Flash News

ട്രം‌പ് സുപ്രീം കോടതി ജഡ്ജിയേയും മാറ്റുന്നു; ഇരട്ട പൗരത്വമുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി

January 31, 2017

GTY-TrumpSyrianGraph-jrl-170125_16x9_992വാഷിംഗ്ടണ്‍: കുടിയേറ്റ വിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്ത യുഎസ് ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്സിനെയും, കസ്റ്റംസ്, ഇമിഗ്രേഷന്‍ മേധാവി ഡാനിയേല്‍ റാഗ്സ്ഡേലിനേയും പുറത്താക്കിയ ട്രം‌പ് സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിയേയും നിയമിക്കാന്‍ ഒരുങ്ങുന്നു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും തന്റെ മനസില്‍ അനുയോജ്യനായ ഒരു വ്യക്തി ഉണ്ടെന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അലബാമ ജഡ്ജി വില്യം പ്രയോര്‍, കൊളറാഡോ ജഡ്ജി നീല്‍ ഗോര്‍സച്ച്‌, പെന്‍സല്‍ വാനിയ ജ‍ഡ്ജ് തോമസ് ഹാര്‍ഡിമന്‍ എന്നിവരാണു ട്രംപിന്റെ അന്തിമ പട്ടികയിലുള്ള മുന്നുപേര്‍ എന്നാണു സൂചന. ഇവരില്‍നിന്ന് ഒരാളെ നോമിനേറ്റ് ചെയ്യും. യുഎസ് ഭരണഘടനയനുസരിച്ച്‌ പ്രസിഡന്റ് നിര്‍ദ്ദേശിക്കുന്ന പേര് സെനറ്റ് അംഗീകരിക്കണം.

അതിനിടെ, ഇരട്ട പൗരത്വമുള്ളവര്‍ക്കു വിലക്കേര്‍പ്പെടുത്തിയെന്നു സ്ഥിരീകരിച്ചു ആഭ്യന്തര വകുപ്പ്. ഇറാന്‍, ഇറാഖ്, സൊമാലിയ എന്നിവിടങ്ങളില്‍ ജനിച്ച 2.5 ലക്ഷം ബ്രിട്ടീഷുകാര്‍ക്ക് ഇരട്ട പൗരത്വമുണ്ട്. സിറിയ, ലിബിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലെ പൗരത്വവും ബ്രിട്ടീഷ് പൗരത്വവും ഉള്ളവരുടെ കണക്കുകള്‍ കൃത്യമായി ലഭ്യമല്ല. എങ്കിലും ഇവരുടെ പട്ടിക പതിനായിരത്തിനു മുകളിലായിരിക്കും. ഈ നാടുകളില്‍ ജനിച്ചവരെങ്കിലും ബ്രിട്ടീഷ് പൗരത്വം മാത്രം സ്വീകരിച്ചവര്‍ക്കു വിലക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇരട്ട പൗരത്വമുള്ളവരെ വിലക്കുമെന്ന അഭ്യൂഹങ്ങള്‍ ലോകമെമ്പാടും ആശങ്കയുണ്ടാക്കി.

വിലക്കുള്ള ഏഴ് ഏഴു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു മാത്രമാണു പ്രശ്‌നമെന്നു വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. വൈറ്റ് ഹൗസ് അധികൃതരുമായി അടിയന്തര ചര്‍ച്ച നടത്തിയ ശേഷമാണു ജോണ്‍സണ്‍ പ്രസ്താവനയിറക്കിയത്. യു.എസ്. നേരത്തെ തന്നെ വിസ ലഭിച്ചവര്‍ക്കും വിലക്ക് ബാധകമാണ്. 90 ദിവസത്തേക്കാണ് ഈ യാത്രാ വിലക്ക്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു വിലക്ക് ബാധകമല്ല.

യു.എസിലൂടെ മറ്റു സ്ഥലങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. എന്നാല്‍ ഇവരുടെ യാത്രാ രേഖകള്‍ പരിശോധിച്ചു മാത്രമേ രാജ്യത്തു തുടരാന്‍ അനുവദിക്കുകയുള്ളുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് റീന്‍സ് പ്രീബസ് പറഞ്ഞു.

ശനിയാഴ്ച നിരവധി ഗ്രീന്‍ കാര്‍ഡ് ഉടമകളെ തടഞ്ഞുവച്ച സംഭവമുണ്ടായിരുന്നു. ട്രംപിന്റെ യാത്രാ വിലക്ക് മുതലാക്കാനായി വിമാനക്കമ്പനികള്‍ ശ്രമം തുടങ്ങി. വിലക്ക് നേരിടുന്ന യാത്രക്കാര്‍ക്ക് ഫ്ലൈറ്റ് വീണ്ടും ബുക്ക് ചെയ്യാനുള്ള അവസരവും പണം മടക്കി നല്‍കാനുള്ള പദ്ധതികളും ബ്രിട്ടീഷ് എയര്‍വേസ് നടപ്പിലാക്കുകയാണ്. അതേ വഴിയിലാണ് വിര്‍ജിന്‍ അറ്റ്‌ലാന്റികും. മുഴുവന്‍ തുകയും മടക്കി നല്‍കുകയോ യാത്രാ വിലക്ക് നീങ്ങിയ ശേഷം ഫ്‌െളെറ്റ് വീണ്ടും ബുക്ക് ചെയ്യാനുള്ള അവസരം നല്‍കുകയോ ആണ് വിര്‍ജിന്‍ അറ്റ്‌ലാന്റികിന്റെ പദ്ധതി.

നിലവില്‍ 375 യാത്രക്കാരെയാണു വിലക്ക് നേരിട്ടു ബാധിച്ചതെന്ന് യു.എസ്. ഹോംലാന്‍ഡ് സെക്രട്ടറി വ്യക്തമാക്കി. വിമാനത്താവളങ്ങളിലെത്തിയ 109 പേര്‍ക്ക് രാജ്യത്തു പ്രവേശനം നിഷേധിച്ചു. ബാക്കിയുള്ള 173 പേരെ യു.എസിലേക്കുള്ള വിമാന യാത്രയ്ക്കു മുന്‍പു തന്നെ മടക്കി. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം വിലക്ക് നേരിട്ടു ബാധിച്ചവരുടെ എണ്ണം ഇരട്ടിയില്‍ അധികമാണ്.

അതേ സമയം, വിലക്കേര്‍പ്പെടുത്തിയ ഏഴു രാജ്യക്കാര്‍ക്കൊപ്പം പാകിസ്താനില്‍നിന്നുള്ള സന്ദര്‍ശകരെയും വിലക്കുന്ന കാലം വിദൂരമല്ലെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഭീകരവാദം ഭീഷണി സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ട്രംപ് ഭരണകൂടം പാകിസ്താനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top