Flash News

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രം‌പിനെതിരെ ആഞ്ഞടിച്ച് ഹില്ലരി

November 1, 2016

unnamed-15-2വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍. ട്രംപിന് യുഎസ് പ്രസിഡന്റ് പദം അലങ്കരിക്കാനുള്ള അര്‍ഹതയില്ലെന്ന് ഹിലരി പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിനു ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഹിലരി ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ളോറിഡയിലുള്ള ഡെയ്ല്‍ സിറ്റിയില്‍ സംസാരിക്കവെയാണ് ഹിലരി, ട്രംപ് അമേരിക്കയെ നയിക്കാന്‍ യോഗ്യനല്ലെന്ന് പറഞ്ഞത്. രാജ്യത്തിനായി താന്‍ നിര്‍വഹിച്ച പദവികളും ചെയ്ത കാര്യങ്ങളും എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഇവിടെ ഹിലരി സംസാരിച്ചത്.

കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് താന്‍ ഇതുവരെ നടത്തിയിട്ടുള്ളത്. താന്‍ യുഎസ് സെനറ്റിലെ ആംഡ് സര്‍വീസ് കമ്മിറ്റി അംഗമായിരുന്ന സമയത്താണ് ഒസാമ ബിന്‍ ലാദനെ നിയമത്തിനു മുന്നിലെത്തിച്ചതെന്നും ഓര്‍മിപ്പിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി ആയിരുന്ന സമയത്ത് നിരവധി രാജ്യങ്ങളുമായി അമേരിക്കയുടെ ബന്ധം ഊഷ്മളമാക്കിത്തീര്‍ക്കാന്‍ സാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൊണാള്‍ഡ് ട്രംപിനെതിരെ മാത്രം നിരന്തരം ആരോപണങ്ങള്‍ ഉയരുന്നത് ആയാളുടെ പ്രവൃത്തികളുടെയും വാക്കുകളുടെയും ഫലമാണെന്നും ഹിലരി ആരോപിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ട്രംപ് സ്ത്രീകളെ അപമാനിക്കുകയും ചൂഷണം ചെയ്യുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ചില സമയങ്ങളില്‍ സ്ത്രീകളെ ‘വൃത്തികെട്ട വര്‍ഗ്ഗ’മെന്നും ‘അറപ്പുളവാക്കുന്നവര്‍’ എന്നുമൊക്കെ അയാള്‍ വിളിച്ചിട്ടുണ്ടെന്നും ഹിലരി തുറന്നടിച്ചു. പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കാവുന്ന ഫ്‌ളോറിഡയില്‍ ഒരു ദിവസം മുഴുവന്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച ശേഷമാണ് ഹിലരി മടങ്ങിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top