Flash News

കുപ്പു ദേവരാജിന്‍െറ മൃതദേഹം സംസ്കരിച്ചു

December 9, 2016

body-of-kuppu-devarajകോഴിക്കോട്: പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍െറ മൃതദേഹം സംസ്കരിച്ചു. മാവൂര്‍ റോഡ് പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. പൊലീസ് പൊതുദര്‍ശനം വിലക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മൃതദേഹം മോര്‍ച്ചറിക്കുമുന്നില്‍ 15 മിനിറ്റോളം പൊതുദര്‍ശനത്തിനു വെച്ചു.

മൃതദേഹം മുതലക്കുളം മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് അനുമതി നല്‍കിയില്ല. മുതലക്കുളത്തിന് പകരം പൊറ്റമ്മല്‍ വര്‍ഗീസ് സ്മാരക ബുക്സ്റ്റാളില്‍ പൊതുദര്‍ശനത്തിന് വെക്കാനുള്ള അപേക്ഷ സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തത്തെുടര്‍ന്ന് പൊലീസ് നിരസിച്ചു. മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കാര ചടങ്ങിനിടെ അസി. കമീഷണര്‍ പ്രേമദാസ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ശ്രീധറിന്‍െറ ടീഷര്‍ട്ടിന്‍െറ കോളറില്‍ പിടിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

കുപ്പു ദേവരാജിന്‍െറ (61) ഭാര്യ ഗജേന്ദ്രി, അമ്മ അമ്മിണി, സഹോദരന്‍ ശ്രീധര്‍ എന്ന ബാബു, സഹോദരിമാരായ ആരോഗ്യം, ധരണി, ബാബുവിന്‍െറ ഭാര്യ ലക്ഷ്മി, ബന്ധുവായ വടിവേല്‍ എന്നിവരാണെത്തിയത്. ബന്ധുക്കളും ഗ്രോ വാസുവിന്‍െറ നേതൃത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് ഉച്ചക്ക് രണ്ടരയോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ബന്ധുക്കളെ കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കുപ്പു ദേവരാജിന്‍െറ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ അനുമതി നല്‍കാത്തത് ജനാധിപത്യവിരുദ്ധം: സാംസ്കാരിക പ്രവര്‍ത്തകര്‍

കോഴിക്കോട്: വെടിയേറ്റുമരിച്ച മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍െറ മൃതദേഹം, സംഘ്പരിവാര്‍ ഭീഷണിക്കുവഴങ്ങി പൊതുദര്‍ശനത്തിന് വെക്കാന്‍ അനുമതി നല്‍കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപവുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇടതുചിന്തകനായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് പ്രസ്താവനയുമായി രംഗത്തുവന്നത്.

സംഘ്പരിവാര്‍ ഭീഷണി നമ്മുടെ ജനാധിപത്യ മര്യാദക്ക് ചേര്‍ന്നതല്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. മരിച്ചുകഴിഞ്ഞ മനുഷ്യരോട് ആദരവോടെ പെരുമാറുക എന്നത് സംസ്കാരത്തിന്‍െറ ഭാഗമാണ്. യുദ്ധത്തില്‍ കൊലചെയ്യപ്പെടുന്ന എതിരാളികളായ സൈനികരുടെ മൃതദേഹങ്ങള്‍പോലും യഥാവിധി സംസ്കരിക്കുകയെന്നതാണ് അന്താരാഷ്ട്ര മര്യാദ. മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറുന്നത് കുറ്റകരമാണ്.

കുപ്പു ദേവരാജിന്‍െറ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കാന്‍ അനുമതി നല്‍കാതിരുന്നത് ജനാധിപത്യവിരുദ്ധമാണ്. സംഘ്പരിവാര്‍ ഭീഷണിക്ക് വഴങ്ങുകയല്ല പൊലീസ് ചെയ്യേണ്ടത്, പകരം മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്കരിക്കാന്‍ മുന്നോട്ടുവന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിനനുവദിക്കുകയും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയുമാണ്. ഇതിനെതിരെ ജനാധിപത്യ ശക്തികള്‍ രംഗത്തുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എം.എന്‍. കാരശ്ശേരി, എന്‍. പ്രഭാകരന്‍, യു.കെ.കുമാരന്‍, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, കല്‍പറ്റ നാരായണന്‍, സോമശേഖരന്‍, ഡോ. ആസാദ്, സിവിക് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, ടി.പി. രാജീവന്‍, വി.ആര്‍. സുധീഷ്, കെ.സി. ഉമേഷ് ബാബു, ഡോ. പി. ഗീത, കെ.കെ. രമ, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സതീഷ് കെ. സതീഷ്, ഡോ. കെ.എന്‍. അജോയ്കുമാര്‍, ഡോ. പ്രസാദ്, ഗുലാബ് ജാന്‍ എന്നിവരുടേതാണ് പ്രസ്താവന.

മാവോവാദി നേതാവിന് ആദരാഞ്ജലിയുമായി ബിനോയ് വിശ്വം

കോഴിക്കോട്: കുപ്പു ദേവരാജിന്‍െറ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം എത്തി. സംസ്കാര ചടങ്ങില്‍ അദ്ദേഹം ആദ്യാവസാനം പങ്കെടുത്തു. ഇടതുപക്ഷ സര്‍ക്കാറിന്‍െറ പൊലീസ് വലതുപക്ഷ സ്വഭാവം കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പൊലീസിന്‍െറ ഗതിവിഗതികള്‍ തീരുമാനിക്കേണ്ടത് സംഘ്പരിവാര്‍ ശക്തികളല്ല. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് കുപ്പു ദേവരാജിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. മാവോവാദികളുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റ് സഖാക്കളെ വെടിവെച്ചുവീഴ്ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

നേരത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാവോവാദികളോടുള്ള ഭരണകൂട നിലപാടിനെതിരെ രംഗത്തുവന്നിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top