Flash News

മരുഭൂമിയിലെ നീരുറവകള്‍ വറ്റുമ്പോള്‍ (ചെറുകഥ)

January 15, 2017

maru sizeകുസുമം … വയസ്സ് അമ്പത്തിമൂന്ന്. യജ്ഞസേനിയെപ്പോലെ നിത്യയൗവനത്തിനു വരം ലഭിച്ചവള്‍.

അവള്‍ തിരക്കുള്ള വഴിയോരക്കാഴ്ച്ചകള്‍ കണ്ടില്ല. മനസ്സ് എവിടെയെല്ലാമോ അലയുകയായിരുന്നു. അതിവേഗം ഓടുന്ന കാറിലെ പിന്‍ സീറ്റില്‍, നെഞ്ചില്‍ കണ്ണീരിന്‍റെ കടലുമായി പട്ടണങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്കുള്ള പ്രയാണത്തിലാണ്.

അവന്‍റെ വളര്‍ച്ചയില്‍ ഏറെ അഭിമാനിച്ചിരുന്നു. ഉയരങ്ങളായിരുന്നു അവന്‍റെ മനസ്സുനിറയെ. അതില്‍ പാകത്തിന് എണ്ണയും തിരിയും നിറയ്ക്കുമ്പോള്‍, സ്വയം പറയും എന്‍റെ മകന്‍!. ബുദ്ധിയും അഴകും അവനില്‍ ആവോളമുണ്ടായിരുന്നു. അവന്‍ പെട്ടുപോയതാകാം. അല്ലെങ്കില്‍ അവന്‍ അങ്ങനെ ഒന്നും ചെയ്തിട്ടുണ്ടാകില്ല. അതൊരമ്മയുടെ ആശയാണ്.

കോടതിക്ക്, സാക്ഷികളും മൊഴികളുമാണല്ലോ ആവശ്യം. പതിനേഴു പേരുടെ പരാതി. ഇരുപത്തെട്ടു തികഞ്ഞിട്ടില്ലാത്തവന് ഇത്രപേരെ പീഡിപ്പിക്കാന്‍ കഴിയുമോ..? പക്ഷേ തെളിവുകള്‍…എന്ത് തെളിവുകള്‍…വെറും വാക്കുകള്‍. അക്ഷരക്കൂട്ടങ്ങള്‍ ഒരുക്കുന്ന പദസമുച്ഛയത്തിന് ഇത്ര ശക്തിയോ…?

പീഡനം എന്ന ഒരു വാക്കു കൊണ്ട് ഒരു ജിവിതം തളച്ചിടപ്പെടുകയാണ്. ഒരു ജിവിതം മാത്രമോ…?

കുസുമം വിവിധ ചിന്തകളാല്‍ അപരിചിതരായ ആള്‍ക്കൂട്ടത്തെ നോക്കി. പൗരസമതി പ്രതിഷേധയോഗം കൂടുകയാണ്. നരച്ച താടി തടവി സംഘാടകന്‍ പറയുന്നു. “ഇത് മോഹന വര്‍മ്മയുടെ മാത്രം പ്രശ്നമല്ല. നമ്മളില്‍ ഒരോരുത്തരിലും ഒരോ വര്‍മ്മമാര്‍ ഒളിഞ്ഞിരിയ്ക്കുന്നു. വര്‍മ്മയെ മോചിപ്പിക്കുമ്പോള്‍ നാം സ്വയം മോചിതരാകുന്നു.”

കുസുമവും സദസ്യരും അയാള്‍ പറയുന്നതെന്തന്നറിയാതെ പകച്ചു. ഈ സമയമത്രയും അയാളുടെ കണ്ണുകള്‍ കുസുമത്തെ ബലാല്‍സംഗം ചെയ്തുകൊണ്ടിരിയ്ക്കയായിരുന്നു. ഈ ആള്‍ കൂട്ടം എന്തു നന്മ എന്‍റെ കുട്ടിക്ക് കൊണ്ടുവരും. കുസുമം ആ കിളവന്‍റെ ആത്മരതി അറിഞ്ഞുകൊണ്ട് സ്വയം ചോദിച്ചു.

“ഹലോ…മമ്മാ….” മോഹനന്‍ തടവില്‍ നിന്നും വിളിയ്ക്കയാണ്. കുസുമം ഫോണ്‍ സ്പീക്കറിലിട്ടു. കൂടിയിരുന്നവര്‍ ഉത്സാഹികാളായി മുന്നോട്ടാഞ്ഞിരുന്നു. ആദ്യമായിട്ടാണ് ജയിലില്‍ നിന്നും ഒരു ഫോണ്‍ വിളി കേള്‍ക്കുന്നത്. ആ ശബ്ദവീചികള്‍ കൊണ്ടുവരുന്ന നാറ്റക്കഥയുടെ അകത്തളങ്ങളില്‍ സ്വയം അഭിരമിച്ച് ആഹളാദിക്കാനായിരുന്നു, ആ കുട്ടാഴ്മയുടെ അപ്പോഴത്തെ പൂതി. “മോനു ഐ ലൗയു…” അമ്മ ഫോണ്‍ അവസാനിപ്പിച്ചു. എല്ലാവരും അവരവരുടെ ഇരിപ്പടങ്ങളില്‍ മോഹനന്‍റെ മോചനത്തിനായി തപസ്സിരുന്നു. കുസുമത്തിന്‍റെ മനസ്സു മാത്രം വേദനായാല്‍ നീറി. അവള്‍ ഓര്‍ക്കുകയായിരുന്നു.

