Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കോവിഡ്-19: രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി, നിയന്ത്രണങ്ങളില്‍ ഇളവ്   ****    അഞ്ചല്‍ ഉത്ര കൊലക്കേസ്: സൂരജിന്റേയും സുരേഷിന്റേയും കസ്റ്റഡി കലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ്   ****    കൊറോണ വൈറസ്: യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ മൂന്നു മലയാളികള്‍ മരിച്ചു   ****    കൊറോണ വൈറസ്: കേന്ദ്രത്തിന് താളം തെറ്റുന്നു, രോഗവ്യാപനം അനിയന്ത്രിതമായി, ഡല്‍ഹി മൂന്നാം സ്ഥാനത്ത്   ****    കാരണം വ്യക്തമാക്കാതെ വി ട്രാന്‍സ്‌ഫര്‍ ഡോട്ട് കോമിന് ഇന്ത്യയില്‍ നിരോധനം   ****   

ദേശ്‌വാസികള്‍ ദരിദ്രവാസികളായി (ലേഖനം)

January 1, 2017

desvasi-sizeനവംബര്‍ 8 അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കേട്ട് ഞെട്ടിയത് ഭാരതീയര്‍ മാത്രമല്ല, ലോകം തന്നെയാണ്. മോദിയുടെ പ്രസ്താവനയും പ്രഖ്യാപനവും പ്രസംഗവുമെല്ലാം തുടങ്ങുന്നത് ‘മേരേ പ്യാരേ ദേശ്‌വാസിയോം…’ എന്നാണ്. ആ പ്യാരേയില്‍ തേനും പാലും ഒക്കെ അടങ്ങിയിട്ടുണ്ട്. വടക്കേ ഇന്ത്യക്കാര്‍ക്ക് അതുമതി. മേരേ പ്യാരേയില്‍ തുടങ്ങി എന്തുപറഞ്ഞാലും അവരത് വിശ്വസിക്കും. അങ്ങനെ നവംബര്‍ 8-ന് വായും പൊളിച്ചിരുന്ന് മോദി പറയുന്നത് കേട്ട ദേശ്‌വാസികളെല്ലാം ജനുവരി 1 ആയതോടെ ദരിദ്രവാസികളായപ്പോള്‍, മറുവശത്തുള്ള അമീരി ലോഗ് (പണക്കാര്‍) കള്ളപ്പണക്കാരായി. നോട്ടുകള്‍ കെട്ടുകെട്ടായി വെച്ചിരുന്ന ‘കള്ളപ്പണ’ക്കാരെ പിടികൂടാനായിരുന്നു പഴയ 500, 1000 നോട്ടുകള്‍ മോദി റദ്ദാക്കിയത്. പകരം 2000 രൂപയുടെ പുതിയ കറന്‍സി ഇറക്കുകയും ചെയ്തു. അതെന്തിനാ 2000 രൂപയുടെ പുതിയ കറന്‍സി എന്ന് ദോഷൈകദൃക്കുകള്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ ഒരു ഉത്തരം മോദിയോ റിസര്‍‌വ്വ് ബാങ്കോ നല്‍കിയില്ല. കള്ളപ്പണക്കാര്‍ക്ക് എളുപ്പത്തില്‍ സൂക്ഷിക്കാന്‍ സൗകര്യമൊരുക്കിയതാണെന്നത് വേറെ ഭാഷ്യം. പുതിയ കറന്‍സികള്‍ അച്ചടി പൂര്‍ത്തിയാകുന്നതനുസരിച്ച് ബാങ്കുകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച റിസര്‍‌വ്വ് ബാങ്ക് പക്ഷെ അവ കൈമാറിയത് കള്ളപ്പണക്കാര്‍ക്ക് തന്നെ. അതിന്റെ തെളിവാണ് ഇപ്പോള്‍ രാജ്യമൊട്ടാകെ നടന്നുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ പുതിയ 2000 നോട്ടുകളാണ് റെയ്ഡിലൂടെയും മറ്റും പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്. സാധാരണക്കാര്‍ക്ക് കറന്‍സികള്‍ അപ്രാപ്യമായി, ബാങ്കുകളില്‍ പണമില്ല, എടി‌എം‌ല്‍ പണമില്ല. ജനം നെട്ടോട്ടമോടുന്നു….. ദരിദ്രവാസികളെപ്പോലെ.

