Flash News

സഭാ ജയിലുകള്‍ (ലേഖനം)

November 29, 2016

saba-jail-sizeശ്രീബുദ്ധന്റെ ചിന്താപദ്ധതി മനുഷ്യന് സ്വാതന്ത്യത്തിന്റെ വഴി തെളിച്ചപ്പോള്‍ മറ്റൊരു ബുദ്ധനായിരുന്ന (ബോധോദയം സംഭവിച്ചവന്‍) യേശുവിന്റെ “അനുയായികള്‍” ലോകത്തിനു വച്ചുനീട്ടുന്നത് വിശ്വാസത്തിന്റെ അടിമത്തമാണ്. സ്വാതന്ത്ര്യത്തിന്റെ നിരാസമാണ് അടിമത്തം. ഇന്ന് മതത്തിന്റെ പേരില്‍ വളര്‍ന്നുപടരുന്നതൊക്കെ ഭയപ്പാടും ആര്‍ത്തിയും രൂപം കൊടുക്കുന്ന പൊള്ളയായ ദൈവസങ്കല്പങ്ങള്‍ മാത്രമാണ്. അവയില്‍ യേശുവിന് യാതൊരു പങ്കുമില്ല.

അത്യാര്‍ത്തിയാണ് വിശ്വാസികളെ പള്ളികളിലേക്കും തീര്‍ത്ഥകേന്ദ്രങ്ങളിലേക്കും പേരെടുക്കാനാഗ്രഹിക്കുന്ന ധ്യാനഗുരുക്കളുടെ പക്കലേയ്ക്കും നയിക്കുന്നത്. ദൈവം എല്ലാവര്‍ക്കും കൊടുക്കുന്നതൊന്നും പോരാത്ത ഇത്തരക്കാരാണ് നല്ല വിശ്വാസികള്‍ എന്നാണ് വൈദികരും പഠിപ്പിക്കുന്നത്. പൂഞ്ഞാറിനു കിഴക്കുള്ള അടിവാരം പോലൊരു കുഗ്രാമത്തില്‍ നിന്നുപോലും ആഴ്ചതോറും വേളാങ്കണ്ണിക്കും മലയാറ്റൂറിനുമൊക്കെ ബസ്സുകള്‍ നിറച്ച് യാത്രയാകുന്നത് തങ്ങള്‍ക്ക് അത്ഭുതങ്ങള്‍ തന്നെ വേണം എന്ന ആര്‍ത്തിയുള്ളവരാണ്. അതു പ്രോത്സാഹിപ്പിക്കാന്‍ പുരോഹിതരും!

അസ്തിത്വം മുഴുവന്‍ ദൈവികത്വം നിറഞ്ഞു നില്‍ക്കുമ്പോഴും ഇവര്‍ക്ക് തികയുന്നില്ല. അവര്‍ വ്യക്തിപരവും സവിശേഷവുമായ അനുഗ്രഹങ്ങള്‍ക്കായി യാചിച്ചു കൊണ്ടേയിരിക്കുന്നു. മദ്ധ്യസ്ഥരെ മാറി മാറി തേടിയലയുന്നു. വീര്യം കുറഞ്ഞുപോയ യുദായെ വിട്ടിട്ടു് പുതുതായി കളത്തിലിറക്കിയ എവുപ്രാസിയെ പിടിക്കുന്നു.