ഇരുപത്തിനാലിന്‍റെ ചെറുപ്പത്തില്‍, പേരും പെരുമയുമുള്ള ഒരു തറവാട്ടിലേക്ക് ഗള്‍ഫ് കാരന്‍റെ ഭാര്യയായി ചെല്ലുമ്പോള്‍, ഓര്‍ത്തില്ല തനിക്കുമുന്നില്‍ വളരുന്ന മരുഭൂമിയുടെ വലുപ്പം. സുന്ദരനും സുമുഖനുമായ വര്‍മ്മയില്‍ എന്തൊ ഒരു കുറവ് ആദ്യ നാളുകളിലെ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അയാളുടെ കണ്ണൂകളിലെ കനല്‍ അളവില്ലാത്ത നിധികുംഭങ്ങള്‍ തേടവേ, ആ ഭാര്യാ പദവി ശ്വാസം മുട്ടിക്കുന്നതായിരുന്നു. ശുദ്ധജലത്താല്‍ നിറഞ്ഞു കിടക്കുന്ന ഒരു തടാകക്കരയില്‍ എപ്പോഴും ദാഹിച്ചു നില്‍ക്കുന്ന ഒരവസ്ഥ. ആ തടാകത്തിനോട് ഒരിറ്റു വെള്ളം തരാമോ എന്നു ചോദിക്കാന്‍ കഴിയുന്നില്ല.. ചോദിക്കേണ്ടതെങ്ങനെ എന്നറിയാന്‍ വയ്യാത്ത പോലെ. അല്ലെങ്കില്‍ തന്‍റെ ദാഹം ആത്മാവിലായിരുന്നല്ലോ. യജ്ഞസേനി..വില്ലാളിവീരനായ അര്‍ജ്ജുനന്‍റെ ഭാര്യയായിട്ടും….അവള്‍ക്ക് എന്തായിരുന്നു കുറവ് എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമായിരുന്നുവോ….അവള്‍ക്കുതന്നെ അതു നിര്‍വചിക്കാന്‍ കഴിയുമായിരുന്നുവോ…? പക്ഷേ അവള്‍ തൃപ്തയായിരുന്നുവോ..?

ജീവിതം നിയോഗങ്ങളില്‍ കൂടിയുള്ള ഒരു തീര്‍ത്ഥയാത്രയാണല്ലോ. ഒരമ്പതുവയസുകാരന്‍റെ മോഹ നിവാരണത്തിനായി മുന്‍ ജന്മങ്ങളിലെന്നോ നിയോഗിതയായിരുന്നിരിയ്ക്കാം. വര്‍മ്മയുടെ കുടുംബ സുഹൃത്തും, ഗള്‍ഫ് ബിസിനസുകാരനുമായ പ്രതാപന്‍ തന്‍റെ നിയോഗങ്ങളിലേക്ക് കടന്നുവന്നതെന്തിന്…ഒരത്താഴ വിരുന്നില്‍ പ്രതാപന്‍ വര്‍മ്മയോടു ചോദിച്ചു.

“ഈ കുട്ടി പഠിപ്പും വിവരവുമുള്ളവളല്ലേ…ഇങ്ങനെ ഇവിടുത്തെ വിഴുപ്പലക്കികഴിഞ്ഞാല്‍ മതിയോ… ഞാന്‍ എന്‍റെ കമ്പനിക്ക് ഒരു മാനേജരെ നോക്കുന്നുണ്ട്… നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍….” . പുറം ലോകത്തെ വെളിച്ചവും സ്വാതന്ത്ര്യയവും സ്വപ്നങ്ങളില്‍ കൊതിപ്പിച്ചു. തന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ഒരു ലാഭക്കൊതിയന്‍റെ ഊറിച്ചിരിയോട് വര്‍മ്മ സമ്മതം മൂളിമ്പോള്‍ ഓര്‍ത്തില്ല അതൊരു നീണ്ട യാത്രയുടെ തുടക്കമാണന്ന്. എല്ലാ പൊരുത്തങ്ങളും ഗണകന്‍ ഗണിച്ചതാണ്. ഗണകന്‍റെ കണക്കുകളെ തെറ്റിച്ച് ചില പൊരുത്തക്കേടുകള്‍. . എന്നും മനസ്സ് പിടി തരാത്ത മേച്ചില്‍ പുറങ്ങളിലായിരുന്നു. മരീചന്‍ എന്ന മായാവി മാടിവിളിച്ചുകൊണ്ടേ ഇരുന്നു. കയ്യില്‍ വന്നതിലൊന്നും തൃപ്തയായില്ല.

പ്രതാപന്‍റെ ഓഫീസ് മാനേജര്‍ എന്ന തസ്തിക മറയായിരുന്നു. പ്രതാപന്‍ തന്നെ കിടപ്പറയുടെ രഹസ്യങ്ങളിലേക്കായിരുന്നു നയിച്ചത്. എതിര്‍ക്കുവാനോ തടയുവാനോ തോന്നിയില്ല. . പിന്നേയും ശരീരവും അത്മാവും ദാഹിച്ചു കൊണ്ടേയിരുന്നു. സ്ത്രീ സ്വന്തം അശാന്തിയെ എന്തിനു മറയ്ക്കണം. പുരുഷന് മറകളില്ലാതെ ശരീരങ്ങളെ തേടാമെങ്കില്‍ സ്ത്രീ എന്തിനു കെട്ടപ്പെട്ടവളാകണം. പെണ്‍കരുത്ത് അതിരുകളില്ലാത്ത സ്വാതന്ത്ര്യം കൊതിയ്ക്കുന്നതു തെറ്റാണോ…? പുതിയ ചിന്തകള്‍ സ്വയം ന്യായീകരണങ്ങളായി.

പട്ടേലില്‍ എങ്ങനെയാണെത്തിച്ചേര്‍ന്നത്. പ്രതാപന്‍ ഒരുക്കിയ ഒരു കെണിയായിരുന്നുവോ…? പ്രതാപന്‍ തന്നില്‍ക്കൂടി പട്ടേലില്‍ എത്തിച്ചേരുകയായിരുന്നു. പട്ടേല്‍ പ്രതാപന്‍റെ ഓഫീസില്‍ വന്നത് വിന്‍റോ ബ്ലൈന്‍റ് ഓര്‍ഡര്‍ ചെയ്യാനാണ്. എന്നാല്‍ അയാള്‍ ഒരു മൊത്തക്കച്ചവടക്കാരനായിരുന്നു. അയാളുടെ കണ്ണ് തന്നില്‍ ഉടക്കുന്നത് തിരിച്ചറിഞ്ഞ് തഞ്ചത്തില്‍ പട്ടേലിലേക്കുള്ള ചൂണ്ട എറിഞ്ഞു. ഭംഗിയുള്ള ഉടലും, തിളക്കമുള്ള കണ്ണുകളൂം പുരുഷന്‍റെ ദൗര്‍ബല്ല്യമാണന്ന തിരിച്ചറിവില്‍ പടര്‍ന്നു കയറാന്‍ പഴുതുകള്‍ വിതച്ചു. പ്രതാപന്‍ പട്ടേലിന്‍റെ എണ്ണക്കമ്പിനിയില്‍ പങ്കാളിയായി. അതു താന്‍ പ്രതാപനുവേണ്ടി ചെയ്ത പ്രത്യുപകാരം. പ്രതാപനു താന്‍ ആരായിരുന്നു. വെറും വെപ്പാട്ടി. അതുകൊണ്ടു തന്നെ കടപ്പാടുകളുടെ കീറപ്പുസ്തകം ആ കടല്‍ കരയില്‍ പിച്ചി ചീന്തി, പട്ടേലിന്‍റെ സ്വര്‍ണ്ണക്കടകളുടെ ചുമതലക്കാരിയായി. അപ്പോഴും വര്‍മ്മ ഭര്‍ത്താവായി തുടരുന്നുണ്ടായിരുന്നു. തന്നില്‍ കൂടി അയാള്‍ ആഗ്രഹിച്ചതൊക്കെ നേടിത്തുടങ്ങിയിരുന്നു.