narendra-modi-2നവംബര്‍ 8-ന് മോദിയുടെ പ്രഖ്യാപനമനുസരിച്ച് 50 ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകേണ്ടതായിരുന്നു. ഡിസംബര്‍ 30-ന് ജനം കാതോര്‍ത്തു….മോദിയുടെ പുതിയ പ്രഖ്യാപനത്തിനായി. അദ്ദേഹം വന്നു…പ്രസ്താവിച്ചു…പതിവുപോലെ ‘മേരെ പ്യാരേ ദേശ്‌വാസിയോം..ല്‍ തുടങ്ങി. അദ്ദേഹമുണ്ടോ അറിയുന്നു ദേശ്‌വാസികള്‍ ദരിദ്രവാസികളായിത്തീര്‍ന്നെന്ന്. നോട്ട് നിരോധനത്തിലൂടെ 50 ദിവസമായി ദുരിതം നേരിടുന്നവര്‍ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും, ഒരു മാറ്റവും മോദി പ്രഖ്യാപിച്ചില്ല. പണഞെരുക്കം മാറ്റിയെടുക്കുന്ന നടപടികളൊന്നും പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, ബാങ്കുകളിലും എ.ടി.എമ്മുകളിലും നോട്ട് കൂടുതല്‍ എത്തിക്കുന്നതിന്‍െറ യാതൊരു സൂചനയും നല്‍കിയില്ല. പകരം സാധാരണക്കാര്‍ക്ക് വീട് വെക്കാനുള്ള പദ്ധതികള്‍, ഗ്രാമങ്ങളിലെ പഴയ വീട് പുതുക്കാന്‍ കുറഞ്ഞ പലിശയില്‍ വായ്പ നല്‍കുക, മൂന്നു ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡാക്കുക, കാര്‍ഷികവായ്പകള്‍ക്ക് ആദ്യത്തെ രണ്ടു മാസം പലിശരഹിതമാക്കുക, വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഗ്യാരണ്ടി, ചെറുകിട കച്ചവടക്കാരുടെ രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി, ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലെ പരിചരണത്തിന് 6000 രൂപ, മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്ഷേമപദ്ധതി, ഏഴര ലക്ഷം രൂപയുടെ നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് പത്തു വര്‍ഷത്തേക്ക് എട്ടു ശതമാനം വാര്‍ഷിക സ്ഥിരപലിശ, ക്യാഷ് ക്രെഡിറ്റ് 20 ശതമാനത്തില്‍നിന്നും 25 ശതമാനമാക്കി ഉയര്‍ത്തല്‍ ഇതൊക്കെയായിരുന്നു പ്രഖ്യാപനത്തിലെ മുഖ്യ വിഷയങ്ങള്‍.

രാജ്യം ഒരു സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും, ജനങ്ങള്‍ അക്രമത്തിലേക്കും രാജ്യം അരാജകത്വത്തിലേക്കും വഴുതി വീഴാന്‍ സാധ്യതയുള്ള ഈ ഘട്ടത്തില്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒന്നിച്ചുനിന്ന് മോദിയുടെ ഈ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌ക്കാരം പിന്‍വലിപ്പിക്കാനുള്ള യാതൊരു പദ്ധതിയും ആവിഷ്ക്കരിക്കാന്‍ സാധിച്ചില്ല. അവര്‍ പതിവുപോലെ തമ്മില്‍ത്തല്ലിക്കൊണ്ടിരുന്നു. ഏറ്റവും പ്രബലമായ പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന സിപിഎം പോലും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. കേന്ദ്രത്തില്‍ അത്ര വലിയ സ്വാധീനമൊന്നും ചെലുത്താന്‍ കഴിയാത്ത സിപി‌എം, കേരളത്തില്‍ മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. സി‌പി‌എമ്മിനേയും കോണ്‍ഗ്രസിനേയും ബിജെപി ചവിട്ടിയരയ്ക്കുന്ന കാലം അതിവിദൂരമല്ല എന്നവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍…!