എന്നാല്‍ ബുദ്ധന് പ്രാര്‍ത്ഥന അസാധ്യമാണ്. കാരണം, ഉള്ളില്‍ ദൈവംതന്നെ നിറഞ്ഞിരിക്കുന്നവന്‍ എന്തിനായിട്ടാണ് പ്രാർത്ഥിക്കുക? ദൈവത്തെ അറിഞ്ഞവര്‍ മൗനികളായിത്തീരുകയാണ് ചെയ്യുന്നത്. ആരോടും ഒന്നും പറയേണ്ടയാവശ്യം അവര്‍ക്കുണ്ടാകുന്നില്ല. ഏറ്റവും നല്ല പ്രാര്‍ത്ഥന ശുദ്ധമായ മൗനമാണ്. മുഴുവന്‍ അസ്തിത്വത്തെയും മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രണാമമാണത്. എല്ലാം നന്ദിയോടെ കാണുകയും സ്വീകരിക്കുകയും ചെയ്യുന്ന ഹര്‍ഷോന്മാദമാണത്. പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയില്‍ ആയിരിക്കുക എന്നതുതന്നെയാണ് ധ്യാനം. അവിടെ സ്വത്വം അപ്രത്യക്ഷമാകുന്നു. അഹംബോധമില്ലാതാകുന്നു. അതുകൊണ്ടു് വ്യക്തിപരമായതെല്ലാം മായുന്നു. സുന്ദരമായ അസ്തിത്വത്തിന്റെ മഹാഭൂമികയായിത്തീരുക എന്നതാണ് ധ്യാനത്തില്‍ സംഭവിക്കുന്നത്. അഹത്തിന്റെയഭാവം സൃഷ്ടിക്കുന്ന സംശുദ്ധ ശൂന്യത! പ്രാര്‍ത്ഥനയില്‍ സ്വാര്‍ത്ഥകേന്ദ്രമായ “ഞാന്‍” നിറഞ്ഞു നില്‍ക്കുമ്പോള്‍ ധ്യാനത്തില്‍ “ഞാന്‍” അപ്രത്യക്ഷനാകുന്നു. “ഒരു ചെടി പുഷ്പിക്കുന്നത് അതിന്റെ ധ്യാന”മാണെന്ന് ഓഷോ പറയുന്നു.

ഒരു യാഥാസ്ഥിതിക ക്രിസ്ത്യാനിക്കും ഇത് മനസ്സിലാവില്ല. കാരണം, ‘ഞാന്‍’ നിറഞ്ഞു തുളുമ്പുന്ന യാചനകളുടെ ആവര്‍ത്തനമാണ് വിശ്വാസസാക്ഷ്യം എന്നാണവര്‍ ധരിച്ചിരിക്കുന്നത്. അതിനുദാഹരണമാണ് എണ്ണിയാലൊടുങ്ങാത്ത നൊവേനകളും കൊന്ത നമസ്ക്കാരങ്ങളുടെ ചങ്ങലകളും.

മറിച്ചൊന്ന് പറഞ്ഞുകൊടുക്കാനുളള വിവരം ഒരു പരോഹിതനും ഒട്ടില്ല താനും. നമ്മള്‍ അയ്യോപാവം പറയുമ്പോള്‍ പ്രസാദിക്കുകയും അല്ലാത്തപ്പോള്‍ കണ്ടില്ലെന്നു വയ്ക്കുകയും ചെയ്യുന്ന പിതാവായ ദൈവത്തെയാണ് നമ്മുടെ പുരോഹിതര്‍ക്കും അവരുടെ സ്പെഷൽ പതിപ്പ് ക്രിസ്തുമതത്തിനുമറിയാവുന്നത്. അപരിമേയവും അനന്തവുമായ ഉണ്മയെപ്പറ്റിയും അതിന്റെ വര്‍ത്തമാനാനുഭവമായ സ്വന്തം അല്പാസ്തിത്വത്തെപ്പറ്റിയും ലഭ്യമായ അവബോധത്തില്‍ ഈശ്വരാനുഭവത്തിലും മാറ്റം വരാം എന്നു വകവയ്ക്കാനുള്ള ധൈര്യം ക്രിസ്തുമതത്തിന് ഒരിക്കലും കൈവരില്ല. കാരണം, അതത്ര യാഥാസ്ഥിതികമാണ്. വാസ്തവത്തില്‍, പിതാവായ ദൈവമെന്ന സങ്കല്പം തന്നെ ബാലിശമാണ്, പ്രാകൃതമാണ്. ആണ്‍കോയ്മയുടെയും പിതൃസ്വരൂപത്തിന്റെയും അധിനിവേശത്തില്‍ നിന്നുരുവായതാണ് ആ സങ്കല്പം. യേശുവും അതിനു വഴിപ്പെട്ടെങ്കില്‍ അത് സ്വാഭാവികം മാത്രം. സുവിശേഷത്തെ ആധാരമാക്കി ആ ആശയത്തില്‍ പിടിമുറുക്കുന്നതില്‍ അര്‍ത്ഥമില്ല. കൂടുതല്‍ ആഴമായവയിലേക്ക് പോകാനാകാത്തവര്‍ക്ക് ഇത്തരം അത്താണികള്‍ ആവശ്യമായി വരും. അതനുവദിക്കുക. വ്യാജമായ രോഗങ്ങള്‍ക്ക് വ്യാജമായ മരുന്നുകള്‍ ഫലപ്രദമാകാന്‍ പ്രകൃതി പലപ്പോഴും അനുവദിക്കാറുണ്ടല്ലോ.

