Flash News

അഴിമതി അവകാശമായി കൊണ്ടുനടക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി: പിണറായി വിജയന്‍

December 10, 2016

pinarayi-vijayanതിരുവനന്തപുരം: അഴിമതി അവകാശമായി കൊണ്ടുനടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും പുതുതായി സര്‍വിസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഴിമതിവിരുദ്ധ പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വിസ് രംഗം സംശുദ്ധമാക്കാനുമാണ് പുതിയ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ പരിശീലനം നല്‍കുന്നത്. ഫെബ്രുവരി മുതല്‍ പദ്ധതി പ്രാവര്‍ത്തികമാകും. നിലവില്‍ സര്‍വിസിലുള്ള അഴിമതിക്കാര്‍ക്കെതിരെ കര്‍ശനനടപടികളുമായി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ (വി.എ.സി.ബി) മുന്നോട്ടുപോകും. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചാല്‍ മാത്രം അദ്ദേഹം കുറ്റക്കാരനാകില്ല. കുറ്റം ചെയ്തവര്‍ മാത്രം വിജിലന്‍സ് നടപടി ഭയന്നാല്‍ മതി. സെന്‍സേഷനലിസത്തിനായി പരക്കംപായുന്ന മാധ്യമങ്ങള്‍ അഴിമതി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുദ്യോഗസ്ഥനെതിരെ അന്വേഷണം വന്നാല്‍ അതിനെ ആഘോഷമാക്കി മാറ്റും. എന്നാല്‍, അതേ കേസില്‍ ഉദ്യോഗസ്ഥര്‍ കുറ്റവിമുക്തരായാല്‍ വാര്‍ത്താപ്രാധാന്യം വളരെ കുറവായിരിക്കും. അടുത്തിടെ നടന്ന കേസില്‍ ഒരുദ്യോഗസ്ഥനെതിരെ ചിലര്‍ നടത്തിയ പ്രചാരണങ്ങള്‍ അത്തരത്തിലാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയും അവര്‍ക്ക് ഒത്താശചെയ്യുന്നവര്‍ക്കെതിരെയും വിജിലന്‍സ് നടപടിയുണ്ടാകും. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും പരമ്പരാഗത തൊഴില്‍മേഖലകള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ ഇടപെടലുണ്ടാകും. ഇതിനോട് ഉദ്യോഗസ്ഥരുടെ സഹകരണമുണ്ടാകണം. അഴിമതിക്കെതിരെ പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ തയാറാക്കിയ മൊബൈല്‍ ആപ്പുകളായ എറൈസിങ് കേരള, വിസില്‍ നൗ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

അഴിമതിക്കെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഇനി മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് അഴിമതി ചൂണ്ടിക്കാണിക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ രണ്ടു മൊബൈല്‍ ആപ്പുകള്‍ തയാറാക്കി. Arising Kerala, Whistle Now എന്നിവയാണ് ഈ ആപ്പുകള്‍. ആന്‍ഡ്രോയിഡ് ഫോണുകളിലെ പ്ളേ സ്റ്റോറില്‍നിന്ന് Arising Kerala, Whistle Now എന്നീ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. അഴിമതി സംബന്ധിച്ച വിവരങ്ങള്‍, രേഖകള്‍, ഫോട്ടോകള്‍, ശബ്ദ-ദൃശ്യ സന്ദേശങ്ങള്‍ എന്നിവ ആപ്പിലൂടെ അപ്ലോഡ് ചെയ്യാം. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ വേണമെങ്കിലും വിവരങ്ങള്‍ കൈമാറാം. ലഭിക്കുന്ന ഡാറ്റ സാങ്കേതിക വിദഗ്ധര്‍ ബന്ധപ്പെട്ട വിജിലന്‍സ് യൂനിറ്റുകളിലേക്ക് കൈമാറും. ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ കൈക്കൊള്ളും.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വെളിപ്പെടുത്താനും സൗകര്യം ലഭ്യമാണ്. Arising Kerala ആപ്പില്‍ പരിഹാരനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സൗകര്യമുണ്ട്.

ജനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അഴിമതി സംബന്ധിച്ച വാര്‍ത്തകളും ക്ളിപ്പുകളും പോസ്റ്റ് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സാധിക്കും. വ്യക്തികള്‍ പ്രാദേശികതലത്തില്‍ നേരിട്ട പ്രശ്നങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ സമാന അനുഭവസ്ഥര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനും ഇടമുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top