വര്‍മ്മ സ്വന്തം കാലില്‍ ഉറച്ചു എന്നയാള്‍ക്ക് ഉറപ്പായ ഒരു നാള്‍ അയാള്‍ തന്നില്‍ നിന്നും പൂര്‍ണ മോചനം ആവശ്യപ്പെട്ടു. അയാള്‍ തന്നെ വേശ്യേ എന്നഭിസംബോധന ചെയ്തിരിയ്ക്കുന്നു. സ്വന്തം നേട്ടങ്ങള്‍ക്കായി തന്നെ കളത്തിലിറക്കിയവന്‍…. രണ്ടാമതൊന്നാലോചിക്കാതെ, നഷ്ടപരിഹാരങ്ങള്‍ ആവശ്യപ്പെടതെ വര്‍മ്മയെ അയാളുടെ പാട്ടിനു വിട്ടു. മനസ്സില്‍ നിന്നും ഒരു ഭാരം ഒഴിഞ്ഞതുപോലേ തോന്നിയുള്ളു. കാരണം സ്നേഹത്താല്‍ പരസ്പര ബന്ധിതര്‍ ആയിരുന്നില്ലല്ലോ. തന്‍റെ തറവാട്ടില്‍ അമ്മയുടെ സംരക്ഷണത്തില്‍ കഴിയുന്ന മോഹനനെക്കുറിച്ച് പെട്ടെന്നൊരു വീണ്ടു വിചാരം. അവന് ഒരമ്മയുടെ സ്നേഹം ഇനിയും കടമാണ്. ആ കടം കാലം കഴിഞ്ഞാല്‍ അവനു വേണ്ടി വരില്ല. അവനെ കൂടെ കൂട്ടണം. പട്ടേല്‍ വേണ്ട സഹായങ്ങള്‍ ചെയ്തു. പട്ടേല്‍ അവര്‍ക്കായി അപ്പാര്‍ട്ടുമെന്‍റെ കൊടുത്തു. ഭാര്യയുടെ കണ്ണില്‍ മണ്ണിട്ട് കൂടുതല്‍ സമയവും അയാള്‍ അവര്‍ക്കൊപ്പം കൂടി.

ഗള്‍ഫ് ജീവിതം തുറന്നു തരുന്നത് മണല്‍ക്കാട്ടിലേക്കുള്ള വഴികള്‍ മാത്രമല്ല. ഒളിഞ്ഞിരിയ്ക്കുന്ന നീരുറവകളും അതു കാട്ടിത്തരും. പട്ടേലിനൊപ്പം മണല്‍ കാട്ടില്‍ കൂടിയുള്ള ഒരുല്ലാസ യാത്ര പോയതായിരുന്നു, മകനെ മണലാരണ്യം കാട്ടി കൊടുക്കാന്‍. പഴുത്ത മണല്‍ത്തരികള്‍, ട്രക്കിന്‍റെ ടയറുകളെ പഴുപ്പിച്ച്, അന്തരീക്ഷത്തില്‍ പറന്നു നടക്കുന്നു. അങ്ങു ദൂരെ ദൂരെ ഉയരങ്ങളില്‍ പനയുടെ തലപ്പുകള്‍. മോഹനന്‍ കൗതുക കാശ്ചകളില്‍ മുഴുകി. പെട്ടെന്ന് ട്രക്കിന്‍റെ മുന്‍വശം പൂഴിയില്‍ പുതഞ്ഞ് വട്ടം കറങ്ങാന്‍ തുടങ്ങി. പട്ടേല്‍ ആകാവുന്നതൊക്കെ ചെയ്ത് അമ്പരപ്പോടെ കുസുമത്തെ നോക്കി. എയര്‍ കണ്ടീഷന്‍റെ തണുപ്പിലും അവരെ വിയര്‍ത്തു. ഒരു നീരാളിപ്പിടുത്തം. മരുഭൂമി അവരെ നോക്കി ചിരിയ്ക്കുന്നു. രക്ഷപെടാന്‍ പഴുതുകളൊന്നും കാണുന്നില്ല.

പട്ടേലിന്‍റെ കണ്ണുകളില്‍ മരണഭയം. അയാളുടെ കണ്ണുകളിലേക്ക് നോക്കി അവള്‍ പറഞ്ഞു. “ഭയം മനുഷ്യനെ കൂടുതല്‍ നരകങ്ങളിലേക്ക് തള്ളിവിടുകയേയുള്ളു. ഇന്ധനം തീരുന്നതു വരെ വണ്ടി ഓടട്ടെ. രക്ഷ എവിടെനിന്നെങ്കിലും വരും.” അയാളുടെ മുഖത്ത് ആശ്വാസത്തിന്‍റെ നേരിയ രേഖകള്‍. അയാള്‍ തന്‍റെ ഫോണില്‍ ആരെയൊക്കയോ വിളിക്കുന്നു. പലരും പരിധിക്ക് പുറത്ത്. നല്ലവര്‍ ആരോ ചെയ്ത സഹായ വാഗ്ദാനത്തില്‍ മനസ്സുറപ്പിച്ച്, ട്രക്കില്‍ കരുതിയിരുന്ന തണുത്ത വെള്ളവും വാട്ടര്‍ മെല്ലനും ആര്‍ കഴിച്ചു.

