Flash News

‘ടോട്ടല്‍ ഫോര്‍ യു’ മോഡലില്‍ 30 കോടിയോളം രൂപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന യുവതിയെ അറസ്റ്റു ചെയ്തു

November 17, 2016

salihaന്യൂയോര്‍ക്ക്: 2006-ല്‍ ശബരീനാഥ് എന്ന 19-കാരന്‍ നടത്തിയ ‘ടോട്ടല്‍ ഫോര്‍ യു’ തട്ടിപ്പിന് സമാനമായി മാള പുത്തന്‍‌ചിറയിലും തട്ടിപ്പ് നടത്തി മുങ്ങി നടന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പുത്തന്‍‌ചിറ കോവിലകത്ത്കുന്ന് കുര്യാപ്പിള്ളി വീട്ടില്‍ ഷംസുദ്ദീന്‍ മകള്‍ സാലിഹ (29) യെയാണ് ഇരിങ്ങാലക്കുട എ എസ് പി മെറിന്‍ ജോസഫ്, ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റു ചെയ്തത്.

വിദേശ മലയാളികളില്‍ നിന്നും, നാട്ടുകാരില്‍ നിന്നും, ബന്ധുക്കളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ആര്‍ഭാട ജീവിതം നയിച്ച് പിടിക്കപ്പെടുമെന്നായപ്പോള്‍ വിദേശത്തേക്ക് കടന്ന സാലിഹയെ തന്ത്രപരമായാണ് പിടികൂടിയത്. ഏകദേശം 30 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നൂറിലേറെ നിക്ഷേപകരില്‍ നിന്ന് പണം തട്ടി മൂന്ന് മാസം മുമ്പ് വിദേശത്തേയ്ക്ക് മുങ്ങിയ സാലിഹ ദുബായില്‍നിന്നാണ് കോയമ്പത്തൂരിലെത്തിയത്. പ്രത്യേക അന്വേഷകസംഘം വിദേശത്തുനിന്നും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തുന്ന വിവരം ലഭിച്ചത്.

2011- ല്‍ ഇരിങ്ങാലക്കുടയ്ക്കും കൊടുങ്ങല്ലൂരിനുമിടക്ക് കോണത്തുകുന്ന് എന്ന സ്ഥലത്ത് ഇന്‍വെസ്റ്റ്മെന്റ് സൊലൂഷന്‍ ആന്റ് സര്‍വീസസ് എന്ന സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് ആരംഭിച്ചത്. എംബിഎ ബിരുദധാരിയായ സാലിഹ സ്ഥാപനത്തിന്റെ എംഡിയെന്ന നിലയിലാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശമലയാളികളെ ലക്ഷ്യം വെച്ചായിരുന്നു സാലിഹയുടെ നീക്കങ്ങള്‍. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 10,000 രൂപ ലാഭ വിഹിതം വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരെ ആകര്‍ഷിക്കുകയും, തുടക്കത്തില്‍ ലാഭ വിഹിതം കൃത്യമായി നല്‍കി അവരുടെ വിശ്വാസമാര്‍ജ്ജിച്ച് അവരിലൂടെ മറ്റുള്ളവരെയും വലയിലാക്കുകയുമായിരുന്നു സാലിഹയുടെ പ്രവര്‍ത്തന രീതി.

ഷെയര്‍മാര്‍ക്കറ്റിലും ഡിബഞ്ചറുകളിലും നിക്ഷേപകരുടെ പേരില്‍ നിക്ഷേപിയ്ക്കുമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ തുക സ്വന്തം അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചിരുന്നത്. കൂര്‍ക്കഞ്ചേരി, കൊടുങ്ങല്ലൂര്‍ തുടങ്ങി ജില്ലയിലെ പലഭാഗങ്ങളും തട്ടിപ്പിനായി ഓഫീസുകള്‍ സ്ഥാപിച്ചിരുന്നു. 2011 മുതലാണ് സാലിഹയുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. കറുകക്കാട്ടു പറമ്പില്‍ അബ്ദുള്‍ മജീദില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയെടുത്തതിന് ആഗസ്റ്റില്‍ ഇരിങ്ങാലക്കുട പോലീസില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നാണ് വന്‍ തട്ടിപ്പ് കഥകള്‍ പുറത്തു വന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തി. തുടര്‍ന്നാണ് അബ്ദുല്‍ മജീദ് പോലീസില്‍ പരാതി നല്‍കിയത്.