എന്നാല്‍ ഇത്തരം ശരാശരി അര്‍ത്ഥവ്യതിയാനങ്ങള്‍ മാത്രമാണോ ക്രിസ്ത്യാനിറ്റിയും അതിന്റെ പൗരോഹിത്യവും സൃഷ്ടിക്കുന്നത്? അല്ലല്ലോ. തങ്ങളുടെ മതമാണ് ഏറ്റവും ശരിയെന്ന നിര്‍ലജ്ജമായ മാനസ്സിക തടവറയെയും അവര്‍ കെട്ടിയുണ്ടാക്കി വിശ്വാസികളെ അതിനുള്ളില്‍ ബന്ധിക്കുന്നു. വേലികളില്ലാത്ത മനസ്സിൻറെ വിശാലതയാണ് സ്വാതന്ത്ര്യം. ക. സഭയിൽ, എന്ന് എവിടെ തിരിഞ്ഞാലും, വേലികളുടെ സമൃദ്ധിയാണ് കാണാന്‍ കഴിഞ്ഞിരുന്നത്. ഇന്നാകട്ടെ, കരുണയുടെ വര്‍ഷം കടന്നുപോയിട്ടും, അവ ഒന്നിനൊന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. മതത്തിലായാലും അതിനു വെളിയിലായാലും ഏതെങ്കിലും പ്രത്യേകതകള്‍ അവകാശപ്പെടുന്ന ഓരോ ഗ്രൂപ്പും മനുഷ്യനെ സംബന്ധിച്ച് ഒരു തടവറയാണ്. അവ മനുഷ്യരെ വെട്ടിമുറിക്കുകയും വേര്‍തിരിക്കുകയും മാത്രമാണ് ചെയ്യുന്നത്. എന്റെ മതം, അതിന്റെ വിശ്വാസങ്ങള്‍, എന്റെ രൂപത, എന്റെ ഇടവക, എന്റെ റീത്ത് എന്നതെല്ലാം ഓരോരോ ജയിലുകളാണ്. ആ ജയിലുകളിലുള്ളവര്‍ തങ്ങളുടെ ജയിലാണ് മെച്ചമെന്ന് അത്തരം മറ്റു ജയിലുകളില്‍ കഴിയുന്ന മരമണ്ടന്മാരോട് കയര്‍ക്കുന്നു. അന്യനാടുകളില്‍ ചെന്നുപോലും ഈ ജയിലുകളുടെ ശാഖകള്‍ പടുത്തുയര്‍ത്തുന്നു, സീറോ മലബാര്‍ സഭ. ഇത്തരം സഭാജയിലുകള്‍ USAയില്‍, ആസ്ത്രേലിയയില്‍, ഇംഗ്ലണ്ടില്‍ ഒക്കെ സ്ഥാപിതമായിക്കഴിഞ്ഞു. ഫരിദാബാദിലും കല്‍ക്കട്ടയിലും ചെന്നൈയിലും അവരത് പണ്ടേ ചെയ്തുവച്ചു.