മരുഭൂമിയില്‍ നഷ്ടപ്പെട്ട, അശാന്തിയുടെ തീയ്യില്‍ അലഞ്ഞു നടക്കുന്ന ഏതോ ഒരാത്മാവ് തീര്‍ത്ത ചതിക്കുഴിയില്‍ വന്നു നിറഞ്ഞ ഉറയ്ക്കാത്ത പൂഴിയിലാണു തങ്ങളെന്നവര്‍ ഓര്‍ത്തു. ഒരോ നിമിക്ഷാര്‍ദ്ധത്തിലും ഒരോ തരി ട്രക്കിനടിയില്‍ നിന്നും ഒലിച്ചു പോകുന്നു, ഏതു നിമിക്ഷവും വണ്ടി തലകുത്തനയോ, കീഴ്മേലോ മറിഞ്ഞ് തങ്ങള്‍ ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ വണ്ണം വറുത്ത മണലാല്‍ മൂടപ്പെടും എന്ന ആശങ്ക അവരെ കിടിലും കൊള്ളിക്കുന്നുണ്ടായിരുന്നു. പട്ടേല്‍ കുസുമത്തിന്‍റെ കരങ്ങളില്‍ മുറുകെ പിടിച്ചു. അയാളുടെ ഹൃദയത്തിന്‍റെ വേഗത അവള്‍ അറിഞ്ഞു. അവര്‍ പരസ്പരം ഉരിയാടിയില്ല. എട്ടുവയസ്സുകാരന്‍ അകപ്പെട്ട ആപത്തിന്‍റെ ആഴങ്ങള്‍ അറിയാതെ പുറം കഴ്ച്ചകളില്‍ കുതൂഹിയായി. ആ നിഷ്ക്കളങ്കമായ കണ്ണുകളുള്ളവന്‍ ഇന്ന് പീഡകനോ…?

പെട്ടന്ന് എവിടെനിന്നോ പേടകം മാതിരി ഒരു വണ്ടി അവരുടെ കാഴ്ച്ചയില്‍ നിന്നു. സഹായത്തിനായി അവര്‍ ജനാല താഴ്ത്തി കൈകള്‍ വീശി. മണലില്‍ നടക്കാനായുള്ള പ്രത്യേക ബുട്ടുകള്‍ ധരിച്ച രണ്ടു പേര്‍ അവര്‍ക്കാരികിലേക്കു നടന്നു. അപ്പോള്‍ അവര്‍ക്ക് ദൈവദൂതന്മാരുടെ ശോഭ ഉണ്ടായിരുന്നതായി അവര്‍ക്കു തോന്നി. കരങ്ങള്‍ അവരെ അരികിലണഞ്ഞ വാഹനത്തിലേക്ക് വഹിച്ചു. ആ വാഹനത്തിന്‍റെ പിന്‍ സീറ്റില്‍ ഒരെഴുപതുകാരന്‍ അവരെ നോക്കി ചിരിച്ചു. അയാള്‍ ദൈവമായിരുന്നു. മരുഭൂമിയിലെ ദൈവം. നീളന്‍ വെള്ളവസ്ത്രത്തില്‍, മരൂമിയിലെ അള്ളാഹു അവരോടു പറഞ്ഞു. “എന്‍റെ ആളുകള്‍ നിങ്ങളുടെ വണ്ടി സുരക്ഷിതമായി കൊണ്ടുവരും ഇപ്പോള്‍ നിങ്ങള്‍ എന്‍റെ അഥിഥികള്‍. എന്‍റെ ഭവനത്തില്‍ പാര്‍ത്ത് നാളെ നിങ്ങള്‍ക്ക് യാത്ര തുടരാം.” ‘കണ്ണുകള്‍ അവനെ കാണുന്നില്ല.’ കുസുമം എവിടെയോ കേട്ട വചനം ഓര്‍ത്തു. പക്ഷേ അവന്‍ ഇതാ എന്‍റെ കണ്ണുകളില്‍ അവള്‍ ഹൃദയത്തില്‍ നിരൂപിച്ചു.

കോടീശ്വരനായ അറബി അപ്പോള്‍ ഊഴം വിധിച്ച ബീബിയുടെ അരികിലേക്കുള്ള യാത്രയിലായിരുന്നു. അറബി പല കഥകളും പറഞ്ഞു. പണ്ട് കടല്‍ ഈ കരയെ ഉപേക്ഷിച്ചപ്പോള്‍ അനേകം ആത്മാക്കളുടെ ശാപം ഈ കര ഏറ്റു വാങ്ങേണ്ടി വന്നു. എല്ലാ അശാന്തിയും രൂപം കൊള്ളുന്നത് ഇവിടെ നിന്നും ആണല്ലോ..? ഈ മരൂഭൂമിയില്‍ നിന്നും ഊതുന്ന വിഷക്കാറ്റ്, അത് ലോകത്തെ നിത്യ നരകമാക്കുന്നു. എന്നാല്‍ കടല്‍ ഞങ്ങള്‍ക്കായി അനന്തമായ സ്വത്തുക്കളും ഈ മണല്‍ത്തരികളില്‍ ഒളിപ്പിച്ചു. ഒരര്‍ത്ഥത്തില്‍ ഞങ്ങളും ഇരകളാണ്. ഞങ്ങള്‍ക്ക് മലബാറിച്ചികളെ വല്ല്യ ഇഷ്ടമാണ്. എവിടെ നിന്നെന്നില്ലാതെ ആ എഴുപതുകാരന്‍ പറഞ്ഞിട്ട്, കുസുമത്തിന്‍റെ കണ്ണുകളിലേക്കു നോക്കി. ആ നോട്ടത്തില്‍ എന്നോ പിന്‍വലിഞ്ഞ കടലിന്‍റെ തിരയിളക്കം അവള്‍ കണ്ടു. കടലിടുക്കുകളില്‍ ദീപുകള്‍ രൂപപ്പെടുന്നതു പോലെ മണല്‍ക്കാട്ടില്‍ രൂപപ്പെട്ട പച്ചപ്പിലെ കൂറ്റന്‍ മാളികക്കൂ മുന്നില്‍ അറബി തന്‍റെ പെട്ടകം നങ്കൂരമിട്ടു.

അറബിയുടെ പരിചാരകര്‍ ഒരുക്കിയ സുഖങ്ങളില്‍ മോഹനന്‍ നിദ്രയില്‍ ആയി. പട്ടേല്‍ മട്ടുപ്പാവില്‍ അറബിക്കൊപ്പം ആഘോഷിക്കുന്നു. ജീവിതം ആഘോഷിക്കാനുള്ളതാണ്. മരുഭൂമിയുടെ ദാഹം പോലെ എന്തോ ഒന്ന് തന്നില്‍ തിളയ്ക്കുന്നു. പട്ടേല്‍ ഉറയ്ക്കാത്ത കാലുകളില്‍ മുറിയിലേക്ക് ഒഴുകി എത്തി, ബഡിലേക്ക് പടര്‍ന്നു.

