Flash News

കേന്ദ്രബജറ്റ് സാമ്പത്തിക മുരടിപ്പ് രൂക്ഷമാകും: തോമസ് ഐസക്

February 2, 2017

thomas-issacതിരുവനന്തപുരം: നോട്ട്ക്ഷാമമടക്കം സൃഷ്ടിച്ച മാന്ദ്യത്തെ പ്രതിരോധിക്കാനാവുന്ന ബജറ്റല്ല കേന്ദ്രത്തിന്‍േറതെന്നും ധനകമ്മി 3.2 ശതമാനമായി താഴ്ത്തിയ സമീപനം സാമ്പത്തികമുരടിപ്പ് രൂക്ഷമാക്കുമെന്നും മന്ത്രി തോമസ് ഐസക്. ബജറ്റ് സമ്പദ്ഘടനക്ക് ധനപരമായ ഉത്തേജനം നല്‍കുന്നില്ല. മാന്ദ്യത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രവിഹിതത്തില്‍ വര്‍ധന ആവശ്യപ്പെട്ടിട്ടും നാമമാത്രമായേ ഉയര്‍ത്തിയിട്ടുള്ളൂ. 9,90,311 കോടിയില്‍നിന്ന് 10,85,074 കോടി രൂപയാക്കി. 94,763 കോടി രൂപയുടെമാത്രം വര്‍ധന. സംസ്ഥാനങ്ങള്‍ക്ക് വായ്പയില്‍ 0.5 ശതമാനം വര്‍ധന അനുവദിക്കാന്‍ കേന്ദ്ര ധനമന്ത്രി തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാറും ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്‍െറ മൊത്തം ചെലവ് 2016-17 ലെ പുതുക്കിയ കണക്ക് പ്രകാരം 20.1 ലക്ഷം കോടി രൂപയാണ്. ബജറ്റില്‍ അത് 21.5 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. വര്‍ധന കേവലം 6.5 ശതമാനം മാത്രമാണ്. ഇതുതന്നെ നികുതിവരുമാനം 12.6 ശതമാനം വളരുമെന്ന അനുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ്. ധനയാഥാസ്ഥിതിക സമീപനം സാമൂഹികക്ഷേമ ചെലവുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 48,000 കോടി രൂപയുടെ റെക്കോഡ് വകയിരുത്തല്‍ നടത്തിയെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. 2016-17 ലെ പുതുക്കിയ കണക്കുപ്രകാരം തൊഴിലുറപ്പ്പദ്ധതിയുടെ ചെലവ് 47,499 കോടി രൂപയാണ്. അതായത് 501 കോടി രൂപയാണ് കൂടുതല്‍ വകയിരുത്തിയത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ശരാശരി 45 ദിവസത്തെ തൊഴില്‍ദിനങ്ങള്‍ നല്‍കാനേ ഈ തുക കൊണ്ട് സാധിക്കൂ. 100 ദിവസത്തെ തൊഴില്‍ നല്‍കുമെന്ന അവകാശവാദം പൊള്ളയാണ്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനക്ക് (പി.എം.ജി.എസ്.വൈ) പുതുക്കിയ കണക്കില്‍ 19,000 കോടി രൂപയാണ് 2016-17ലെ ചെലവ്. ഈ തുക മാത്രമേ 2017-18ലും വകയിരുത്തിയിട്ടുള്ളൂ. സര്‍വശിക്ഷ അഭിയാന് 1,300 കോടിയും ഉച്ചഭക്ഷണത്തിന് 300 കോടിയും ദേശീയ കുടിവെള്ളപദ്ധതിക്ക് 50 കോടിയും മാത്രമേ അധികം വകയിരുത്തിയുള്ളൂ. സാമൂഹിക പെന്‍ഷനുകള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ 9,500 കോടി രൂപ മാത്രമേ ഈ വര്‍ഷവുമുള്ളൂ.

കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കൃഷി മന്ത്രാലയത്തിനുള്ള വകയിരുത്തല്‍ 48,072 കോടിയില്‍നിന്ന് 51,026 കോടി രൂപയായി ഉയര്‍ത്താനേ തയാറായുള്ളൂ. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനക്കുള്ള തുക 13,240 കോടിയില്‍നിന്ന് 9,000 കോടി രൂപയായി കുറക്കുകയും ചെയ്തു. നഗരമേഖലയിലെ അമൃത് പരിപാടിയുടെ അടങ്കലാകട്ടെ 9,559 കോടിയില്‍നിന്ന് 9,000 കോടി രൂപയായി കുറച്ചെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top