Flash News

നരേന്ദ്ര മോദി നടത്തുന്നത് ഗുജറാത്ത് വംശഹത്യയുടെ മറ്റൊരു പതിപ്പ്: തോമസ് ഐസക്

December 4, 2016

modi-belgaum-pti-759ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതലത്തില്‍ സാമ്പത്തിക സംഹാരം നടത്തുകയാണെന്നും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന ഗുജറാത്തിലെ വംശഹത്യയുടെ മറ്റൊരു പതിപ്പാണിതെന്നും ധനമന്ത്രി തോമസ് ഐസക്. 2002ലെ ഗുജറാത്ത് അതിക്രമത്തിന്‍െറ സമയത്ത് മോദി സ്വന്തം കരുത്ത് വര്‍ധിപ്പിക്കാനും നേതാവാകാനുമാണ് ശ്രമിച്ചത്. സാമ്പത്തിക സംഹാരത്തിന്‍െറ ഇപ്പോഴത്തെ സമയത്തും മോദി കുലുങ്ങുന്നില്ല. സാമ്പത്തിക ദുരന്തത്തിനിടയില്‍ ദേശീയ വിഗ്രഹമാകാനാണ് മോദി ശ്രമിക്കുന്നത്.

നോട്ട് അസാധുവാക്കിയതുവഴി സാമ്പത്തിക പ്രവര്‍ത്തനം മുരടിച്ചു. വരുമാനം പകുതിയോളം കുറഞ്ഞ് സംസ്ഥാനങ്ങള്‍ ആശങ്കയിലാണ്. ശമ്പളം കൊടുക്കാന്‍ ഡിസംബറില്‍ നോട്ടില്ലാത്തതാണ് പ്രശ്നമെങ്കില്‍, ജനുവരിയില്‍ വരുമാനമില്ലെന്ന പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്. കേരളത്തിന്‍െറ വരുമാനത്തില്‍ 40 ശതമാനം വരെ ഇടിവാണ് ഉണ്ടാവുക.

തൊഴിലില്ലായ്മ വര്‍ധിക്കുന്നു. വേതനം കൊടുക്കാന്‍ പ്രയാസപ്പെടുന്നു. ചെറുകിട ബിസിനസുകാര്‍ പ്രതിസന്ധിയിലാണ്. ഇടത്തരം നിര്‍മാണമേഖല സ്തംഭിച്ചു നില്‍ക്കുന്നു. ഓട്ടോമൊബൈല്‍ വ്യവസായം തകരുന്നു. അസംഘടിത മേഖലയില്‍നിന്ന് സംഘടിത മേഖലയിലേക്ക് പ്രതിസന്ധി വ്യാപിച്ചു. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ രണ്ടരലക്ഷം കോടി രൂപയുടെ ഇടിവ് ഉണ്ടാകുമെന്നാണ് കണക്ക്. സംസ്ഥാനങ്ങളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും കേന്ദ്രം തയാറായിട്ടില്ല.

കഴിഞ്ഞ മാസം 10 മുതല്‍ 18 വരെ തീയതികളില്‍ മൊത്തം 1.8 കോടി ജന്‍ധന്‍ അക്കൗണ്ടുകളിലായി വന്നിട്ടുള്ളത് 25,000 കോടി രൂപയാണ്. ഓരോ അക്കൗണ്ടിലും ശരാശരി 14,330 രൂപ. ഇരുപതു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ളതു വെറും 10 ജന്‍ധന്‍ അക്കൗണ്ടുകളിലാണ്. പത്തു ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളത് 34 അക്കൗണ്ടുകളില്‍; മൂന്നു ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളത് ഏകദേശം 500 അക്കൗണ്ടുകളിലാണ്. ഇതാണ് വസ്തുതയെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് എല്ലാ ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കും പണം പിന്‍വലിക്കലിന് നിയന്ത്രണം വച്ചതെന്ന് തോമസ് ഐസക് ചോദിച്ചു.

T._M._Thomas_Isaacനോട്ടുപിന്‍വലിക്കല്‍ പദ്ധതി പൊളിഞ്ഞിരിക്കുകയാണ്. ഏകദേശം 11.5 ലക്ഷം കോടി രൂപ പിന്‍വലിക്കപ്പെട്ട നോട്ടുകളായി ബാങ്കുകളില്‍ ഇതിനകം തിരിച്ചെത്തിയെന്നാണു കണക്ക്. എന്നാല്‍, മൂന്നു ലക്ഷം കോടി രൂപയെങ്കിലും തിരിച്ചുവരാതെ അവശേഷിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക്. ഇപ്പോഴത്തെ ഗതിക്ക് ഒരുലക്ഷം കോടി രൂപ അങ്ങനെ അവശേഷിച്ചാലായി. ഇപ്പോഴത്തെ നടപടിമൂലം മൊത്തം ദേശീയ ഉല്‍പാദനത്തില്‍ ഉണ്ടാകാന്‍പോകുന്ന നഷ്ടം 2.5 ലക്ഷം കോടിയുടേതാണ്. അപ്പോള്‍, 2.5 ലക്ഷം കോടി പോയി, ഒരുലക്ഷം കോടി വരുന്നുവെന്നതാണു ബാലന്‍സ് ഷീറ്റ്. സംസ്ഥാനങ്ങളെല്ലാം കടുത്ത ആശങ്കയിലാണ്. ഇപ്പോള്‍ കറന്‍സിയില്ലാത്തതാണു പ്രശ്‌നമെങ്കില്‍, അടുത്ത മാസം കറന്‍സിയുണ്ട്, പണമില്ല എന്നതാവും സംസ്ഥാനങ്ങളുടെ സ്ഥിതി.

