടിവിയിലൂടെ അറിഞ്ഞതെന്നു സഹോദരൻ ജൂഡ് ആൻസൻ പറഞ്ഞു. വത്തിക്കാനിലെ ദൗത്യം അവസാനിപ്പിച്ചു ജനിച്ചു വളർന്ന നാട്ടിലേക്ക് ഏഴുവർഷത്തിനുശേഷം അദ്ദേഹം എത്തുന്നതിലുള്ള സന്തോഷവും സഹോദരൻ പങ്കുവച്ചു. കഴിഞ്ഞ ജൂണിൽ വീട്ടിലെത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top