ഇരിങ്ങാലക്കുട സ്റ്റേഷന്‍ പരിധിയില്‍ മാത്രം അഞ്ച് കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊടുങ്ങല്ലൂര്‍, മതിലകം, മണ്ണുത്തി, തൃശൂര്‍, കാട്ടൂര്‍, മാള പൊലീസ് സ്റ്റേഷനുകളിലും സാലിഹക്കെതിരെ കേസുണ്ട്. സാലിഹയെ പിടികൂടിയെന്നറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തട്ടിപ്പിനിരയായവര്‍ പോലീസിനെ സമീപിക്കുന്നുണ്ട്. സാലിഹയുടെ തട്ടിപ്പിനിരയായി പരാതി നല്‍കാത്തവര്‍ എത്രയും പെട്ടെന്ന് പോലീസിനെ സമീപിക്കേണ്ടതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എം.കെ. അറിയിച്ചു. എല്ലാ പരാതിയും ലഭിച്ചതിന് ശേഷം മാത്രമെ സാലിഹയുടെ തട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകു.

2006 -ല്‍ ശബരിനാഥ് ഉള്‍പ്പെട്ട ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിന് സമാനമാണ് സാലിഹയുടേയും പ്രവര്‍ത്തനം. വെറും പ്ലസ് ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള 19 കാരനായ ശബരീനാഥ് 50 കോടിയോളം രൂപയാണ് നിക്ഷേപകരില്‍ നിന്ന് തട്ടിച്ചെടുത്തത്. മൂന്ന് മാസം കൊണ്ട് അറുപത് ശതമാനം നേട്ടം വാഗ്ദാനം ചെയ്താണ് ശബരിനാഥ് നിക്ഷേപകരെ ആകര്‍ഷിച്ചത്. അതേ രീതിയിലാണ് സാലിഹയും തട്ടിപ്പ് ആരംഭിച്ചത്.

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് തൃശൂര്‍ നഗരമധ്യത്തില്‍ ആഢംബര സൗകര്യങ്ങളോടുകൂടിയ ഒരു വില്ലയും, കോണത്ത് കുന്നില്‍ ഒരു വീടും സാലിഹ സ്വന്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളിലെ പ്രധാന വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു ഈ യുവതി. ഒരു സാധു കുടുംബത്തില്‍ ജനിച്ച സാലിഹയുടെ വളര്‍ച്ച കണ്ട് പലരും അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാരും അയല്‍‌വാസികളും പറയുന്നു. അതേക്കുറിച്ച് കുടുംബത്തോട് ചോദിക്കുമ്പോള്‍ അസൂയകൊണ്ട് പറയുന്നതാണെന്ന് സാലിഹയുടെ കുടുംബം കുറ്റപ്പെടുത്തുമത്രേ.

ഇരിങ്ങാലക്കുട പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഏറ്റെടുത്തതിനെ തുടര്‍ന്ന് അപകടം മണത്തറിഞ്ഞ് സാലിഹ സംസ്ഥാനത്തിന് പുറത്ത് കടക്കുകയും അവിടെ നിന്ന് ദുബായിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. ഇതിനിടയില്‍ സാലിഹയുടെ തട്ടിപ്പ് വിവരം വാട്സ്‌ആപ് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ഗള്‍ഫില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സാലിഹയെ വിദേശത്തുനിന്ന് പിടികൂടുവാനുള്ള ശ്രമവും തുടങ്ങിയിരുന്നു. അതിനിടയിലാണ് പോലീസിന്റെ കണ്ണു വെട്ടിച്ച് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം കൊയമ്പത്തൂരെത്തി തന്ത്രപരമായി പ്രതിയെ വലയിലാക്കുകയായുരുന്നു.

ഈ കേസില്‍പെട്ട മറ്റു പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതിനാല്‍ കൂട്ട് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചനയുണ്ട്. പ്രത്യേക അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ എസ്ഐ വി.വി.തോമസ്, എഎസ്ഐ മാരായ അനില്‍ തോപ്പില്‍, സുരേഷ് തച്ചപ്പിള്ളി, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മുരുകേഷ് കടവത്ത്, ജയപാല്‍ എം.ജെ. ജെന്നിന്‍ കെ.എ, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവ് വി.ബി, വിനോഷ് എ.വി., വനിത സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിവ, തെസ്സിനി, ആഗ്‌നസ്, എന്നിവര്‍ ഉണ്ടായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top