Flash News

നമ്മുടെ തുരുപ്പ് ഒരു ഗുലാനായെങ്കില്‍… (ഡോ. നന്ദകുമാര്‍ ചാണയില്‍)

January 17, 2017

thurup sizeഎന്തുകൊണ്ടും ചരിത്രത്തില്‍ സ്ഥാനം പിടിച്ച ഒരമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പായിരുന്നു 2016 നവംബര്‍ എട്ടിനു നടന്നത്. പുനരാവര്‍ത്തനം കൊണ്ടു കേട്ടു പഴകിയതെങ്കിലും, പുതുമ നശിക്കാത്തൊരു ചോദ്യമാണ്, ‘പേരിലെന്തിരിക്കുന്നു’ എന്നുള്ളത്. ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതമായ ‘റോമിയോ ആന്റ് ജൂലിയറ്റ്’ എന്ന നാടകത്തില്‍ (Act II, Scene 2, Page2) നായിക നായകനോടു പറയുന്ന “What’s in a name ? That which we call a rose by any other name would smell as sweet…” പ്രചുരപ്രചാരം ലഭിച്ചൊരു ഉദ്ധരണിയാണല്ലോ. കുട്ടികള്‍ക്കു പേരിടുമ്പോള്‍ മാതാപിതാക്കള്‍ ഭാവി അറിയാതെയാണെങ്കിലും ശുഭാപ്തിവിശ്വാസത്തോടെയാണല്ലോ ആ സല്‍ക്കര്‍മ്മം നടത്തുന്നത്. ഭാവി പ്രവചനാതീതമെന്ന പോലെത്തന്നെ ഫലപ്രാപ്തിയും. അങ്ങനെയാണല്ലോ ചില നാമധാരികള്‍ പേരിന് അന്വര്‍ത്ഥരായും മറ്റു ചിലര്‍ കടകവിരുദ്ധരായും പരിണമിക്കുന്നത്. ഉദാഹരണമായി: വൈരൂപ്യമുള്ള ‘സുന്ദരന്‍’, നുണ മാത്രം പറയുന്ന ‘സത്യശീലന്‍’, അക്ഷമയായ ‘ക്ഷമാവതി’, കോങ്കണ്ണുള്ള ‘വിശാലാക്ഷി’, ചിരിക്കാതെ മുഖം വീര്‍പ്പിച്ചിരിക്കുന്ന ‘സുഹാസിനി’ തുടങ്ങി ‘വിദ്യാസാഗര്‍’, ‘വിനയന്‍’, ‘സുഭാഷിണി’, ‘മോഹനന്‍’ എന്നിങ്ങനെ പോകുന്നു പേരുകളുടെ നിര. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ നാല്പത്തഞ്ചാമത്തെ പ്രസിഡന്റാകാന്‍ പോകുന്ന ശ്രീമാന്‍ തുരുപ്പ് (‘ട്രംപ്’) െ്രെപമറിയില്‍ നാലും അഞ്ചുമല്ല, പതിനാറ് എതിരാളികളേയും ‘വെട്ടിനിരപ്പാക്കിയ’ തുരുപ്പുശീട്ടു തന്നെ, സംശയമില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പരലോകത്തിരുന്നു സന്തോഷാശ്രുക്കള്‍ പൊഴിക്കുന്നുണ്ടാകാം.

ഈ തിരഞ്ഞെടുപ്പില്‍ രണ്ടു സ്ഥാനാര്‍ത്ഥികളില്‍ (മുഖ്യപാര്‍ട്ടികള്‍) ചില പ്രത്യേക സവിശേഷതകളാല്‍, ആരു ജയിച്ചാലും അതു ചരിത്രവിജയം തന്നെ. ശ്രീമതി ഹിലരി ക്ലിന്റണ്‍ ജയിച്ചിരുന്നെങ്കില്‍, 240ല്‍പ്പരം വര്‍ഷങ്ങള്‍ പഴക്കമുള്ള ജനാധിപത്യരാജ്യത്ത് ഒരു വനിത ആദ്യമായി പ്രസിഡന്റുപദത്തിന് അര്‍ഹയാകുമായിരുന്നു. ട്രംപു ജയിച്ചതിനാല്‍ ആദ്യമായി യാതൊരു വിധ രാഷ്ട്രീയപാരമ്പര്യമോ, ഭരണകൂടവുമായി ഏഴയലത്തു പോലുമുള്ള പരിചയമോ ഇല്ലാത്തൊരു ധനാഢ്യന്‍ എല്ലാ ‘പോള്‍’ പ്രവചനങ്ങളേയും തകിടം മറിച്ചു ജയിച്ച ആദ്യത്തെ രാഷ്ട്രത്തലവന്‍ എന്ന ചരിത്രവിജയത്തിന് അര്‍ഹനായി.