ആരോ കതകില്‍ മുട്ടുന്നു. അറബിയുടെ പ്രായമുള്ള പരിചാരിക ആദരവു പൂര്‍വ്വം തന്നെ ക്ഷണിയ്ക്കുന്നു. യജമാനന്‍ തനിക്കായി ഒരുക്കിയിരിയ്ക്കുന്ന മുറിയിലേക്ക്. അറബി, പട്ടേലിനു മോചനദ്രവ്യം നല്‍കി തനിക്ക് വിടുതല്‍ വാങ്ങിയിരിയ്ക്കുന്നു എന്ന വെളിച്ചം തലയില്‍ പല ചോദ്യങ്ങളും മുളപ്പിക്കുന്നു. അല്ലാതെ അറബി ഒരു നെറികേടിനു മുതിരില്ല എന്ന ചിന്ത തന്‍റെ നിയോഗങ്ങളുടെ രഹസ്യങ്ങള്‍ ചികയാന്‍ മനസ്സിനെ പ്രേരിപ്പിച്ചു. ഉറങ്ങിയ മകനേയും, കുഴഞ്ഞു കിടക്കുന്ന പട്ടേലിനേയും മാറി മാറി നോക്കി മുറിയില്‍ നിന്നിറങ്ങുമ്പോള്‍, മനസ്സില്‍ പൊട്ടിവന്ന ആഹ്ലാദത്തെ ഒരു പുഞ്ചിരിയില്‍ ഒതുക്കി, പരിചാരികക്കൊപ്പം നടക്കുമ്പോള്‍ തന്‍റെ കണക്കുകള്‍ പിഴച്ചില്ല എന്നു സ്വയം പറയുകയായിരുന്നു. വണ്ടിയില്‍ വെച്ചു തന്നെ അറബിയുടെ മനസ്സ് താന്‍ അറിഞ്ഞിരുന്നു. പുതുമയില്‍ പുതിയ ലഹരിയില്‍ നിറയാന്‍ മനസ്സ് ഒലിച്ചു. അതുകൊണ്ടുതന്നെ കുറ്റബോധം ഒട്ടും ഇല്ലായിരുന്നു. ജിവിതം ലഹരിയാണ്. അത് ആസ്വദിക്കണം. കെട്ടപ്പെട്ടവര്‍ക്ക് ജിവിതമില്ല.

അറബി മുറിയില്‍ സുല്‍ത്താനേപ്പോലെ, തൂവെള്ളയില്‍ ഹുക്കയുടെ ലഹരിയില്‍ മുഴുകിയിരിയ്ക്കുന്നു. ആ മുഖം പ്രശാന്തമായിരുന്നു. എല്ലാം നേടിയവന്‍റെ വിനയം അവിടെ വായിച്ചെടുക്കാമായിരുന്നു. അവളെ അയാള്‍ കൈയ്യാട്ടി വിളിച്ചു. അവള്‍ അയാളിലേക്ക് നടന്നു. പരിചാരിക വാതില്‍ അടച്ചു. ആ ദീര്‍ഘകായന്‍ അവളെ കൈകളില്‍ കോരി, ആര്‍ത്തിയോട് ചുംബിച്ചു. അരുമയോട് കൊഞ്ചിച്ചു. മുറിയാകെ സുഖകരമായ പരിമളം. അയാളുടെ നിശ്വാസത്തിന് അത്തറിന്‍റെ സുഗന്ധം. അവളെ അയാള്‍ കിടക്കയിലിരുത്തി എന്നിട്ട് വാത്സല്ല്യത്തോട് പറഞ്ഞു. “നീ എനിക്കടിമയല്ല. എന്‍റെ അബ്ബക്ക് ഒരു മലബാറിച്ചി അടിമയുണ്ടായിരുന്നു. അവര്‍ സുന്ദരിയായിരുന്നു. ഒരിക്കല്‍ ഞാന്‍ കണ്ടിട്ടുണ്ട്. അബ്ബാക്ക് അവരെ വല്യ കാര്യമായിരുന്നു. അവസാന കാലത്ത് അബ്ബ അവര്‍ക്കൊപ്പമായിരുന്നു. ഇഷ്ടമുള്ളതിനെയൊക്കെ ഞങ്ങള്‍ സ്വന്തമാക്കും. എനിക്ക് നിന്നേയും ഇഷ്ടമായി. ഞാന്‍ നിന്നെ എന്‍റെ സ്വത്തുക്കളുടെ കണക്കെടുപ്പുകാരിയാക്കാം. എന്‍റെ മാനേജര്‍ നിന്നെ എല്ലാം പഠിപ്പിക്കും. വിശ്വസ്തയായിരിയ്ക്കണം.” അവള്‍ സമ്മതിച്ചു. അറബി അവളെ ഗംഗയിലെന്നപോലെ ബാത്ത്ടബില്‍ കുളിപ്പിച്ചു. അവള്‍ അമ്മയുടെ തൊട്ടിലിലെ കുട്ടി എന്നപോലെ അയാളില്‍ പറ്റിച്ചേര്‍ന്നു.

