Flash News

ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കിയത് പിണറായിയുടെ അറിവോടെ, വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യില്ല, ജയരാജന്‍െറ രാഷ്ട്രീയഭാവി ഇരുളുന്നു

January 6, 2017

EP-Jayarajan-Fullതിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി എന്നിവരും പ്രതികളാണ്. അഴിമതിക്കുറ്റത്തിനുപുറമെ ഗൂഢാലോചനക്കുറ്റവും ഇവര്‍ക്കെതിരെയുണ്ട്.

ജയരാജനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍െറ അറിവോടെയാണ്. കേസെടുക്കാന്‍ പോകുന്ന വിവരം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അദ്ദേഹം അനുവാദം നല്‍കിയതായാണ് വിവരം. മാത്രമല്ല, പാര്‍ട്ടി പി.ബി.യും കേന്ദ്ര കമ്മിറ്റിയും നടക്കുമ്പോള്‍ തന്നെ ജയരാജനെതിരെ എഫ്.ഐ.ആര്‍ വരണമെന്നും പിണറായി ആഗ്രഹിച്ചിരുന്നു. എങ്കില്‍ മാത്രമേ ഈ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്ന ജയരാജന്‍െറ ആവശ്യം നിരസിക്കാന്‍ പിണറായിക്ക് കഴിയൂ. അതുകൊണ്ടാണ് തിരക്കിട്ട് വിജിലന്‍സിനെക്കൊണ്ട് എഫ്.ഐ.ആര്‍ നല്‍കിയത് എന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ ജയരാജന്‍െറ രാഷ്ട്രീയഭാവി പൂര്‍ണമായും ഇരുട്ടിലായി. അദ്ദേഹത്തിന് ഭരണതലത്തിലോ പാര്‍ട്ടി തലത്തിലോ തിരിച്ചുവരവ് അസാധ്യമായിരിക്കുകയാണ്.

എന്നാല്‍, തങ്ങള്‍ സ്വാഭാവിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.

ബന്ധുനിയമന കേസിലെ മുഖ്യപരാതിക്കാരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ഇതില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചതാണ് വിവാദമായത്. എം.ഡി നിയമനത്തിന് നിഷ്കര്‍ഷിച്ചിരുന്ന യോഗ്യത സുധീറിന് ഉണ്ടായിരുന്നില്ല. എന്നിട്ടും ജയരാജന്‍ സ്വന്തം കൈപ്പടയില്‍ ഫയലില്‍ രേഖപ്പെടുത്തിയ നിര്‍ദേശപ്രകാരം സുധീര്‍ നമ്പ്യാരെ നിയമിക്കുകയായിരുന്നു. അതിനു പുറമെ, അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി അധ്യക്ഷനായ ‘റിയാബ് ’ തയാറാക്കിയ പട്ടിക അട്ടിമറിച്ചായിരുന്നു നിയമനം. ജയരാജന്‍െറ ഭാര്യാ സഹോദരിയാണ് ശ്രീമതി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍മാരുടെ നിയമനത്തിനായി 2006ല്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇ.പി. ജയരാജന്‍ മന്ത്രിയായി ചുമതല എറ്റെടുത്ത ശേഷം ജൂണ്‍ 27ന് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എം.ഡി സ്ഥാനത്തേക്കുള്‍പ്പെടെ, നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിയാബ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം എന്‍ജിനീയറിംഗ് ബിരുദമോ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കേ അപേക്ഷിക്കാനാവൂ. 15 വര്‍ഷത്തെ പ്രവൃത്തി പരിചയത്തില്‍ അഞ്ചുവര്‍ഷം ഉയര്‍ന്ന തലത്തിലുമാവണം.

അപേക്ഷകരില്‍നിന്ന് ചുരുക്കപ്പട്ടിക തയാറാക്കി, അഭിമുഖം നടത്തിയ ‘റിയാബ്’ സമിതി മനീഷ് പ്രതാപ് സിംഗ്, ജ്യോതികുമാര്‍ ബി എന്നിവരുടെ പേരുകളാണ് ശിപാര്‍ശ ചെയ്തത്. ഈ നടപടി ക്രമം പൂര്‍ത്തിയാക്കുന്നതിനായി റിയാബിന് 14.35 ലക്ഷം രൂപ ചെലവാകുകയും ചെയ്തു. ഈ ശിപാര്‍ശ നിലനില്‍ക്കെ സെപ്റ്റംബര്‍ 30ന് ജയരാജന്‍ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിക്കാന്‍ സ്വന്തം കൈപ്പടയില്‍ എഴുതി നിര്‍ദേശിച്ചു. നിയമനത്തിനായി തയാറാക്കിയ പട്ടിക മറികടന്നും വിജിലന്‍സിന്‍െറ അഭിപ്രായം തേടാതെയുമാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതെന്നും വിജിലന്‍സ് കണ്ടെത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top