സമ്പന്നരായ (കള്ള)പണക്കാരുടെ പാര്‍ട്ടിയാണ് ബിജെ‌പി എന്നത് ജനങ്ങള്‍ക്കറിയില്ല. ‘പ്യാരേ ദേശ്‌വാസിയോം’ല്‍ വിശ്വസിച്ച് ജനങ്ങള്‍ ആ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  സി‌പി‌എമ്മിനും കോണ്‍‌ഗ്രസിനും ‘പ്യാരേ’ എന്ന വാക്കുപോലും ഉച്ചരിക്കാനറിയില്ല. ബിജെപിയും മോദിയും ആരുടെ ദല്ലാള്‍മാരാണെന്ന സത്യം മനസ്സിലാക്കിയാല്‍ ഈ നോട്ട് നിരോധനത്തിന്റെ പിന്നാമ്പുറക്കഥകള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. അത് കോണ്‍‌ഗ്രസിനും സിപി‌എംനും മമതയുടെ തൃണമുല്‍ കോണ്‍ഗ്രസിനും അറിയാം. ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാള്‍ തെളിവുകള്‍ നിരത്തിയിട്ടുപോലും കോണ്‍ഗ്രസോ സിപി‌എമ്മോ അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് മോദി പയറ്റുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് മോദിയെ എതിര്‍ക്കുകയില്ലെന്നറിയാം. മോദി പറയുന്നത് അപ്പാടെ വിശ്വസിക്കുന്ന മൂഢന്മാരായ ഭക്തരും അവരുടെ ഭക്തിയെ താങ്ങുന്ന മറ്റുള്ളവരുമാണ് മോദിയുടെ രക്ഷകര്‍.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് പിന്നോട്ട് പോയി… തൊഴിലില്ലായ്മ വര്‍ധിച്ചു…. പെട്രോളിന്റേയും ഡീസലിന്റേയും വില ദിനം‌പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു… സബ്സിഡിയുള്ള പാചകവാതകത്തിനുപോലും വിലവര്‍ധന (ഏഴു മാസത്തിനിടെ എട്ടാമത്തെ തവണയാണ് പാചകവാതകത്തിന്‍െറ വില വര്‍ധിച്ചതെന്നുകൂടി കൂട്ടി വായിക്കണം)….. ദളിതരും ന്യൂനപക്ഷങ്ങളും കൊല്ലപ്പെടുന്നു..കലാലയങ്ങള്‍ യുദ്ധക്കളങ്ങളായി മാറുന്നു..തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒഴികെ മറ്റെല്ലാ ഏജന്‍സികളും ഇന്ന് മോദിയുടെ കാല്‍ക്കിഴിലാണ്… വിശ്വസ്ഥതയോടെ നീതിപൂര്‍വ്വകമായി പ്രവര്‍ത്തിക്കേണ്ട സി.ബി.ഐ. പോലും മോദിയുടെ കൈപ്പിടിയിലാണ്. ഇനി തെരഞ്ഞെടുപ്പു കമ്മീഷനും കൂടി കൈപ്പിടിയിലായാല്‍ പിന്നെ രാജ്യത്ത് ഒരൊറ്റ വോട്ടിംഗ് ചിഹ്നമേ കാണൂ. അതോടെ ഇന്ത്യാ മഹാരാജ്യം മറ്റൊരു ഉത്തര കൊറിയ ആയി മാറുകയില്ലെന്നാരു കണ്ടു..!!

