Flash News

പശ്ചിമഘട്ട പരിസ്ഥിതിലോലം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്: ഇന്‍ഫാം

January 27, 2017

Title1കോട്ടയം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലം സംബന്ധിച്ച് 2013 നവംബര്‍ 13ന് യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് നിലവില്‍ നിലനില്‍ക്കുന്നതെന്നും ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരടുവിജ്ഞാപനങ്ങള്‍ക്ക് ഈ ഉത്തരവിനെ മറികടക്കാനാവില്ലെന്നും അതിനുവേണ്ടത് വേണ്ടതിരുത്തലുകള്‍ വരുത്തിയുള്ള അന്തിമവിജ്ഞാപനമാണെന്നും ഇന്‍ഫാം ദേശീയസെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

2013 നവംബര്‍ 13ലെ ഉത്തരവുപ്രകാരം പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകള്‍ പരിസ്ഥിതിലോലമാണ്. ഇതില്‍ കേരളത്തിലെ 123 വില്ലേജുകളും ഉള്‍പ്പെടുന്നു. ഉത്തരവിലെ 9-ാം ഖണ്ഡിക പ്രകാരം ഈ വില്ലേജുകളില്‍ ക്വാറി, ഖനനങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവുമേര്‍പ്പെടുത്തിയിട്ടുണ്ട്. കോടതി വ്യവഹാരങ്ങളില്‍ പാറമട ലോബികള്‍ ഇക്കാര്യം മറച്ചുവച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ കോടതികളില്‍ ഹാജരാക്കുന്നതില്‍ യാതൊരു അപാകതയുമില്ല. മറിച്ച് ഖനന ക്വാറി ലോബികളെ സംരക്ഷിക്കുവാന്‍ ഒത്താശചെയ്യുന്നവര്‍ ജനങ്ങളില്‍ പരിസ്ഥിതിലോലവികാരമുണര്‍ത്തി തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നത് ശരിയല്ല.

ഈ ഉത്തരവുപ്രകാരം കോട്ടയം ജില്ലയിലെ നാലുവില്ലേജുകള്‍ നിലവില്‍ പരിസ്ഥിതിലോല വില്ലേജുകളാണ്. ഈ വില്ലേജുകളെ ഇഎസ്എയില്‍ നിന്ന് ഒഴിവാക്കിയെന്നുള്ള തുടര്‍ച്ചയായ പ്രചരണങ്ങള്‍ പച്ചക്കള്ളമാണ്. ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2015 ജൂലൈ 27ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുപരിഗണിച്ച് ഈ വില്ലേജുകളെ ഒഴിവാക്കി ഉത്തരവിറക്കിയിട്ടില്ല. ആ സ്ഥിതിക്ക് 2013 നവംബര്‍ 13ലെ ഉത്തരവാണ് ഈ പ്രദേശങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്നത്. മന്ത്രിമാര്‍ പത്രസമ്മേളനം നടത്തിയതുകൊണ്ടോ ജനപ്രതിനിധികള്‍ പൊതുവേദികളില്‍ പ്രസംഗിച്ചതുകൊണ്ടോ സര്‍ക്കാര്‍ ഉത്തരവുകള്‍ തിരുത്തപ്പെടുകയില്ല. ഇതിന് നിലവിലുള്ള ഉത്തരവുകളില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ മറ്റൊരു ഉത്തരവിറക്കണം. കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാരോ, നരേന്ദ്രമോദി സര്‍ക്കാരോ അതിന് ഇതുവരെയും ശ്രമിച്ചിട്ടില്ല.

പശ്ചിമഘട്ടത്തിന് ലോകപൈതൃകപദവി നേടിയെടുക്കുവാനും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വിദേശ സാമ്പത്തികസഹായം സ്വീകരിക്കുവാനുമായി യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ഗാഡ്ഗില്‍ സമിതിയുടേയും കസ്തൂരിരംഗന്‍ സമിതിയുടേയും നിര്‍ദ്ദേശങ്ങളെത്തുടര്‍ന്ന് കേരളത്തിലെ 123 വില്ലേജുകളെയും പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുവാന്‍ ഒത്താശചെയ്തവരും ഇതിന് കൂട്ടുനിന്നവരും ഇന്ന് ക്വാറി ഖനന ലോബികളുടെ സംരക്ഷകരാകുവാന്‍ ശ്രമിക്കുന്നത് ദുഖകരമാണ്. ഖനനലോബികളെ സംരക്ഷിക്കുവാന്‍ പശ്ചിമഘട്ടജനതയെ കിട്ടില്ല. അതിനാലാണ് ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതിലോലപ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇക്കാലമത്രയും ജനകീയ സമരങ്ങള്‍ ഹൈറേഞ്ചുസംരക്ഷണ സമിതിയുടെയും ഇന്‍ഫാമിന്റെയും നേതൃത്വത്തില്‍ ഇടുക്കിയിലും കേരളത്തിലെ ഇതര പശ്ചിമഘട്ടമേഖലകളിലും നടത്തിയത്. ഇതിനനുസരിച്ചുള്ള ഒരു അന്തിമവിജ്ഞാപനത്തിന് എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കാതെ വിഘടിച്ചുനിന്ന് പോര്‍വിളികളും ആക്ഷേപങ്ങളുമായി രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വീണ്ടും വിഷയം ഖനനലോബികളുടെ സംരക്ഷണത്തിനായി തിരിച്ചുവിടുന്നതും കോടതി വ്യവഹാരങ്ങളിലൂടെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതും ജനവഞ്ചനയാണെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top