- Malayalam Daily News - http://www.malayalamdailynews.com -

എം.എന്‍. രാവുണ്ണിക്ക് ഒളിസങ്കേതമൊരുക്കി എന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്താന്‍ കോടതി അനുമതി

maxresdefault

എം.എന്‍. രാവുണ്ണി

വയനാട്: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ച കേസിലെ പ്രതിയായ എം.എന്‍. രാവുണ്ണിക്ക് ഒളിസങ്കേതമൊരുക്കി എന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ പേരാമ്പ്ര സ്വദേശി രജീഷ് കൊല്ലങ്കണ്ടിക്കെതിരെ യു.എ.പി.എ ചുമത്താന്‍ കോടതി അനുമതി നല്‍കി.

കേസെടുത്തതോടെ രജീഷ് ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലപ്പുഴ, വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട പ്രദേശങ്ങളില്‍ വോട്ട് ബഹിഷ്കരിക്കാനാവശ്യപ്പെട്ട് പോരാട്ടം സംഘടനയുടെ പേരില്‍ പോസ്റ്റര്‍ പതിച്ചതിനെതിരെ ചെയര്‍മാനായ എം.എന്‍. രാവുണ്ണിക്കെതിരെ യു.എ.പി.എ കുറ്റം ചുമത്തുകയും നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനായി കോഴിക്കോട്ടെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ രാവുണ്ണിയെ ഒളിവില്‍ താമസിപ്പിക്കാന്‍ താമസ സൗകര്യമൊരുക്കിയത് രജീഷ് കൊല്ലങ്കണ്ടിയാണെന്ന് വ്യക്തമായതായാണ് പൊലീസ് പറയുന്നത്. ഇതുപ്രകാരം ഇയാള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു.

‘മാവോവാദി ഏറ്റുമുട്ടലി’ല്‍ കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ സഹായം നല്‍കിയെന്നതിന്‍െറ പേരില്‍ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് രജീഷിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. നേരത്തേ ചാത്തു, ഗൗരി, ഷാന്‍േറാ ലാല്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു.

കഴിഞ്ഞ മേയ് ഏഴിനായിരുന്നു ചാത്തുവും ഗൗരിയും അറസ്റ്റ് ചെയ്യപ്പെട്ടത്. ആറുമാസവും 13 ദിവസവും ജയിലില്‍ കിടന്നതിനു ശേഷം നവംബര്‍ 24നാണ് ഇരുവരും പുറത്തിറങ്ങിയത്. കോഴിക്കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തി പുറത്തിറങ്ങുമ്പോള്‍ നവംബര്‍15നാണ് ഷാന്‍േറാ ലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. രാവുണ്ണിയും ഷാന്‍േറായും ഇപ്പോഴും ജയിലിലാണ്. രജീഷിനെതിരെ ചുമത്തിയത് യു.എ.പി.എയുടെ19ാം സെക്ഷന്‍ മാത്രമാണെന്നും നിലവില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഭീതിജനകമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

[1] [2] [3] [4] [5]