Flash News

പത്മപ്രഭയില്‍ ഗാന ഗന്ധര്‍വ്വന്‍ (രഞ്ജിത് നായര്‍)

January 25, 2017

padma sizeമലയാളി എന്ന തന്റെ സ്വത്വത്തില്‍ അഭിമാനിക്കുന്ന ഒരോരുത്തര്‍ക്കും അതിനുള്ള കാരണങ്ങള്‍ പലതായിരിക്കാം. എന്നാല്‍ ഏതാണ്ട് എല്ലാവര്‍ക്കും പൊതുവായ ഒരു കാരണം എന്താണെന്ന് ചോദിച്ചാല്‍ കിട്ടുന്ന അപൂര്‍വം ഉത്തരങ്ങളില്‍ ഒന്ന് തീര്‍ച്ചയായും ഗാന ഗന്ധര്‍വന്റെ ജന്മ കര്‍മ്മ സാന്നിധ്യം പകര്‍ന്ന ആ നാടിന്റെ പുണ്യം ആയിരിക്കും. അതേ …പകരം വയ്ക്കാനാവാത്ത ശബ്ദ മാധുര്യം കൊണ്ട് തലമുറകളായി മലയാളിയുടെയും ഭാരതത്തിലെ മുഴുവന്‍ സംഗീത പ്രേമികളുടെയും മനസ്സില്‍ കുടിയേറിയ കെ ജെ യേശുദാസ് എന്ന നാമം ആണത്. പത്മ വിഭൂഷണിലൂടെ രാജ്യം ഒരിക്കല്‍ കൂടി ആ നാദധാരയെ പ്രണമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തി ചിത്രത്തിലൂടെ ഒരു യാത്ര.

അനുഗ്രഹീത നടനും ഗായകനും ആയിരുന്ന യശഃശ്ശ്രരീരനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ചുമക്കളില്‍ മൂത്ത പുത്രനായി 1940 ജനുവരി പത്താം തീയതി എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത അക്കാദമിയിലും തിരുവനന്തപുരം സ്വാതിതിരുനാല്‍ സംഗീത അക്കദമിയിലും നിന്ന് കര്‍ണ്ണാടക സംഗീതം പഠിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ശിഷ്യനായിരുന്നു യേശുദാസ്.

jesudas1അക്കാലത്ത് കെ.എസ്. ആന്റണി എന്ന സംവിധായകന്റെ ക്ഷണമനുസരിച്ച് നസിയത്ത് നിര്‍മ്മിച്ച ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിനുവേണ്ടി എം.ബി. ശ്രീനിവാസന്‍ സംഗീതം നല്‍കിയ നാലുവരികള്‍ 1962 ല്‍ (ജാതിഭേദം മതദ്വേഷം…) ആദ്യമായി ആലപിച്ചു. എങ്കിലും പുറത്തുവന്ന ആദ്യചിത്രം ‘ശ്രീകോവില്‍’ ആയിരുന്നു. ദക്ഷിണാമൂര്‍ത്തിയായിരുന്നു അതിന്റെ സംഗീത സംവിധായകന്‍.

ദാരിദ്ര്യത്തിന്റെയും നിരുത്സാഹ പെടുത്തുന്ന എതിര്‍പ്പുകളുടെയും ദുരിത പര്‍വങ്ങള്‍ പിന്നിട്ട് നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറി സംഗീത സാഗരങ്ങളെ പാടിയുണര്‍ത്തി. പാട്ടിന്റെ പാലാഴി തീര്‍ത്ത് ചലച്ചിത്ര സംഗീതത്തിന്റെ കനക സിംഹാസനത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. കടല്‍ കടന്ന് അറബിയിലും ലത്തീനിലും ഇംഗ്ലീഷിലും റഷ്യനിലും യേശുദാസ് പാടി.

ar-yesuഅര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും ഈ ഗായകന്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

വയലാര്‍ ദേവരാജന്‍ ടീമില്‍ ഉടലെടുത്ത അക്കാലത്തെ പാട്ടുകള്‍ക്ക് ജീവനേകാന്‍ ഒരേയൊരു ശബ്ദമേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളു. യേശുദാസ്.എം.എസ്. ബാബുരാജ്, എം.കെ. അര്‍ജുനന്‍ , ദക്ഷിണാമൂര്‍ത്തി, എ.ടി. ഉമ്മര്‍, രവി ബോംബേ, എം.ജി. രാധാകൃഷ്ണന്‍, ശ്യാം, ജെറി അമല്‍ ദേവ്, ജോണ്‍സണ്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങി പുതുതലമുറയിലെ ജാസി ഗിഫ്റ്റും എം. ജയചന്ദ്രനും അടക്കമുള്ള എണ്ണമറ്റ സംഗീത സംവിധായകര്‍ ആ ശബ്ദത്തിന്റെ സാധ്യതകളിലൂടെ സംഗീതാസ്വാദകരുടെ കാതുകളെ വിരുന്നൂട്ടി.