ഇരുപതു വര്‍ഷം അവള്‍ അയാള്‍ക്ക് വിശ്വസ്തയായി. അയാളുടെ താക്കോല്‍ കൂട്ടങ്ങള്‍ പണത്തെ പെറ്റു. അവള്‍ കാവലിരുന്നു. ചെമ്മരിയാടിന്‍റെ കത്രിച്ച ഒരോ രോമത്തിന്‍റേയും കണക്കവള്‍ മറന്നില്ല. മരൂഭൂമിയിലെ മണല്‍ തരികള്‍ പോലും കണക്കു ചോദിക്കുന്ന ഒരു ദിവസം വന്നേക്കുമേന്നവള്‍ക്കറിയാമായിരുന്നു. പല തുരുത്തുകളിലായി വളരുന്ന പച്ചക്കറികളുടെ കണക്കിലെ വിടവില്‍ അവള്‍ പുരികങ്ങള്‍ ഉയര്‍ത്തി ഇടനിലക്കാരെ വിരട്ടുമ്പോള്‍, സ്നേഹനിധിയായ ഒരു പിതാവിനെപ്പോലെ തന്‍റെ മുതുകില്‍ തലോടി അയാള്‍ പറയും. സാരമില്ല പ്രകൃതി തരുന്നതല്ലെ ..കയ്യില്‍ വന്നതിന്‍റെ കണക്കെഴുതിയാല്‍ മതി. അതോര്‍ത്ത് നിന്‍റെ മുടിയില്‍ നര ജനിപ്പിക്കേണ്ട. അവര്‍ മരുഭൂമിയുടെ സംഗീതവും കേട്ട് ഉറങ്ങും. ഇടനിലക്കാരില്‍ തന്‍റെ അഭിരുചിക്കിണങ്ങിയരെ അവള്‍ ജാരന്മാരാക്കി . പക്ഷേ അവള്‍ അറബിക്ക് കൊടുത്ത വാക്ക് എന്നും പാലിച്ചു. പണത്തിന്‍റെ കാര്യത്തില്‍ അവള്‍ കണിശക്കാരിയായിരുന്നു. അറബിയും എല്ലാം അറിയുന്നുണ്ടായിരുന്നിരിയ്ക്കാം.. അവള്‍ അടിമയല്ലായിരുന്നു. പട്ടേല്‍ അപ്പോഴും ഒരു രഹസ്യക്കാരനെപ്പോലെ കൂടെയുണ്ടായിരുന്നു. അയാള്‍ തന്‍റെ അടിമയായിരുന്നു. അറബിയില്‍ നിന്നും അയാള്‍ക്കു കിട്ടിയതിന്‍റെ കണക്ക് താന്‍ ഒരിക്കലും ചോദിച്ചില്ല. മോഹനനെ ഊട്ടിയില്‍ ബോര്‍ഡിങ്ങിലാക്കി, അവന്‍റെ ഭാവി ഉറപ്പിച്ചു.

അറബി ഒരു ദിവസം തന്‍റെ തോളില്‍ ചാരി കിതച്ചു. അയാള്‍ ജിവിതത്തിന്‍റെ കണക്കു പുസ്തകം തുറന്നു. “പലവീടുകള്‍ എനിക്ക് ഭാഗ്യമായിരുന്നു. ഒരിക്കലും മുഷിയില്ല. മുഖങ്ങള്‍ ഓര്‍മ്മയിലില്ല. അതുകൊണ്ട് കണ്ണുകളിലെ ദുഃഖം വേട്ടയാടാറില്ല. എന്‍റെ ആദ്യ ബീബി മിനിഞ്ഞാന്ന് സ്വര്‍ഗ്ഗം പൂകി. ഒരോ വീടരും ഒരോ സത്രങ്ങളായിരുന്നു. മുറിവിട്ടിറങ്ങിയാല്‍ അതിനെ മറക്കും. വീണ്ടും ഒരു മടങ്ങി വരവു വരെ അവരെ ഓര്‍ക്കില്ല. എന്നാല്‍ എന്‍റെ ആദ്യ ഭാര്യയെ ഞാന്‍ ഒരിക്കലും മറന്നിരുന്നില്ല. അവളുടെ കണ്ണൂകളെ എനിക്ക് ഭയമായിരുന്നു. അവളുടെ സന്നിധിയില്‍ ഒരു വിറയല്‍. അവള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും എനിക്കായി വന്ന ഒരു മാലാഖയിരുന്നു. എന്‍റെ ബലഹീനത കണ്ടറിഞ്ഞ് അവള്‍ എന്‍റെ പരിചാരകയായി. ഒരോ പുതുമണവാട്ടിയേയും അവള്‍ സന്തോഷത്തോട് എന്‍റെ മണിയറയിലേക്കാനയിച്ചു. അവള്‍ അതില്‍ ആനന്ദം കണ്ടെത്തി, എന്‍റെ കിടപ്പറയില്‍ നിന്നൊഴിഞ്ഞു. അന്നു നീ വന്ന വീട് അതായിരുന്നു അവളുടെ കൊട്ടാരം. നിന്നെ കൂട്ടിക്കൊണ്ടുവന്നത് പരിചാരികയല്ലായിരുന്നു. അതെന്‍റെ ഒന്നാം റാണിയായിരുന്നു. അവള്‍ ഒഴിഞ്ഞു. ഞാന്‍ ഇതാ വൃദ്ധനായിരിയ്ക്കുന്നു. ഇനി എനിക്കൊരു മണവാട്ടിയില്ല.” അയാള്‍ എവിടെയോ നഷ്ടപ്പെട്ടവനായി. എത്രയോ വിചിത്രമായ ആത്മാവുകളെയാണി മരുഭൂമി പേറുന്നത്. അവള്‍ ഓര്‍ത്തു. ആദ്യ ഭാര്യയോടുള്ള അയാളുടെ ഇഴയടുപ്പം അറിഞ്ഞ് അയാളോടുള്ള സ്നേഹ ബഹുമാനങ്ങള്‍ അവളില്‍ വര്‍ദ്ധിച്ചു. അയാളെ സ്നേഹ പാശത്താല്‍ തലോടി ആശ്വസിപ്പിച്ചു.

മോഹനന്‍ എം ബി യെ പാസ്സായി. കംമ്പ്യൂട്ടര്‍ എഞ്ചിനിയര്‍. സോഫറ്റ് വെയറില്‍ അവന്‍ അസാദ്ധ്യമായതിനെയൊക്കെ പുതിയ ഫോര്‍മുലകള്‍ ഉണ്ടാക്കി ചിപ്പുകളില്‍ ഒളിപ്പിച്ചു. അസാമാന്യമായ അവന്‍റെ പ്രതിഭയെ കോര്‍പ്പറേറ്റുകള്‍ വിലയ്ക്കെടുത്തു. അവന്‍ ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്പുന്നവനായിരുന്നു. വര്‍മ്മയില്‍ നിന്നു പിരിയുമ്പോള്‍ മോനെ വല്യവനാക്കാന്‍ മോഹിച്ചു. ഇപ്പോള്‍ അവന്‍ വലിയവന്നയിരിയ്ക്കുന്നു.