2008ലെ തിരഞ്ഞെടുപ്പിലും ചരിത്രത്തിലാദ്യത്തേത് എന്ന സ്ഥാനം പിടിക്കാനുള്ള വകയുണ്ടായിരുന്നു. കാരണം, അന്നത്തെ കടുത്ത മത്സരം ഒരേ പാര്‍ട്ടിയില്‍ നിന്നുള്ള ബരാക്ക് ഒബാമയും ഹിലരി ക്ലിന്റണും തമ്മിലായിരുന്നല്ലോ. ഒബാമ ജയിച്ചതുകൊണ്ട്, ചരിത്രത്തിലാദ്യമായി ഒരു കറുത്ത വംശജന്‍ രാഷ്ട്രത്തലവനായി. ‘ധവളസൗധം’ കെട്ടിപ്പടുക്കുവാന്‍ ധാരാളം കറുത്ത വംശജരായ ജോലിക്കാരെ ഉപയോഗിച്ചിരുന്നല്ലോ. അതേ സൗധത്തില്‍ വസിക്കാനും, ഒപ്പം ലോകത്തിലെ തന്നെ വന്‍ശക്തിയായ അമേരിക്കന്‍ ഐക്യനാടുകളുടെ അധിപനാകാനും ഒത്തത് ഒരു കെട്ടുപിണഞ്ഞ വിധിവൈപരീത്യത്തിന്റെ നിയോഗം തന്നെ.

ഇതിനെല്ലാം പുറമെ, 1829നു ശേഷം വിദേശത്തു ജനിച്ചൊരു മഹിളയ്ക്ക് (മെലാനിയ: സ്ലൊവേനിയന്‍ വംശജ) പ്രഥമവനിതയായി വിലസാന്‍ അമേരിക്കയിലല്ലാതെ മറ്റേതു രാജ്യത്തു സാധിയ്ക്കും? 1825 മുതല്‍ 1829 വരെ അമേരിക്കയുടെ ആറാമത്തെ രാഷ്ട്രത്തലവനായിരുന്ന ക്വിന്‍സി ആഡംസിന്റെ ഭാര്യ ലൂയിസ (ബ്രിട്ടീഷ് വംശജ) മാത്രമായിരുന്നു വിദേശജാതയായ മറ്റൊരു പ്രഥമവനിത. ഭാരതത്തില്‍ ഒരു വിദേശവനിത യായിരുന്ന ശ്രീമതി സോണിയാ ഗാന്ധിയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അദ്ധ്യക്ഷയാവാന്‍ (അതും ദീര്‍ഘകാലത്തോളം) സാധിച്ചെങ്കിലും, പ്രധാനമന്ത്രിപദം കൈയെത്തിപ്പിടിക്കാവുന്നത്ര സമീപത്തെത്തിയിട്ടും അപ്രാപ്യമായിപ്പോയി.