hasmukh

ഹസ്‌മുഖ് ആദിയ

മോദിയുടെ “അഛാ ദിന്‍” വരുന്നതും നോക്കി കാത്തിരുന്ന ജനത്തിന് എട്ടിന്റെ പണി കിട്ടുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല. നവംബര്‍ എട്ടാം തിയ്യതിയാണ് എട്ടിന്റെ പണി കൊടുക്കാന്‍ പറ്റിയ ദിവസമെന്ന് മോദിയ്ക്ക് പറഞ്ഞുകൊടുത്തത് ആരായിരിക്കും? അരുണ്‍ ജെയ്‌റ്റ്‌ലിയോ? അതോ റിസര്‍‌വ്വ് ബാങ്ക് ഗവര്‍ണ്ണറോ? അല്ല, മോദിയുടെ ഏറ്റവും വിശ്വസ്തനായ, ഗുജറാത്ത് കൂട്ടക്കൊല ആസൂത്രണം ചെയ്ത, ആ കൂട്ടക്കൊലയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദിയെ രക്ഷിച്ച, മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഹസ്‌മുഖ് ആദിയയാണ് ഈ കൂട്ടക്കൊലയ്ക്കും ചുക്കാന്‍ പിടിച്ചത്. അന്ന് ഗുജറാത്ത്‌വാസിയോം ആയിരുന്നു ലക്ഷ്യമെങ്കില്‍ പ്രധാനമന്ത്രിയായപ്പോള്‍ ദേശ്‌വാസിയോം ആയി എന്നു മാത്രം. ഗുജറാത്തിലെ നരോദ പാഡിയയില്‍ നടന്ന അതേ കൂട്ടക്കൊലയല്ലേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ധനമന്ത്രാലയത്തില്‍ റവന്യു സെക്രട്ടറിയായി വാഴുന്ന ആദിയ ഇനി ഏതെല്ലാം കുരുട്ടുബുദ്ധിയായിരിക്കും മോദിക്ക് ഓതിക്കൊടുക്കുക എന്ന് ആര്‍ക്കുമറിയില്ല, ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിക്കുപോലും. ചുരുക്കിപ്പറഞ്ഞാല്‍ “അഛാ ദിന്‍” കഭീ നഹിം ആയേംഗേ…!!

പലതരം ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്കുപോലും ആവശ്യത്തിന് പണമെടുക്കാന്‍ കഴിയാത്ത ഏതെങ്കിലും രാജ്യങ്ങള്‍ ലോകത്തുണ്ടെന്നു തോന്നുന്നില്ല. ലക്ഷക്കണക്കിനു രൂപ ബാങ്കിലുണ്ടായിട്ടും ‘ദരിദ്രവാസികളായി’ കഴിയാനാണ് അവരുടെ യോഗം. മോദി പറഞ്ഞ ‘മീഠീ മീഠീ ബാതേം സുന്‍‌കര്‍ സബ് പാഗല്‍ ഹോഗയാ….’ (മോദി പറഞ്ഞ മധുരമായ വാക്കുകള്‍ കേട്ട് എല്ലാവരും ഭ്രാന്തരായി). പണം പിന്‍‌വലിക്കാന്‍, അല്ലെങ്കില്‍ പുതിയ നോട്ട് വാങ്ങാന്‍ ക്യൂവില്‍ നിന്ന് കുഴഞ്ഞു വീണവരെ നോക്കി മറ്റുള്ളവര്‍ പറഞ്ഞു ‘അഛാ ദിന്‍ കേലിയേ’ എന്ന്. മോദി പറഞ്ഞു ‘ഭാരതത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു’ എന്ന്. അതുകേട്ടും ജനം കൈയ്യടിച്ചു. ഒന്നുകില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭ്രാന്തിളകി, അല്ലെങ്കില്‍ അവരെ മോദി മന്ദബുദ്ധികളാക്കി.