കേരളത്തിന്റെ വരുമാനത്തില്‍ അടുത്ത ഏതാനും മാസങ്ങളില്‍ത്തന്നെ 35 – 40% കുറവുവരും. ലോട്ടറിയില്‍നിന്നുള്ള വരുമാനം പൂജ്യമാവും; ഭൂമി റജിസ്‌ട്രേഷനില്‍നിന്നുള്ളത് 50% കുറയും; മോട്ടോര്‍ വാഹന റജിസ്‌ട്രേഷനില്‍ 25 ശതമാനവും മൂല്യവര്‍ധിത നികുതിയില്‍ 40 ശതമാനവും കുറവുണ്ടാവും. ഗള്‍ഫില്‍നിന്നുള്ള വരുമാനത്തെയും നടപടി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പണം അയച്ചാല്‍ നോട്ടു കിട്ടുമോയെന്ന് അറിയില്ലാത്തതിനാല്‍ പലരും പണം അയയ്ക്കുന്നില്ല. രൂപയുടെ വില ഇടിയും. കൂടുതല്‍ ഇടിയട്ടെ എന്നു കരുതി പണം അയയ്ക്കാത്തവരുമുണ്ടാവും. നോട്ട് അസാധുവാക്കലിന്റെ മറവില്‍ സഹകരണ മേഖലയെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. സംസ്ഥാനത്തെ ബാങ്ക് നിക്ഷേപങ്ങളുടെ മൂന്നിലൊന്നും സഹകരണ മേഖലയിലാണ്.

കള്ളപ്പണമാണു വിഷയമെങ്കില്‍, അതു സഹകരണ ബാങ്കുകളില്‍ മാത്രമല്ല, മറ്റു ബാങ്കുകളിലുമുണ്ടാവും. എന്നാല്‍, നിയന്ത്രണം സഹകരണ ബാങ്കുകള്‍ക്കു മാത്രമാണ്. ബിജെപി കുറുക്കുവഴികള്‍ ഉപേക്ഷിക്കണം. ദയനീയമായ ദുരന്തത്തെ നേട്ടമെന്ന് അവകാശപ്പെടുകയാണു മോദി ചെയ്യുന്നത്. സംഭവിച്ചിരിക്കുന്നതു ദുരന്തമാണെന്നതില്‍ സംശയമില്ല. ഇതിനിടയ്ക്കു വ്യാജമായ ദേശഭക്തിയും ത്യാഗമനോഭാവവുമൊക്കെ കൊണ്ടുവരുന്നു.

ആലോചിച്ചുറപ്പിച്ചു ടെലിവിഷനിലൂടെ നടത്തിയ പ്രഖ്യാപനത്തിലും പിന്നീടുള്ള വികാരപ്രകടനത്തിലുമൊക്കെ നാടകീയതയാണു നിറഞ്ഞുനില്‍ക്കുന്നത്. രഹസ്യസ്വഭാവം അവകാശപ്പെടുന്നവര്‍ എന്തുകൊണ്ടാണു മിനിമം ഒരുക്കംപോലും നടത്താതിരുന്നത്? എടിഎമ്മുകളുടെ കറന്‍സിത്തട്ടുകള്‍പോലും നോട്ടിന്റെ അളവിനനുസരിച്ചു തയാറാക്കിയില്ല. എന്തുകൊണ്ട് ആവശ്യത്തിനുള്ള കറന്‍സി അച്ചടിച്ചില്ല? ആലോചിച്ചുവച്ചതിനും മുന്‍പേ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നോ? ക്രയവിക്രയത്തിലുള്ളതിന്റെ 86% നോട്ടുകള്‍ പിന്‍വലിക്കുകയെന്ന ഭ്രാന്തന്‍ ആശയം നടപ്പാക്കിയിട്ടു പരാജയമെന്നു കണ്ടപ്പോള്‍ കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയെന്നൊക്കെ ഇപ്പോള്‍ പറയുന്നു. ഏതു രാജ്യത്താണു കറന്‍സിരഹിത സംവിധാനത്തിന്റെ വേഗം കൂട്ടാന്‍ നോട്ടുകള്‍ പിന്‍വലിച്ചതെന്നും തോമസ് ഐസക് ചോദിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top