വിവാദങ്ങളുടെ തോഴനാവുകയെന്നതു ശ്രീമാന്‍ ട്രംപിനു ഹരമാണ്. കടുംപിടിത്തങ്ങളും വ്യക്തിഹത്യയും കുറ്റാരോപണങ്ങളും ശാരീരികചേഷ്ടകളും കൂസലില്ലായ്മയും എതിരാളികള്‍ക്ക് ഒരു വെറും താക്കീതിനു വേണ്ടിയുള്ള തന്ത്രമാണോ എന്നുള്ളത് ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത ട്രംപിയന്‍ സവിശേഷതയാണ്. എതിരാളികളോട് അദ്ദേഹത്തിനുള്ള അസഹിഷ്ണുത തിരഞ്ഞെടുപ്പിന്റെ പ്രചരണാരംഭം മുതല്‍ അവസാനം വരെ നാം കണ്ടുകഴിഞ്ഞു. കൂടാതെ, അദ്ദേഹത്തിന്റെ പ്രഥമ വാര്‍ത്താസമ്മേളനത്തില്‍ത്തന്നെ തന്നെ അനുകൂലിക്കാത്ത മാദ്ധ്യമത്തിന്റെ പ്രതിനിധിയ്ക്കു ചോദ്യമുന്നയിക്കാനുള്ള അവകാശം പോലും നിഷേധിച്ച നിയുക്തരാഷ്ട്രത്തലവന്റെ കാര്‍ക്കശ്യം, ആജ്ഞാശക്തി എന്നിവ പലരുടേയും നെറ്റി ചുളിപ്പിക്കാന്‍ പര്യാപ്തമാണ്. ഏറ്റവുമടുത്തു നടന്ന വിവാദം ഹോളിവുഡ് പ്രശസ്തതാരം മെറില്‍ സ്ട്രീപ്പുമായി ഉണ്ടായതാണ്.

പ്രതിപക്ഷക്കാരുടേയും, തന്നെ പ്രതികൂലിക്കുന്നവരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും വിസമ്മതിക്കുന്നത് ഒരു ജനായത്തരാജ്യത്തിന്റെ രാഷ്ട്രത്തലവനും ജനായത്തരീതിക്കും ഉചിതമോ?

ഇങ്ങനെയൊക്കെയാണെങ്കിലും, തന്നോടു മത്സരിച്ച ഡോ. ബെന്‍ കാര്‍സനേയും റിക് പെറിയേയും ക്യാബിനറ്റിലെടുക്കുക വഴി ട്രംപ് അനുനയത്തിന്റേയും സമവായത്തിന്റേയും പാതയിലേക്കു നീങ്ങാനുള്ള സന്നദ്ധത കാണിക്കുന്നുണ്ട്, ഒബാമ പ്രസിഡന്റായപ്പോള്‍ തന്റെ മുന്‍ എതിരാളിയെ വിദേശനയത്തിന്റെ ഭരണം ഏല്പിച്ചതുപോലെ.

ഇന്ന് ആഗോളതലത്തില്‍ കണ്ടുവരുന്നൊരു പ്രതിഭാസമാണ് അസ്സല്‍ നേതൃദാരിദ്ര്യം. രാഷ്ട്രമീമാംസയിലുള്ള നിപുണത, ധര്‍മ്മനിഷ്ഠ, സത്യാചരണം, ജനമേന്മയ്ക്കുള്ള കര്‍മോത്സുകത, സാര്‍വലൗകികസാഹോദര്യം, ദയ, ക്ഷമ എന്നീ ഗുണങ്ങള്‍ തൊട്ടുതീണ്ടാത്തവരാണ് ഇന്നു പല രാജ്യങ്ങളിലേയും തലപ്പത്തിരിക്കുന്നത്. സമൂഹത്തില്‍ എപ്പോഴെല്ലാം ധര്‍മ്മച്യുതി ഉണ്ടാവുന്നുവോ അപ്പോഴെല്ലാം ധര്‍മ്മം പുനസ്ഥാപിക്കാന്‍ ഭഗവാന്‍ അവതാരമെടുക്കാറുണ്ടെന്നു ‘ഭഗവദ്ഗീത’യില്‍ പറയുന്നുണ്ട്.

“യദാ യദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം”

സത്വഗുണങ്ങളില്ലാത്ത രാഷ്ട്രത്തലവന്മാര്‍ കലികാലതേജസ്സിന്റെ സൃഷ്ടികളാകുമോ? ഏതായാലും ശീട്ടുകളിയിലെ നിയമം തുരുപ്പ് ആവശ്യത്തിനേ ഉപയോഗിക്കാവൂ എന്നാണ്. അനാവശ്യമായി ഉപയോഗിച്ചാല്‍ അതു തനിക്കും പങ്കാളികള്‍ക്കും വിനയായി മാറും. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നാല്പത്തഞ്ചാമത്തെ രാഷ്ട്രത്തലവനാകാന്‍ പോകുന്ന ഡോണള്‍ഡ് ട്രംപിനും രാഷ്ട്രത്തിനും എല്ലാ ഐശ്വര്യങ്ങളും നേരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top