Flash News

പ്രഭാ വര്‍മക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

December 21, 2016

prabha-varmaന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഭാവര്‍മയുടെ ‘ശ്യാമമാധവം’ എന്ന ഖണ്ഡകാവ്യത്തിന്. ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 22ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

കൃഷ്ണജീവിതം ആധാരമാക്കിയ ‘ശ്യാമമാധവം’ വ്യാസമഹാഭാരത പശ്ചാത്തലത്തിലുള്ള കൃതിയാണ്. ഡോ. എം. ലീലാവതി, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഫ. വി. സുകുമാരന്‍ എന്നിവരടങ്ങിയ സമിതിയാണ് മലയാളത്തില്‍നിന്ന് പ്രഭാവര്‍മയുടെ രചന തെരഞ്ഞെടുത്തത്. പരമ്പരാഗത കാവ്യരീതികളെ പുതിയ കാലവുമായി ബന്ധപ്പെടുത്തുന്ന മനോഹര സൃഷ്ടിയാണ് ശ്യാമമാധവമെന്ന് സമിതി വിലയിരുത്തി.

വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ പ്രഭാവര്‍മക്ക് ലഭിച്ചിട്ടുണ്ട്. സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ആര്‍ദ്രം, അവിചാരിതം എന്നിവ മുഖ്യ കവിതസമാഹാരങ്ങള്‍. ഇതിനു പുറമെ വിമര്‍ശനങ്ങളും ഉപന്യാസങ്ങളും മാധ്യമ പഠനങ്ങളും യാത്രാവിവരണവും എഴുതിയിട്ടുണ്ട്.

ജ്ഞാന്‍ പൂജാരി (അസമീസ്), അഞ്ജലി നര്‍സാരി (ബോഡോ), കമല്‍ വോറ (ഗുജറാത്തി), സീതാനാഥ് ആചാര്യ (സംസ്കൃതം), ഗോബിന്ദ ചന്ദ്ര മഞ്ചി (സന്താളി), നന്ദ് ജവേരി (സിന്ധി), പാപിനേനി ശിവശങ്കര്‍ (തെലുങ്ക്) തുടങ്ങിയവര്‍ക്കാണ് മറ്റു ഭാഷകളില്‍ കവിതപുരസ്കാരം. ചെറുകഥക്ക് ഛത്രപതി (ഡോംഗ്രി), ശ്യാം ദരിഹരേ (മൈഥിലി), മൊയിരാന്തം രാജേന്‍ (മണിപ്പൂരി), ആശാറാം ലോമതെ (മറാത്തി), പരാമിത സത്പതി (ഒഡിയ), ബുലാകി ശര്‍മ (രാജസ്ഥാനി), വണ്ണദാസന്‍ (തമിഴ്) എന്നിവര്‍ക്കാണ് അവാര്‍ഡ്.

നോവലിനുള്ള അക്കാദമി പുരസ്കാരം ജെറി പിന്‍േറാ (ഇംഗ്ളീഷ്), നാസിറ ശര്‍മ (ഹിന്ദി), ബൊലവരു മുഹമ്മദ് കുഞ്ഞി (കന്നട), എഡ്വിന്‍ ജെ.എഫ്. ഡിസൂസ (കൊങ്കണി), ഗീത ഉപാധ്യായ (നേപ്പാളി) തുടങ്ങിയവര്‍ക്കു ലഭിച്ചു. വിമര്‍ശന ഗ്രന്ഥങ്ങള്‍ക്കുള്ള പുരസ്കാരം അസീസ് ഹാജിനി (കശ്മീരി), നിസാം സിദ്ദീഖി (ഉര്‍ദു) എന്നിവര്‍ക്കും ലഭിച്ചു. നൃസിംഗപ്രസാദ് ഭാദുരിക്കാണ് (ബംഗാളി) ലേഖന സമാഹാരത്തിനുള്ള പുരസ്കാരം. മികച്ച നാടക ഗ്രന്ഥത്തിനുള്ള പുരസ്കാരം പഞ്ചാബി നാടകകൃത്ത് സ്വരാജ്ബിറിനാണ്.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍ ഡോ. ആനന്ദ് പ്രകാശ് ദീക്ഷിത്തിനും നഗല്ല ഗുരുപ്രസാദ് റാവുവിനും ലഭിച്ചു. ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് ഭാഷാസമ്മാന്‍ പുരസ്കാരം. സാഹിത്യ അക്കാദമിയുടെ പട്ടികയിലില്ലാത്ത ഭാഷകളില്‍ മികച്ച സംഭാവന നല്‍കിയവര്‍ക്കുള്ള ഭാഷാ സമ്മാന്‍ പുരസ്കാരം കുറുക്ക് ഭാഷക്ക് ഡോ. നിര്‍മല്‍ മിന്‍സിനും ലഡാക്കി ഭാഷക്ക് പ്രഫ. ലൊസാംഗ് ജാംസ്പാല്‍, ഗെലോംഗ് തുപ്സ്താന്‍ പാല്‍ഡന്‍ എന്നിവര്‍ക്കും ഹാല്‍ബി ഭാഷക്കുള്ള പുരസ്കാരം ഹരിഹര്‍ വൈഷ്ണവിനും, സൗരാഷ്ട്ര പുരസ്കാരം ഡോ. ടി.ആര്‍. ദാമോദരനും ടി.എസ്. സരോജ സുന്ദരരാജനും ലഭിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top