“മമ്മാ രണ്ടു വര്‍ഷം കഴിഞ്ഞ് ഞാന്‍ ഒരു വില്ല വാങ്ങും അപ്പോള്‍ മമ്മ വരണം.” മോന്‍ പറഞ്ഞു. മകന്‍ വാങ്ങുന്ന വില്ലയും സ്വപ്നം കണ്ട് കഴിയവേ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അവന്‍ എവിടെ എത്തി. ചതിയായിരുന്നുവോ? അങ്ങനെയാണവന്‍ വിശ്വസിക്കുന്നത്. അതാണു ശരി. അങ്ങനെ മതി. തിരക്കഥകള്‍ നേരത്തെ എഴുതപ്പെട്ടതായിരിക്കാം. എല്ലാ സീനുകളൂം നേരത്തെ എഴുതുന്ന തിരക്കഥയുടെ ചിത്രീകരണമാണല്ലോ… അവന്‍ ഒരു പരസ്യക്കമ്പിനിയുടെ ഗ്രാഫിക്ക് വര്‍ക്കിനു നിയോഗിക്കപ്പെട്ടവന്‍. പരസ്യത്തില്‍ അഭിനയിക്കാന്‍ വന്ന ഏഴു പ്രായപൂര്‍ത്തിയാകാത്തവര്‍ അവനാന്‍ പിഡിപ്പിക്കപ്പെട്ടിരിയ്ക്കുന്നു. ഒരു ജിവിതം അഴികള്‍ക്കുള്ളില്‍ വിധിച്ചവര്‍ ആര്‍. അസൂയാലുക്കള്‍ കുരുക്കുകള്‍ മുറുക്കുകയാണോ…?

അറബിയുടെ മുന്നില്‍ കരഞ്ഞു. തൊണ്ണുറുകളുടെ ദുര്‍ബലകരങ്ങളാല്‍ അവളെ തലോടി അറബി പറഞ്ഞു. നി ഒറ്റപ്പെടരുത്. മകന്‍റെ മരുഭൂമി യാത്രയില്‍ നീ അവന്, തണല്‍ വൃഷങ്ങളും, കുഴല്‍ കിണറുകളൂം പണിയണം. നീ തന്നെ അവനെ മോചിപ്പിക്കണം. അവന് തടവറ പണിഞ്ഞവള്‍ നീ തന്നെ എന്നൊരു ധ്വനി ആ വാക്കുകളില്‍ ഉണ്ടായിരുന്നുവോ…? സ്വയം കുറ്റബോധം കൊണ്ട് അങ്ങനെ തോന്നിയതാകാം. ആ വാക്കുകള്‍ മനസ്സിനെ ധൈര്യപ്പെടുത്തി. ഒരു ഭാര്യയോ.., വെപ്പാട്ടിയോ…, കണക്കപ്പിള്ളയോ…, തീര്‍ച്ചയില്ല. അറബി നള്‍കിയ കുറെ പണവും, പട്ടേല്‍ കൊടുത്ത ഒന്നു രണ്ടു ഫോണ്‍ നമ്പരുകളുമായി കുസുമം മകന്‍റെ മോചനത്തിനായി തന്‍റെ പ്രയാണം ആരംഭിച്ചു.. അവള്‍ ഒന്നു വിതുമ്പി.

ഗോവിന്ദ, പട്ടേലിന്‍റെ പ്രേരണയാല്‍ തനിക്കായി സ്വന്തം അപ്പാര്‍ട്ടുമെന്‍റുകളിലൊന്നിലെ ഒരു മുറി ഒഴിച്ചിട്ടിരുന്നു.

“ഇവിടെ നീതി പീഠം അനീതിയുടെ ചതുരംഗപ്പലകയുമായാണു നടക്കുന്നത്. പഴുതു കിട്ടിയാല്‍ ഏതു നിരപരാധിയേയും അവര്‍ കുടുക്കും.” ഓര്‍മ്മകളില്‍ പണ്ട് തന്‍റെ പതിനഞ്ചു വസ്സുകാരനെ അറസ്റ്റു ചെയ്തതിന്‍റെ നൊമ്പരം ഗോവിന്ദയുടെ വാക്കുകളില്‍. ആ അരിക്കച്ചടക്കാരന്‍ തന്‍റെ അഴകിലേക്ക് തുറിച്ചു നോക്കുന്നതറിഞ്ഞ് കുസുമം ഒരങ്കത്തിനു തയ്യാറെടുക്കയായിരുന്നു.

ഗോവിന്ദയൊരിക്കിയ വാഹനത്തില്‍ അമ്മ മകനെ ജയിലില്‍ കണ്ടു. അവന്‍റെ നിറയുന്ന കണ്ണുകളെ നേരിടാന്‍ കഴിയുന്നില്ല. വില്ല വാങ്ങി മമ്മയെ കൊണ്ടുവരുവാന്‍ കാത്തവന്‍, സന്ധിച്ചത് അഴികളില്‍. ആരോട് എന്തു പരിഭവം. ഒക്കേയും നിയോഗങ്ങളാകാം. അവനെ ജയിലില്‍ കാണാന്‍ താന്‍ നിയോഗിക്കപ്പെട്ടതാകം. പണ്ട് വര്‍മ്മയുടെ അടുക്കളയില്‍ നിന്നും സ്വാതന്ത്ര്യയം കൊതിച്ചപ്പോള്‍, യൗവ്വനം മുന്നോട്ട് തള്ളുകയായിരുന്നു. കെട്ടുപാടുകളില്ലാത്തവളായി, അതിരുകളില്ലാത്ത പ്രപഞ്ചത്തിലേക്കിറങ്ങാന്‍ കൊതിച്ചവള്‍. എത്തപ്പെട്ടതൊക്കേയും ഒരോരൊ തടവറയില്‍. ഇന്ന് മോന്‍റെ നിറകണ്ണുകളെ നേരിടാന്‍ കെല്പില്ലാത്തവളായി, ഭൂമിയിലേക്ക് നോക്കി.

