Flash News

മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയില്‍ ഉജ്ജ്വല വരവേല്പ്

December 22, 2016

pinarayi-labour-campദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദുബൈയിലെത്തി. മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയാണിത്. ബുധനാഴ്ച രാവിലെ ദുബായിലെത്തിയ അദ്ദേഹം വൈകിട്ട് അല്‍കൂസിലെ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിക്കും. ഇന്നു മറ്റു പൊതുപരിപാടികളൊന്നുമില്ല.

പ്രവാസികാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ പ്രവാസലോകം പ്രതീക്ഷയിലാണ്. വെള്ളിയാഴ്ച ദുബൈയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പൗരസ്വീകരണവും പിണറായി വിജയനായി ഒരുക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ കൂട്ടുക, തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുക, നിക്ഷേപാവസരങ്ങള്‍ തുറന്നുകൊടുക്കുക തുടങ്ങി വര്‍ഷങ്ങളായി ഉന്നയിക്കുന്ന വിഷയങ്ങളില്‍ ചിലതിലെങ്കിലും മുഖ്യമന്ത്രിയുടെ അനുകൂല പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച രാവിലെ 10 ന് ദുബൈ എമിറേറ്റ്‌സ് ടവറില്‍ വ്യവസായ, വാണിജ്യ പ്രമുഖരുടെ സംഗമത്തില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. സ്മാര്‍ട്ട് സിറ്റി അവലോകന യോഗത്തിലും പങ്കെടുക്കും. അന്ന് വൈകിട്ട് നാലിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വൈകുന്നേരം ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ കൈരളി ടി.വി. സംഘടിപ്പിക്കുന്ന എന്‍.ആര്‍.ഐ ബിസിനസ് അവാര്‍ഡ് വിതരണ ചടങ്ങാണ് ആദ്യ പരിപാടി. ഉച്ചകഴിഞ്ഞ് ദുബൈയിലെ മാധ്യമപ്രവര്‍ത്തകരെ കാണും. വൈകിട്ടാണ് പൗരസ്വീകരണം ഒരുക്കിയിരിക്കുന്നത്.

ലേബര്‍ ക്യാംപിലെത്തി തൊഴിലാളികളെ കണ്ട് പിണറായി വിജയന്‍

1664388783മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യവിദേശയാത്രയില്‍ പിണറായി വിജയന് യുഎഇയില്‍ ലഭിച്ചത് ഊജ്ജ്വല വരവേല്‍പ്. നിറഞ്ഞ ചിരിയോടെ വലംകൈ ഉയര്‍ത്തി അല്‍ഖൂസിലെ ലേബര്‍ ക്യാംപില്‍ തൊഴിലാളികള്‍ക്കരികില്‍ എത്തിയ പിണറായി വിജയനെ തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെയാണ് വരവേറ്റത്. തൊഴിലാളികളുടെ താമസയിടവും ഭക്ഷണശാലയുമെല്ലാം ചുറ്റിനടന്നു കണ്ടു. പിന്നെ, തൊഴിലാളികളുമായി സംസാരിക്കാന്‍ ക്യാംപിലെ ഓഡിറ്റോറിയത്തിലേക്ക് നീങ്ങി.

പ്രവാസികളോടുള്ള കരുതല്‍ വ്യക്തമാക്കുന്നതും ആത്മവിശ്വാസം നല്‍കുന്നതുമായിരുന്നു മുഖ്യമന്ത്രിയുടെ ഓരോ വാക്കും. തെരഞ്ഞെടുപ്പിനു മുന്‍പ് ഡിസംബറില്‍ ദുബായില്‍ സന്ദര്‍ശിച്ചപ്പോഴും തൊഴിലാളികളുടെ കാര്യങ്ങള്‍ പ്രത്യേകം അന്വേഷിച്ചിരുന്നു. പ്രത്യേക താല്‍പര്യമെടുത്താണ് ഇന്നലെ വൈകിട്ട് ക്യാംപില്‍ എത്തിയത്. നാടുവിട്ടു ജോലി ചെയ്യുന്ന ഓരോരുത്തരുടെയും പ്രയാസങ്ങള്‍ മനസിലാക്കുന്നതായും ഈ ത്യാഗമനോഭാവവും പിന്തുണയുമാണ് കേരളത്തിന്റെ പച്ചപ്പിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളായ ഓരോ സഹോദരന്റെയും പിന്തുണ വിലമതിക്കാനാവാത്തതാണ്. പ്രവാസികളുടെ കാര്യത്തില്‍ കരുതലുള്ളതും അവരോടൊപ്പം ചിന്തിക്കുന്നതുമായ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നു വിശ്വസിക്കാമെന്നും ഉറപ്പുപറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.

മുഖ്യമന്ത്രി എത്തുന്നതറിഞ്ഞ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ എത്തിയിരുന്നു. കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ മറ്റു ക്യാംപുകളില്‍ നിന്നുള്ളവര്‍ക്ക് അകത്തേക്കു വരാനായില്ല. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ നിന്ന് അവര്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. നോട്ടു പ്രശ്‌നം, റേഷനരി ദൗര്‍ലഭ്യം, പ്രവാസി വോട്ടവകാശം, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെയുള്ള ആശങ്ക മുഖ്യമന്ത്രി മനസിലാക്കിയിട്ടുണ്ടാകുമെന്നാണ് പലരുടെയും പ്രതീക്ഷ.

pinarayi-dubaiസ്മാര്‍ട്ട് സിറ്റി സംരംഭകരായ ദുബൈ ഹോള്‍ഡിങ്‌സ് അധികൃതരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി സംരംഭകരായ ദുബൈ ഹോള്‍ഡിങ്‌സ് അധികൃതരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. എമിറേറ്റ്‌സ് ടവറിലെ ആസ്ഥാനത്ത് വെച്ചായിരുന്നു ചര്‍ച്ച. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ദുബൈ ഹോള്‍ഡിങ്‌സ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്തും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ അടുത്തഘട്ടം എത്രയും വേഗം പൂര്‍ത്തിയാക്കാനും സഹകരണം ശക്തിപ്പെടുത്താനും ധാരണയായെന്നാണ് വിവരം. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദുബൈ സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ജാബിര്‍ ബിന്‍ ഹാഫീസ്, വ്യവസായി എം.എ. യൂസുഫലി, അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദുബൈ സ്മാര്‍ട്ട് സിറ്റി സി.ഒ.ഒ ഡോ. ബാജു ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 246 ഏക്കറില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടമായ ആറര ലക്ഷം ചതുരശ്ര അടിയുള്ള എസ്.സി.കെ01ഐ.ടി ടവറിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. ഇന്ത്യയില്‍തന്നെ ലീഡ് പ്‌ളാറ്റിനം റേറ്റിങ്ങുള്ള ഏറ്റവും വലിയ ഐ.ടി ടവറാണിത്.

മൊത്തം 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴ് കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു വര്‍ഷംകൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുകൂടി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. പൂര്‍ണാര്‍ഥത്തില്‍ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ 88 ലക്ഷം ചതുരശ്ര അടിയോളമായിരിക്കും മൊത്തം വിസ്തീര്‍ണം. വ്യാഴാഴ്ച രാവിലെ ദുബൈ എമിറേറ്റ്‌സ് ടവറില്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പങ്കെടുക്കും. നേരത്തേ രാവിലെ 7.15ന് തിരുവനന്തപുരത്ത് നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയിലത്തെിയ മുഖ്യമന്ത്രിയെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രി യുഎഇയില്‍ എത്തിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top