Flash News

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനം ജസ്റ്റിസ് ഗോപാല്‍ ഗൗഡ ഉദ്ഘാടനം ചെയ്യും

February 1, 2017

dyfi-logo-sized-616525കൊച്ചി: ഡി.വൈ.എഫ്.ഐയുടെ 10ാമത് അഖിലേന്ത്യ സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. എറണാകുളം മറൈന്‍ഡ്രൈവിലെ ഫിദല്‍ കാസ്ട്രോ നഗറില്‍ വൈകീട്ട് ദീപശിഖ, കൊടിമര, പതാക ജാഥകള്‍ എത്തിച്ചേരും. കൊടിമരം എസ്. ശര്‍മ എം.എല്‍.എയും പതാക എം. സ്വരാജ് എം.എല്‍.എയും ദീപശിഖ സി.എന്‍. മോഹനനും ഏറ്റുവാങ്ങും. തുടര്‍ന്ന് വൈകീട്ട് ആറിന് സ്വാഗതസംഘം ചെയര്‍മാന്‍ പി. രാജീവ് പതാക ഉയര്‍ത്തും.

പ്രതിനിധി സമ്മേളനം വ്യാഴാഴ്ച രാവിലെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ ഉദ്ഘാടനം ചെയ്യും. സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജിയുടെ സ്ഥാപക ഡയറക്ടറായ ഡോ. പി.എം. ഭാര്‍ഗവ വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തും. ഗോവിന്ദ് പന്‍സാരെയുടെ മരുമകള്‍ മേഘ പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കറുടെ മകന്‍ ഹമീദ് ധാബോല്‍ക്കര്‍, ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്‍റ് എം.എ. ബേബി, നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂനിയന്‍ വൈസ് പ്രസിഡന്‍റ് പി.പി. അമല്‍, ഹൈദരാബാദ് യൂനിവേഴ്സിറ്റി യൂനിയന്‍ പ്രസിഡന്‍റ് കുല്‍ദീപ് സിങ്, എഫ്.ടി.ടി.ഐ പുണെ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഹരിശങ്കര്‍ നാച്ചിമുത്തു എന്നിവര്‍ പങ്കെടുക്കും. 24 സംസ്ഥാനങ്ങളില്‍നിന്നുള്ള 780 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഉദ്ഘാടന ദിവസം വൈകിട്ട് ‘കേന്ദ്രബഡ്ജറ്റും യുവജനങ്ങളും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ സംഘടിപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. പ്രഭാത് പട്‌നായിക്, മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസറും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ പ്രൊഫസര്‍ രാമകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ഫെബ്രുവരി 3ന് വൈകിട്ട് വിദേശ പ്രതിനിധികള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

ഫെബ്രുവരി 4ന് വൈകിട്ട് ജാതീയതക്കെതിരായ സെമിനാര്‍ സംഘടിപ്പിക്കും. ഇന്‍ഡ്യയിലെ തോട്ടിപണി അവസാനിപ്പിക്കാന്‍ സന്ധിയില്ലാത്ത പോരാട്ടത്തിനു നേതൃത്വം കൊടുക്കുന്ന മാഗ്‌സസെ അവര്‍ഡ് ജേതാവും അന്താരാഷ്ട്ര പ്രശസ്തനായ ആക്ടിവിസ്റ്റുമായ. ബെസ്‌വാഡ വില്‍സന്‍, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഗോപാല്‍ ഗുരു, ധീര രക്തസാക്ഷി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, സഹോദരന്‍ രാജാ വെമുല എന്നവര്‍ പങ്കെടുക്കും.

ഫെബ്രുവരി 5 ന് ഉച്ചക്ക് 2 ലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന പ്രകടനം നടക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് എം ബി രാജേഷ് എം പി, ഡി വൈ എഫ് ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി എന്നിവര്‍ സംസാരിക്കും.

അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു രണ്ടുമാസക്കാലമായി സംഘടനാടിസ്ഥാനത്തിലും ജനകീയാടിസ്ഥാനത്തിലും വിപുലമായ പരിപാടികള്‍ നടന്നുവരികയാണ്. നിര്‍ധനരായ 13 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണം അവസാന ഘട്ടത്തിലാണ്. സമ്മേളനത്തിന് മുന്നോടിയായി 13 വീടുകളും പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറും.

പുറമ്പോക്ക് നിവാസികള്‍ക്കിടയില്‍ ഡി വൈ എഫ് ഐ നടത്തിയ സര്‍വെയില്‍ പഠനത്തില്‍ മിടുക്കരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമെന്ന് കണ്ടെത്തിയ 92 കുട്ടികളുടെ തുടര്‍ പഠനം ഡി വൈ എഫ് ഐ ഏറ്റെടുത്തു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ജാഗ്രതാസമിതികള്‍ രൂപീകരിച്ച് ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തിവരികയാണ്.

ജില്ലയിലെ 2247 യൂണിറ്റിലും ഓരോ പരമ്പരാഗത ജലസ്രോതസുകള്‍ കണ്ടെത്തി അവ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ഫെബ്രുവരി മാസം 22ന് ജില്ലയിലൂടെ ഒഴുകുന്ന പെരിയാര്‍ നദിയിലൂടെ വള്ളത്തിലും ചങ്ങാടത്തിലും യാത്ര ചെയ്ത് പെരിയാറിന്റെ തീരങ്ങളില്‍ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്യും. തുടര്‍ന്ന് ആലുവ മണപ്പുറത്ത് പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിക്കും. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം കെ സാനു മാസ്റ്റര്‍, ഇന്നസെന്റ് എം പി, കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, സത്യപാല്‍ എന്നിവര്‍ സംസാരിക്കും.

കലാകായിക മത്സരങ്ങള്‍ ജില്ലയില്‍ നിരവധി കേന്ദ്രങ്ങളില്‍ നടത്തി. സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റ് ആലങ്ങാടും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കോതമംഗലത്തും ക്രിക്കറ്റ് മത്സരം തൃപ്പൂണിത്തുറയിലും അത്‌ലറ്റിക് മത്സരങ്ങള്‍ എറണാകുളത്തും ചെസ്സ് മത്സരം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും ഷട്ടില്‍ ബാഡ്മിന്റണ്‍ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും വടംവലി മത്സരം കവളങ്ങാടും നടക്കുന്നു.

ആനുകാലിക പ്രാധാന്യമുള്ള ഒമ്പത് വിഷയങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ നടന്നുവരികയാണ്.

അഖിലേന്ത്യാ സമ്മേളനത്തിന്റെ നടത്തിപ്പ് പരമാവധി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സമ്മേളന പ്രതിനിധികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനുള്ള അരി പച്ചക്കറി മത്സ്യം മാംസം മുട്ട എന്നിവ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തന്നെ ജൈവകൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ പുതുതലമുറക്കിടയില്‍ ജൈവ കൃഷിരീതിയോട് ആഭിമുഖ്യം വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്മേളന പന്തലില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ കാര്യത്തിലും പരമാവധി ഗ്രീന്‍ പ്രോട്ടോകോള്‍ പരമാവധി പാലിക്കും.

സമ്മേളന നടത്തിപ്പിനാവശ്യമായ ഫണ്ട് ജനുവരി 7,8,9 തീയതികളില്‍ ഹുണ്ടിക പിരിവിലൂടെയാണ് കണ്ടെത്തിയിട്ടുള്ളത്.

സമ്മേളനത്തിന്റെ സംഘാടനത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top