മുല്ലവീട്ടില്‍ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് യേശുദാസ് വിവാഹം കഴിച്ചു. വിനോദ്, വിജയ്, വിശാല്‍ എന്നിങ്ങനെ മൂന്ന് ആണ്‍മക്കള്‍ . രണ്ടാമത്തെ മകനായ വിജയ് ഇന്ന് മലയാളത്തിലെ യുവ ഗായകരില്‍ ശ്രദ്ധേയ സാന്നിദ്ധ്യം .

11അരനൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതം എത്ര പാട്ടുകള്‍ പാടിത്തന്നു എന്ന് ആര്‍ക്കും നിശ്ചയമില്ല. ഒരു ദിവസം പല ഭാഷകളില്‍ 11 പാട്ട് പാടിയ അപൂര്‍വത വരെയുണ്ടതില്‍. ആകെ അരലക്ഷം എന്നൊരു കണക്കുണ്ട് സംഗീത ഗവേഷകര്‍ക്ക്. ഭാഷകളിലുമുണ്ട് ഈ വൈവിധ്യം. മലയാളത്തിന്റെ മലയതിരുകള്‍ക്കകത്ത് ഒതുങ്ങാതെ എല്ലാ ഭാഷകളിലുമായി ആ ശബ്ദം പരന്നൊഴുകി

ലോകം ശബരിമലപോലെയാകണമെന്ന് പറഞ്ഞ തികഞ്ഞ അയ്യപ്പ ഭക്തന്‍ കൂടിയാണ് ഗാനഗന്ധര്‍വ്വന്‍ . ശബരിമലയില്‍ സമത്വവും സാഹോദര്യവും കുടികൊള്ളുന്നു. ഇവിടെ മതവിദ്വേഷമില്ല. മനുഷ്യര്‍ തമ്മില്‍ ഭേദഭാവമില്ല. എല്ലാവരേയും ഒന്നായി കാണുന്ന അദ്വൈത മൂര്‍ത്തിയാണ് അയ്യപ്പന്‍. രണ്ട് എന്ന ഭേദമില്ലിവിടെ. ഈശ്വരനും ഭക്തനും ഒന്നാണിവിടെ. താന്‍ തന്നെയാണ് തന്നെ കാണാന്‍ വരുന്നതെന്ന സങ്കല്‍പം. ഈ സങ്കല്‍പം ലോകത്ത് മറ്റൊരിടത്തും ഇല്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ദാര്‍ശനിക കാഴ്ചപ്പാടുകള്‍. വളരെ മുന്‍പെ തന്നെ കൊച്ചി വിട്ട് ചെന്നൈയിലേക്കും പിന്നീട് അമേരിക്കയിലെ ഫ്‌ളോറിഡയിലേക്കും താമസം മാറിയ ശേശുദാസ് പക്ഷേ ലോകത്തെവിടെയാണെങ്കിലും തന്റെ ജന്മദിനമായ ജനുവരി പത്തിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി ദേവിക്ക് സംഗീതാര്‍ച്ചന ചെയ്തിരിക്കും.

പിന്നണി ഗാനരംഗത്ത് കഴിഞ്ഞ 55 വര്‍ഷത്തിലേറെയായി മലയാളികളുടെ പ്രിയ ദാസേട്ടന്‍ പാടി കൊണ്ടേയിരിക്കുന്നു. യേശുദാസ് എന്ന നാലക്ഷരം മലയാളിക്ക് നാദബ്രഹ്മമാണ്. അരലക്ഷത്തിലേറെ ഗാനങ്ങളിലൂടെയുള്ള സ്വപ്ന സഞ്ചാരമാണ്. അന്ന് തൊട്ടു ഇന്ന് വരെ മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും യേശുദാസിന്റെ ഗാനങ്ങള്‍ അകമ്പടി യായി… ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇടര്‍ച്ചയില്ലാതെ ആ നാദധാര ആസ്വാദകന്റെ ഹൃദയത്തിലൂടെ അനസ്യുതം ഒഴുകിക്കൊണ്ടേയിരിക്കുന്നു… നിലയ്ക്കാത്ത നാദമായി ആ ഗാന വിസ്മയം നമുക്കൊപ്പം യാത്ര തുടരുന്നു.

jesudas2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “പത്മപ്രഭയില്‍ ഗാന ഗന്ധര്‍വ്വന്‍ (രഞ്ജിത് നായര്‍)”

  1. Jishnu says:

    Well composed

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top