മാനസിക തടവറ-നിര്‍മ്മിതിയുടെ ഈ സംസ്കാര ശോഷണത്തെ പ്രോത്സാഹിപ്പിക്കുന്ന തൊഴിലാണ് നമ്മുടെ മെത്രാന്മാരും പുരോഹിതരും, അടുത്ത കാലത്ത് പ്രത്യേകിച്ചും, ഏറ്റെടുത്തിരിക്കുന്നത്. അതുവഴി അവര്‍ അന്യരെ വഞ്ചിക്കുകയാണെന്ന് അവരില്‍ മിക്കവര്‍ക്കും അറിയാം. അത് ഏറെ നാള്‍ തുടരുമ്പോള്‍, സ്വയം വഞ്ചിക്കുകയാണെന്ന കാര്യംപോലും അവര്‍ മറക്കുന്നു. അജ്ഞതയുടെയും കാപട്യത്തിന്റെയും കൂമ്പാരങ്ങളാണ് ഇത്തരം മേലാളന്മാര്‍. മനുഷ്യരെ ശുദ്ധീകരിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാന്‍ പര്യാപ്തരല്ലാത്ത അവര്‍ സ്വന്തം മതത്തെയും സമൂഹത്തെയും ജീര്‍ണിപ്പിച്ചുകൊണ്ടിരിക്കുന്നു.

സഹസ്രാബദങ്ങളുടെ ചരിത്രം ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു. അണലി സന്തതികളെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും യേശു വളിച്ചത് മനുഷ്യ സമൂഹത്തിന്റെ ഇത്തരം അപനിര്‍മാണങ്ങളില്‍ വ്യാപൃതരായ പുരോഹിതരെയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “സഭാ ജയിലുകള്‍ (ലേഖനം)”

 1. Zach Nedunkanal says:

  “സഭാജയിലുകൾ” എന്ന എന്റെ ലേഖനത്തിൽ ഒരിടത്ത് “പ്രാർത്ഥിക്കുകയല്ല, പ്രാർത്ഥനയിൽ ആയിരിക്കുകയാണ് വേണ്ടത്” എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതെന്ത് എന്ന് എഴുതി ചോദിച്ചവർക്ക് ഒരു മറുപടി തരാൻ ശ്രമിക്കുകയാണ് ഇവിടെ.

  സമ്പത്തും സുഖസൗകര്യങ്ങളും ഉൾപ്പെടെയുള്ള ഭൗതികാനുഗ്രഹങ്ങൾ തേടാനും കിട്ടിയവയെ സ്വേച്ഛപ്രകാരം കൂട്ടിവയ്ക്കാനുമുള്ള ത്വര എത്ര കുറവാണോ എന്ന അനുപാതത്തിലാണ് ഒരാൾക്ക് ആദ്ധ്യാത്മികസ്വാതന്ത്ര്യം അനുഭവവേദ്യമാകുക. ആത്മാവിൽ ദാരിദ്ര്യമുളളവർ ഭാഗ്യവാന്മാർ എന്ന വചനം ഓർക്കുക.

  അത്യാവശ്യങ്ങളിൽ കവിഞ്ഞ് സ്വരുക്കൂട്ടാവുന്നവ എന്തൊക്കെയാണെങ്കിലും, അവ വേണ്ടായെന്നു വയ്ക്കുന്നതും ആഗ്രഹിച്ചതൊക്കെ കിട്ടാത്തതുകൊണ്ടു് മാത്രം ദാരിദ്യം അനുഭവിക്കുന്നതും രണ്ടാണ്. ആദ്യത്തേതാണ് യേശു അങ്ങേയറ്റം ശ്ലാഘിച്ചത്. അതുമാത്രമേ ആന്തരിക സമൃദ്ധി അല്ലെങ്കിൽ ആദ്ധ്യാത്മിക സ്വാതന്ത്ര്യമെന്ന സ്വർഗരാജ്യത്തിനുള്ള അവകാശം തരുന്നുള്ളൂ.

  അതുപോലെതന്നെയാണ് യുക്തിയും ഭക്തിയും വ്യത്യസ്തമാകുന്നത്. യുക്തിചിന്തനം നടത്തി അതിന്റെ നിരർത്ഥകതയറിഞ്ഞയാൾ ശരിയായ ഭക്തിയിലേക്കു തിരിയുന്നതും യുക്തിയുടെ വഴിയേ ഒരടിപോലും വയ്ക്കാതെ, അല്ലെങ്കിൽ അതിനെ തീർത്തും അവിശ്വസിച്ചുകൊണ്ട്, അന്ധമായ ഭക്തിയിൽ എത്തിപ്പെടുന്നതും അജഗജാന്തരമുളള അവസ്ഥകളാണ്. ആദ്യത്തേതിൽ ഒരാൾ അസ്തിത്വത്തോടുള്ള ആദരവിലെത്തി അവിടെ നിലയുറപ്പിക്കുമ്പോൾ, രണ്ടാമത്തേതിൽ അഹത്തിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന ആർത്തിയിലാണ്‌ അയാൾ ചെന്നെത്തുന്നത്. ആദ്യത്തേത് നിരുപാധികമാണങ്കിൽ (unconditional) രണ്ടാമത്തേത് സോപാധികമാണ് (conditional).