ഈയ്യിടെ ഫെസ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരു അധ്യാപികയുടേതാണ് പോസ്റ്റ്. സ്‌കൂളിലെ മറ്റു അധ്യാപകരൊക്കെ നോട്ട് നിരോധനത്തിലൂടെ അവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ വിവരിച്ചപ്പോള്‍ ഈ അധ്യാപിക അവരോട് പറഞ്ഞത്രേ “നല്ലൊരു നാളേക്കു വേണ്ടി അല്‍പം ബുദ്ധിമുട്ട് സഹിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം. 50 ദിവസത്തെ സമയമല്ലേ പ്രധാനമന്ത്രി ചോദിച്ചുള്ളൂ, എല്ലാം നെഗേറ്റീവ് ആയി കാണാതെ പോസിറ്റീവ് ആയി കണ്ടുകൂടെ, നോട്ട് നിരോധനം കൊണ്ട് എനിക്ക് ലാഭമാണ്” എന്ന്. ഇതു കേട്ടപ്പോള്‍ മറ്റു അധ്യാപകര്‍ ചോദിച്ചു ‘അതെങ്ങനെ’ എന്ന്. അധ്യാപികയുടെ മറുപടി “മെനുവില്‍ നിന്ന് ഇറച്ചിയും മീനും ഒഴിവാക്കി.” ഇതു വായിച്ചാല്‍ ആരാണ് പ്രതികരിക്കാതിരിക്കുന്നത്? ഇതാണ് മോദി ഇഫക്റ്റ് എന്നു പറയുന്നത്. അല്ലെങ്കില്‍ മോദി സൃഷ്ടിച്ച മന്ദബുദ്ധികളിലൊരാള്‍.

നോട്ട് നിരോധനത്തിലൂടെ ആശ്വാസം ലഭിച്ച നിരവധി വീട്ടമ്മാമാരുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. മുഴുക്കുടിയനായ ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്തിയെന്നാണ് കേള്‍ക്കുന്നത്. ഭര്‍ത്താവിന്റെ കുടി നിര്‍ത്താന്‍ പല മാര്‍ഗങ്ങളും നോക്കി. തീര്‍ത്ഥാടനത്തിനു പോയി, നേര്‍ച്ചകള്‍ നേര്‍ന്നു, വഴിപാട് നടത്തി, ധ്യാനം കൂടി. പക്ഷെ ‘കുടി’ കൂടിയതല്ലാതെ കുറഞ്ഞില്ല. അപ്പോഴാണ് ദൈവാനുഗ്രഹം പോലെ നോട്ട് നിരോധനം വന്നതെന്ന് ഈ വീട്ടമ്മമാര്‍ പറയുന്നു. മദ്യം വാങ്ങാന്‍ കൈയ്യില്‍ പണമില്ലാതെ വന്നതോടെ ഭര്‍ത്താക്കന്മാര്‍ മദ്യപാനം നിര്‍ത്തിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ ഭര്‍ത്താക്കന്മാര്‍ സന്ധ്യയ്ക്ക് വീട്ടിലെത്തും. കുടുംബ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും, മക്കളോട് ഭയങ്കര സ്നേഹം, അവരുടെ പഠിത്തകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു, ഭാര്യമാരോടാണെങ്കില്‍ മുമ്പെങ്ങും കാണിക്കാത്ത അമിതമായ പ്രേമം. ..!! ഭാര്യ ഖുശി, ഭര്‍ത്താവും ഖുശി..!! ഇതൊക്കെ സാധിതമായത് മോദിയുടെ നോട്ട് നിരോധനത്തിലൂടെയല്ലേ എന്നാണവര്‍ ചോദിക്കുന്നത്. അവര്‍ക്ക് മോദി ഒരു വിശുദ്ധനോ പുണ്യവാളനോ ഒക്കെ ആണ്. വി.എം. സുധീരന്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് നോട്ടു നിരോധനത്തിലൂടെ നടപ്പിലായതുകണ്ട് ബി.ജെ.പി.യുടെ ആത്മവിശ്വാസവും വളര്‍ന്നു.

മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയില്‍ ‘യോജന’കള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രചാരണം കിട്ടിയത്. ആവാസ് യോജന, സുരക്ഷാ ഭീമാ യോജന, ജീവന്‍ ജ്യോതി ഭീമാ യോജന, സുകന്യ സമൃദ്ധി യോജന, അടല്‍ പെന്‍ഷന്‍ യോജന, ഗരീബ് കല്യാണ്‍ യോജന, ജന്‍ ഔഷധി യോജന, കൃഷി സിഞ്ചായ് യോജന, ബേഠി ബചാവോ ബേഠി പധാവോ യോജന, നയീ മന്‍സില്‍ യോജന, സുരക്ഷാ ബന്ധന്‍ യോജന, സ്റ്റേറ്റ് യോജനാസ് എന്നീ യോജനകള്‍ക്കാണ് മോദി രൂപം നല്‍കിയത്. ഈ യോജനകള്‍ ഇത്രയും കാലം അദ്ദേഹത്തിന്റെ കസ്റ്റഡിയിലായിരുന്നോ എന്നാണ് കോണ്‍ഗ്രസിനോട് ചോദിക്കാനുള്ളത്. അവര്‍ ഈ യോജനകള്‍ നേരത്തേ കൊണ്ടുവന്നിരുന്നെങ്കില്‍ ഒരുപക്ഷെ ജനം കൂടെ നിന്നേനെ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്തെയും ജനങ്ങളുടെ ജീവിതത്തെയും പൂര്‍ണ്ണ സ്തംഭനാവസ്ഥയിലത്തെിച്ച ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു നിര്‍ദേശവും 50 ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോദിക്ക് നല്‍കാനില്ല. അതിനര്‍ത്ഥം നോട്ട് പരിഷ്കാരം പൂര്‍ണ പരാജയമാണെന്ന് തുറന്ന് സമ്മതിക്കുകയാണ് മോദി. നോട്ട് ക്ഷാമം എന്ന് അവസാനിക്കുമെന്ന് പറയാനും മോദിക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്, മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ എന്തൊക്കെയോ പറഞ്ഞ് ജനങ്ങളെ വീണ്ടും തെറ്റിദ്ധരിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. വഞ്ചനാപരമായ ഈ നീക്കത്തെ ക്രിയാത്മകമായി നേരിടാന്‍ ഇടതു-വലതു പക്ഷത്തിനോ നേതാക്കള്‍ക്കോ കഴിയുന്നില്ല. കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളാകട്ടേ ‘ചന്ദനമഴ’ സീരിയലിലെ കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ആര്‍ക്കും നേരും നെറിവുമില്ല. പ്രസ്താവനകളിറക്കുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ല. ഇത്തരുണത്തില്‍ ജനങ്ങള്‍ സംഘടിതരായി തെരുവിലിറങ്ങി പ്രക്ഷോഭം അഴിച്ചുവിട്ടാല്‍ ആരായിരിക്കും അതിനുത്തരവാദി? മോദിയും പ്രതിപക്ഷവും തന്നെ. ആ ഒരു രംഗം സംജാതമാകാന്‍ ഇനി അധികനാളുകളില്ല എന്ന് കേന്ദ്രവും പ്രതിപക്ഷവും മനസ്സിലാക്കിയാല്‍ രാജ്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയില്ലെന്ന് വിശ്വസിക്കാം.

രണ്ടര വര്‍ഷത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ ബി.ജെ.പി. പ്രാദേശിക ഘടകങ്ങള്‍ നിരത്തുമ്പോള്‍ അതിലെത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്ന് പ്രബുദ്ധരായ സാധാരണ ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി. ജനങ്ങള്‍ അക്രമത്തിലേക്കും രാജ്യം അരാജകത്വത്തിലേക്കും നീങ്ങാതിരിക്കണമെങ്കില്‍ കേന്ദ്രം സത്വരനടപടികള്‍ കൈക്കൊണ്ടേ പറ്റൂ. ഡിസംബര്‍ 30നു ശേഷം അഛാ ദിന്‍ വന്നില്ലെങ്കില്‍ ‘എന്നെ തൂക്കിലേറ്റിക്കൊള്ളൂ’ എന്നാണ് മോദി പ്രഖ്യാപിച്ചിട്ടുള്ളത്. അത് മാറ്റിപ്പറയാന്‍ ഇനി അനുവദിക്കരുത്. ഇനിയും ‘പ്യാരേ ദേശ്‌വാസിയോം’ എന്നു വിളിച്ചുകൂവി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. അവരെല്ലാം ദരിദ്രവാസികളായി. ആ ദാരിദ്രത്തില്‍ നിന്ന് അവരെ രക്ഷിക്കുകയാണ് പ്രധാനമന്ത്രിയെന്ന നിലക്ക് മോദിക്ക് ചെയ്യാനുള്ള ഒരേയൊരു ഒരു പ്രതിവിധി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top