തിരുവനന്തപുരം: പ്രമുഖര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുമ്പോള്‍ വിജിലന്‍സ് ഇഴയുന്നുവെന്ന് വിജിലന്‍സ് പ്രത്യേക കോടതി. മുന്‍ മന്ത്രി ഇ.പി. ജയരാജന്, എ.ഡി.ജി.പി ആര്. ശ്രീലേഖ, മന്ത്രി മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരായ പരാതികളിലാണ് വിജിലന്‍സ് ഉഴപ്പുന്നത്. ഇത്തരം രീതി അനുവദിക്കാനാവില്ല.
തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഭര്‍ത്താവും കോര്പറേഷന് ഭാരവാഹികളും പത്തരക്കോടിയുടെ അഴിമതി നടത്തിയെന്ന പരാതി കഴിഞ്ഞ മൂന്നു തവണ കോടതി പരിഗണിച്ചപ്പോഴും ഹരജിക്കെതിരായ നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്. പിന്നീട് എപ്പോഴാണ് അന്വേഷണത്തിന് വിജിലന്‍സ് തയാറായതെന്ന് കോടതി ചോദിച്ചു. ഡിസംബര്‍ 31ന് പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്നും പരാതിക്കാരന്‍െറ മൊഴി ഇതിനകം രേഖപ്പെടുത്തിയെന്നും വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ കോടതിയെ അറിയിച്ചു. നവംബര്‍ ഒമ്പതിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ അന്വേഷണ ഉത്തരവ് എന്തുകൊണ്ട് വൈകിയെന്ന് കോടതി ചോദിച്ചു. മുന്‍ മന്ത്രി ഇ.പി. ജയരാജനും എ.ഡി.ജി.പി ശ്രീലേഖക്കുമെതിരായ ഹരജികള്‍ കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
കശുവണ്ടി വികസന കോര്‍പറേഷനും കാപെക്സിനും തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി ഫെബ്രുവരി 17ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു. നാലു മാസക്കാലം തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടിയുടെ അഴിമതിയുണ്ടെന്ന് ആരോപിച്ച് മുന്‍ ഹൈകോടതി ഗവണ്മെന്റ് പ്ളീഡര്‍ പി. റഹീമാണ് പരാതി നല്‍കിയത്.
കോടതി വിമര്‍ശനം ഫലിച്ചു; വിജിലന്‍സ് ഉണര്‍ന്നു; ഉന്നതര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കും, എന്നാല്‍, അടിസ്ഥാന സൗകര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: മന്ത്രിമാരും മറ്റു ഉന്നതരും ഉള്‍പ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ വിജിലന്‍സ് ഇഴയുന്നുവെന്ന കോടതി വിമര്‍ശനത്തെതുടര്‍ന്ന് ഇത്തരം കേസുകള്‍ വേഗത്തിലാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ നിര്‍ദേശം. മന്ത്രിമാര്‍ക്കെതിരായ പരാതികളില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജേക്കബ് തോമസ് നിര്‍ദേശിച്ചു. ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ അന്വേഷണം വേഗത്തിലാക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാര്‍ കോഴക്കേസിന്‍െറ തുടരന്വേഷണം പതുക്കെയാണ് നീങ്ങുന്നത്. പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി നജ്മല്‍ ഹസന് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് അവധിയിലാണ്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കാന്‍ സി.ഐ റാങ്കിലെ ഉദ്യോഗസ്ഥനെയാണ് നിയോഗിച്ചിട്ടുള്ളത്. സ്പോര്‍ട്സ് ലോട്ടറി അഴിമതി കേസും ഇഴയുകയാണ്. പ്രമാദമായ പല അഴിമതിക്കേസുകളും അന്വേഷിക്കാന്‍ ഒരു ഡിവൈ.എസ്.പിയോ സി.ഐയോ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ വിജിലന്‍സിന് ഇതില്‍ക്കൂടുതല്‍ വേഗം വരില്ളെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്ത് എത്തിയതോടെ പരാതികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനയാണുണ്ടായത്. ഇതുതാങ്ങാനുള്ള ശേഷി വിജിലന്‍സിനില്ലെന്നും ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു.

Leave a Reply