“മമ്മാ…” അവന്‍ വിളിക്കയാണ്. “ഒരു നല്ല ലോയറും കുറെ പണവുമുണ്ടെങ്കില്‍ നമുക്ക് കേസ് ജയിക്കാം.” അവന്‍ പ്രതീക്ഷയോട് അമ്മയെ നോക്കി. അമ്മ അവന്‍റെ കൈയ്യിലെ നീളമുള്ള വിരലുകളെ തലോടി. മോനെ നീ എന്നും തടവറകളിലായിരുന്നു. അമ്മയുടെ മനസ്സിന്‍റെ അസ്വസ്ഥകളില്‍ നിനക്കിടമില്ലായിരുന്നു. നീ എന്നും ഹോസ്റ്റലുകളുടേയും പാഠപുസ്തകങ്ങളുടേയും തടവില്‍, അമ്മ എന്ന സ്നേഹം നിനക്ക് കത്തുകളും, ചില ഫോണ്‍ വിളികളുമായിരുന്നു. അറബിയുടെ ആടുകളുടെ കണക്കെടുപ്പിലായിരുന്നു എനിക്ക് താല്പര്യം. എനിക്ക് നിരത്താന്‍ ന്യായങ്ങളില്ല. വര്‍മ്മയില്‍ നിന്നും മോചനം നേടിയത് ഉണ്ണാനും ഉടുക്കാനും ഇല്ലാഞ്ഞല്ല. എവിടെയോ അലതല്ലുന്ന ഓളങ്ങളില്‍ പതഞ്ഞു രമിക്കാനുള്ള മോഹം. അതെന്നെ കൊണ്ടെത്തിച്ചിരിയ്ക്കുന്നത് ഈ തടവറയുടെ മുന്നില്‍.

ഇനി എന്‍റ് ജീവിതം നിനക്കുവേണ്ടി. നീ എന്‍റെ രക്തത്തിന്‍റെ അംശമായിരിക്കേ നീ തെറ്റുകാരനോ എന്നു വിചാരണക്ക് ഞന്‍ അര്‍ഹയല്ല. “ആദ്യം ജാമ്യം അതിന് ഒരു നല്ല തുക വേണ്ടി വരും.” അവന്‍ അമ്മയുടെ നിശബ്ദതയിലേക്ക് ഇറങ്ങി. അമ്മ സ്വയം വിചാരണയില്‍ നിന്നും എഴുനേറ്റ്, മകന്‍റെ കണ്ണുകളിലേക്ക് നോക്കി. അവിടെ പ്രതീക്ഷയായിരുന്നു. ഒരിക്കലും കൈ വിടാത്ത ഒരു ശക്തിേډലുള്ള അഭയം അവന്‍ കൊതിയ്ക്കുന്നു. ഉയരങ്ങളിലേക്ക് കുതിക്കാനുള്ള തൃഷ്ണ ഇപ്പോഴും അവന്‍റെ കണ്ണുകളില്‍. അമ്മ അവനു പ്രതീക്ഷയും രക്ഷയും ആകേണ്ടിയിരിയ്ക്കുന്നു. ‘മകനേ എന്നാല്‍ കഴിയുമെങ്കില്‍ ഞാന്‍ നിന്നെ മോചിപ്പിക്കും.’ അവള്‍ സ്വയം പ്രതിഞ്ജ ചെയ്തു. ഒരോ ജീവിതവും തലമുറകളെ തടവിനേല്‍പ്പിക്കയല്ലേ…അവള്‍ ഓര്‍ത്തു.

ഗോവിന്ദ വക്കിലിനെ ഏര്‍പ്പാടാക്കി. വക്കിലീന്‍റെ ഉപദേശത്താല്‍, സോഷ്യല്‍ മീഡിയയില്‍, ഫെയിസ് ബുക്കില്‍, ഇന്‍റര്‍നെറ്റിലൊക്കെ ഒരമ്മയുടെ മകന്‍റെ മോചനത്തിനു വേണ്ടിയുള്ള അഭ്യര്‍ത്ഥന. തനിക്കു ചുറ്റും, സഹതാപികളുടെ സഹായ ഹസ്തങ്ങള്‍. ഇന്നലെ വരെ കണ്ടവരല്ല. വയോവൃദ്ധന്മാരുടെ ഒരുകൂട്ടം. മോഹനന്‍റെ മോചനം അവര്‍ക്ക് ഒരു പഴുതായിരുന്നു. അസംതൃപതമായ രതി മോഹങ്ങളാല്‍ തെക്കുവടക്കോടുന്നവര്‍, തനിക്കു ചുറ്റും ഒരു കൂട്ടാഴ്മ തൂപപ്പെടുത്തുകയായിരുന്നു. അവര്‍ തന്നിലേക്കിറങ്ങാന്‍, അവരുടെ കാഴ്ച മങ്ങിയ കണ്ണുകളാല്‍ മോഹങ്ങളുടെ വലനെയ്യുന്നതവള്‍ അറിഞ്ഞു.

മോഹനനു തടവറയില്‍, സെല്‍ഫോണും മറ്റു സൗകര്യങ്ങളും വാര്‍ഡന്‍റെ ഒത്താശയാല്‍ അവള്‍ ചെയ്തു. സഹതടവുകാര്‍ക്കവന്‍ ഒരു കാമധേനുവായിരുന്നു. ഒരോ ദിവസവും സന്ധ്യക്ക് അവന്‍ വിളിയ്ക്കും ഒരോരുത്തരുടേയും ആവശ്യങ്ങള്‍ അവന്‍ പറയും. സഹതടവുകാരുടെ സഹായി ആയി അവന്‍. “മമ്മാ… നീഡ് ഹന്‍ഡ്രഡാന്‍റ് റ്റ്വന്‍റി തൗസന്‍റ്, ലോയറിനു കൊടുക്കാനാണ്.” ചുറ്റുമുള്ള ആള്‍ക്കൂട്ടത്തിന്‍റെ കണ്ണൂകളില്‍ നോക്കി, അവള്‍ പറഞ്ഞു. “ഞാന്‍ പണം കണ്ടെത്താം. ഐ ലൗ യു…മോനു…”

ഒടുവില്‍ മോചനത്തിന്‍റെ ദിനത്തില്‍ മകന്‍ അമ്മയുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു. “മമ്മാ…വരു നമുക്ക് പോകാം. ഈ സ്ഥലം നമുക്ക് വേണ്ട. ഇത് ചതിക്കുഴികളുടെ നാടാണ്. നമുക്ക് ദൂരെ ദൂരെ നമ്മുടെ സ്വസ്ഥതകളിലേക്ക് പോകാം.”

“മോനെ… ആഗ്രഹമുണ്ട്… നിന്‍റെ മോചന ദ്രവ്യത്തിനായുള്ള പണയപ്പണ്ടമാണു ഞാന്‍.”

അവര്‍ പരസ്പരം കണ്ണില്‍ നോക്കി, രണ്ടു ദിശയിലേക്കു നടന്നു. അവളുടെ ഒരോ കാല്‍ വെയ്പ്പിലും അവള്‍ ഉരുകി ഒലിച്ചുകൊണ്ടേയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top