  പരിണാമഫലമായ യുക്തിയിലൂന്നിയ ചിന്താപഥം ഒരാളെ നയിക്കുന്നത് അസ്തിത്വത്തിലുളള സ്വാഭാവികമായ ഭാഗഭാഗിത്വത്തിലേക്കും അതിൽ നിന്നുളവാകുന്ന അനന്യമായ ശ്രദ്ധയിലേക്കുമാണ്. ആ ശ്രദ്ധ അല്ലെങ്കിൽ നിരന്തര അവബോധമാണ് ദൈവികമായ ആന്തരിക സ്വാതന്ത്ര്യത്തിന് നമ്മെ അർഹരാകുന്നത്.

  ഉൺമയുള്ളതെല്ലാം ദൈവിക മാണെന്നും അതിനാൽ നമ്മുടെ നിരുപാധിക സ്നേഹവും ബഹുമാനവും അർഹിക്കുന്നു എന്നുമുള്ള യുക്തിയിലൂന്നിയ ബോധ്യമാണ് അതിന്നു പിന്നിൽ പ്രവർത്തിക്കുന്നത്. അതാണ് പ്രാർത്ഥനയിൽ ആയിരിക്കുക എന്ന ഭാഗ്യം അല്ലങ്കിൽ യോഗാവസ്ഥ. അസ്തിത്വത്തിന്റെ എല്ലാവിധ ഭാവങ്ങളോടുമുള്ള സ്നേഹാർദ്രമായ ഒരു നിലപാടാണത്. “ഈ പ്രപഞ്ചത്തിന്റെ എല്ലാ കീർത്തിയും നിലനിലക്കന്നത് ഒരു ധാന്യമണിയിലാണ്. “സ്പാനിഷ് അധിനിവേശത്തിന്റെ രക്തസാക്ഷിയും ഫിദൽ കാസ്ത്രോയുടെ നായകനും വഴികാട്ടിയുമായിരുന്ന ഹൊസേ മാർട്ടിയുടെ ഈ അതിമനോഹര വാക്യം പ്രാർത്ഥനയിലായിരിക്കുന്നയാൾക്ക് ഏതു ചെറിയ വസ്തുവിനെപ്പറ്റിപ്പോലും പറയാനാവും.

  മറിച്ച്, അന്ധവും യുക്തിരഹിതവുമായ ആസക്തിമൂലം ദാരിദ്ര്യമനുഭവിക്കുന്നവർ അനുഗ്രഹങ്ങൾക്കായുള്ള യാചനയൊരിക്കലും നിറുത്തുകയില്ല. അവർ നിരന്തരം ഭക്തി നടിക്കേണ്ടിവരികയാണ് ചെയ്യുന്നത്. അതാകട്ടെ മിക്കവാറുമെപ്പോഴും അസ്സാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥരെയും അവരുടെ അദ്ഭുത സിദ്ധികളെയും അനുകമ്പയെയും ഉന്നംവച്ചുള്ളതുമായിരിക്കും. കരണം, അവരിൽ അഹം സൃഷ്ടിക്കുന്ന വിഘടനോർജ്ജവും സ്വാർത്ഥമായ ആത്മനിർവൃതിക്കുള്ള ത്വരയും ഒരിക്കലും കെട്ടണയുന്നില്ല. മറുവശത്ത്, യഥാർത്ഥ ഭക്തി ഒരു പ്രത്യേക ദേവതയെയോ ആവശ്യത്തെയോ നിർവചിക്കുന്നില്ല. അത് അസ്തിത്വമെന്ന സമഗ്രതയെ, സാകല്യത്തെ, ആണ് ആശ്ലേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top